Asianet News MalayalamAsianet News Malayalam

ഷി ജിന്‍പിങും പുടിനും ഒന്നിച്ചിരിക്കുമ്പോള്‍ ലോകം മാറുന്നത് എങ്ങനെയാണ്?

പുടിന്‍-ഷി ജിന്‍ പിന്‍ കൂട്ടുകെട്ട് ഇന്ത്യക്കും സുഖകരമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ചൈനയുടെ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ആധിപത്യം നിലവിലെ ഇന്ത്യാ -ചൈനാ ശീത സമരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്.

Analysis on Russia China  ties by Dr Jabir TK
Author
First Published Mar 31, 2023, 5:01 PM IST

ഏകധ്രുവലോകം  അവസാനിക്കുകയാണ്. കാരണം സാമ്പത്തിക മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ബഹുധ്രുവ ലോകം  ഉണ്ടായിവന്നിരിക്കുന്നു, അതിന് കാരണം ചൈനയുടെ ഉയര്‍ച്ചയാണ്. 30 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റം ചൈനയുടെ വളര്‍ച്ചയാണ്. അത് ഇനിയും തുടരും. കുറച്ചുകൂടെ വിശാലമായ ബഹു ധ്രുവ ലോകമായേക്കാം ഇനി.

 

ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിച്ചത് യുക്രൈനിലെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയല്ല എന്നത് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാവുന്ന കാര്യമാണ്. റഷ്യയ്ക്ക് കൂടുതല്‍ പിന്തുണ കൊടുക്കുക, രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തുക. ഇതുതന്നെയായിരുന്നു സംഭവിച്ചത്. രാഷ്ട്രീയ-വ്യാപാര-സാങ്കേതിക വിദ്യ മേഖലകളില്‍ ഒരു ഡസന്‍ കരാറുകള്‍ നിലവില്‍ വന്നു.  സൈനിക -പ്രതിരോധ സഹകരണം എന്നത് ഭാവിയിലേക്കുള്ള ഭീഷണി തന്നെയാണ്. ജനാധിപത്യത്തിന്റെ സകല അംശങ്ങളെയും തുടച്ചു നീക്കുന്ന രണ്ട് നേതാക്കള്‍ ആണ് ഇതിന് നേതൃത്വം നല്‍കിയത്. തങ്ങളുടെ തെറ്റുകള്‍ മറച്ചു പിടിയ്ക്കുന്നതിന് മുഴുവന്‍ പഴികളും റഷ്യയും ചൈനയും പാശ്ചാത്യ ലോകത്തിന് മേലെ  ചേര്‍ത്തുവയ്ക്കുന്നു. അതില്‍ തെറ്റുും ശരിയുമുണ്ട്. പാശ്ചാത്യ ലോകം പൗരസ്ത്യ ലോകത്തെ പരമാവധി ചൂഷണം ചെയ്യുകയും അടക്കി ഭരിക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും, ജനാധിപത്യ സ്ഥാപനങ്ങള്‍, സംസ്‌കാരങ്ങള്‍  ഉണ്ടായി വന്നത് അവിടെ നിന്നാണ് എന്നത് മറക്കാന്‍ പാടുള്ളതല്ല.

2022 -ല്‍ യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയത് ലോകത്തോട് പലതും പറയുവാനും പ്രദര്‍ശിപ്പിക്കുവാനുമുള്ള ശ്രമമായിരുന്നു. ആഗോള രാഷ്ട്രീയ മാറ്റത്തിന്റെ സൂചകങ്ങള്‍ തന്നെയാണ്  ഇത്. അധിനിവേശത്തിന് തൊട്ടു മുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ചൈന സന്ദര്‍ശിച്ചത് കേവലമായ ഒരു രാഷ്ട്രീയ സൗഹാര്‍ദ്ദത്തിന്റെ പേരില്‍ ആയിരുന്നില്ല. അമേരിക്കയുടെ അഫ്ഗാനില്‍ നിന്നുമുള്ള ഒളിച്ചോട്ടം, സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം അവിടെ വിഷയമായിരുന്നു.

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ ചില അന്താരാഷ്ട്ര ശക്തികള്‍ ഏകപക്ഷീയമായി റഷ്യയുടെയും ചൈനയുടെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുവാന്‍ ശ്രമിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടത് എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സഖ്യം അടിസ്ഥാനപരമായി ഭയപ്പെടുന്നത് ജനാധിപത്യ രാഷ്ട്രീയത്തെയാണ്. റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത് മറ്റൊരു അമേരിക്കന്‍ തകര്‍ച്ചയാണ്. ദശകങ്ങളായി ലോകത്ത് എണ്ണ വ്യാപാരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന യൂ എസ് ഡോളറിന്റെ പതനം. ചൈനയ്ക്ക് ഇതു ഗുണകരമായി. അറബ് ഗള്‍ഫ് രാജ്യങ്ങള്‍ ചൈനയ്ക്ക് എണ്ണ വില്‍ക്കുന്നത് ചൈനീസ് കറന്‍സിയില്‍ ആയി മാറിയിരിക്കുന്നു.

ഏകധ്രുവലോകം  അവസാനിക്കുകയാണ്. കാരണം സാമ്പത്തിക മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ബഹുധ്രുവ ലോകം  ഉണ്ടായിവന്നിരിക്കുന്നു, അതിന് കാരണം ചൈനയുടെ ഉയര്‍ച്ചയാണ്. 30 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റം ചൈനയുടെ വളര്‍ച്ചയാണ്. അത് ഇനിയും തുടരും. കുറച്ചുകൂടെ വിശാലമായ ബഹു ധ്രുവ ലോകമായേക്കാം ഇനി. ജി.ഡി.പി യില്‍ അമേരിക്കയുടെ ഷെയര്‍ കുറഞ്ഞു വരും. എ.ഡി 1000 മുതല്‍ ദീര്‍ഘകാലം ചൈനയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. പഴയ ചൈന തിരികെ വന്നുകൊണ്ടിരിക്കുന്നു. പക്ഷെ അമേരിക്കയുടെ സ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാകില്ല, അത് നിലനില്‍ക്കും. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്മാറാനുള്ള കാരണം ഭീമമായ ചെലവുതന്നെയാണ്.   

കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്ക വഹിച്ചതിനു സമാനമായ ആധിപത്യ ശ്രമത്തിലാണ് ഇന്ന് റഷ്യ-ചൈന സഖ്യം ഉള്ളത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ ഭയന്നത് നാറ്റോ വികസനത്തെയാണെങ്കില്‍ ചൈന ഭയന്നത് ഇന്‍ഡോ-പസഫിക് നാറ്റോയെയാണ്. അതായത് നാറ്റോയില്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളിലെ നേതാക്കള്‍ ചരിത്രത്തില്‍ ആദ്യമായി പങ്കെടുത്തത് കഴിഞ്ഞ വര്‍ഷമാണ്. ഈ പുതിയ കൂട്ടായ്മയുടെ ലക്ഷ്യം തന്നെ, ചൈന-വടക്കന്‍ കൊറിയ, റഷ്യ എന്നീ ശക്തികളെ പ്രതിരോധിക്കുക എന്നതാണ്. പസിഫിക്കില്‍ ചൈനയെ തടയുവാനായി അമേരിക്ക ഇന്ത്യയെ കൂടെച്ചേര്‍ക്കുന്നത് ഒരു സാധ്യതയാണ്.  ചൈനയുടെയും റഷ്യയുടെയും ആണവായുധ ശേഖരമെന്നത് ലോകത്തെ ഏറ്റവും ഭയാനകമായതാണ്.

ചൈനയുടെ ആണവായുധ വികസനം അമേരിക്കയെയും മറികടന്ന് കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-ചൈന കൂട്ടായ്മയെ ഭയന്ന് ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഫിലിപ്പീന്‍സ്, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കുകയും ആയുധ ശേഖരം വന്‍ തോതില്‍ വിപുലപ്പെടുത്തുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുന്നു. ഇത് ഏകദേശം ഉറപ്പായ ചൈനയുടെ തായ്വാന്‍ അധിനിവേശ ഭീഷണികള്‍ക്ക് പുറമെയാണ്. അതായത്  രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായാണ് ഏഷ്യയില്‍ ഇത്രത്തോളം ആയുധ മത്സരം ഉണ്ടാകുന്നത്.  

 

Analysis on Russia China  ties by Dr Jabir TK

 

ഇന്ത്യയ്ക്കും ആശങ്ക

പുടിന്‍-ഷി ജിന്‍പിങ കൂട്ടുകെട്ട് ഇന്ത്യക്കും സുഖകരമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ചൈനയുടെ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ആധിപത്യം നിലവിലെ ഇന്ത്യാ -ചൈനാ ശീത സമരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്.  ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ റഷ്യ (പഴയ സോവിയറ്റ് യൂണിയന്‍) പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ചൈന ഞങ്ങളുടെ സഹോദരനാണ്, ഇന്ത്യ ഞങ്ങളുടെ അടുത്ത സുഹൃത്തുമാണ്.' ഇപ്പോള്‍ ഷി-പുടിന്‍ കൂടിക്കാഴ്ചയും അതില്‍ വ്യത്യസ്തമല്ല. ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലും, സൈനിക സഹകരണവും കൂടുതല്‍ തരുന്ന റഷ്യ ചൈനയെ കൂടുതല്‍ സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കാരണം ചൈന 2017 - മുതല്‍ ഇന്ത്യയോട് തികഞ്ഞ ശത്രുതാ ബോധത്തോടെയാണ് പെരുമാറുന്നത്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ ഫലപ്രദമാകാത്തതിനാല്‍ 2020 -മുതല്‍ തുറന്ന അക്രമോല്‍സുകതയും ചൈന പ്രകടിപ്പിക്കുന്നു. ഒരു ആണവ ശക്തിയായതാണ് ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഇത്തരം അന്തര്‍ദേശീയ സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ശേഷി നല്‍കുന്നത്.ഇന്ത്യാ -ചൈന സാമ്പത്തിക വ്യവസ്ഥാ വ്യാപ്തിയും, ശേഷിയും താരതമ്യപ്പെടുത്തി കൊണ്ടുള്ള  ഇന്ത്യന്‍ വിദേശമന്ത്രിയുടെ  പരാമര്‍ശം ഗൗരവമായി എടുക്കുമെന്ന് കരുതേണ്ടതുണ്ട്. കാരണം ഇന്ത്യയുടെ ഓരോ നയതന്ത്ര നീക്കങ്ങളും ചൈന അതീവ താല്പര്യത്തോടെയാണ് ശ്രദ്ധിക്കുന്നത്. ഇന്ത്യയ്ക്ക്  ചൈനീസ്  ആക്രമണ ഭീഷണിയൊന്നുമില്ലെങ്കിലും ചൈനയെ തിരികെ  സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികള്‍ വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു. റഷ്യയ്ക്ക് ഒപ്പം നില്‍ക്കാനും, അഫ്ഗാനിസ്ഥാനില്‍ ചൈനീസ്-പാക്ക് സ്വാധീനം പരിമിതപ്പെടുത്താനും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാറുമായി നയതന്ത്ര ബന്ധം ഔദ്യോഗികമായി സ്ഥാപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വിദഗ്ധര്‍  നിര്‍ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം ഇന്ത്യ സ്വീകരിക്കുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ ഇന്ത്യ മേഖലയില്‍ ഒറ്റപ്പെട്ടുപോയേക്കാം.

 

Analysis on Russia China  ties by Dr Jabir TK
 

ആരും ജയിക്കാത്ത  പോരാട്ടം

യുക്രൈനില്‍ നടക്കുന്നത് പ്രതിരോധ നടപടി മാത്രമാണ് എന്നാണ് റഷ്യ പറയുന്നത്. എന്നആല്‍, റഷ്യക്ക് മഹാശക്തി രാഷ്ട്ര പദവിയിലേക്കെത്താനുള്ള ഒരു വന്‍ പദ്ധതിയാണ്. ഇത്. അതായത് 'മഹത്തായ റഷ്യന്‍ സാമ്രാജ്യം' എന്ന പദവി. അത് എല്ലാ തരത്തിലുമുള്ള സര്‍വ്വാധിപത്യ രാഷ്ട്ര വ്യവസ്ഥയായി വരികയാണ്. അമേരിക്കയുടെ, നാറ്റോയുടെ താല്പര്യങ്ങളെല്ലാം ഇവിടെയുണ്ട് . പക്ഷെ ഇതുകൊണ്ടല്ല യുക്രൈന്‍ പ്രശ്‌നം ഉണ്ടായത്.  പുടിന്റെ യഥാര്‍ത്ഥ ലക്ഷ്യം സാറിസ്റ്റ് സാമ്രാജ്യത്തിന്റെ പുനസൃഷ്ടി ആണ്.  1991-ല്‍ യുക്രൈന്‍ ഉണ്ടായി വന്നത് തന്നെ സ്വയം നിര്‍ണയ അവകാശത്തോടു കൂടി തന്നെയാണ്.  യുക്രൈന് അതിനുള്ള അവകാശവുമുണ്ട്. റഷ്യ പക്ഷെ അത് അംഗീകരിക്കുന്നില്ല. 

ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ലോക രാഷ്ട്രീയ നേതാക്കളെ അതിശയിപ്പിച്ചു കൊണ്ട് യുക്രൈന്‍ സന്ദര്‍ശിച്ചത് അമേരിക്കയുമായുള്ള അടുത്ത സൗഹൃദത്തിന്റെ പേരിലാണ്. രണ്ടാം ലോക യുദ്ധത്തില്‍ തോറ്റ് തകര്‍ന്ന ജപ്പാന്‍ ഇതാദ്യമായി ഇത്തരം യുദ്ധോല്‍ത്സുകത പ്രദര്‍ശിപ്പിക്കുന്നത് സമാധാനവാദികളെ അതിശയിപ്പിക്കുന്നുണ്ട്. 2023 ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് യുക്രൈന്‍ സന്ദര്‍ശിച്ചതും യുക്രൈനിന്റെ രാഷ്ട്രീയ പ്രാധാന്യം മുന്‍നിര്‍ത്തിയാണ്. ഒരു കാര്യം ഉറപ്പാണ്, യുക്രൈനെ രക്ഷിക്കാന്‍ പാശ്ചാത്യ -യു എസ് കൂട്ടായ്മകള്‍ക്ക് സാധ്യമല്ല.  റഷ്യ ഉടനെ പിന്മാറാന്‍  തയ്യാറുമല്ല. 

റഷ്യയെ പിന്തുണക്കുമ്പോള്‍ ദേശങ്ങളുടെ സ്വയം നിര്‍ണയ അവകാശം കൂടിയാണ് ഇല്ലാതാകുന്നത്. യുക്രൈന്റെ പരമാധികാരം ലംഘിക്കല്‍ കൂടിയാണ് ഈ അധിനിവേശം. യുക്രൈന്‍ മൂന്നു പതിറ്റാണ്ടോളം സ്വതന്ത്ര രാഷ്ട്രമായിരുന്നു. അവിടെ നടക്കുന്നത് അതുകൊണ്ടുതന്നെ റഷ്യന്‍ അധിനിവേശം തന്നെയാണ്. റഷ്യന്‍ സാമ്രാജ്യ വികസനത്തിന് ഒരു അപരനെ വേണം-അതാണ് യുക്രൈന്‍. അടിസ്ഥാനപരമായി  ജനാധിപത്യ രാഷ്ട്രീയം ഇല്ലാത്തതിന്റെ പ്രശ്‌നം തന്നെയാണ് ഇത്. പക്ഷെ ഒരു കാര്യം ഉറപ്പാണ്, യുക്രൈനില്‍ റഷ്യയുടെ രാഷ്ട്രീയ വിജയം മരീചികയായി തുടരും. പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രൈന് ആയുധങ്ങള്‍ വില്‍ക്കുന്നത് രാഷ്ട്രീയ വിജയത്തിനോ, സന്മനസ്സോടെയോ അല്ല, മറിച്ച് സാമ്പത്തിക നേത്തിന് മാത്രമായാണ്. 

ഇരുള്‍ മൂടുന്ന ജനാധിപത്യ രാഷ്ട്രീയം

ആഗോള ജനാധിപത്യ രാഷ്ട്രീയം ഇരുള്‍ മൂടുകയാണ്. പല രാജ്യങ്ങളിലും വ്യവസ്ഥാപിത ജനാധിപത്യ ഭരണകൂടങ്ങള്‍ക്കു നേരെ മുന്നേറ്റങ്ങള്‍ നടക്കുന്നു. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളാണ് ഇതിനു പിന്നില്‍. അമേരിക്ക തന്നെയാണ് അതില്‍ ഏറ്റവും വലിയ ഉദാഹരണം. ബ്രസീല്‍ മറ്റൊരു ഉദാഹരണമാണ്. ട്രംപിന്റെ സമയത്തു അമേരിക്കന്‍ ജനാധിപത്യം ഭീകരമായ ഭീഷണിയാണ് നേരിട്ടത്. അമേരിക്ക അതിനെ തരണം ചെയ്തത് കഷ്ടിച്ചാണ്. അതായത് വലതുപക്ഷ രാഷ്ട്രീയം അമേരിക്കയില്‍ തുല്യ രാഷ്ട്രീയ ശക്തിയാണ്. 

അമേരിക്കയില്‍  ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ തെരഞ്ഞെടുപ്പു തന്നെ തട്ടിപ്പായിരുന്നു എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ അനുയായികള്‍ അതിനെ പിന്തുണയ്ക്കുകയായിരുന്നു. 2023 ജനുവരിയില്‍ ബ്രസീലിലും ഇതുണ്ടായി. പ്രസിഡന്റ് പരാജയപ്പെട്ടപ്പോള്‍ സമാന ആരോപണം ഉന്നയിക്കപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ നിയമസാധുത തന്നെ  ചോദ്യം ചെയ്യപ്പെട്ടു. അമേരിക്ക ഈ ഭീഷണിയില്‍ നിന്നും കര കയറിയത് ബാക്കി ജനാധിപത്യ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തന സജ്ജമായതുകൊണ്ടാണ്. നീണ്ട ജനാധിപത്യ പാരമ്പര്യം ഉള്ളത് കൊണ്ടാണ് അത് സാധ്യമായത്. അമേരിക്കന്‍ മാധ്യമങ്ങള്‍ ട്രംപിനെ വിമര്‍ശിക്കാനുള്ള ഒരിടം അവിടെ ബാക്കിവെച്ചിരുന്നു. 90% മീഡിയ ട്രംപിനൊപ്പമായിരുന്നെങ്കില്‍,  ഇത് സാധിക്കില്ലായിരുന്ന. അമേരിക്കയിലെ ജുഡീഷ്യറി ഭൂരിപക്ഷവും റിപ്പബ്ലിക്കന്‍ നോമിനികള്‍ ആയിരുന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് വിധിയെ വെല്ലുവിളിച്ചത് അവര്‍ ഏറ്റെടുത്തില്ല.  ട്രംപ്  ഫയല്‍ ചെയ്ത കേസുകള്‍ പോലും അവര്‍ വലിച്ചറിഞ്ഞു. പ്രസിഡന്റ് പറഞ്ഞത് അവിടുത്തെ കോടതി കേട്ടില്ല. അതായത് അവിടെ ജനാധിപത്യം നിലനില്‍ക്കുന്നുണ്ട് എന്നര്‍ത്ഥം. ജനാധിപത്യത്തിന്റെ  തോതാണ് നമ്മള്‍ നോക്കുന്നത. എന്നാല്‍ അതിനര്‍ത്ഥം  അമേരിക്ക മഹത്തായ ജനാധിപത്യ രാജ്യം എന്നൊന്നുമല്ല. 

ലോകത്തിലെ പലയിടങ്ങളിലും തീവ്രവലതുപക്ഷ കക്ഷികള്‍ ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ്. തുര്‍ക്കി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണങ്ങളാണ്. പാശ്ചാത്യ നാടുകളില്‍ പലയിടത്തും   സമാന ഭീഷണിവന്നുകൊണ്ടിരിക്കുന്നു. തീവ്ര വലതുപക്ഷ  പ്രസ്ഥാനങ്ങള്‍ ജനങ്ങളെ വല്ലാതെ  പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍  പിന്തുണക്കുകയാണെങ്കില്‍ എന്തുവേണമെങ്കിലും  ചെയ്യാം. ഇതാണ് പോപുലിസം. യുറോപ്പിലും ഇത്തരം പ്രസ്ഥാനങ്ങള്‍  ധാരാളമുണ്ട്. അവരെല്ലാം ആക്രമിക്കുന്നത് കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളേയും ന്യുനപക്ഷങ്ങളെയുമാണ്. അങ്ങനെ വരുമ്പോള്‍ ആശയ തലത്തില്‍  ഉയര്‍ന്ന രൂപത്തില്‍ നില്‍ക്കുമ്പോഴും  പ്രായോഗികമായി ജനാധിപത്യം ക്ഷയിച്ചുപോകും. 

Follow Us:
Download App:
  • android
  • ios