Asianet News Malayalam

ഇത് 'ബുള്ളറ്റ് റാണി', രോഹിണിയെന്ന 24 -കാരി തെരഞ്ഞെടുത്തത് വ്യത്യസ്തമായൊരു തൊഴിൽ

രോഹിണിയും അച്ഛനും എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ ജോലി ചെയ്യും. ഇപ്പോൾ അവൾ വർക്ക് ഷോപ്പും തനിയെ കൈകാര്യം ചെയ്യുന്നു. 

bullet rani inspiring story of r rohini
Author
Kumbakonam, First Published Feb 21, 2021, 9:47 AM IST
  • Facebook
  • Twitter
  • Whatsapp

റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള ബുള്ളറ്റ് റാണി എന്ന് വിളിക്കുന്ന ആർ. രോഹിണി ജനപ്രീതി നേടിയത്. ആ 24 വയസുകാരി സ്ത്രീകൾക്ക് ഒരു പ്രചോദനമാണ്. ബുള്ളറ്റ് ഓടിക്കാനും, അത് നന്നാക്കാനും അറിയുന്ന എത്ര സ്ത്രീകളുണ്ട് നമുക്ക് ചുറ്റിലും? സ്ത്രീകളെ ഇരുചക്ര വാഹനങ്ങൾ നന്നാക്കുന്ന തൊഴിലിടങ്ങളിൽ അധികമങ്ങനെ കാണാൻ സാധിക്കില്ല. എന്നാൽ, മെക്കാനിക്കായ അച്ഛൻ തന്നെയാണ് അവളെ ആ മേഖലയിലേയ്ക്ക് കൈപിടിച്ച് കൊണ്ട് വന്നത്. അത് മാത്രവുമല്ല, രോഹിണി ജീവിതത്തിൽ ഒരുപാട് തവണ പൊരുതി ജയിച്ചവളാണ്. അവൾ രണ്ട് വലിയ അപകടങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആദ്യത്തെ അപകടത്തോടെ അവളുടെ വിദ്യാഭ്യാസം നിന്നുപോയി. അതിനുശേഷമാണ് അവൾ മുഴുവൻ സമയവും അച്ഛനെ സഹായിക്കാൻ തുടങ്ങിയത്. മകളെ കുറിച്ച് അഭിമാനം കൊള്ളുന്ന ആ അച്ഛൻ ഇത് സ്ത്രീകൾക്ക് ചേരുന്ന ജോലിയല്ലെന്ന് പറഞ്ഞ് അവളെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. പകരം ഒരു മെക്കാനിക്കായി അവളെയും വളർത്തി കൊണ്ടുവന്നു.

മകളെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയെയും പെൺമക്കളെയും അദ്ദേഹം പുരുഷ മേധാവിത്വമുള്ള ഈ തൊഴിലിൽ ഉൾപ്പെടുത്തി. അദ്ദേഹം ഒരിക്കൽ ദി ഹിന്ദുവിനോട് പറഞ്ഞു, “ഈ റോഡ് ഒരു വനിതാ കോളേജിലേക്കുള്ളതാണ്. അതുകൊണ്ട് തന്നെ ആണുങ്ങളെ ജോലിക്കെടുക്കാൻ എനിക്ക് മടിയായിരുന്നു. എന്റെ സ്ഥാപനത്തിൽ ചെറുപ്പക്കാരെ വച്ചാൽ അച്ചടക്ക പ്രശ്‌നമുണ്ടാകുമെന്ന് ഞാൻ ഭയന്നു. അതിനാൽ പകൽസമയത്ത് എന്റെ ഭാര്യ എന്നെ സഹായിക്കാറുണ്ടായിരുന്നു.” മൂത്തമകൾ വിവാഹം കഴിക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നു. നാല് പെൺമക്കളിൽ ഒരാളായ രോഹിണി 2008 മുതലാണ് അദ്ദേഹത്തോടൊപ്പം പണിക്ക് പോയി തുടങ്ങിയത്. അതിന് മുൻപ് സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോഴൊക്കെ അവൾ അച്ഛനെ സഹായിക്കുമായിരുന്നു. “ഞാൻ എന്റെ പുസ്തകങ്ങളുമായി കടയിൽ ചെല്ലും. അവിടെ അപ്പയെ സഹായിക്കുകയും അതോടൊപ്പം എന്റെ ഗൃഹപാഠം ചെയ്യുകയും ചെയ്യുമായിരുന്നു” അവൾ പറഞ്ഞു.

2008 ജൂലൈ 7 -നാണ് ആദ്യത്തെ അപകടം ഉണ്ടാകുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഒരു  ബസ്സ് ഇടിക്കുകയായിരുന്നു. രോഹിണി ഓർക്കുന്നു, “ഞാൻ റോഡ് മുറിച്ചുകടന്നിരുന്നു, പക്ഷേ ബസ് എന്നെ ഇടിച്ച് തെറിപ്പിച്ചു. എന്റെ ചെവിയിൽ നിന്നും, മൂക്കിൽ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു. മെയിൻ റോഡിലാണ് അപകടം നടന്നത്. ഞാൻ താഴെ വീണുപോയത് ഓർക്കുന്നു, അതിനുശേഷം ഒന്നും ഓർമ്മയില്ല.” അടുത്ത 20 ദിവസത്തേക്ക് അവൾ കിടപ്പിലായിരുന്നു. അതോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയി. “എന്റെ പുറമെയുള്ള മുറിവുകൾ ഉണങ്ങിയെങ്കിലും തലവേദനയും ശരീരവേദനയും ഉണ്ടായിരുന്നു. അതിനാൽ എനിക്ക് സ്കൂളിൽ വീണ്ടും പോകാനായില്ല” അവൾ പറഞ്ഞു. തുടർന്ന് രോഹിണി തന്റെ പിതാവിനൊപ്പം മുഴുവൻ സമയവും സ്ഥാപനത്തിൽ ഇരുന്നു. പിന്നീട് രണ്ടാമത്തെ അപകടം ഉണ്ടാകുന്നത് ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു. അതിനെയും പക്ഷേ അവൾ അതിജീവിച്ചു.

ഈ 24 വയസുകാരി ഇപ്പോൾ പ്രതിമാസം 12,000 മുതൽ 15,000 രൂപ വരെ സമ്പാദിക്കുന്നു. രോഹിണിയും അച്ഛനും എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ ജോലി ചെയ്യും. ഇപ്പോൾ അവൾ വർക്ക് ഷോപ്പും തനിയെ കൈകാര്യം ചെയ്യുന്നു. എഞ്ചിൻ ശരിയാക്കാനും, ടയറുകൾ മാറാനും, വെൽഡിങ് ചെയ്യാനും അവൾക്കറിയാം. കുറേക്കാലമായി ബുള്ളറ്റ് നന്നാക്കിക്കൊണ്ടിരിക്കുന്നതിനാൽ അവളെ എല്ലാവരും ബുള്ളറ്റ് റാണി എന്ന് വിളിക്കുന്നു.  

നിരവധി സാമൂഹിക സംഘടനകളിൽ നിന്നും രോഹിണിയ്ക്ക് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. “എനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ലായിരിക്കാം, പക്ഷേ ഇരുചക്രവാഹനങ്ങൾ നന്നാക്കുന്നതിനെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. ജോലി ഇല്ലാത്ത സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വീട്ടമ്മമാർക്ക് ഇത് അനുയോജ്യമായ ഒരു കരിയറാണ്” രോഹിണി പറയുന്നു. എന്നാൽ, സ്ത്രീകളെ പരിശീലിപ്പിക്കാൻ താൻ തയ്യാറാണെങ്കിലും വളരെ കുറച്ചുപേർ മാത്രമേ ഈ തൊഴിൽ തെരഞ്ഞെടുക്കുന്നുള്ളൂ എന്നും അവൾ പറഞ്ഞു. "ഇത് പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന് അവർ കരുതുന്നു” അവൾ കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios