വരും ദിവസങ്ങളിൽ നടത്താനിരുന്ന, ചെങ്കിസ് ഖാനെ അടിസ്ഥാനമാക്കിയുള്ള പ്രദർശനത്തിൽ നിന്ന് ചൈനീസ് ഗവൺമെന്റിന്റെ അതിരുവിട്ടുള്ള ഇടപെടൽ ആരോപിച്ച് പിൻവാങ്ങി ഫ്രഞ്ച് മ്യൂസിയം. ചൈനീസ് സർക്കാർ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന് നാന്റെസ് എന്ന നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചരിത്ര മ്യൂസിയമായ The Château des ducs de Bretagne -യുടെ അധികൃതർ ആരോപിച്ചതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. 

പതിമൂന്നാം നൂറ്റാണ്ടിൽ, മംഗോൾ സാമ്രാജ്യം സ്ഥാപിച്ച ചക്രവർത്തിയായിരുന്നു മംഗോൾ വംശജനായ ചെങ്കിസ് ഖാൻ. അദ്ദേഹത്തെക്കുറിച്ചുള്ള പ്രദർശനം ചൈനയുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ തടസ്സപ്പെടുത്തലുകളെത്തുടർന്ന്, തങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യത്വപരമായ, ശാസ്ത്രീയമായ, ധാർമികമായ മൂല്യങ്ങളുടെ പേരിലാണ് തങ്ങൾ ഉപേക്ഷിക്കുന്നത് എന്ന് മ്യൂസിയം ഡയറക്ടർ ബെർട്രാൻഡ് ഗില്ലറ്റ് പറഞ്ഞു. 

ഈ പ്രദർശനത്തിന്റെ ബ്രോഷറിൽ നിന്നും, മറ്റുള്ള പ്രദർശനവസ്തുക്കളിൽ നിന്നുമെല്ലാം 'ചെങ്കിസ് ഖാൻ', 'സാമ്രാജ്യം', 'മംഗോൾ' തുടങ്ങിയ പദങ്ങൾ നീക്കം ചെയ്യണം എന്നാണ് ചൈനയുടെ വാശി. അതോടെ ചക്രവർത്തിയുടെ പേര് പറയാതെ എങ്ങനെ അദ്ദേഹത്തെക്കുറിച്ചുള്ള എക്സിബിഷൻ നടത്തും എന്ന ആശങ്കയിലായി മ്യൂസിയം അധികൃതർ. 

എത്നിക് മംഗോൾ വംശജർക്കെതിരെ ചൈനീസ് ഗവൺമെന്റ് തുടർച്ചയായ അടിച്ചമർത്തലുകളും വിവേചനങ്ങളും നടത്തിവരുന്നു എന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഇപ്പോൾ ഇങ്ങനെ ഒരു വിവാദത്തിൽ കൂടി ബെയ്ജിങ് കക്ഷിയാകുന്നത്. 

ചൈനയിലെ ഹോഹോട്ടിൽ ഉള്ള ഇന്നർ മംഗോളിയ മ്യൂസിയവുമായി സഹകരിച്ചു കൊണ്ടായിരുന്നു നാന്റെസ് മ്യൂസിയം അധികൃതർ ഇങ്ങനെ ഒരു പ്രദർശനം കഴിഞ്ഞ മൂന്നു വർഷമായി പ്ലാൻ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാൽ തുടക്കം മുതൽക്കുതന്നെ ചൈനീസ് ബ്യൂറോ ഓഫ് കൾച്ചറൽ ഹെറിറ്റേജ് എന്ന സർക്കാർ അധികാര കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി ഇടംകോലിടൽ ഉണ്ടായിക്കൊണ്ടിരുന്നു. ചൈനീസ് ഗവൺമെന്റ് ലോകത്തിനു മുന്നിലേക്ക് വെക്കാൻ ആഗ്രഹിക്കുന്ന മംഗോൾ ചരിത്രത്തിന്റെ വ്യാഖ്യാനത്തിനോട് യോജിച്ചു പോകുന്ന നിലയ്ക്കുള്ള പരാമർശങ്ങൾ മാത്രമേ ഈ അന്താരാഷ്ട്ര പ്രദർശനത്തിലും പാടുള്ളൂ എന്നാണ് ചൈനയുടെ പക്ഷം. ആ ചരിത്രത്തിൽ ചെങ്കിസ് ഖാനെ ചക്രവർത്തി എന്ന് വിളിച്ചുകൂടാ. പ്രാമാണ്യത്തോടെ ആ പേരോ, മംഗോൾ എന്ന പ്രയോഗമോ ഒന്നും വരാൻ പാടില്ല എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ അങ്ങനെ ഒരു ചക്രവർത്തി മംഗോളിയയിൽ ഉണ്ടായിരുന്നു എന്നത് പോലും കാലക്രമത്തിൽ വിസ്മൃതമാകണം, പകരം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങൾ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് എഴുതിയ ചരിത്രം മാത്രമേ പൊതുമണ്ഡലത്തിൽ ഉണ്ടാകാൻ പാടുള്ളൂ എന്ന നിർബന്ധമാണ് ഇപ്പോൾ ഷി ജിൻ പിങ്ങിന്റെ പരിപൂർണ നിയന്ത്രണത്തിലുള്ള ബെയ്ജിങിനുള്ളത്. 

എന്നാൽ, ഇത്തരത്തിലുള്ള ഒരു സെൻസർഷിപ്പിനും തങ്ങൾ വഴങ്ങില്ല എന്ന് ഫ്രഞ്ച് മ്യൂസിയം അധികൃതർ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട്, ചരിത്രത്തെ വളച്ചൊടിക്കാൻ അനുവദിച്ചുകൊണ്ട് ഒരു പ്രദർശനം നടത്തുന്നതിനേക്കാൾ നല്ലത്, അത് റദ്ദാക്കി തങ്ങളുടെ നയങ്ങളിൽ മുറുകെ പിടിക്കുന്നതാണ് എന്നാണ് ഇപ്പോൾ മ്യൂസിയം അധികൃതർ ഇപ്പോൾ പ്രതികരിച്ചിട്ടുള്ളത്.