ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ് ബ്രസീലിലെ മരാജോ ദ്വീപ്. സ്വിറ്റ്സർലൻഡിനോളം വലിപ്പമുള്ള അവിടെ ധാരാളം ചതുപ്പുകളും കുളങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ അവിടെ വാഹനങ്ങളിൽ യാത്ര പോകാൻ പ്രയാസമാണ്. കൂടാതെ വിദൂര പ്രദേശങ്ങളിലേക്ക് പോകാനുള്ള  യാത്രാ സൗകര്യങ്ങളും കുറവാണ്. എന്നാൽ, അതിനൊരു പരിഹാരം നാട്ടുകാർ തന്നെ കണ്ടെത്തി. എരുമയുടെ പുറത്ത് ഇരുന്ന് സവാരി പോവുക. നൂറ്റാണ്ടുകളായി അവർ എരുമയെ ഒരു ഗതാഗത മാർഗ്ഗമായി ഉപയോഗിച്ച് വരികയാണ്.

     

മിക്കവാറും മഴക്കാലത്ത്, അവിടെ വെള്ളപ്പൊക്കമുണ്ടാകും. അപ്പോൾ യാത്ര ചെയ്യാൻ കാറുകളും കുതിരകളും ഒന്നും പോരാതെ വരും. അപ്പോഴാണ് താരമായി എരുമയുടെ വരവ്. പൊലീസുകാരുടെ വാഹനവും എരുമയാണ് അവിടെ. ഏകദേശം 29 വർഷം മുമ്പാണ് എരുമ പട്രോളിംഗ് എന്ന ആശയം പൊലീസ് അവിടെ നടപ്പാകുന്നത്. യഥാർത്ഥ ജീവിതത്തിലെ ബഫല്ലോ പൊലീസുകാരെ നമുക്കവിടെ കാണാം. ഭീമാകാരമായ എരുമയുടെ പുറത്ത് കയറി പൊലീസ് തെരുവുകളിൽ പട്രോളിംഗ് നടത്തുന്നത് അവിടെ ഒരു സാധാരണ കാഴ്ചയാണ്. മറ്റ് സമയങ്ങളിൽ കൃഷിക്കായും, മാംസത്തിനായും, പാലിനായും അവയെ ഉപയോഗിക്കുന്നു. ദ്വീപിൽ ആളുകളുടെ എണ്ണം 250,000 മാത്രമാണെങ്കിൽ, എരുമകളുടെ എണ്ണം 450,000 ആണ്. ഇവിടെയുള്ള മിക്കവാറും എല്ലാ കുടുംബങ്ങൾക്കും ഒരു എരുമയെങ്കിലും സ്വന്തമായുണ്ട്.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ വക്കിലുള്ള ആമസോൺ നദിയുടെ കരയിലാണ് മരാജോ സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിലേക്ക് എത്താൻ ഏതാണ്ട് രണ്ട് മണിക്കൂർ ബോട്ട് യാത്ര ആവശ്യമാണ്. അവിടെ എവിടെ തിരിഞ്ഞുനോക്കിയാലും എരുമയുടെ സാന്നിധ്യം കാണാം. കടയിൽ പോയാൽ എരുമ ഐസ്ക്രീം, എരുമ പാൽ, എരുമ ചീസ്, എരുമ മാംസം എങ്ങനെ ആ ലിസ്റ്റ് നീളുന്നു. എരുമയാണ് അവരുടെ ജീവിതം, ഭക്ഷണവും.
അവിശ്വസനീയമാംവിധം ഇളംമാംസം വെളുത്ത ചീസ് കൊണ്ട് അലങ്കരിച്ച് ഉണ്ടാക്കിയ വിഭവം വളരെ വിശേഷപ്പെട്ടതായി അവർ കണക്കാക്കുന്നു.  

ഏഷ്യയ്ക്കുശേഷം ലോകത്ത് ഏറ്റവുമധികം എരുമകളുള്ള പ്രദേശമാണിത്. എങ്ങനെയാണ് ഇവിടെ എരുമകൾ എത്തിപ്പെട്ടത്? തികച്ചും ആകസ്മികമായിട്ടാണ് എന്ന് വേണമെങ്കിൽ പറയാം. 1890 -ൽ, ഏഷ്യൻ ജല എരുമകളുമായി കടലിൽ പോകുന്ന ചരക്ക് കപ്പൽ മരാജോയുടെ അറ്റ്ലാന്റിക് തീരത്ത് വച്ച് മറിഞ്ഞു. മിക്ക മൃഗങ്ങളും മരാജോയിലെ വരണ്ട ഭൂമിയെ ലക്ഷ്യമാക്കി നീന്തി. പലതും രക്ഷപ്പെട്ട് ദ്വീപിൽ എത്തി. പിന്നീട് അവ പെറ്റുപെരുകി. ചതുപ്പുനിലമുള്ള കണ്ടൽ വനങ്ങളും നിരവധി നദികളും ഉൾക്കൊള്ളുന്ന ഭൂപ്രദേശം എരുമകളുടെ പ്രിയപ്പെട്ട ഇടമായി മാറി.


 
കുതിരയിൽ നിന്ന് എരുമയിലേക്കുള്ള മാറ്റം എളുപ്പമായിരുന്നു എന്ന് പൊലീസ് മേധാവി, കമാൻഡർ ഓസ്കാർ ഗുയിമാറസ് പറയുന്നു. “കുതിരയെ വായകൊണ്ടും ഒരു എരുമയെ മൂക്കിനാലും പിടിച്ച് കെട്ടുന്നു. ഒരു കള്ളൻ നദിയിലൂടെ ഓടിപ്പോയാൽ, ഒരു എരുമയെ ഉപയോഗിച്ച് അവനെ എളുപ്പം പിടിക്കാം. എല്ലാകൊണ്ടും ഇവിടം എരുമകൾക്ക് അനുയോജ്യമാണ്, അത് കാലാവസ്ഥയായാലും, ഭൂപ്രകൃതിയായാലും" അദ്ദേഹം പറഞ്ഞു. അഞ്ച് എരുമകളും മൂന്ന് കാറുകളും രണ്ട് മോട്ടോർ സൈക്കിളുകളും പൊലീസിനുണ്ട്. പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള ഫുട്ബോൾ മൈതാനത്താണ് എരുമകളെ കെട്ടിയിരിക്കുന്നത്. ഓരോ എരുമയ്ക്കും ഓരോ പേരുണ്ട്. മൂക്കിൽ ഇട്ടിരിക്കുന്ന വളയം ഉപയോഗിച്ചാണ് എരുമകളെ നിയന്ത്രിക്കുന്നത്. നിരപ്പായ ഭൂപ്രദേശത്ത്, നല്ല വലുപ്പമുള്ള ഒരു എരുമയ്ക്ക് മണിക്കൂറിൽ 30 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. അവ നായ്ക്കളെക്കാളും വേഗത്തിൽ നീന്തുമെന്നും പറയപ്പെടുന്നു.

ചെളിനിറഞ്ഞ ചതുപ്പുകളിലൂടെ അനായാസം സഞ്ചരിക്കാനും, മരാജോയുടെ ചൂടിനെ പ്രതിരോധിക്കാനും എരുമകൾക്ക് കഴിയുന്നു.  ഇതെല്ലാമാകാം എരുമകളെ പ്രിയപ്പെട്ട ഗതാഗത മാർ​ഗമായി പൊലീസ് തെരഞ്ഞെടുത്തത്. വർഷത്തിലൊരിക്കൽ, ബറ്റാലിയൻ അതിന്റെ എരുമകളെയും പൊലീസ് ഉദ്യോഗസ്ഥരെയും പാരയുടെ തലസ്ഥാനമായ ബെലാമിലേക്ക് കപ്പൽ മാർഗ്ഗം കൊണ്ടുപോകുന്നു. അവിടെ സെപ്റ്റംബർ ഏഴിന് പോർച്ചുഗലിൽ നിന്ന് ബ്രസീൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ സ്മരണയ്ക്കായി എരുമകളെ ഉപയോഗിച്ച് പരേഡുകൾ നടത്തുന്നു. എരുമകളെ ഉപയോഗിക്കുന്ന ലോകത്തിലെ ഏക പൊലീസ് സേനയാണിത്.