Asianet News MalayalamAsianet News Malayalam

കൊവിഡ് 19: മാർച്ച് എട്ട് മുതൽ തന്നെ ഒറ്റപ്പെട്ടുപോയ ​ഗ്രാമങ്ങൾ, നിയന്ത്രണം നീളല്ലേ എന്നാഗ്രഹിച്ച് ജനം

രോഗം സ്ഥിരീകരിച്ച ഗ്രാമങ്ങളില്‍ വളരെ കുറച്ച് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ക്കൂടുതലായി എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ അധികാരികള്‍ അവ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 

covid 19 these villages in lock down weeks before rest of india
Author
Ladakh, First Published Mar 23, 2020, 3:32 PM IST

കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്നലെ രാജ്യമാകെ കര്‍ഫ്യൂ ആയിരുന്നു. എവിടെയൊക്കെയാണ് ലോക്ക് ഡൗണ്‍ വേണ്ടിവരിക എന്ന് പറയാനാവാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, കൊറോണ വൈറസിനെ കുറിച്ച് ഇത്ര ജാ​ഗ്രതയോടെ നാം ചര്‍ച്ച ചെയ്തു തുടങ്ങും മുമ്പ് തന്നെ ഒറ്റപ്പെട്ടു തുടങ്ങിയ ഒരു നാടുണ്ട്. അവിടെ ആഴ്ചകളായി റോഡുകള്‍ വിജനമാണ്. ലഡാക്കിലെ ചുചോട്ട് ഏരിയയില്‍ വരുന്ന ഗോങ്മയാണ് ആ ഗ്രാമം. ആദ്യം തന്നെ കൊറോണ സ്ഥിരീകരിച്ച സ്ഥലമാണിത്. യോക്മയോട് അടുത്തിരിക്കുന്ന സ്ഥലം കൂടിയാണിത്.

ലേ -യിലെ ജില്ലാ ആസ്ഥാനത്തുനിന്നും 18 കിലോമീറ്ററപ്പുറമാണ് ഗോങ്മ. മാര്‍ച്ച് എട്ട് മുതല്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ് ഗ്രാമം. ഇറാനില്‍ നിമന്നുമെത്തിയ ഒരു തീര്‍ത്ഥാടകന് കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. ചുചോട്ടില്‍ നിന്നും യോക്മയില്‍നിന്നും അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രകളും നിരോധിച്ചു മാര്‍ച്ച് പതിനേഴോടുകൂടി. ഈ പ്രദേശം വിട്ട് ആരും പുറത്തേക്ക് പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയെന്ന് യോക്മയിലെ തലവന്‍ അബ്ദുള്‍ ഖാദര്‍ പറയുന്നു. അതുപോലെ തന്നെ പുറത്തുപോയിരിക്കുന്നവരോട് ഗ്രാമത്തിലേക്ക് പ്രവേശിക്കരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ പുറത്ത് ബന്ധുക്കളോടൊപ്പം താമസിക്കുകയാണ്. 

തണുത്ത, ജനസാന്ദ്രത കുറഞ്ഞ ഈ മരുപ്രദേശത്ത് വളരെ പെട്ടെന്ന് തന്നെ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 എണ്ണം കാര്‍ഗില്‍ ജില്ലയിലും 11 എണ്ണം ലേ ജില്ലയിലും ആയിരുന്നു. അതില്‍ 10 കേസുകള്‍ ചുചോട്ടിലെ ഗോങ്മ, യോക്മ എന്നീ കുഗ്രാമങ്ങളില്‍ നിന്നുമായിരുന്നു. കൊവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. അത്യാവശ്യം മെഡിക്കല്‍ സംവിധാനവും ബാങ്കും മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രവേശനകവാടങ്ങളില്‍ ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ എത്ര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലായെന്ന് ലഡാക്ക് ഡിവിഷണല്‍ കമ്മീഷണറായ സൗഗത് ബിശ്വാസ് സ്ക്രോളിനോട് പറഞ്ഞു. 

ഇന്തോ-ടിബറ്റൻ ബോര്‍‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥരും പ്രാദേശിക പൊലീസ് സേനയും ഗ്രാമത്തിന്റെ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ലഡാക്കി തീർഥാടകരെ രക്ഷപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കാനായി ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ, ചുചോട്ട് കൗൺസിലറായ മുംതാസ് ഹുസ്സൈൻ ദില്ലിയിലേക്ക് പോയിരുന്നു. എന്നാല്‍, മടങ്ങിയെത്തിയ മുംതാസ് ഹുസ്സൈനും ഗ്രാമത്തിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. 

രോഗം സ്ഥിരീകരിച്ച ഗ്രാമങ്ങളില്‍ വളരെ കുറച്ച് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ക്കൂടുതലായി എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ അധികാരികള്‍ അവ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. റേഷൻ വാങ്ങാൻ കഴിയുന്ന മൂന്നോ നാലോ താൽക്കാലിക വിതരണ കേന്ദ്രങ്ങൾ സഹകരണ സംഘം സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ഗ്രാമത്തിലെ സർക്കാർ ഉദ്യോഗസ്ഥരും മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.

അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി ഒരുനേരം രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ് ചെല്ലുന്നത്. കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അവര്‍ അത്യാവശ്യം സാധനങ്ങള്‍ വാങ്ങി മടങ്ങുന്നു. പലപ്പോഴും ആളുകളെല്ലാം അകത്തുതന്നെ കഴിയുകയാണ്. എങ്കില്‍പ്പോലും ഗ്രാമത്തില്‍ ഭയത്തിന്‍റേതായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. 

രോഗികളുടെ എണ്ണം കൂടുന്നു

രണ്ട് തവണ പരിശോധിച്ചിട്ടും നെഗറ്റീവ് ആയിരുന്ന ഒരു ടാക്സി ഡ്രൈവറുടെ മൂന്നാമത്തെ പരിശോധനാഫലം പൊസിറ്റീവ് ആയതോടെയാണ് പ്രദേശത്ത് ജനങ്ങള്‍ പരിഭ്രാന്തരായത്. ലേയിലെ ഒരു ആശുപത്രിയില്‍ സ്ഥിരമായി പോകുന്ന ആളായിരുന്നു ഈ ടാക്സി ഡ്രൈവര്‍. അയാളുടെ ഭാര്യാപിതാവിനെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. തീര്‍ത്ഥാടനത്തിനുശേഷം ഇറാനില്‍നിന്നും മടങ്ങിയെത്തിയ ആളായിരുന്നു അദ്ദേഹം. 

രണ്ടുതവണ നെഗറ്റീവ് ഫലം വന്നപ്പോള്‍ ആശുപത്രി അധികൃതര്‍ ടാക്സി ഡ്രൈവറെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തി. മൂന്നാം തവണ പരിശോധിച്ചപ്പോള്‍ ഫലം പൊസിറ്റീവ് ആയിരുന്നു. ഇതോടെയാണ് ആളുകളാകെ പരിഭ്രാന്തരായത്. എന്തുകൊണ്ടാണ് രണ്ട് തവണ പരിശോധിച്ചിട്ടും നെഗറ്റീവ് ആയതും മൂന്നാം തവണ പൊസിറ്റീവ് ആയതും എന്നായിരുന്നു അവരുടെ സംശയം. എന്നാല്‍, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞത് തെറ്റൊന്നും പറ്റിയിട്ടില്ല. ആദ്യത്തെ റിസല്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടത്ര തൃപ്തിയുണ്ടായിരുന്നില്ല. അതുകാരണമാണ് പിന്നേയും സാമ്പിള്‍ എടുക്കേണ്ടി വന്നത് എന്നാണ്. 

നാട്ടില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ഇറാനില്‍ നിന്നും മടങ്ങിയെത്തിയ തീര്‍ത്ഥാടകരും അവരുടെ ബന്ധുക്കളുമാണ്. ആദ്യത്തെ രോഗിയുടെ പരിശോധനാഫലം പൊസിറ്റീവായത് മാര്‍ച്ച് ആറിനാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ലഡാക്ക് സ്കൌട്ട്സ് റെജിമെന്‍റിലുള്ള അദ്ദേഹത്തിന്‍റെ മുപ്പത്തിനാലുകാരനായ മകനും രോഗം സ്ഥിരീകരിച്ചു. ഒപ്പം അയാളുടെ മറ്റൊരു മകനും മരുമകള്‍ക്കും കുടുംബത്തിലെ ഒരു കുട്ടിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 

ചുചോട്ട് ഒരു ഷിയാ ഭൂരിപക്ഷമേഖലയാണ്. ഒരുപാടുപേരാണ് ഇവിടെനിന്നും ഇറാനിലേക്ക് തീര്‍ത്ഥാടനത്തിനായി പോകുന്നത്. മടങ്ങിയെത്തുന്ന തീര്‍ത്ഥാടകരെ പരിശോധിക്കുന്നതിനായി സുസജ്ജമാണെന്ന് ചുചോട്ട് മുന്‍ കൗണ്‍സിലര്‍ അബ്ബാസ് അബീദി പറയുന്നു. നിലവില്‍ തീര്‍ത്ഥാടകരും മറ്റുള്ളവരും പരിശോധനയോടും മറ്റും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍, തുടക്കത്തില്‍ വേണ്ടത്ര പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. ചൈനയും ഇറാനുമെല്ലാം കൊറോണ ആദ്യം തന്നെ പടര്‍ന്നുപിടിച്ച ഇടങ്ങളാണ്. ഫെബ്രുവരി 27 -ന് ഇറാനില്‍ നിന്നും മടങ്ങിയെത്തിയവരുണ്ടായിരുന്നു. അവരെ വേണ്ടത്ര പരിശോധിക്കാതെയാണ് വീട്ടിലേക്ക് അയച്ചത്. ചിലരൊന്നും വരുന്നത് ഇറാനില്‍ നിന്നാണെന്ന് പോലും ബന്ധപ്പെട്ടവര്‍ അറിഞ്ഞിരുന്നില്ല. ഈ ആളുകള്‍ നേരെ വീട്ടില്‍പോയി, വീട്ടുകാരുമായി ഇടപഴകി. മാത്രവുമല്ല, തീര്‍ത്ഥാടനം കഴിഞ്ഞെത്തുന്ന ആളുകളെ കാണാന്‍ നൂറും ഇരുന്നൂറും ആളുകള്‍ വരും. അവര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നു, സംസാരിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. അവിടെ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭാഗ്യത്തിന് ഇറാനില്‍ നിന്നെത്തിയവരുടെ രണ്ട് കുടംബങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ടൂറിസ്റ്റുകളെയും മറ്റിടങ്ങളില്‍ നിന്ന് ജോലിക്കെത്തുന്നവരെയും കര്‍ശനമായി നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍ ഗ്രാമങ്ങളില്‍. 

റേഷന്‍

ഗോങ്മയിലെ ആളുകള്‍ മാര്‍ച്ച് എട്ട് മുതല്‍തന്നെ ഒറ്റപ്പെട്ടു കിടക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണം പിന്‍വലിക്കപ്പെടുമെന്നാണ് ഗ്രാമത്തിലുള്ളവര്‍ കരുതുന്നത്. എന്നാല്‍, പുതുതായുള്ള കേസുകളും മറ്റും നിയന്ത്രണം നീട്ടിക്കൊണ്ടുപോകാന്‍ കാരണമാകുമോ എന്ന് പറയാനാകില്ല. ഇപ്പോള്‍ ഗ്രാമങ്ങളില്‍ അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടോ മറ്റോ ഇല്ല. എന്നാല്‍, നിയന്ത്രണം ഇങ്ങനെ തുടര്‍ന്നാല്‍ സ്ഥിതി മാറുമെന്ന ഭയത്തിലാണ് നാട്ടുകാരും അധികാരികളും. കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂടിയാവും ഇത് പോവുക. കൃഷിക്കാരെയും കൂലിപ്പണിക്കാരെയും എല്ലാം ഇത് ബാധിച്ചിട്ടുണ്ട്. എന്നാല്‍, പാല്‍ കച്ചവടക്കാരെയും ടാക്സി ഡ്രൈവര്‍മാരെയുമാണ് ഇത് വല്ലാതെ ബാധിച്ചിരിക്കുന്നതത്. അവര്‍ക്ക് പാല്‍ വില്‍ക്കാനോ അന്നന്ന് പുലരാനുള്ളത് വാങ്ങാനോ കഴിയുന്നില്ല. 

ഖാദര്‍ പാവപ്പെട്ടവര്‍ക്ക് അത്യാവശ്യം സാധനങ്ങളെത്തിക്കുന്നൊരു സഹായ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍, ക്രെഡിറ്റില്‍ റേഷന്‍ കിട്ടുന്നുണ്ട്. അതിപ്പോള്‍ വാങ്ങാന്‍ നിര്‍വാഹമില്ലാത്തവര്‍ക്ക് സൗജന്യമായി നല്‍കുകയും കുറിച്ച് വയ്ക്കുകയും ചെയ്യുകയാണെന്ന് ഖാദര്‍ പറയുന്നു. എങ്ങനെയും പരസ്പരം ചേര്‍ത്തുപിടിക്കുകയും ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണ് ഇവിടെ ജനങ്ങള്‍.  

(കടപ്പാട്: സ്ക്രോള്‍)

Follow Us:
Download App:
  • android
  • ios