Asianet News MalayalamAsianet News Malayalam

യുക്രൈന്‍ യുദ്ധത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ ആര്‍ക്കും ലഭ്യമാവുന്നതെങ്ങനെയാണ്?

21ാം നൂറ്റാണ്ടിലെ യുദ്ധം ലോകത്തെ വിദൂര കോണിലിരുന്ന് വീഡിയോ ഗെയിം കളിക്കുന്നത് പോലെയായിരിക്കുന്നു. കാണികളും കളിക്കാരുമൊക്കെ ഒരു പോലെ പങ്കാളിയാകുന്ന വിചിത്രാവസ്ഥ. 

Analysis on satellite visuals of Ukraine war by S Biju
Author
Thiruvananthapuram, First Published Jun 1, 2022, 12:52 PM IST

പാശ്ചാത്യ രാജ്യങ്ങള്‍ വന്‍ ആയുധം അണിയിച്ച് യുദ്ധത്തിന് എരിവ് കൂട്ടുന്നു. കാണികള്‍ തങ്ങളുടെ കൈയിലെ  സ്‌ക്രീനില്‍ ഇത് ആസ്വദിക്കുമ്പോള്‍ നുറു കണക്കിന് യുവ സൈനികര്‍-ഇപ്പോഴത് ഏറെയും  യുക്രൈന്‍ ചെറുപ്പക്കാരാണ്-ഓരോ ദിവസം പടനിലങ്ങളില്‍ പൊലിഞ്ഞു പോവുകയാണ്. 

 

Analysis on satellite visuals of Ukraine war by S Biju


വിയറ്റ്‌നാം യുദ്ധവേളയില്‍ അമേരിക്കന്‍ സൈന്യം പൊറുതി മുട്ടിയത്, പരിചിതമല്ലാത്ത  അവിടത്തെ കാടുകളില്‍ പതുങ്ങിയിരുന്ന് ഗറില്ലാ ആക്രമണം നടത്തിയ തദ്ദേശീയ സൈനികരെ കൊണ്ടാണ്. പരിചിതമല്ലാത്ത വഴികളില്‍ നീങ്ങുമ്പോള്‍ ആക്രമണം വരുമെന്നറിഞ്ഞു തന്നെയാണ് ഓരോ സൈനികനും യുദ്ധത്തിനിറങ്ങുന്നത്. അങ്ങനെ തന്നെയാണ്  വിയറ്റ്‌നാമിലെ കാടുകളിലും അവര്‍ നീങ്ങിയത്. മുകളില്‍ സേനാ വിമാനങ്ങള്‍ നിരീക്ഷിച്ചാണ് താഴെയുള്ള കാലാള്‍പ്പട മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ വിയറ്റ്‌നാമില്‍ വിമാനങ്ങള്‍ക്ക് കാണാനാകാത്ത വിധം കാടുകളിലെ വള്ളിപടര്‍പ്പുകളില്‍ ഇലകളുടെ ഛായം തേച്ചായിരുന്നു  കമ്യൂണിസ്റ്റ് ഗറില്ലാപ്പോരാളികള്‍ ഇരുന്നത്. താഴ്ന്ന്  പറന്ന് നിരീക്ഷിച്ച അമേരിക്കന്‍ വിമാനങ്ങളെയും ഗറില്ലാ സൈന്യം ആക്രമിച്ചു.  സൈനിക ഭാഷയില്‍ ഇതിനെ കാമോഫ്‌ളാഷ് ആന്‍ഡ് കണ്‍സീഷമെന്റ് എന്ന് പറയും. ഇപ്പോളിത് സൈന്യങ്ങള്‍ക്ക് സാധാരണമാണെങ്കിലും അന്നത് പുതുതായിരുന്നു. അമേരിക്കന്‍ വിമാനങ്ങളുടെ ബോംബിങ്ങ് ഒഴിവാക്കാന്‍ കമ്മ്യുണിസ്റ്റ് സൈനിക ട്രക്കുകള്‍ നീക്കം രാത്രിയിലേക്ക് മാറ്റി. 

മനുഷ്യ നേത്രങ്ങള്‍ക്ക് തിരിച്ചറിയാനാകാത്ത ആ ഗറില്ലാപ്പോരാളികളുടെ നീക്കത്തെ  ഒടുവില്‍  അമേരിക്ക കണ്ടു പിടിച്ചത് വാനനിരീക്ഷണത്തിലൂടെയാണ്. റിമോട്ട് സെന്‍സിങ്ങ് സാങ്കേതിക വിദ്യയിലെ ഇന്‍ഫ്‌റാ റെഡ്  തെര്‍മല്‍ ഇമേജിങ്ങ് അഥവാ താപം പുറത്തേക്ക് വരുന്നത് നിരീക്ഷിച്ചാണ് അവിടത്തെ മനുഷ്യസാനിധ്യവും വാഹന ഇഗ്‌നീഷ്യനുമൊക്കെ തിരിച്ചറിഞ്ഞ്  ആക്രമിച്ചത്. ഓപ്പറേഷന്‍ ഷെഡ് ലൈറ്റില്‍ എന്ന ആ സൈനിക നീക്കത്തിന് 'ബ്‌ളൈന്‍ഡ് ബാറ്റ്' എന്ന കാള്‍സൈന്‍ അന്വര്‍ത്ഥമായിരുന്നു.  ആ ദൗത്യത്തില്‍  വവ്വാലുകളെ പോലെ ഇരുളിലെ കാഴ്ചകള്‍ ഫലപ്രദമായി നീരീക്ഷിക്കാനായത് അമേരിക്കന്‍ സൈനികര്‍ക്ക് നേട്ടമായി. നെറ്റ് വിഷന്‍ ബൈനോക്കുലറുകളും , വിവിധ ഇലക്ട്രോണിക്ക് സെന്‍സറുകളും ഉപയോഗിച്ചായിരുന്നു അത് സാധിച്ചത്. കണ്ണുകള്‍ക്ക് പകരം സെന്‍സറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാനായതോടെ ശത്രുവിന്റെ ചലനം നിരീക്ഷിക്കാനുള്ള  സി 130 ഹെര്‍ക്കുലിസ് വിമാനങ്ങളും  മറ്റും ഉയര്‍ന്ന് പറക്കാന്‍ തുടങ്ങി . അങ്ങനെ വിയറ്റ്‌നാം സൈന്യത്തിന്റെ ആന്റി എയര്‍ക്രാഫ്റ്റ് തോക്കുകളുടെ പരിധിക്ക് മുകളില്‍ സുരക്ഷിതമായി അവയ്ക്ക് പറക്കാനായി. സാമ്പ്രദായിക നിരീക്ഷണത്തില്‍ നിന്ന് ഇലക്ട്രോണിക് കണ്ണുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞതോടെ ശത്രുനീക്കം  അഞ്ചിരട്ടിയിലധികം തിരിച്ചറിയാനായി,  ഫലമോ 130 ലക്ഷം ടണ്‍ ബോംബ് വര്‍ഷിച്ച പൈശാചിക ആക്രമണം നടത്തി അമേരിക്ക. രണ്ടാം ലോകമഹായുദ്ധത്തേക്കാള്‍ എത്രയോ കൂടുതലായിരുന്നു അത്.      

ആകാശക്കണ്ണുകള്‍ സാക്ഷി

ക്രമേണ  സൈന്യങ്ങള്‍ ആകാശത്തെ ചാരക്കണ്ണായി  വിമാനങ്ങളെക്കാള്‍ കൃത്രിമ ഉപഹ്രങ്ങങ്ങളെ ഉപയോഗിച്ചു  തുടങ്ങി.  ഇന്ത്യ അടക്കം പല രാജ്യങ്ങള്‍ക്കും ഇന്ന് ഉപഗ്രഹങ്ങള്‍ അവരുടെ സൈനിക നീക്കങ്ങള്‍ക്ക് അനിവാര്യമാണ്. 2013 മുതല്‍ GSAT 7 ഗണത്തില്‍പ്പെട്ട സാറ്റലൈറ്റുകള്‍ നമ്മുടെ സൈനികാവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. ഇന്നത്തെ ചടുല സൈനിക നീക്കങ്ങള്‍ക്ക് നെറ്റ് വര്‍ക്ക് അധിഷ്ഠിതമായ മുറിയാത്ത ആശയ വിനിമയം അനിവാര്യമാണ്. മാത്രമല്ല അതിര്‍ത്തിയിലെ ആകാശ നിരീക്ഷണത്തിലൂടെ ശത്രവിന്റെ നീക്കം ഇമചിമ്മാതെ  അറിയാനും ഇത് അനിവാര്യമാണ്.

 കശ്മീര്‍ അതിര്‍ത്തിയിലെ തീവ്രവാദികളുടെയും പാക് സൈന്യത്തിന്റെയും  നീക്കങ്ങള്‍ കാലങ്ങളായി നമ്മള്‍ നിരീക്ഷിക്കുന്നത് ഉപഗ്രഹ കണ്ണുകളാലാണ്. അതു പോലെ അടുത്തിടെ കിഴക്കന്‍ അതിര്‍ത്തിയിലെ ചൈനീസ് സൈനിക നീക്കങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും  നാം തിരിച്ചറിയുന്നതും ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ്. നാവിക വായു സേനകള്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറം വിശാലമായ ലോകത്തെ വിവരങ്ങളും തല്‍സമയം അറിയാനും ഞൊടിയിടയില്‍ ആശയ വിനിമയം നടത്താനും  ഉപഗ്രഹങ്ങളില്ലാത്ത അവസ്ഥ ചിന്തിക്കാനാവാത്തതാണ്.   

 

Analysis on satellite visuals of Ukraine war by S Biju

 

കാലം മാറി, ഉപഗ്രഹചിത്ര ലഭ്യതയും

എന്നാല്‍ യുക്രൈന്‍ യുദ്ധം വന്നതോടെ അവസ്ഥ വീണ്ടും മാറി. റഷ്യന്‍ അധിനിവേശത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍  സൈന്യങ്ങള്‍ക്കുപരി മാധ്യമങ്ങള്‍ക്കും ഗവേഷകര്‍ക്കും  പൊതുജനങ്ങള്‍ക്കും ലഭ്യമായി എന്നതാണ് സവിശേഷത. ഒരു കാലത്ത് സര്‍ക്കാറുകളായിരുന്നു ഉഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നതും അവയെ നിയന്ത്രിച്ചിരുന്നതും. കഴിഞ്ഞ 20 വര്‍ഷമായി കാര്യങ്ങള്‍ മാറി മറഞ്ഞു. ഇന്നിപ്പോള്‍ ഉപഗ്രഹ ബഹിരാകാശ മേഖല അടക്കി വാഴുന്നത് സ്വകാര്യ വ്യക്തികളും കോര്‍പ്പറേറ്റുകളുമാണ്.  ഇലോണ്‍ മസ്‌കിന്റെ സേപ്‌സ് എക്‌സും ജെഫ് ബെസോസിന്റെ ബ്ലു ഒര്‍ജിനും ഇന്ന് നാസയേ കവച്ചു വയ്ക്കുന്ന വളര്‍ച്ചയിലും കിടമത്സരത്തിലുമാണ്. 

ലീഗ് കായിക മത്സരങ്ങള്‍ രാജ്യങ്ങളെ അപ്രസക്തമാക്കും  പോലെ ബഹിരാകാശത്തെ നിയന്ത്രണത്തിലെ ഈ ദിശമാറ്റം യുദ്ധത്തിന്റെ സ്വഭാവത്തെയും മാറ്റി മറിയക്കുന്നു. യുദ്ധം തുടങ്ങിയപ്പോള്‍ മറ്റ് പലതിനുമൊപ്പം  വാര്‍ത്താ വിനിമയ ബന്ധങ്ങളും റഷ്യന്‍ സേന തകര്‍ത്തപ്പോള്‍ ഇലോണ്‍ മസ്‌ക് തന്റെ ലോഓര്‍ബിറ്റ് ഉപഗ്രങ്ങള്‍ ഉക്രൈനിയിലേക്ക് തിരിച്ച് അവിടെ ബദല്‍ ഫോണ്‍- ഡാറ്റാ നെറ്റ് വര്‍ക്ക് ഉണ്ടാക്കി. മസ്‌കിന്റെ സറ്റാര്‍ലിങ്ക്  അവരുടെ 2000-ഓളം ഉപഗ്രഹങ്ങളെ ഞൊടിയിടയിലാണ് ഉക്രൈനിനായി സജ്ജീകരിച്ചത്. മുറിയാത്ത ആശയവിനിമയം യുക്രൈനുകാരുടെ ആത്മവിശ്വാസം നിലനിറുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 

ഉപഗ്രഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ നമുക്ക് 10 ഡോളര്‍ കൊടുത്താല്‍ ഇന്ന്  കിട്ടും. അതും വീടും റോഡും അതിലെ അടയാളപ്പെടുത്തലുകളുമടക്കം സൂക്ഷമ വിവരങ്ങള്‍ വരെ സൂം ചെയ്യാവുന്ന പരുവത്തില്‍. പണം കൊടുത്താല്‍ വേണമെങ്കില്‍ 24 മണിക്കൂറും നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ നിരീക്ഷിക്കും  വിധം ഉപഗ്രഹം സജ്ജമാക്കും. ഫലമോ സാമ്പ്രദായിക മാധ്യമങ്ങളെക്കാള്‍ കൃത്യമായ വിവരങ്ങളും വിശകലനവും നല്‍കുന്ന പുതിയൊരു അനലക്റ്റിക്‌സ് ശാഖ ആവിര്‍ഭവിച്ചു കഴിഞ്ഞിരിക്കുന്നു. 

ട്വിറ്ററില്‍ മാത്രം നാല് ലക്ഷത്തിലധികം പേര്‍  പിന്തുടരുന്ന കോണ്‍ഫ്‌ളിക്റ്റ് ന്യൂസ് അത്തരത്തിലൊന്നാണ്. യുക്രൈനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും ഉപഗ്രഹ ചിത്രങ്ങളുമൊക്കെ സമാഹരിച്ച് ഡാറ്റാ അനാലിസസ് നടത്തി വിവരം പങ്കിടുന്നു  കോണ്‍ഫ്‌ളിക്റ്റ് ന്യൂസ്. യുക്രൈന്‍ പക്ഷപാതം പ്രകടമാണ് ഇതില്‍. യു.കെയിലെ വെയില്‍സിലുള്ള  കൈല്‍ ഗ്‌ളന്‍ എന്ന പ്രോജ്ക്റ്റ് മാനേജരാണ് പ്രത്യക്ഷത്തില്ലെങ്കിലും  ഇത് ചെയ്യുന്നത്. തനിക്ക് ഇതില്‍ നിന്ന് പണമൊന്നും കിട്ടുന്നില്ലന്നും ഇതൊരു  അഭിനിവേശമായി കണ്ടാല്‍ മതിയെന്നുമാണ്  ഗ്‌ളന്‍ പറയുന്നത്. അവരുടെ പിന്നില്‍ മറ്റ് താത്പര്യങ്ങളുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

കാര്യമെന്തായാലും ഉപഗ്രഹ ചിത്രങ്ങളും ഗൂഗിള്‍ ഹീറ്റ് മാപ്പുമെല്ലാം ചൂണ്ടിക്കാട്ടി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് അസാധാരണ വാഹന നീക്കം നടക്കുന്നത്  യുദ്ധ സന്നാഹം നടക്കുന്നതിന്റെ സൂചനയായി നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കന്‍ സൈനിക വൃത്തങ്ങളും വൈറ്റ് ഹൗസും വരെ ഇത് ചൂണ്ടിക്കാട്ടിയിട്ടും നമ്മളില്‍ പലര്‍ക്കും വിശ്വസിക്കാന്‍ മടിയായിരുന്നു. അമേരിക്ക റഷ്യയെ അധിക്ഷേപിക്കാന്‍ നടത്തുന്ന നീക്കമായി അത് വ്യാഖ്യാനിക്കപ്പെട്ടു. കാരണമുണ്ട്.  ഇറാനും അഫ്ഗാനിസ്ഥാനും അത്തരം പാഠങ്ങള്‍ നമുക്ക് നല്‍കിയിരുന്നു. Weapons of mass destruction അഥവാ 'സര്‍വ്വ സംഹാരത്തിനുള്ള ആയുധങ്ങള്‍' കൂട്ടി വച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് അമേരിക്കയും സഖ്യസേനയും ഇറാഖ് ആക്രമിച്ചതും സദ്ദാമിനെ പിടികൂടി കൊന്നതും. എന്നാല്‍ അത്തരം ഭീകര പടക്കോപ്പുകളാന്നും ഇറാഖില്‍ നിന്ന് പിന്നീട് കണ്ടെടുത്തിരുന്നില്ല. എന്നാല്‍ അമേരിക്ക മുന്നറിയിപ്പ് നല്‍കിയ   യുക്രൈനിലേക്കുള്ള  റഷ്യന്‍ പടനീക്കം  ശരിയായിരുന്നു.   

 

Analysis on satellite visuals of Ukraine war by S Biju

 

പുതിയ വിവരസ്രോതസ്സുകള്‍

ഇവിടെയാണ് കോണ്‍ഫ്‌ലിക്റ്റ് ന്യുസിനെ പോലെ വിശകലനാത്മക നവ മാധ്യമങ്ങള്‍ പുതിയ പന്ഥാവ് തുറന്നത്. പലപ്പോഴും വ്യാജ വാര്‍ത്തകളും ചിത്രങ്ങളും തിരിച്ചറിയാന്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചൊക്കെ ചെയ്ത് ആധികാരികമായി വിവരം പ്രസിദ്ധീകരിച്ചവരാണ് വിശ്വാസ്യത പുതുതായി ആര്‍ജിച്ചത്. സാധാരണ ഗതിയിലുള്ള  ഒപ്റ്റിക്കല്‍ ഇമേജറി വഴിയാണ് ഉപഗ്രഹങ്ങള്‍ ചിത്രങ്ങളും തത്സമയ വിശകലനങ്ങളും നല്‍കിയിരുന്നത്. മാക്‌സാര്‍ ടെക്‌നോളജിയും പ്‌ളാനറ്റ് പോലുള്ള കമ്പനികളും ഒക്കെ അവലംബിച്ചത് ഈ വഴിയാണ്. വലിയ മേഘങ്ങള്‍ മറച്ചാലും, രാത്രിയായാലും സാധാരണ  ഉപഗ്രഹങ്ങള്‍ക്ക്,  താഴെയുള്ള കാര്യങ്ങള്‍ പകര്‍ത്താനാവില്ല.

എന്നാല്‍  ഇപ്പോള്‍ സിന്തറ്റിക്ക് അപ്പര്‍ച്ചര്‍ റഡാര്‍ സാങ്കേതിക വിദ്യയിലൂടെ ഏത് കാലാവസ്ഥയിലും രാത്രിയോ പകലോ എന്ന് ഭേദമില്ലാതെ ചിത്രങ്ങള്‍ ലഭ്യമാണ്. ഉപഗ്രഹങ്ങള്‍ അയക്കുന്ന റേഡിയോ തരംഗങ്ങള്‍ ചുമരുകളെ പോലും തുളച്ച് കെട്ടിടങ്ങളിലെ ഉള്ളില്‍ നിന്നുള്ള വിവരങ്ങള്‍   ലഭ്യമാക്കും. 1970 മുതല്‍ നാസ ഉപയോഗിക്കുന്ന ഇത്തരം  സമ്പ്രദായങ്ങള്‍ ഉപയോഗിച്ചാണ് ബിന്‍ ലാദന്റെ ഒളി സങ്കേതങ്ങള്‍ അമേരിക്ക കണ്ടെത്തിയത്. ഇപ്പോള്‍ ഇത്  പൊതുജനങ്ങള്‍ക്കും ലഭ്യമായിരിക്കുന്നു. 

കാപ്പെല്ലാ, എയര്‍ബെസ്, സ്പാസിറ്റി തുടങ്ങി സൈന്യത്തിനും സര്‍ക്കാറുകള്‍ക്കും കരാറടിസ്ഥാനത്തില്‍  ഇത്തരം വിവരങ്ങള്‍ പങ്ക് വഹിച്ചവരുടെ ദൃശ്യങ്ങള്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വരെ  ലഭ്യമായിരിക്കുന്നു. ഒരു പക്ഷേ യുദ്ധത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ തന്നെ അവരുടെ താത്പര്യത്തിന് അനുസരിച്ച്  രഹസ്യമായി പങ്കിട്ടതുമാവാം. 

പിന്‍ എന്ന വില്ലന്‍

ഇതിന് ഒരു മറുവശവുമുണ്ട്. പലപ്പോഴും യുക്രൈന്‍ അധിനിവേശ ഉപഗ്രഹ ചിത്രമായി വന്നത് സിറിയയില്‍ നടന്ന ആക്രമണങ്ങളുടെതായിരുന്നു. മാത്രമല്ല ഫോട്ടോ ഷോപ്പ് മുതല്‍ ഡീപ്പ് ഫേക്ക് വരെ ഉപയോഗിച്ച് പല തരത്തിലും കൃത്രിമം നടത്തിയവരുമുണ്ടായിരുന്നു. നമുക്ക് കിട്ടുന്ന വിവരം അതിന്റെ  സ്രോതസ്സിനെ ആശ്രയിച്ചാണ് വിശ്വസിക്കേണ്ടതെന്നാണ് അടിസ്ഥാന മാധ്യമ ധര്‍മ്മം. എന്നാല്‍ വന്ന വഴി എന്‍ക്രിപ്ഷനിലൂടെ  രഹസ്യമാക്കുകയാണ്  സാമൂഹ്യ മാധ്യമങ്ങളുടെ ധര്‍മ്മം. അപ്പോള്‍ എങ്ങനെ വസ്തുത ഉറപ്പു വരുത്തും എന്ന വലിയ വെല്ലുവിളി നേരിടുന്നുണ്ട്. സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ ഉത്തരവാദിത്വമില്ലാതെ  പങ്കിടുന്ന ചിത്രങ്ങളിലെ വിവരങ്ങള്‍ മനസ്സിലാക്കി ശത്രുക്കള്‍ അവിടെ ആക്രമിക്കുന്ന അവസ്ഥയുമുണ്ടായി. പൊതുജനങ്ങളെ കൊണ്ട് പിന്‍ ചെയ്താണ് ഉപഗ്രഹ ചിത്രങ്ങള്‍ ഗൂഗിള്‍ അപഡേറ്റ് ചെയ്യുന്നത്. എന്നാല്‍ ബോധപൂര്‍വ്വം പിന്‍ തെറ്റായി രേഖപ്പെടുത്തുന്ന പ്രവണതയും ഈ യുദ്ധത്തില്‍ വര്‍ദ്ധിച്ചു. റഷ്യന്‍ സൈന്യത്തിന് വഴി തെറ്റുന്നതില്‍ ഒരു കാരണമിതാണ്. അതേ സമയം സംഘര്‍ഷ രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ  തെറ്റായി തന്ത്രപ്രധാന കേന്ദ്രങ്ങളാക്കി പിന്‍ ചെയ്തത് വഴി അവിടെ ബോംബിംഗിന് ഇടയാക്കുകയും ചെയ്തു. ഗൂഗിള്‍ മാപ്പ് നോക്കി  നമ്മള്‍ കാറോടിക്കുമ്പോള്‍ വഴിതെറ്റുന്നത് പോലെ അത്ര ലഘുവല്ലോ സൈനിക പിഴവുകള്‍. എന്തായാലും റഷ്യയിലും ബെലാറസിലും, യുക്രൈനിലും തത്കാലത്തക്ക് ഉപഭോക്താക്കളുടെ പിന്‍ ഇടല്‍ നീക്കം ഗൂഗിള്‍ തടഞ്ഞിരിക്കുകയാണ്.     

21ാം നൂറ്റാണ്ടിലെ യുദ്ധം ലോകത്തെ വിദൂര കോണിലിരുന്ന് വീഡിയോ ഗെയിം കളിക്കുന്നത് പോലെയായിരിക്കുന്നു. കാണികളും കളിക്കാരുമൊക്കെ ഒരു പോലെ പങ്കാളിയാകുന്ന വിചിത്രാവസ്ഥ.    സൈനികര്‍ക്ക് പരീശീലനം നല്‍കുന്നത് ഇപ്പോള്‍ സിമുലേറ്റര്‍ സ്‌ക്രീനിലാണ്. അവര്‍ക്ക് യുദ്ധ നിലങ്ങളിലെ തിക്ത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസമായിരിക്കുന്നു. എന്തായാലും ഇപ്പോള്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് ഒക്കെ ഉപേക്ഷിച്ച് റഷ്യന്‍ സേന അതിര്‍ത്തിയിലെ ഡോണ്‍ബാസ്‌ക് മേഖല കേന്ദ്രീകരിച്ചിരിക്കുകയാണ്. അവിടെ പരമ്പരാഗത ശൈലിയില്‍ തങ്ങളുടെ നിയന്ത്രണത്തില്‍ അവര്‍ യുദ്ധം ചെയ്യുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ വന്‍ ആയുധം അണിയിച്ച് യുദ്ധത്തിന് എരിവ് കൂട്ടുന്നു. കാണികള്‍ തങ്ങളുടെ കൈയിലെ  സ്‌ക്രീനില്‍ ഇത് ആസ്വദിക്കുമ്പോള്‍ നുറു കണക്കിന് യുവ സൈനികര്‍-ഇപ്പോഴത് ഏറെയും  യുക്രൈന്‍ ചെറുപ്പക്കാരാണ്-ഓരോ ദിവസം പടനിലങ്ങളില്‍ പൊലിഞ്ഞു പോവുകയാണ്. 

Follow Us:
Download App:
  • android
  • ios