"മരണാസന്നമാണെങ്കിൽപ്പോലും ഒരു ശക്തിയും അതിന്റെ അധികാരം എളുപ്പത്തിൽ കൈവിടില്ല, സ്വാതന്ത്ര്യം വരാൻ പോകുന്നത് തോക്കിൻ കുഴലിലൂടെ മാത്രമാണ്..." 

ഇത് പറഞ്ഞയാളുടെ പേരാണ് ചെയർമാൻ മാവോ സെ തുങ്. അതിനെ അക്ഷരംപ്രതി വിശ്വസിച്ച്, പ്രവർത്തിച്ച് ഒടുവിൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ച്,  സ്റ്റേറ്റിന്റെ ലോക്കപ്പിൽ കിടന്ന് പീഡനങ്ങളേറ്റ് മരിച്ചുപോയ ഒരാളുണ്ടായിരുന്നു അങ്ങ് ബംഗാളിൽ. ഇന്ന് അയാളുടെ ഓർമ്മനാളാണ്.  പറഞ്ഞാൽ ചിലപ്പോൾ അറിയും, പേര് 'ചാരു മജുംദാര്‍'. നാട് നക്സൽ ബാരി. 

തന്റെ ഒരു ലേഖനത്തിലൂടെ, "ഈ അവസരം മുതലെടുക്കണം" ('Take This Opportunity', circa 1966) എന്ന് ബംഗാളിലെ ജനങ്ങളോട്, വിശേഷിച്ചും കർഷകരോട് ആഹ്വാനം ചെയ്തത്  ചാരു മജുംദാറാണ്. അദ്ദേഹം ഒറ്റയ്ക്കല്ലായിരുന്നു. ഉന്മൂലന സിദ്ധാന്തത്തിന്റെ പതാകാവാഹകരായി ബംഗാളിലുണ്ടായിരുന്നത് ഒരു മൂവർ സംഘമായിരുന്നു. മജുംദാര്‍, സന്യാൽ, സാന്താൾ. 1967 -ലെ കർഷകപ്രക്ഷോഭത്തിന്‌ പിന്നിലെ തീപ്പൊരി, കർഷകരുടെ നെഞ്ചിൽ കുടഞ്ഞിട്ടത് ഈ മൂന്നുപേരും ചേർന്നു നടത്തിയ ആശയസമരങ്ങളായിരുന്നു. അന്ന് അതിന്റെ പ്രഭവകേന്ദ്രമായിരുന്നത് നേപ്പാൾ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഒരു നക്സൽബാരി എന്ന ഒരു ബംഗാളി ഗ്രാമമായിരുന്നു. പിന്നീടത്, ഇന്ത്യമുഴുവൻ അലയടിച്ച 'നക്സലിസം' എന്ന ഒരു പ്രസ്ഥാനത്തിന്റെ തന്നെ വിളിപ്പേരായി മാറിയത് ചരിത്രം.  

 

 

'നക്സൽബാരി മൂവ്മെന്റ്'  ഐതിഹാസികമായ ഒരുസായുധസമരമായിരുന്നു. തങ്ങളുടെ മാവോയിസ്റ്റ് ആശയങ്ങളുമായി കൃഷിക്കാർക്കും തേയിലത്തൊഴിലാളികൾക്കും ഇടയിലേക്ക് കനുസന്യാലും ചാരു മജുംദാറും ഇറങ്ങിച്ചെന്നു. അവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്തു. 1967  മാർച്ച് 18 -ന് അവിടെ ഒരു കർഷക പ്രതിഷേധം നടന്നു. ജന്മിമാരുടെ കൃഷിഭൂമി പാട്ടത്തിനെടുത്ത് തലമുറകളായി വിത്തിറക്കിക്കൊണ്ടിരുന്ന കർഷകർ ആ ഭൂമി പിടിച്ചെടുക്കും, വർഷങ്ങളായുള്ള ചൂഷണങ്ങൾക്ക് അറുതി വരുത്തും എന്ന് പ്രഖ്യാപിച്ചു. അതിൽ നിന്നും ഉത്തേജനം ഉൾക്കൊണ്ടുകൊണ്ട് മെയ് 23 -ന് ബിഗുൾ കിസാൻ എന്നൊരു കർഷകൻ തന്റെ കാളയും കലപ്പയുംകൊണ്ട് കൊണ്ട് പാട്ടഭൂമിയിൽ കൃഷിയിറക്കാൻ ചെന്നു. അദ്ദേഹത്തെ ജന്മിയുടെ കങ്കാണിമാർ ചേർന്ന് തല്ലി പതംവരുത്തി. അടുത്ത ദിവസം രാവിലെ കർഷക നേതാക്കന്മാരെ അറസ്റ്റുചെയ്യാൻ ചെന്ന സോനം വാങ്‌ഡി എന്ന പൊലീസ് ഇൻസ്‌പെക്ടറെ കാത്തിരുന്നത് കാനൻ സാന്താളിന്റെയും സംഘത്തിന്റെയും കൂരമ്പുകളാണ്. അദ്ദേഹം ആ കൃഷിയിടത്തിൽ തന്നെ അമ്പേറ്റുമരിച്ചുവീണു. 

അടുത്തദിവസം നക്സൽ ബാരിയ്ക്കടുത്തുള്ള പ്രസാദ്ജോട്ടെയിൽ നടന്ന കർഷകമാർച്ചിലേക്ക് പൊലീസ് നടത്തിയ വെടിവെപ്പിൽ ഏഴു സ്ത്രീകളും, രണ്ടു കുഞ്ഞുങ്ങളുമടക്കം പതിനൊന്നുപേർ മരിച്ചു. അതോടെ മാവോയിസ്റ്റ് സമരങ്ങൾ കർഷകസമരങ്ങളുടെ പ്രക്ഷോഭമാർഗ്ഗമായി മാറി. പേരറിയാത്തൊരു കവി കൽക്കട്ടയിലെ ചുവരുകളിൽ പ്രാസമൊപ്പിച്ച് ഇങ്ങനെ എഴുതിവെച്ചു,

"അമാർ ബാഡി, തുമാർ ബാഡി / നക്സൽ ബാഡി, നക്സൽ ബാഡി..." അതായത്, "എന്റെയും നിങ്ങളുടെയും വീട്, നക്സൽ ബാരി..!" -അങ്ങനെ, ബംഗാളിനെ ആവേശിച്ച ആ സായുധ സമരത്തിന് ഒരു പേരുചാർത്തിക്കിട്ടി, 'നക്സൽ ബാരി പ്രസ്ഥാനം.'

 

 

"വിപ്ലവമെന്നാൽ ഒരു ട്രാഫിക് പൊലീസുകാരനെ വധിക്കുന്നതല്ല. അത് സായുധസമരപാതയാണ്." എന്നുപറഞ്ഞാൽ കനു സന്യാലാണ്. അന്ന് നക്സൽ ബാരിയിൽ വെടിവെപ്പുനടന്ന സ്ഥലത്തുനിന്നും ഒരല്പം മാറി, ഒരു കവലയിൽ, ഇന്ന് കുറേ ചുവന്ന പ്രതിമകളുണ്ട്. ലെനിൻ, സ്റ്റാലിൻ, മാവോ, ചാരു മജുംദാര്‍ എന്നിങ്ങനെ പലരുടെയുമായി. 'ജനഹൃദയങ്ങളിലെ  പ്രിയനേതാവ് സഖാവ് മഹാദേബ് മുഖർജിയാൽ സ്ഥാപിതം' എന്നൊരു അടിക്കുറിപ്പുമുണ്ട് പ്രതിമയ്ക്ക്. ആ പ്രദേശത്തെ പല കമ്യൂണിസ്റ്റുകാരും ഇന്നും ഹൃദയം കൊണ്ട് മഹാദേബ് മുഖർജിയുടെ ആശയങ്ങളെ പിൻപറ്റുന്നവരാണ്. തങ്ങൾ മാത്രമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ എന്നവർ ഓരോരുത്തരും വിശ്വസിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനു സന്യാലിനെ വരെ തള്ളിപ്പറയാൻ അവർക്ക് യാതൊരു വ്യസനവുമില്ല. അധികാരത്തിനു പിന്നാലെ പായുന്നവൻ എന്ത് കമ്യൂണിസ്റ്റ് എന്നവർ ചോദിക്കുന്നു. ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി എന്നതുകൊണ്ട് ആരും കമ്മ്യൂണിസ്റ്റാവുന്നില്ല, ആജീവനാന്തം ഒരു തെറ്റും പ്രവർത്തിക്കാത്തവൻ ആരോ, വിപ്ലവത്തിനായി തന്റെ ആയുസ്സിലെ ഓരോ ശ്വാസവും ഉഴിഞ്ഞിട്ടവൻ ആരോ അവനാണ്, അവൻ മാത്രമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്നവർ ആണയിടുന്നു.

 

 

 

ഉന്മൂലനസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാരു  മജുംദാര്‍ നേരിട്ടാരെയും കൊന്നിട്ടില്ല. എങ്കിലും, അദ്ദേഹത്തിന്റെ വാക്കുകളെ വേദവാക്യമാക്കിയ അനുയായികളും, അണികളും ചേർന്ന് ബംഗാളിൽ നിരവധി കൊലപാതകങ്ങൾ നടത്തി. അറുപതുകളിൽ ചാരു  മജുംദാര്‍ എഴുതിയ എട്ടു ലേഖനങ്ങൾ തീവ്രഇടതുപക്ഷത്തിന്റെ ചരിത്ര രേഖകളായി മാറി. ചൈനീസ് വിപ്ലവത്തിന്റെ മാതൃകയിൽ കർഷകരുടെ ഒരു സായുധ സമരമായിരുന്നു സ്വപ്നം. അത് പ്രവർത്തികമാക്കാനാണ് ചാരു  മജുംദാര്‍ തന്റെ കൂട്ടാളികളോടൊപ്പം 1969 -ൽ സിപിഐ മാർക്സിസ്റ്റ് ലെനിനിസ്റ്റ് CPI(M))(L) എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്. അദ്ദേഹം തന്നെയായിരുന്നു അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും. 

 

ചാരു  മജുംദാര്‍ കനു സന്യാലിനോടൊപ്പം 

എന്നാൽ, താമസിയാതെ  ചാരു  മജുംദാര്‍ സർക്കാരിന്റെ കണ്ണിലെ കരടായി മാറി. തീവ്ര ഇടതുപക്ഷ സംഘടനകളിൽ പ്രവർത്തിക്കുന്ന അദ്ദേഹമടക്കമുള്ളവരെ ഭരണകൂടം വേട്ടയാടാൻ തുടങ്ങി. ഗത്യന്തരമില്ലാതെ, 1972-ന്റെ തുടക്കത്തിൽ  മജുംദാറിന് ഒളിവിൽ പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ ഒരു അനുയായി യാദൃച്ഛികമായി പൊലീസ് പിടിയിലായി. കസ്റ്റഡിയിലെ പീഡനമുറകൾ സഹിക്കവയ്യാതെ അയാൾ കൽക്കട്ടയിലെ ചാരു മജുംദാറിന്റെ ഒളിസങ്കേതത്തെപ്പറ്റിയുള്ള വിവരം പൊലീസിന് ചോർത്തിക്കൊടുക്കുന്നു. അവിടം റെയിഡ് ചെയ്ത പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തു. അല്ലാതെ തന്നെ അനാരോഗ്യം അലട്ടിക്കൊണ്ടിരുന്ന  മജുംദാറിനും പോലീസ് കസ്റ്റഡിയിലെ ക്രൂരമായ പീഡനങ്ങൾ അതിജീവിക്കാനുള്ള കരുത്തുണ്ടായില്ല. ലോക്കപ്പിലായതിന്റെ പത്താം നാൾ  അദ്ദേഹം  മരണത്തിനു കീഴടങ്ങി. 'അക്യൂട്ട് ഇസ്‌കീമിയ വിത്ത് ക്രോണിക്ക് കാർഡിയാക് ഫെയ്‌ലിയര്‍' എന്ന് ഡെത്ത് സർട്ടിഫിക്കറ്റിൽ മരണകാരണമായി കുറിക്കപ്പെട്ടു. കസ്റ്റഡിയിൽ കഴിഞ്ഞ പത്തുദിവസവും അദ്ദേഹത്തെ ഒന്നുകാണാനോ, നിയമസഹായം നൽകാനോ ആരെയും അനുവദിച്ചില്ല പൊലീസ്. അസുഖമാണ് എന്ന വിവരം അറിയിച്ചിട്ടും വൈദ്യസഹായം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. 

അങ്ങനെ ഒടുവിൽ 1972 ജൂലൈ 28 -ന്  രാവിലെ നാലുമണിയോടെ, ബംഗാളിലെ ഏറ്റവും ക്രൂരമായ ലോക്കപ്പ് മർദ്ദനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ലാൽ ബസാറിലെ ആ ലോക്കപ്പുമുറിയിൽ അദ്ദേഹം മരിച്ചുമരവിച്ചു കിടന്നു. മരിച്ച ശേഷം പോലും മജുംദാറിന്റെ ജഡം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല പൊലീസ്. അവർ അടുത്ത ബന്ധുക്കളെയും കൊണ്ട് നേരെ ക്രിമറ്റോറിയത്തിൽ ചെന്ന് പിടിച്ചപിടിയാലേ ശവസംസ്‌കാരം നടത്തിക്കുകയായിരുന്നു. 

 

 

ചാരു മജുംദാറിന്റെ മരണത്തോടെ അടഞ്ഞുപോയത് ഇന്ത്യൻ വിപ്ലവപ്രസ്ഥാനങ്ങളുടെ ഒരു വലിയ അദ്ധ്യായം തന്നെയാണ്. അദ്ദേഹത്തിന്റെ വിപ്ലവാശയങ്ങളുടെ കാറ്റ് ഒരിക്കലെങ്കിലും ഏറ്റിട്ടുള്ള നക്സൽ ബാരിയിലെ കമ്യൂണിസ്റ്റുകാർ ഇന്നും ശുഭാപ്തിവിശ്വാസികളാണ്. വിപ്ലവം എന്നെങ്കിലും വരും എന്ന് തന്നെ അവർ വിശ്വസിക്കുന്നു. കാട്ടുതീയല്ലെങ്കിൽ, ഉമിത്തീപോലെങ്കിലും. ആളിപ്പടർന്നില്ലെങ്കിലും, സാവകാശമെങ്കിലും, വിപ്ലവം വരിക തന്നെ ചെയ്യുമെന്നും, തങ്ങളുടെ ആയുഷ്കാലത്തു തന്നെ അത് പാവപ്പെട്ടവന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും, അടിച്ചമർത്തപ്പെടുന്നവന്റെ ചങ്ങലകൾ പൊട്ടിച്ചെറിയുമെന്നും അവർ കരുതുന്നു. ആ പ്രതീക്ഷ അവരിൽ കെടാതെ കാക്കാനാകുന്നു എന്നിടത്താണ് ചാരു മജുംദാറിന്റെയും, അദ്ദേഹം അടിയുറച്ചു വിശ്വസിച്ച് പ്രചരിപ്പിക്കാനും നടപ്പിലാക്കാനും പരിശ്രമിച്ച വിപ്ലവാശയങ്ങളുടെയും പ്രസക്തി.