ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു വിചാരണയായിരുന്നു നിർഭയ കേസിന്റേത്. 2012 -ൽ നടന്ന, അപൂർവങ്ങളിൽ അപൂർവമെന്നു കണ്ടെത്തി പരമോന്നത നീതിപീഠം പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുകയാണുണ്ടായത്. ഈ കേസിന്റെ വിചാരണ തുടങ്ങി അധികം താമസിയാതെ തന്നെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു അഭിഭാഷകനുണ്ടായിരുന്നു സുപ്രീം കോടതിയിൽ. നിർഭയ കേസിലെ പ്രതികളുടെ വക്കാലത്തേറ്റെടുത്ത് അവരെ കഴുമരത്തിൽ നിന്ന് ഏതുവിധേനയും രക്ഷിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പരാജയപ്പെട്ട ആ അഭിഭാഷകന്റെ പേര് അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന എ പി സിംഗ് എന്നായിരുന്നു. അതേ എപി സിംഗ് ആണ് ഇപ്പോൾ ഹാഥ്റസ് കേസിലെ പ്രതികളുടെയും വക്കാലത്ത് ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. നിർഭയ കേസിന്റെ വിചാരണ സമയത്ത്, ഈ അവിവാഹിതയായ പെൺകുട്ടി എന്തിനാണ് പാതിരാക്ക് ശേഷം തന്റെ കാമുകനൊപ്പം ഒറ്റയ്ക്ക് കറങ്ങി നടന്നത് എന്ന് ചോദിച്ച്, ആ അതിക്രൂരമായ ബലാത്സംഗത്തിന് അങ്ങനെ ചെയ്ത പെൺകുട്ടി കൂടി ഉത്തരവാദിയാണ് എന്നൊരു പൊതുബോധം നിർമ്മിച്ചെടുക്കാൻ പണിപ്പെട്ട വ്യക്തിയാണ് ഈ അഡ്വ. എപി സിംഗ്.

2020 -ൽ, നിർഭയ കാലത്ത്, പ്രതികളുടെ ജീവനെടുക്കാൻ വന്ന മൂന്നു വാറണ്ടുകൾ അഡ്വ. എപി സിംഗ് അന്ന് റദ്ദാക്കിച്ചു. എന്നാൽ, നാലാമത്തെയും അവസാനത്തെയും വാറണ്ടിൽ മാർച്ച് 20  എന്ന മരണത്തീയതി കുറിച്ചപ്പോഴും, തലേന്ന് രാത്രി ഏറെ വൈകും വരെയും, അഡ്വ. എ പി സിംഗ് തന്നെക്കൊണ്ടാവുന്ന എല്ലാ കളികളും കോടതിക്കുമുന്നിൽ കളിച്ചു നോക്കി. പക്ഷേ, പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയാൻ കോടതി തയ്യാറായില്ല. ഒടുവിൽ അത്രയും നാളായി കഴുമരത്തിനു വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചുകൊണ്ടിരുന്ന തന്റെ കക്ഷികളുടെ ജീവൻ അടുത്ത ദിവസം രാവിലെ തിഹാർ ജയിലിൽ പൊലിയുന്നത് തടയാൻ സാധിക്കാതെ നിസ്സഹായനായി നിൽക്കേണ്ടി വന്നു അയാൾക്ക്. 

അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന 46 -കാരൻ  ലഖ്‌നൗ സർവകലാശാലയിൽ നിന്ന് നിയമം പഠിച്ചിറങ്ങിയത്തിനു ശേഷം 1997 മുതൽ സുപ്രീം കോടതിയിൽ കേസുകൾ നടത്തുന്നയാളാണ്. 2012-ൽ സാകേത് കോടതിയിൽ നിർഭയ കേസ് വിചാരണ തുടങ്ങിയപ്പോൾ ആ വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിലാണ് എ പി സിംഗ് പ്രസിദ്ധനാകുന്നത്. സത്യം പറഞ്ഞാൽ, കുപ്രസിദ്ധനാകുന്നത്. ഒരു പക്ഷേ, അത്തരത്തിൽ ഒരു പ്രസിദ്ധി ലക്ഷ്യമിട്ടു തന്നെയാകും അയാൾ  ആ കേസ് ഏറ്റെടുത്തതും.തന്റെ കക്ഷികൾക്ക് ശിക്ഷ കിട്ടുന്നത് തടയാൻ ശ്രമിച്ചിട്ട് നടക്കാതിരുന്നപ്പോൾ പിന്നെ എ പി സിംഗ് ശ്രമിച്ചത് മരിച്ചുപോയ നിർഭയ എന്ന ആ പെൺകുട്ടി  ഒരു മോശം സ്ത്രീ ആണ് എന്ന് തെളിയിക്കാനായിരുന്നു. 

കോടതിയിലെ വിധി തനിക്ക് പ്രതികൂലമായപ്പോൾ, അവിടെ നിന്ന് ഇറങ്ങി വന്നു മാധ്യമങ്ങളെ കണ്ട വളരെ പ്രകോപനപരമായ ഒരു പ്രസ്താവനയാണ് അന്ന് നടത്തിയത്," എന്റെ മകളോ, സഹോദരിയോ ആണ് വിവാഹത്തിന് മുമ്പ് ഇങ്ങനെ അഴിഞ്ഞാടി നടക്കുകയും വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ട് സമൂഹത്തിനു മുമ്പിൽ കുടുംബത്തിന്റെ മാനം കെടുത്തുകയും ഒക്കെ ചെയ്തിരുന്നത് എങ്കിൽ ഞാൻ നേരെ എന്റെ ഫാം ഹൗസിനുള്ളിൽ കൊണ്ടു നിർത്തി എന്റെ കുടുംബക്കാരുടെ മുന്നിൽ വെച്ചുതന്നെ തലയിലൂടെ ഒരു കന്നാസ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നേനെ.." എന്നയാൾ പറഞ്ഞു. 

അന്ന് നിർഭയ കേസിൽ തന്റെ പ്രതികൾ കഴുമരത്തിൽ ഏറ്റപ്പെടുന്നത് തടയാൻ അഡ്വ. എപി സിംഗിനെക്കൊണ്ട് സാധിച്ചില്ല എങ്കിലും, ആ കേസിന്റെ വിചാരണ ഏഴുവർഷത്തോളം നീട്ടിക്കൊണ്ടു പോകാനും, അത്രയും കാലം ദേശീയമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനും അദ്ദേഹത്തിന് സാധിച്ചു. വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച് താരമായ കേരളത്തിലെ ഒരു അഭിഭാഷകനെപ്പോലെ അഡ്വ. എപി സിങ്ങിനും, നിർഭയ കേസിനു ശേഷം ഇപ്പോൾ കൈനിറയെ കേസുകളാണ് അഡ്വ. എ പി സിംഗിനും. സ്വാമി ചിന്മയാനന്ദിനും, ഗുർമീത് റാം റഹീമിനും ഒക്കെ വേണ്ടി സുപ്രീം കോടതിയിൽ കേസുപറയുന്നത് ഇന്ന് സിംഗാണ്. ഏറ്റവും ഒടുവിൽ എപി സിങ്ങിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ള 'ഹൈ പ്രൊഫൈൽ' കേസാണ് ഹാഥ്റസ് കേസ്. 

ഹാഥ്റസ് സംഭവം ഒരു ദുരഭിമാനകൊല മാത്രമാണ് എന്നും അതിൽ ബലാത്സംഗം ഇല്ല എന്നുമാണ് എപി സിംഗ് പറയുന്നത്. കുറ്റാരോപിതരിൽ ഒരാളും മരിച്ച യുവതിയും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നു എന്നും അതിൽ യുവതിയുടെ സഹോദരന് അനിഷ്ടം ഉണ്ടായിരുന്നു എന്നും എപി സിംഗ് ആരോപിക്കുന്നു. തന്റെ വിലക്ക് മറികടന്ന് യുവതി കുറ്റാരോപിതനായ വ്യക്തിയെ ചെന്ന് കാണാൻ ശ്രമിച്ചു എന്ന് തിരിച്ചറിഞ്ഞ യുവതിയുടെ സഹോദരൻ തന്നെയാണ് യുവതിയെ മർദ്ദിച്ചവശയാക്കിയതും, ദുരഭിമാന കൊലക്ക് വിധേയയാക്കിയതും എന്നാണ് പ്രതിഭാഗം വക്കീലിന്റെ പ്രാഥമികമായ ആരോപണം. സഹോദരന്റെ ക്രൂരമായ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ടിറങ്ങിയോടിപ്പോകും വഴി കൃഷിയിടത്തിൽ ഉണ്ടായിരുന്ന കമ്പിവേലിയിൽ തട്ടിയാണ് യുവതിയുടെ നാക്ക് മുറിഞ്ഞത് എന്നും അഡ്വ. എപി സിംഗ് പറയുന്നു.  കുറ്റാരോപിതന്റെയും ഇരയുടെയും അച്ഛന്മാർ കടുത്ത വൈരം നിലവിലുണ്ടായിരുന്നിട്ടും അവർ തമ്മിൽ പ്രണയത്തിൽ ആവുകയാണുണ്ടായത് എന്നും എപി സിംഗ് പറയുന്നുണ്ട്. ഈ ദുരഭിമാനക്കൊലപാതകം ഇപ്പോൾ രാഷ്ട്രീയ ഇടപെടലുകൾ കാരണം ജാതീയമായ സ്പർദ്ധ സൃഷ്ടിക്കാനുള്ള ഒരു ആയുധമായി ഉപയോഗിക്കപ്പെടുകയും, തന്റെ കക്ഷിക്കെതിരെ അവാസ്തവികമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ് ഇപ്പോൾ പ്രോസിക്യൂഷനും പെൺകുട്ടിയുടെ ബന്ധുക്കളും മറ്റു രാഷ്ട്രീയക്കാരും നടത്തുവന്നത് എന്നും പ്രതിഭാഗം വക്കീൽ എപി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഏത് തരം പബ്ലിസിറ്റിയും നല്ല പബ്ലിസിറ്റി ആണ് എന്ന യുക്തിപ്പുറത്താവും, ഏറ്റവും ഒടുവിലായി രാജ്യം ഞെട്ടലോടെ കേട്ട ഹാഥ്റസിലെ പെൺകുട്ടിക്കെതിരെ നടന്ന കൂട്ടബലാൽസംഗ-കൊലപാതക കേസിൽ പ്രതികളായ നാലുപേരുടെ വക്കാലത്തും ഏറ്റെടുത്ത് നടത്താൻ അഡ്വ. എപി സിംഗ് മുന്നോട്ടുവന്നിട്ടുള്ളത്. നിർഭയ കേസിലൂടെ അയാൾ ആർജിച്ച പ്രസിദ്ധിയാകാം അയാളെ കേസ് വിശ്വസിച്ചേൽപ്പിക്കാൻ പ്രതികളെ പ്രേരിപ്പിച്ചതും. പ്രതികളുടെ ബന്ധുക്കൾ തന്നെ സമീപിച്ച് വക്കാലത്തേൽപ്പിക്കുകയാണുണ്ടായത് എന്ന് സിംഗ് പറഞ്ഞു. കേസിലെ യാഥാർഥ്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേസ് ട്രയൽ സ്റ്റേജിലേക്ക് കടക്കുമ്പോൾ പുറത്തു വരും എന്നാണ് അഡ്വ. എപി സിംഗ് പറയുന്നത്. ശനിയാഴ്ച താൻ നേരിട്ട് ഹാഥ്റസിലേക്ക് പോകും എന്നും അഖില ഭാരതീയ ക്ഷത്രിയ മഹാസഭ അംഗങ്ങളും തന്നെ അനുഗമിക്കും എന്നും എപി സിംഗ് അവകാശപ്പെടുന്നുണ്ട്.