മനുഷ്യരെ അടക്കുന്ന സെമിത്തേരികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്‍തമായി കടൽ ജീവികൾക്കായി ഒരു സെമിത്തേരി ഉണ്ടെങ്കിലോ? അങ്ങനെ ഒന്നുണ്ട്. അത് മറ്റെങ്ങുമല്ല, നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. ചാലിയാർ നദിയും കോഴിക്കോട് ബേപോർ ബീച്ചും ചേരുന്നിടത്താണ് ഈ സെമിത്തേരി സ്ഥിതിചെയ്യുന്നത്. പ്ലാസ്റ്റിക് മലിനീകരണം കാരണം വംശനാശം സംഭവിക്കുന്ന സമുദ്ര ജീവികൾക്കായി സമർപ്പിച്ചിരിക്കുകയാണ് ഈ ശ്മശാനം.

ലോക വന്യജീവി സംരക്ഷണ ദിനമായ ഡിസംബർ നാലിന് കേരളത്തിലെ കോഴിക്കോട് ഇത് സ്ഥാപിക്കപ്പെട്ടു. സെമിത്തേരിയിൽ ഇരുമ്പ്‌ ചട്ടക്കൂടിനാൽ നിർമ്മിച്ച ഒരു ശവകുടീരത്തോടുകൂടിയ ഒമ്പത് ശവക്കല്ലറകൾ ഉണ്ട്. അതിനടുത്തുള്ള പ്ലാസ്റ്റിക് ഫലകത്തിൽ ഉടൻ തന്നെ വംശനാശം സംഭവിക്കുന്ന അല്ലെങ്കിൽ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ജലജീവികളുടെ പേരുകളുമുണ്ട്. എല്ലാ 4 x 3 അടി ശവക്കല്ലറകളും പുനരുപയോഗം ചെയ്യാനാകാത്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ജെല്ലിഫിഷ് വാട്ടർസ്പോർട്‍സ് എന്ന കമ്പനി, കാലാവസ്ഥാ പ്രവർത്തകനായ ആകാശ് റാനിസണുമായി ചേർന്ന് ഇത് നിർമ്മിച്ചത്. "ഈ ഇൻസ്റ്റാളേഷനുകൾ ഉണ്ടാക്കാൻ ഞങ്ങൾക്ക് ഏകദേശം 25 ദിവസമെടുത്തു. അവയിൽ എട്ട് എണ്ണം നാല് അടി ഉയരവും മധ്യഭാഗത്തുള്ളതിന് ആറടി ഉയരവുമുണ്ട്. ഏറ്റവും ഉയരമുള്ളത് മിസ് കേരള എന്നറിയപ്പെടുന്ന ഡെനിസൺ ബാർബ് എന്ന മത്സ്യത്തിനായി സമർപ്പിച്ചിട്ടുള്ളതാണ്, ആകാശ് റാണിസൺ പറഞ്ഞു.

ഉയരമുള്ള ശവകുടീരം പണിയാൻ ആവശ്യമായ പ്ലാസ്റ്റിക് ശേഖരിക്കാൻ ചാലിയാർ നദിയിൽ നിന്ന് മാലിന്യം എടുത്തത് ഇരുന്നൂറോളം സന്നദ്ധ പ്രവർത്തകരാണ്. ഇതിനായി നവംബറിൽ ബേപ്പൂരിൽ ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് ആരംഭിച്ചു. 800 കിലോ മാലിന്യങ്ങൾ ശേഖരിച്ചത്തിൽ 2,000 -ത്തോളം പ്ലാസ്റ്റിക് കുപ്പികളുണ്ടായിരുന്നു. ക്ലീൻ ബീച്ച് മിഷന്‍റെ തലവനായ കോഴിക്കോട് കളക്ടർ സംബാശിവ റാവു, എം‌എൽ‌എ വി.കെ.സി മുഹമ്മദ് കോയ എന്നിവരുടെ പിന്തുണയോടെയാണ് ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് നടന്നത്.

സെമിത്തേരി  ഉണ്ടാകുന്നതിനോടൊപ്പം, മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും വെള്ളം പ്ലാസ്റ്റിക്ക് രഹിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും ജെല്ലിഫിഷ് കമ്പനി ഒരു വലിയ പങ്കുവഹിക്കുന്നു.