Asianet News MalayalamAsianet News Malayalam

'വിധവകളെ മക്കളുടെ വിവാഹത്തിന്‍റെ ചടങ്ങുകളില്‍ ദൂരേക്ക് മാറ്റി നിര്‍ത്തുന്നതെന്തിന്?'; ചിത്ര ചന്ദ്രചൂഡ് ചോദിക്കുന്നു

ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്നു, മരണ ചടങ്ങുകള്‍ക്ക്. ജ്ഞാന പ്രബോധിനിയില്‍ നിന്നുള്ളതാണ് എന്ന് അവര്‍ക്കറിയാം. എന്നിട്ടും അവര്‍ ചോദിച്ചത്, ഗുരുജി (പൂജാരി) വന്നില്ലേ, ഇനിയും താമസിക്കുമോ വരാന്‍' എന്നാണ്. അതായത് ഒരു സ്ത്രീ പൂജ നടത്താനായി എത്തുമെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമായിരുന്നില്ല.

chitra chandrachud 72 year old Priestess
Author
Pune, First Published Mar 6, 2019, 5:48 PM IST

കഴിഞ്ഞ 20 വര്‍ഷങ്ങളായി ചിത്ര ചന്ദ്രചൂഡ് വിവാഹ ചടങ്ങുകളിലും, മരണ ചടങ്ങുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സാധാരണ പുരുഷന്മാര്‍ ചെയ്യുന്ന പൂജകള്‍ ചെയ്യുകയാണ് എഴുപത്തിരണ്ടുകാരിയായ ചിത്ര. പുരുഷന്മാരുടെ കുത്തക എന്ന് കരുതിയിരുന്ന 'പൂജാരി' പദവിയിലേക്ക് നടന്നു കയറിയതാണ് ഈ 'പൂജാരിണി'. അതുമാത്രമല്ല വിവാഹ ചടങ്ങുകളിലടക്കം പല മാറ്റങ്ങള്‍ക്കും കാരണക്കാരിയിത്തീര്‍ന്നു ഇവര്‍. 

1997 -ലാണ് മറാത്തി പുസ്തകമായ 'Gargi Ajun Jeevant Ahe' എന്ന പുസ്തകം ചിത്ര വായിക്കുന്നത്. മരണസമയത്ത് പൂജകള്‍ ചെയ്യുന്ന ഒരു സ്ത്രീയെ കുറിച്ചായിരുന്നു പുസ്തകം. സ്ത്രീകള്‍ മൃതദേഹങ്ങളുടെ അടുത്ത് പോലും പോകാത്തിടത്താണ് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യിക്കാന്‍ ഒരു സ്ത്രീ പോകുന്നത്. ഈ കഥ ചിത്രയെ ആകര്‍ഷിച്ചു. അങ്ങനെയാണവര്‍ 'ജ്ഞാന പ്രബോധിനി' എന്ന പൂനെയിലുള്ള സ്ഥാപനത്തില്‍ ചേരുന്നത്. പൂജാരിമാരെക്കുറിച്ചും പൂജാരിണിമാരെക്കുറിച്ചും ഒരുപാട് അറിയുന്നത് അവിടെനിന്നാണ്. വിദ്യാഭ്യാസം, ഗവേഷണം, ഗ്രാമ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയെക്കുറിച്ചൊക്കെ കൂടുതല്‍ അറിവ് നല്‍കുന്ന സ്ഥാപനമായിരുന്നു ജ്ഞാന പ്രബോധിനി. 

അങ്ങനെയാണ് ചിത്രയ്ക്കും പൂജാരിണി ആവാനും മരണാനന്തര ചടങ്ങുകളടക്കം വിവിധ ചടങ്ങുകള്‍ നടത്തിക്കൊടുക്കാനും ആഗ്രഹം തോന്നുന്നത്. അന്ന് അവര്‍ക്ക് 52 വയസ്സായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടിലും സ്വന്തം വീട്ടിലും സംസാരിച്ചപ്പോള്‍ അവര്‍ പിന്തുണ നല്‍കി. അങ്ങനെ ജ്ഞാന പ്രബോധിനിയില്‍ മരണ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കാനുള്ള പഠനം തുടങ്ങി. നാല് പേരാണ് അന്ന് അത് പഠിക്കാനുണ്ടായിരുന്നത്. അതിലെ ഒരേയൊരു സ്ത്രീ ചിത്രയായിരുന്നു. സാധാരണ ഇങ്ങനെ പൂജ ചെയ്യുന്നവര്‍, ഒന്നുകില്‍ പൂജ മാത്രം ചെയ്യും, അല്ലെങ്കില്‍ മരണചടങ്ങുകളും. പക്ഷെ, ചിത്രയെ സംബന്ധിച്ച്, അവരിത് രണ്ടും ചെയ്തു. 

ആളുകളതിനോട് എങ്ങനെ പ്രതികരിച്ചുവെന്ന് ചോദിച്ചാല്‍ അവര്‍ക്ക് പറയാനുള്ളത് ഇതാണ്, 'ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്നു, മരണ ചടങ്ങുകള്‍ക്ക്. ജ്ഞാന പ്രബോധിനിയില്‍ നിന്നുള്ളതാണ് എന്ന് അവര്‍ക്കറിയാം. എന്നിട്ടും അവര്‍ ചോദിച്ചത്, ഗുരുജി (പൂജാരി) വന്നില്ലേ, ഇനിയും താമസിക്കുമോ വരാന്‍' എന്നാണ്. അതായത് ഒരു സ്ത്രീ പൂജ നടത്താനായി എത്തുമെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമായിരുന്നില്ല. പലയിടത്തുനിന്നും ഇതേ അനുഭവം തന്നെയാണ് ഉണ്ടാകാറ്. മൃതദേഹത്തിനടുത്ത് ഒരു സ്ത്രീ നിന്ന് കര്‍മ്മങ്ങള്‍ നടത്തുന്നത് എന്തുകൊണ്ടാണ് ഈ നൂറ്റാണ്ടിലും അദ്ഭുതമാകുന്നത്. ചടങ്ങ് ചെയ്യുന്നത് സ്ത്രീയാണോ, പുരുഷനാണോ എന്ന് നോക്കുന്നതെന്തിനാണ് എന്നും ചിത്ര ചോദിക്കുന്നു. 

അടുത്തിടെ ഒരു വിവാഹത്തില്‍ പൂജയ്ക്ക് ചെന്നപ്പോഴുണ്ടായ അനുഭവം കൂടി അവര്‍ വിവരിക്കുന്നു. വരന്‍റെയും വധുവിന്‍റെയും അച്ഛന്‍ മരണപ്പെട്ടിരുന്നു. വിധവയായതുകൊണ്ട് അമ്മമാര്‍ ചടങ്ങിന് മുന്നില്‍ നില്‍ക്കുന്നില്ല. അവിടേയും ചിത്ര ഇടപെട്ടു. ഭാര്യ മരിച്ച പുരുഷന് ചടങ്ങ് നടത്താമെങ്കില്‍ എന്തുകൊണ്ട് വിധവകള്‍ക്കത് പറ്റില്ല എന്ന് അവര്‍ ചോദ്യം ചെയ്തു. അങ്ങനെ ആ അമ്മമാരെ ഇരുത്തി തന്നെ ചടങ്ങ് ചിത്ര നടത്തി. വിധവകളായ ആ സ്ത്രീകള്‍ തങ്ങളുടെ മക്കളുടെ വിവാഹം നടത്തി.

ഇങ്ങനെ, തനിക്ക് കഴിയുന്ന നിലയില്‍, പുരുഷാധിപത്യത്തിന്‍റെ കോട്ട തകര്‍ക്കാന്‍ ശ്രമിക്കുക തന്നെയാണ് ഈ എഴുപത്തിരണ്ടുകാരി.. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറോളം സംസ്കാര ക്രിയകളിലും നൂറിലധികം വിവാഹ ചടങ്ങുകളിലും ചിത്ര ചന്ദ്രചൂഡ് കാര്‍മ്മികത്വം വഹിച്ചു കഴിഞ്ഞു. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios