കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ എണ്ണം പറഞ്ഞ പേരുകളിൽ ഒന്നാണ് അജിത് ജോഗിയുടേത്. 2000 -ൽ മധ്യപ്രദേശിൽ നിന്ന് വേർപെടുത്തി  ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേറാൻ കോൺഗ്രസ് തെരഞ്ഞെടുത്തത് മധ്യപ്രദേശ് രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായിരുന്ന അജിത് പ്രമോദ് ജോഗിയെത്തന്നെ ആയിരുന്നു. 

2000 നവംബർ ഒന്നാം തീയതി അർധരാത്രിക്ക് ഛത്തീസ്‌ഗഢിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജോഗി പത്രക്കാരോട് പറഞ്ഞു, "ഞാൻ സ്വപ്നങ്ങളുടെ വ്യാപാരിയാണ്. സ്വപ്‌നങ്ങൾ  വിൽക്കുന്നവൻ..." ജോഗി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കോൺഗ്രസ് മാധ്യമങ്ങളോട് പറഞ്ഞത്,  'പ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടാണ് ' എന്നായിരുന്നു. എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങു കഴിഞ്ഞ ശേഷം പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ റായ്‌പൂരിൽ നടന്ന സംഭവങ്ങൾ ആ അവകാശവാദത്തോട് യോജിച്ചു പോകുന്നവയായിരുന്നില്ല. സ്വന്തം പാർട്ടിയിലെ പ്രാദേശിക നേതാക്കളിൽ പലരും അന്ന് ജോഗിക്ക് മൂർദ്ദാബാദ് വിളിച്ചു. ഇച്ഛാഭംഗമുണ്ടായ നേതാക്കളിൽ ചിലരുടെ രോഷപ്രകടനത്തിന്, അന്ന് ജോഗിയെ മുഖ്യമന്ത്രിപദത്തിലേറ്റാൻ നടന്ന ചരടുവലികൾക്ക് കൂട്ടുനിന്ന അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് പോലും ഇരയായി. അത് ഒരു തുടക്കം മാത്രമായിരുന്നു. വരാനിരിക്കുന്ന വലിയ രാഷ്ട്രീയ നാടകങ്ങളുടെ നിമിത്തങ്ങൾ മാത്രം.

 ഒരല്പം ഫ്ലാഷ് ബാക്ക്

1985 ലെ ഒരു രാത്രി, ഇൻഡോർ നഗരത്തിലെ പോഷ് ബംഗ്ളാവുകൾ നിറഞ്ഞ ഒരു ഏരിയയിൽ സ്ഥിതിചെയ്യുന്ന കളക്ടേഴ്‌സ് ബംഗ്ളാവ്. രാത്രി ഏറെ വൈകിയ നേരം. കളക്ടർ നല്ല ഉറക്കത്തിലാണ്.   രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് പെട്ടെന്ന് ഫോണിന്റെ മണി മുഴങ്ങുന്നു. "കളക്ടർ എവിടെ? " എന്ന് ചോദ്യം. " കളക്ടർ സാബ് ഉറക്കത്തിലാണ്" എന്ന് ഓർഡർലിയുടെ മറുപടി. മറുതലക്കലുള്ള അധികാരസ്വരം ഒന്ന് കടുത്തു," കളക്ടർ സാബ് ഉറങ്ങുകയാണെങ്കിൽ, വിളിച്ചുണർത്തി കൊണ്ടുവരൂ..." ഫോണിലൂടെ വന്ന ഉത്തരവ് ശിരസാ വഹിച്ചു കൊണ്ട്, ഓർഡർലി ചെന്ന് വിളിച്ചുണർത്തിയത് അജിത് ജോഗി ഐഎഎസ് എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ആയിരുന്നു. 

 


 

ലൈനിൽ വന്ന അജിത് ജോഗിയോട് അപ്പുറത്തുനിന്ന് കേട്ട ഘനഗംഭീരശബ്ദം ഇങ്ങനെ പറഞ്ഞു," നിങ്ങൾക്ക് രണ്ടര മണിക്കൂർ സമയമുണ്ട്. നല്ലപോലെ ആലോചിച്ചു മാത്രം ഒരു തീരുമാനമെടുക്കുക. രാഷ്ട്രീയത്തിൽ ഇറങ്ങണോ അതോ സിവിൽ സർവീസിൽ തുടരണോ. നിങ്ങളെ കൂട്ടിക്കൊണ്ടുവരാൻ വേണ്ടി ദിഗ്‌വിജയ് സിങ്ങിനെ അയക്കുന്നുണ്ട്. തീരുമാനം എന്തുതന്നെ ആയിരുന്നാലും അത് നേരിട്ട് സിങിനോട് പറഞ്ഞാൽ മതി. "

ഫോണിന്റെ മറുതലക്കൽ കേട്ട ആജ്ഞാശക്തിയുള്ള ആ ശബ്ദം അന്ന് കോൺഗ്രസിന്റെ നമ്പർ 10 ജൻപഥ് വൃത്തങ്ങളിൽ 'കിംഗ് ജോർജ്' എന്നറിയപ്പെട്ടിരുന്ന, രാജീവ് ഗാന്ധിയുടെ പിഎ വിൻസൻറ് ജോർജ് എന്ന മലയാളിയുടേതായിരുന്നു. അന്ന് ഫോണെടുത്ത് ജോർജിനോട് സംസാരിച്ച അജിത് ജോഗി രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി, ജോലി ചെയ്യുന്നതിനിടയിൽ സിവിൽ സർവീസിന് തയ്യാറെടുത്ത്, ഒടുവിൽ ആ കടമ്പ കടന്നുകിട്ടി കർമ്മകുശലനായ ബ്യൂറോക്രാറ്റ് എന്ന നിലയിൽ സാമാന്യം പ്രസിദ്ധി നേടിയ ഒരു സമർത്ഥനായ ഒരു യുവാവുമാത്രം. ജോർജ് പറഞ്ഞപോലെ രണ്ടര മണിക്കൂറിനുള്ളിൽ അജിത് ജോഗിയെത്തേടി ദിഗ്‌വിജയ് സിങ് കളക്ടേഴ്‌സ് ബംഗ്ളാവിലെത്തിച്ചേർന്നു. 

 

'ദിഗ് വിജയ് സിംഗ്, അജിത് ജോഗി'


സിവിൽ സർവീസുകാരനായ അജിത് ജോഗിക്ക്, ഒരു രാഷ്ട്രീയനേതാവായി പരിണമിക്കാന്‍ വേണ്ടി വന്നത് വെറും രണ്ടരമണിക്കൂർ നേരത്തെ ആലോചന മാത്രമായിരുന്നു. ദിഗ്‌വിജയ് സിങ്ങിന് ഹസ്തദാനം നൽകിയ ജോഗി പ്രാഥമികാംഗത്വം സ്വീകരിച്ച് കോൺഗ്രസുകാരനായി മാറി. ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസിന്റെ ഓൾ ഇന്ത്യ കമ്മിറ്റി ഫോർ വെൽഫെയർ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ട്രൈബിൽ അംഗമാക്കപ്പെട്ടു. മാസങ്ങൾക്കുള്ളിൽ രാജ്യസഭാംഗമായും അജിത് ജോഗി ഉയർത്തപ്പെട്ടു.  

രാജീവ് ഗാന്ധിയുടെ വിശ്വസ്തൻ

ജോഗിയെ കോൺഗ്രസിന്റെ ഭാഗമാക്കിയത് രാജീവ് ഗാന്ധി ആയിരുന്നു. പാർട്ടിയിലെ കടൽക്കിഴവന്മാരെ പറഞ്ഞുവിട്ട് തനിക്കുവേണ്ടി യുവാക്കളുടെ ഒരു നിരതന്നെ രാജീവ് കെട്ടിപ്പടുത്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. മധ്യപ്രദേശിൽ നിന്ന് അക്കാലത്തുതന്നെ അക്കൂട്ടത്തിലെത്തിപ്പെട്ട എംപിയാണ് യുവതുർക്കിയായ ദിഗ്‌വിജയ് സിംഗ്. എന്നാൽ, രാജീവിന് മധ്യപ്രദേശിന്റെ ആദിവാസി മേഖലയായ റായ്പൂർ പരിസരത്തുനിന്ന് നല്ലൊരു യുവനേതാവിനെ തന്റെ ടീമിന്റെ ഭാഗമാക്കണം എന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് രാജീവ് സംഘത്തിന്റെ കണ്ണിൽ,  അജിത് ജോഗി എന്ന കുശാഗ്രബുദ്ധിയായ സിവിൽ സർവീസ് ഓഫീസർ പെടുന്നത്. 

'ദിഗ് വിജയ് സിംഗ്, അർജുൻ സിംഗ് '

രാജീവ് ഗാന്ധി ഗ്യാങ്ങിന്റെ ഭാഗമായ ശേഷം, വളരെ പെട്ടെന്നായിരുന്നു ജോഗി നെഹ്‌റു-ഗാന്ധി കുടുംബവുമായി അടുപ്പം സ്ഥാപിച്ചെടുത്തത്. മധ്യപ്രദേശിൽ നിന്നുള്ള മറ്റൊരു പ്രധാന കോൺഗ്രസ് നേതാവായിരുന്ന അർജുൻ സിംഗിനെ ആദ്യകാലത്ത് തന്റെ ഗോഡ്‌ഫാദർ സ്ഥാനത്ത് ജോഗി കണ്ടിരുന്നു. അർജുൻ സിംഗിന്റെ അനുഗ്രഹം നേടിയതോടെ പ്രദേശത്തെ SC/ST ജനവിഭാഗത്തിന്റെ നേതാവായി ജോഗി സ്വയം അവരോധിച്ചു. 1993 -ൽ ദിഗ്‌വിജയ് സിങ്ങിന് മധ്യപ്രദേശ് മുഖ്യമന്ത്രിയാകാൻ അവസരം കിട്ടി. ആ സ്ഥാനത്തിനായി അജിത് ജോഗിയും അന്നൊന്നു ശ്രമിച്ചു നോക്കി, വിജയിച്ചില്ല. ശ്രമം പാളി എന്ന് മാത്രമല്ല, അത്രയും നാൾ നല്ല സ്നേഹത്തോടിരുന്ന ദിഗ്‌വിജയ് സിംഗിന്റെ ശത്രുതയും സമ്പാദിച്ചു അന്ന് ജോഗി.

1999, കരുനീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പദത്തിലേക്ക്  

1999 -ൽ അടൽ ബിഹാരി വാജ്‌പേയി അധികാരത്തിലേറിയപ്പോഴാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ വിഭജിച്ച് ചെറുതാക്കണം എന്ന ആവശ്യം ശക്തമാകാൻ തുടങ്ങിയത്. കേന്ദ്രം ഭരിച്ച ബിജെപി കൂടി പ്രസ്തുത ആശയത്തോട് യോജിച്ചപ്പോൾ ആദ്യം വിഭജിതമായ സംസ്ഥാനങ്ങളിൽ ഒന്ന്, അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശ് ആയിരുന്നു. 2000 ജൂണിൽ തുടങ്ങിയ പ്രക്രിയ,  ഒടുവിൽ ഒക്ടോബർ 31 -ന് പൂർത്തീകരിക്കപ്പെട്ടു. അത് മധ്യപ്രദേശ് സംസ്ഥാനത്തെ ആകെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു നടപടി ആയിരുന്നു. കഴിഞ്ഞ 44 വർഷമായി  സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു വലിയ ഭൂപ്രദേശമാണ് വിഭജിച്ച് വേറെ സംസ്ഥാനമായി മാറുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെ വൈകാരികമായ ഒരു തീരുമാനമായിരുന്നു. ഭൂമി മാത്രമല്ല, നിയമസഭയിലെ 90 എംഎൽഎമാരും നിയമസഭ വിട്ടിറങ്ങേണ്ടി വരും. 

 

 

  'ശ്യാംചരൺ ശുക്ല, വിദ്യാചരൺ ശുക്ല, മോത്തിലാൽ വോറ'  

അന്നത്തെ പ്രമുഖ മധ്യപ്രദേശ് കോൺഗ്രസ് നേതാക്കളായിരുന്ന ശ്യാംചരൺ ശുക്ല, വിദ്യാചരൺ ശുക്ല, രാജേന്ദ്ര ശുക്ല, മോത്തിലാൽ വോറ അങ്ങനെ പലരും ഒരു രാത്രികൊണ്ട് ഛത്തീസ്‌ഗഢ് സംസ്ഥാനക്കാരായി മാറി. പക്ഷേ അവരിൽ ആരെ മുഖ്യമന്ത്രിയാക്കും എന്ന കാര്യത്തിൽ കാര്യമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു. അന്ന് മത്സരത്തിൽ മുന്നിലുണ്ടായിരുന്നത് വിദ്യാചരൺ ശുക്ല ആയിരുന്നു. വിലപേശലിന്റെ ഭാഗമായി ശുക്ല ഛത്തീസ്‌ഗഢ് രാജ്യ സംഘർഷ് മോർച്ച സ്ഥാപിച്ച് വേറിട്ടുനിന്നു. ശക്തിപ്രകടനത്തിനായി പന്ത്രണ്ട് എംഎൽഎമാരെയും കൂടെക്കൂട്ടി. വേണ്ടിവന്നാൽ ബിജെപിയുടെ പിന്തുണ പോലും സ്വീകരിച്ചേക്കും എന്ന ഭീഷണി മുഴങ്ങി. മറുവശത്തുനിന്ന് മോത്തിലാൽ വോറയും പിടിമുറുക്കി. ഒടുവിൽ, തർക്കം പരിഹരിക്കാൻ വേണ്ടി ഹൈക്കമാൻഡ് ആഞ്ഞൊരു അടിയടിച്ചു. ഛത്തീസ്‌ഗഢിന്റെ ചിരപുരാതനമായ ആവശ്യം അംഗീകരിക്കാം. ഒരു പിന്നാക്കസമുദായക്കാരനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് ഇതാ തയ്യാർ.

അന്ന് 'പിന്നാക്കവിഭാഗം' എന്ന ട്രംപ് കാർഡ് ഉണ്ടായിരുന്ന ഒരേയൊരു പ്രമുഖ നേതാവ് അജിത് ജോഗി മാത്രം. ഹൈക്കമാൻഡിന്റെ ആ അടി, അജിത് ജോഗിക്ക് അന്ന് ലോട്ടറിയായി. താൻ പിന്നാക്കവിഭാഗക്കാരനാണ് എന്നാണ് അജിത് ജോഗിയുടെ വാദം. ആ വാദം ഏറെ വിവാദങ്ങൾക്ക് കാരണമായി എങ്കിലും, സാങ്കേതികമായി അന്നും നിലനിന്നിരുന്നു. ആദ്യം അന്വേഷണ കമ്മിറ്റി, പിന്നെ ഹൈക്കോടതി അങ്ങനെ പലരും അതങ്ങനെ അല്ലെന്നു പറഞ്ഞെങ്കിലും പിന്നീട് ഏറെക്കാലം  ആ കേസ് തുടർന്നു. 

നിയമസഭയിൽ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെടാൻ അജിത് ജോഗിക്കു മുന്നിലുണ്ടായിരുന്ന ഒരേയൊരു കടമ്പ ദിഗ്‌വിജയ് സിങിന്റെ പിന്തുണ മാത്രമായിരുന്നു. സോണിയാ ഗാന്ധിയുടെ സമയോചിതമായ ഇടപെടലിൽ ദിഗ്‌വിജയ് സിംഗിന്റെയും അജിത് ജോഗിയുടെയും ശത്രുത തൽക്കാലത്തേക്ക് കുഴിച്ചു മൂടപ്പെട്ടു. അങ്ങനെ 2000 ഒക്ടോബർ 31 -ന് അജിത് ജോഗി ഛത്തീസ്‌ഗഢ് സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2003 -  കുതിരക്കച്ചവടത്തിന്റെ ആരോപണം

മൂന്നു വർഷം പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷം ആദ്യത്തെ തെരഞ്ഞെടുപ്പ് വന്നത് 2003 -ലായിരുന്നു. ബിജെപിക്ക് 50 സീറ്റും ജോഗിയുടെ കോൺഗ്രസിന് 37 സീറ്റും കിട്ടി. ആരുഭരിക്കും എന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾ നടക്കുന്നതിനിടെ ജോഗിക്കെതിരെ ഒരു സ്റ്റിങ് ഓപ്പറേഷൻ നടക്കുന്നു. അതിൽ ജോഗി എംഎൽഎമാരെ പണം നൽകി 'വിലയ്‌ക്കെടുക്കാൻ' ശ്രമിച്ചതിന്റെ തെളിവുകൾ രേഖപ്പെടുത്തപ്പെട്ടു. സ്റ്റിങ് വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസിൽ നിന്ന് ജോഗിയെ അഞ്ചു വർഷത്തേക്ക് പുറത്താക്കാൻ നിർദേശം വന്നു. അന്ന് സോണിയാ ഗാന്ധി നടപടിയൊന്നും എടുത്തില്ലെങ്കിലും ആരോപണങ്ങൾ ജോഗിക്ക് ക്ഷീണമുണ്ടാക്കി. ഏറെക്കാലം അദ്ദേഹം കേസുനടത്തി. ഒടുവിൽ 2017 -ൽ സിബിഐയിൽ നിന്ന് ക്ളീൻ ചിറ്റ് നേടുകയും ചെയ്തു.

2004  - കാർ ആക്സിഡന്റ്

അജിത് ജോഗി മഹാസമുദിൽ നിന്ന് ലോകസഭാ സീറ്റിലേക്ക് മത്സരിക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും വിദ്യാചരൺ ശുക്ല ഒരു ബിജെപിക്കാരൻ ആയി മാറിക്കഴിഞ്ഞിരുന്നു. അന്നത്തെ ഛത്തീസ്‌ഗഢ് കോൺഗ്രസ് ജനറൽ സെക്രട്ടറി മെഹ്താർ ലാൽ സാഹുവിനൊപ്പം ജോഗി സഞ്ചരിച്ച കാർ വഴിയിൽ വെച്ച് ഒരു മരത്തിലിടിച്ച് മറിഞ്ഞു. ജോഗിയുടെ ഒരു കാലിന് ഗുരുതരമായ പരിക്കേറ്റു. അദ്ദേഹം വീൽ ചെയറിൽ ഒതുങ്ങി. തനിക്കെതിരെ ആരോ കൂടോത്രം ചെയ്തതുകൊണ്ടാണ് കാർ മറിഞ്ഞത് എന്നുപോലും ജോഗി പിന്നീട് ആരോപിക്കുകയുണ്ടായി.

2005 - കൊലപാതക ആരോപണം

2003 എൻസിപി നേതാവായ രാം അവതാർ ജഗ്ഗി വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകൻ മരണത്തിന് ഉത്തരവാദി അജിത് ജോഗിയും മകൻ അമിത് ജോഗിയുമാണ് എന്ന ആരോപണവുമായി മുന്നോട്ടു വന്നു. കേസ് സിബിഐക്ക് വിട്ടു. 2005 -ൽ അമിത് ജോഗിയും, 2007 -ൽ അജിത് ജോഗിയും അറസ്റ്റിലായി. 2009 -ൽ ഇരുവരെയും സെഷൻസ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 

സംസ്ഥാനത്ത് തനിക്ക് ഭീഷണി എന്ന് തോന്നിയ മഹേന്ദ്ര കർമ്മ, നന്ദകുമാർ പട്ടേൽ തുടങ്ങിയ നിരവധി കോൺഗ്രസ് നേതാക്കളെ വാടകക്കൊലയാളിമാർ മാവോയിസ്റ്റ് ആക്രമണം എന്നപേരിൽ പലപ്പോഴായി വെടിവെച്ചു കൊന്നുകളഞ്ഞത് ജോഗിയുടെ നിർദേശപ്രകാരമാണ് എന്ന മറ്റൊരു ഗുരുതരമായ ആരോപണം ഛവിന്ദ്ര കർമ്മ എന്ന പ്രാദേശിക നേതാവിന്റെ ആരോപണം. അതുസംബന്ധിച്ചും ജോഗി കേസുകൾ നേരിട്ടിരുന്നു. 2014 ലും മറ്റൊരു കുതിരക്കച്ചവടത്തിന്റെ ആരോപണം ജോഗി കുടുംബത്തിന് നേരിടേണ്ടി വന്നു. അന്നുമുണ്ടായി കോൺഗ്രസിൽ നിന്നുള്ള വിലക്കുകൾ. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും രാഷ്ട്രീയ തൊഴുത്തിൽക്കുത്തുകൾക്കും ഒടുവിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടേക്കും എന്ന് തോന്നിയ ഘട്ടത്തിൽ  2016 ജൂൺ 23-ന് അജിത് ജോഗി പാർട്ടി വിട്ടു. ഛത്തീസ്‌ഗഢ് ജനതാ കോൺഗ്രസ് എന്നൊരു പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. 

 


അവസാന നിമിഷം വരെയും, വീൽ ചെയറിൽ ആയിക്കഴിഞ്ഞും ജോഗി രാഷ്ട്രീയത്തിലെ തന്റെ കോഴിപ്പോരുകൾ  തുടർന്നുപോയി. 2020 മെയ് 9 -ന് കടുത്ത ഹൃദയാഘാതം നേരിട്ട് ജോഗി കോമയിലേക്ക് വഴുതി വീഴുകയായിരുന്നു. കോമയിലായി 20 ദിവസങ്ങൾക്കു ശേഷം ഇന്നാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

അജിത് ജോഗി എന്ന മഹാരഥൻ കളമൊഴിയുമ്പോൾ അടയുന്നത് രാഷ്ട്രീയ ചതുരംഗക്കളത്തിലെ കരുനീക്കങ്ങളുടെ ഒരു വലിയ അധ്യായം കൂടിയാണ്. മെക്കാനിക്കൽ എഞ്ചിനീയറിൽ നിന്ന് ഐഎഎസ് ഓഫീസറിലേക്കും അവിടെ നിന്ന് രാഷ്ട്രീയ നേതാവിലേക്കും, പിന്നീട് ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കും നടന്നുകയറിയ ജോഗി പിന്നിട്ടദൂരങ്ങൾ ചെറുതല്ല. നടത്തിയ സ്വപ്നവ്യാപാരങ്ങളും.