Asianet News MalayalamAsianet News Malayalam

ഭോപ്പാൽ വാതകദുരന്തത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ ശബ്ദമായി മാറിയ മനുഷ്യൻ, അബ്ദുൾ ജബ്ബാറിന് പത്മശ്രീ

ഇരകളുടെ ദുരിതങ്ങളും, പ്രയാസങ്ങളും മറ്റാരേക്കാളും അദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നു. കാരണം അദ്ദേഹവും അതിലൊരാളായിരുന്നു. ഡിസംബറിലെ തണുത്തുറഞ്ഞ രാത്രിയിൽ, നഗരത്തെ ദുരന്തം ബാധിച്ചപ്പോൾ ജബ്ബാറിന് 27 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

Bhopal Gas Tragedy Activist  Abdul Jabbar awarded Padma Shri
Author
Delhi, First Published Nov 9, 2021, 3:29 PM IST
  • Facebook
  • Twitter
  • Whatsapp

പതിനായിരത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ച ഭോപ്പാൽ വാതക ദുരന്തം( Bhopal Gas Disaster) മനുഷ്യ മനസ്സുകളിൽ ഇന്നും വേദനിക്കുന്ന ഒരോർമ്മയാണ്. ചേതനയറ്റ ശരീരങ്ങൾ, ചിതറിക്കിടക്കുന്ന തലയോട്ടികൾ, മനുഷ്യർക്കൊപ്പം ഒരുപിടി ചാരമായി തീർന്ന പക്ഷികളും, മൃഗങ്ങളും, എല്ലാംകൊണ്ടും കുരുതിക്കളമായി തീർന്നു ആ നാട്. ദുരന്തം നടന്ന് മുപ്പത്തിയെട്ട് വർഷം കഴിഞ്ഞിട്ടും, ഇന്നും ആളുകൾ അവിടെ കാൻസർ ഉൾപ്പടെയുള്ള മഹാവ്യാധികളോടും, തീരാ യാതനകളോടും പോരാടി ജീവിതം തീർക്കുന്നു.  

എന്നാൽ, ശബ്ദം നഷ്ടപ്പെട്ട, പ്രതീക്ഷ നഷ്ടപ്പെട്ട അവരുടെ ശബ്ദമായി, വെളിച്ചമായി മാറിയ ഒരാളുണ്ടായിരുന്നു, അബ്ദുൾ ജബ്ബാർ(Abdul Jabbar Khan). രണ്ട് വർഷം മുൻപ് അദ്ദേഹം മരണപ്പെട്ടുവെങ്കിലും, ദുരന്തബാധിതർക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിനുള്ള മരണാനന്തര ബഹുമതിയായി കഴിഞ്ഞ ദിവസം പത്മശ്രീ നൽകി ആദരിച്ചു. ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾക്ക് വൈദ്യസഹായം ലഭിക്കാനും, സാമ്പത്തിക സഹായം ലഭിക്കാനും മൂന്ന് പതിറ്റാണ്ടുകളോളം നിരന്തരമായി യുദ്ധം നടത്തിയ വ്യക്തിയാണ് ജബ്ബാർ. നാട്ടുകാർക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട 'ജബ്ബാർഭായി' ആയിരുന്നു.

Bhopal Gas Tragedy Activist  Abdul Jabbar awarded Padma Shri

2019 നവംബർ 14 -ന് മരിക്കുന്നതുവരെ ഒറ്റമുറി കുടിലിലായിരുന്നു അദ്ദേഹത്തിന്റ താമസം. ഭാര്യയും മൂന്ന് മക്കളുമുള്ള അദ്ദേഹം തികഞ്ഞ ദാരിദ്ര്യത്തിലാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചിരുന്നത്. രാഷ്ട്രീയക്കാർ, കോർപ്പറേറ്റ് സുഹൃത്തുക്കൾ, സർക്കാരുകൾ അടക്കം പലരും അദ്ദേഹത്തെ സഹായിക്കാനായി മുന്നോട്ട് വന്നിട്ടും, അദ്ദേഹം അതെല്ലാം നിഷേധിച്ചു. തനിക്കായി ഒരു നല്ല കാലം വേണ്ടെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പകരം ഏത് ദുരിതത്തിലും ഇരകളോട് ഒപ്പം നിൽക്കാനും, അവരുടെ നീതിക്കുവേണ്ടി പോരാടാനുമായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം.

ദുരന്തത്തെ അതിജീവിച്ചവർക്ക് കിടപ്പാടം ഒരുക്കാനും, മരുന്നും ചികിത്സയും എത്തിക്കാനും, സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. ഇതിനായി ജബ്ബാർ ഭോപ്പാൽ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘടന (BGPMUS) രൂപീകരിച്ചു. ഇരകളെ സ്വാശ്രയരാക്കി മാറ്റാൻ സഹായിക്കുന്ന ഒരു സംഘടനയാണ് അത്. അതിജീവിച്ച 5,000 സ്ത്രീകൾക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി ജബ്ബാർ പഴയ നഗരത്തിലെ സ്വാഭിമാൻ കേന്ദ്രത്തിൽ (സാമ്പത്തിക പുനരധിവാസ കേന്ദ്രം) തൊഴിൽ പരിശീലനവും നൽകിയിരുന്നു.

ഇരകളുടെ ദുരിതങ്ങളും, പ്രയാസങ്ങളും മറ്റാരേക്കാളും അദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നു. കാരണം അദ്ദേഹവും അതിലൊരാളായിരുന്നു. ഡിസംബറിലെ തണുത്തുറഞ്ഞ രാത്രിയിൽ, നഗരത്തെ ദുരന്തം ബാധിച്ചപ്പോൾ ജബ്ബാറിന് 27 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുളക് പൊടി ശ്വസിക്കും പോലെ കഠിനമായിരുന്നു വിഷവാതക ചോർച്ച. പതുക്കെ അതിന്റെ തീവ്രത വർദ്ധിച്ചുവന്നു. സംഭവം നടന്ന ഉടൻ അദ്ദേഹം തന്റെ അമ്മയെ 40 കിലോമീറ്റർ അകലെയുള്ള ഒരിടത്ത് കൊണ്ടു ചെന്നാക്കി. തുടർന്ന് മറ്റുള്ളവരെ സഹായിക്കാനായി തന്റെ കോളനിയിലേക്ക് മടങ്ങി.

Bhopal Gas Tragedy Activist  Abdul Jabbar awarded Padma Shri

എന്നാൽ, വിഷവാതകം അതിനകം തന്നെ എല്ലായിടവും പടർന്നു കഴിഞ്ഞിരുന്നു. നിർഭാഗ്യകരമായ ആ രാത്രിയിൽ അദ്ദേഹത്തിന് അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു. അദ്ദേഹത്തിനും അതിന്റെ ദുരിതഫലം അനുഭവിക്കേണ്ടി വന്നു. ദുരന്തത്തിൽ ഏകദേശം 50% കാഴ്ച നഷ്ടപ്പെട്ടു. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ബാധിച്ചു. അധികം താമസിയാതെ, അഞ്ച് ലക്ഷത്തോളം വരുന്ന ദുരിതബാധിതർക്കും 25,000 ഇരകളുടെ കുടുംബങ്ങൾക്കും (ഔദ്യോഗിക രേഖകൾ പ്രകാരം) മതിയായ നഷ്ടപരിഹാരത്തിനായി യൂണിയൻ കാർബൈഡിനെതിരെ അദ്ദേഹം കോടതികളിൽ സമരം തുടങ്ങി. ഭോപ്പാലിൽ സംഘടിപ്പിച്ച നിരവധി പ്രക്ഷോഭങ്ങൾക്ക് പുറമേ, അദ്ദേഹം ദേശീയ തലസ്ഥാനത്തേക്കും പ്രതിഷേധ മാർച്ചുകൾ നടത്തി. കഠിനമായ രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും, അവസാന ശ്വാസം വരെ ഇരകൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹം ഉറച്ചുനിന്നു.


 

Follow Us:
Download App:
  • android
  • ios