Asianet News MalayalamAsianet News Malayalam

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഉത്തരവ് നാളെ

ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമാണ് ഹർജിക്കാരുടെ പ്രധാന  വാദം.

Kerala new license rules High Court Will Consider On Petition Against Transport Commissioner s circular tomorrow
Author
First Published May 2, 2024, 7:51 PM IST

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ ഇടക്കാല ഉത്തരവിറക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളും, ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിറക്കുക. 

ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമാണ് ഹർജിക്കാരുടെ പ്രധാന  വാദം. ഈ സാഹചര്യത്തിൽ 4/2024  സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ വിധി വരുന്നത് സർക്കുലർ  സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. എന്നാൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്‍റെ ചുവട് പിടിച്ചാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. ഗിയർ ഇല്ലാത്ത ഇരുചക്ര  വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമ കൂട്ടാനാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരായ സംയുക്ത സമിതിയുടെ ബഹിഷ്ക്കരണം നാളെയും തുടരും. ഡ്രൈവിംഗ് ടെസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് സമര സമിതി. വിഷയത്തില്‍ നാളെ കൂടുതൽ സമരം ശക്തമാക്കാനാണ് തീരുമാനം. ആർടിഒ ഓഫീസുകള്‍ക്ക് മുന്നിലേക്കും സമരം വ്യാപിക്കുന്ന കാര്യം സമരസമിതി ആലോചിക്കുന്നുണ്ട്. എന്നാല്‍, പരിഷ്ക്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. പരിഷ്ക്കരണത്തിൽ ഇളവ് വരുത്താൻ തീരുമാനിച്ചുവെങ്കിലും ഇത് സംബന്ധിച്ച സർക്കുലറും ഇതേവരെ പുറത്തിറങ്ങിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios