Asianet News MalayalamAsianet News Malayalam

കൊവിഡ് മഹാമാരി: അതിജീവനത്തിന്‍റെ പറക്കല്‍ നടത്തുന്ന ലോകത്തിലെ വ്യോമയാന രംഗം

ഇതില്‍ സാം പങ്കുവയ്ക്കുന്നത് വളരെ കൗതുകരമായ കാര്യങ്ങളാണ്. കൊവിഡ് പ്രതിസന്ധിക്ക് ഒരു വര്‍ഷം മുന്‍പ് അതായത് 2019 ഇതേ സമയത്ത് ലോകത്തിലെ വിവിധ വ്യോമപാതകളില്‍ ഒരു ദിവസം പറന്നിരുന്നത് ഒരു ലക്ഷം വിമാനങ്ങളാണ്. 

COVID19 Aviations Fight For Survival
Author
Dubai - United Arab Emirates, First Published Apr 3, 2020, 3:30 PM IST

ദുബായ്: കൊവിഡ് ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശരിക്കും കൊവിഡ് പിടിച്ചുലച്ച മേഖലയാണ് വ്യോമയാന രംഗം. അതില്‍ തന്നെ പാസഞ്ചര്‍ വിമാനങ്ങളുടെ നീക്കം ഏതാണ്ട് ലോകമെങ്ങും പൂര്‍ണ്ണമായി നിശ്ചലമായി എന്ന അവസ്ഥയാണ്. എന്നാല്‍ നിലനില്‍പ്പിന്‍റെ അവസാന പറക്കലുകളിലാണ് വ്യോമയാന രംഗം എന്നാണ് ഈ രംഗത്തെ പ്രശസ്ത വ്ളോഗറായ സാം ചൂയി പറയുന്നത്. എവിയേഷന്‍ വ്ളോഗിംഗ് രംഗത്തെ സൂപ്പര്‍താരമായ സാം ഇത് സംബന്ധിച്ചുള്ള വീഡിയോ കഴിഞ്ഞ മാര്‍ച്ച് 24നാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതിനകം ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.

ഇതില്‍ സാം പങ്കുവയ്ക്കുന്നത് വളരെ കൗതുകരമായ കാര്യങ്ങളാണ്. കൊവിഡ് പ്രതിസന്ധിക്ക് ഒരു വര്‍ഷം മുന്‍പ് അതായത് 2019 ഇതേ സമയത്ത് ലോകത്തിലെ വിവിധ വ്യോമപാതകളില്‍ ഒരു ദിവസം പറന്നിരുന്നത് ഒരു ലക്ഷം വിമാനങ്ങളാണ്. ഇത് ഇപ്പോള്‍ അതിന്‍റെ പകുതിയില്‍ ഏറെ താഴ്ന്ന നിലയിലാണ് എന്ന് സാം കണക്കുകളിലൂടെ കാണിച്ചുതരുന്നു. ലോകത്തിലെ വലുതും ചെറുതുമായ വിമാനതാവളങ്ങള്‍ തീര്‍ത്തും വിജനമാണ്. ഇത് വിമാനതാവളങ്ങളുടെ വരുമാനം കുത്തനെ ഇടിച്ചു. യാത്രക്കാര്‍ വിമാനതാവളത്തില്‍ ഉപയോഗപ്പെടുത്തുന്ന ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍ പോലുള്ള സംവിധാനങ്ങളുടെ വരുമാനം ഇല്ലാതായി. 

COVID19 Aviations Fight For Survival

ഇത് മാത്രമല്ല എയര്‍ട്രാഫിക്കിംഗ്,  ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ ഇപ്പോള്‍ ജോലിയില്ലാത്ത അവസ്ഥയിലാണ്. ഇതിനൊപ്പം തന്നെ പല വിമാനതാവളങ്ങളിലെയും ട്രാഫിക്ക് വേകളില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന കാഴ്ച സാം പങ്കുവയ്ക്കുന്നു. വിമാനങ്ങളുടെ പാര്‍ക്കിംഗ് വലിയൊരു പ്രശ്നം തന്നെയാണ്. എന്നാല്‍ ഈ ഘട്ടത്തിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഹീറോ പരിവേഷത്തോടെ സേവനം ചെയ്യുന്നത് ചരക്ക് വിമാനങ്ങളാണ്. ഈ സംവിധാനം ഈ പ്രതിസന്ധിഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങളും, മരുന്നുകളും എത്തിച്ച് ലോകത്തിന്‍റെ പലഭാഗങ്ങളെയും കൂട്ടി യോചിപ്പിക്കുന്നു. കൂടുതല്‍ ചരക്ക് വിമാനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് സേവനം വര്‍ദ്ധിപ്പിക്കണം എന്നാണ് സാം അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളുടെ ഇപ്പോഴത്തെ ചിലനിലപാടുകളും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളും ചരക്ക് വിമാനങ്ങളുടെ സേവനത്തിലും തടസം സൃഷ്ടിക്കുന്നുവെന്ന് അയാട്ട മേധാവിയെ ഉദ്ധരിച്ച് സാം പറയുന്നു. ഇപ്പോള്‍ നമ്മുക്ക് അവശേഷിക്കുന്ന ലൈഫ് ലൈനുകളില്‍ ഒന്നാണ് ചരക്ക് വിമാനങ്ങള്‍.

അതേ സമയം സ്വകാര്യ വിമാന സര്‍വീസുകള്‍ വന്‍ രീതിയില്‍ നേട്ടം ഉണ്ടാക്കുന്നു എന്ന സാം ചൂണ്ടികാണിക്കുന്നു. കോടീശ്വരന്മാരും, ചില സര്‍ക്കാര്‍ പ്രമുഖരും സ്വകാര്യ ജെറ്റുകളെ തങ്ങളുടെ യാത്രയ്ക്കായി ഉപയോഗപ്പെടുത്തുന്നു. ചാര്‍ട്ടഡ് വിമാനങ്ങള്‍ ഇപ്പോഴും ലോകത്തിലെ വ്യോമപാതകളില്‍ സജീവമാണെന്നും. ഈ രംഗത്ത് 70 ശതമാനം വളര്‍ച്ച മാര്‍ച്ച് മാസത്തില്‍ തന്നെ ഉണ്ടായി എന്നാണ് സാം പറയുന്നത്. ഇതിനൊപ്പം തന്നെ ഖത്തര്‍ എയര്‍വേയ്സിന്‍റെ സേവനത്തെ സാം പ്രശംസിക്കുന്നു. ലോകത്ത് ഒരു വിധം എല്ലാ വിമാന കമ്പനികളും യാത്ര വിമാന സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ ഖത്തര്‍ എയര്‍വേയ്സ് 1 ലക്ഷം പേരെ എങ്കിലും മാര്‍ച്ചിന്‍റെ അവസാന ആഴ്ചകളില്‍ വീട്ടിലെത്താന്‍ സഹായിച്ചു.

ഇതോടൊപ്പം 51 വര്‍ഷം പഴക്കമുള്ള ഡിസി 8 കാര്‍ഗോ വിമാനം അമേരിക്കയിലെ സ്മാര്‍ട്ടിയന്‍ പേഴ്സ് എന്ന സന്നദ്ധ സഹായ സംഘടനയ്ക്ക് വേണ്ടി ഇറ്റലിയിലേക്ക് മരുന്നു, അവശ്യവസ്തുക്കളും കയറ്റി അവസാന ദൗത്യം പൂര്‍ത്തിയാക്കിയ ആവേശകരമായ കാര്യങ്ങളും ഈ പ്രതിസന്ധിയിലും ലോക വ്യോമയാന രംഗത്ത് നടക്കുന്നുവെന്ന് സാം പറയുന്നു. ഈ വിമാനത്തില്‍ എത്തിച്ച വസ്തുക്കള്‍ ഉപയോഗിച്ച ഇറ്റലിയിലെ വെറോണയില്‍ 63 കിടക്കകള്‍ ഉള്ള ആശുപത്രി ഇതിനകം പ്രവര്‍ത്തനം തുടങ്ങി. വീണ്ടും ലോകത്തിന്‍റെ വ്യോമയാന രംഗം പതിവുപോലെ ശരിയാകും എന്നാണ് സാം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios