ബാലവേല ഇന്ത്യയുടെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഹോട്ടലുകളിലും നിര്‍മ്മാണ മേഖലുകളിലും എന്തിന് പല വീടുകളിലും പോലും കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഒപ്പം തന്നെ ഒരു നേരത്തെ വിശപ്പ് മാറ്റാനായി നമുക്ക് മുന്നില്‍ കൈനീട്ടിയെത്തുന്ന കുഞ്ഞുങ്ങളെയും കാണാം. റാവുവിന്‍റെ ജീവിതവും അങ്ങനെയായിരുന്നു. കളിച്ചു നടക്കേണ്ട പ്രായത്തിൽ ജീവിതഭാരം തോളിലേറ്റിയ വ്യക്തിയാണ് മല്ലേശ്വർ റാവു. "ഞാൻ ബാലവേലക്കാരനായിരുന്നു. എന്‍റെ കുട്ടിക്കാലത്ത് മറ്റുള്ള കുട്ടികൾ കളിക്കുമ്പോൾ ഞാൻ ഹൈദരാബാദിലും പരിസരത്തും ഒരു നിർമ്മാണത്തൊഴിലാളിയായി ജീവിതം കഴിക്കുകയായിരുന്നു.” ഹൈദരാബാദ് നിവാസിയായ 26 -കാരനായ മല്ലേശ്വർ റാവു ആ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുന്നു. എന്നാല്‍, ഒരുകാലത്ത് ബാലവേലക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ന് മറ്റു പലരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു. എങ്ങനെ എന്നല്ലേ? പറയാം.

ദിവസേന രണ്ടായിരത്തോളം പേർക്ക് ഭക്ഷണം നൽകുന്ന 'ഡോണ്ട് വേസ്റ്റ് ഫുഡ്' എന്ന സംഘടനയുടെ സ്ഥാപകനാണ് റാവു ഇന്ന്. അദ്ദേഹം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷണം ശേഖരിക്കുകയും പാവങ്ങൾക്ക് നൽകുകയും ചെയ്യുന്നു. 2018 -ലെ ഇന്ത്യൻ യൂത്ത് ഐക്കൺ അവാർഡ്, 2019 -ലെ  രാഷ്ട്രീയ ഗഗൗരവ് അവാർഡ് എന്നിവയുൾപ്പെടെ 26 -ലധികം അവാർഡുകൾ നേടിയ റാവുവിന്‍റെ യാത്ര തീർത്തും പ്രചോദനം നൽകുന്നതാണ്. “സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിസാമബാദിലെ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എനിക്കുവേണ്ടിയും എന്‍റെ കുടുംബത്തിനു വേണ്ടിയും ഞാൻ അധ്വാനിച്ചേ മതിയാകൂ എന്ന് കുട്ടിക്കാലത്തേ എനിക്കു ബോധ്യപ്പെട്ടിരുന്നു. ” അദ്ദേഹം പറയുന്നു.

പ്രശസ്‍ത സാമൂഹ്യ പരിഷ്‍കർത്താവായ ഹേമലത ലവനയെ കണ്ടുമുട്ടിയത് റാവുവിന്‍റെ ജീവിതം തന്നെ മാറ്റിമറച്ചു. അതെങ്ങനെ സംഭവിച്ചുവെന്ന് റാവു പറയുന്നു, “അവർ എന്നെ തെരുവിൽ നിന്ന് എടുത്ത് വളർത്തി. എനിക്ക് നല്ല വിദ്യാഭ്യാസം തന്നു. ആ സംഭവം തന്നെയാണ് എന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്.” ഹേമലതയും ഭർത്താവും ചേർന്ന് സ്ഥാപിച്ച സംസ്‌കാർ ആശ്രമം വിദ്യാലയം എന്ന സ്ഥാപനത്തിലാണ് റാവു തന്‍റെ വിദ്യാഭ്യാസകാലം മുഴുവൻ ചെലവഴിച്ചത്. “2008 -ൽ മരിക്കുന്നതുവരെ ഞാൻ അവരോടൊപ്പം ഉണ്ടായിരുന്നു.” റാവു പറഞ്ഞു.  സ്കൂളിനെക്കുറിച്ച് സംസാരിക്കുമ്പോൾ റാവു പറയുന്നു. “സ്കൂളിന്റെ അന്തരീക്ഷം ഞങ്ങളിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടാക്കി. സ്കൂളിൽ അനവധി നിരാലംബരായ കുട്ടികളുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് വളർന്നു. ലൈംഗികത്തൊഴിലാളികളുടെ മക്കൾ, ദേവദാസികളുടെ മക്കൾ തുടങ്ങിയവർ എന്നോടൊപ്പം പഠിച്ചു. ഞങ്ങൾ‌ക്ക് താൽ‌പ്പര്യമുണർത്തുന്ന വിഷയങ്ങളും ശാഖകളും തിരഞ്ഞെടുക്കാൻ സ്കൂൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിലുള്ള ജീവിതം എന്നെ കൂടുതൽ അർത്ഥവത്തായ എന്തെങ്കിലും സമൂഹത്തിനായി ചെയ്യാൻ പ്രേരിപ്പിച്ചു." റാവു പറഞ്ഞു.

എന്‍റെ സ്കൂൾ പഠനത്തിന് ശേഷം ഞാൻ ടിബി രോഗികളെ പരിചരിക്കുന്ന ഒരു ആശ്രമത്തിൽ ജോലി നോക്കി. ഇത് എന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് സഹായിച്ചു.” അദ്ദേഹം പറയുന്നു. കുറച്ചുകാലം ആശ്രമത്തിൽ ജോലി ചെയ്തശേഷം അയാൾ ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ ജോലിക്കു  ചേർന്നു. അവിടെ ഭക്ഷണം പാഴാകുന്നത് റാവു കണ്ടു.  “ഹൈദരാബാദിൽ വച്ച് ഒരു നേരം ആഹാരം കിട്ടാതെ ഒഴിഞ്ഞ വയറുമായി പ്ലാറ്റ്ഫോമിൽ ഉറങ്ങുന്നത് ഞാൻ ഓർത്തു. ഭക്ഷണം വാങ്ങാൻ അന്ന് എന്‍റെ പക്കൽ പണമില്ലായിരുന്നു. ആ ഓർമ്മ എന്‍റെ മനസ്സിൽ മായാതെ തങ്ങി നിന്നു.” അദ്ദേഹം ഓര്‍മ്മ പങ്കുവെക്കുന്നു.

വിശപ്പിന്റെ വിലയറിയാവുന്ന റാവു തന്‍റെ ഗതി വേറെ ആർക്കും വരരുതെന്ന ഉറച്ച തീരുമാനത്തിൽ 2012 -ൽ 'ഡോണ്ട് വേസ്റ്റ് ഫുഡ്' എന്ന സംഘടനക്ക് രൂപം കൊടുത്തു. ചില സുഹൃത്തുക്കളോടൊപ്പം റാവു നഗരം ചുറ്റി വലിയ സഞ്ചികളിലായി ഭക്ഷണം ശേഖരിച്ചു. ഈ ഭക്ഷണം പിന്നീട് നിരാലംബരായ ആളുകൾക്ക് വിതരണം ചെയ്തു. “ഒരു ചെറിയ പ്രസ്ഥാനമായി ആരംഭിച്ച സ്ഥാപനം ഇപ്പോൾ വളരെയധികം വളർന്നു. വിവിധ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഞങ്ങൾ ഓരോ ദിവസവും 2000 -ത്തോളം ആളുകൾക്ക് ഭക്ഷണം നൽകുന്നു.” റാവു പറയുന്നു.

മുമ്പ് റാവു, അവശേഷിക്കുന്ന ഭക്ഷണം ശേഖരിക്കാനായി പരിപാടികൾ നടക്കുന്ന ഇടങ്ങൾ തേടി പോകുമായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ ജോലികൾ എളുപ്പത്തിലാക്കി. “ഞങ്ങൾക്ക് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ട്. അതിലൂടെ ആളുകൾ എന്നെ ബന്ധപ്പെടുകയും ഭക്ഷണം ശേഖരിക്കുന്നതിനായി എത്തേണ്ട ഇടങ്ങൾ പറഞ്ഞുതരികയും ചെയ്യുന്നു. ഇത് ഞങ്ങൾക്ക് വളരെ സഹായകമാണ്. ” 

“റസ്റ്റോറന്‍റുകൾ, സ്വകാര്യ ഇവന്‍റുകൾ, വിവിധ പരിപാടികള്‍ തുടങ്ങിയവ അവസാനിക്കുമ്പോൾ ബാക്കി വരുന്ന ഭക്ഷണം ഞങ്ങൾ പോയി ശേഖരിക്കുന്നു. വാരാന്ത്യങ്ങളിൽ, ഐടി മേഖലയിൽ നിന്നുള്ള നിരവധി പേർ സന്നദ്ധസേവകരായി പ്രവർത്തിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ ആരുമില്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് ഭക്ഷണവുമായി പുറപ്പെടും.” റാവു പറഞ്ഞു. ഇവരുടെ പ്രവർത്തനം ഇപ്പോൾ ന്യൂഡൽഹി, റോഹ്തക്, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിച്ചു.  ജീവിതത്തിലെ തിക്താനുഭവങ്ങളെ തന്‍റെ അദ്ധ്വാനത്തിലൂടെ മാധുര്യമുള്ളതാക്കി മാറ്റിയ റാവു നമുക്കെല്ലാവർക്കും മാതൃകയാണ്.