Asianet News Malayalam

'നൂറുതവണയെങ്കിലും ഭര്‍ത്താവെന്നെ ബലാത്സംഗം ചെയ്‍തിട്ടുണ്ട്'; ലോക്ക്ഡൗണ്‍ അവരോട് ചെയ്യുന്നത്

കൊറോണ വൈറസ് കാരണം പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്‍റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് പീഡകരായ മനുഷ്യരുള്ള വീട്ടിലെ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ ഇവരെക്കുറിച്ചൊക്കെയുള്ള വേവലാതികളാണ്... 

domestic violence during lock down
Author
UK, First Published Aug 18, 2020, 2:28 PM IST
  • Facebook
  • Twitter
  • Whatsapp

മെറിന്‍ എന്ന മലയാളി നഴ്‍സിനെ ഭര്‍ത്താവ് ക്രൂരമായി കൊല ചെയ്‍തിട്ട് അധികനാളായിട്ടില്ല. ആ നടുക്കുന്ന വാര്‍ത്ത നമുക്ക് നല്‍കിയ നൊമ്പരവും ആശങ്കകളും വളരെ വലുതാണ്. എന്നാല്‍, മെറിന്‍ അനുഭവിച്ചതുപോലെ മാനസികവും ശാരീരികവുമായ പീഡനങ്ങള‍േറ്റുവാങ്ങിക്കഴിയേണ്ടി വരുന്ന എത്രയെത്രപേര്‍ നമുക്ക് ചുറ്റുമുണ്ടാകും. വീടിന്‍റെ നാല് ചുവരുകള്‍ക്ക് പുറത്തറിയാത്ത അനേകം പീഡനങ്ങള്‍ ഓരോ ദിവസവും എന്തിന് ഓരോ സെക്കന്‍ഡിലും നടക്കുന്നുണ്ടാകാം. അത്തരം പീഡനങ്ങളുടെ മൂര്‍ധന്യകാലമാണ് ലോക്ക് ഡൗണ്‍. വീട്ടില്‍ നിന്നും ഒന്നിറങ്ങിപ്പോവാനോ ഉപദ്രവകാരിയായ ഒരാളുടെ പീഡനങ്ങള്‍ ഫോണിലൂടെ പോലും ഒന്ന് പറയാനോ പറ്റാനാവാതെ തടങ്കലില്‍ പെട്ടവര്‍. പൊലീസിനെയോ മറ്റേതെങ്കിലും സഹായമോ തേടി വിളിക്കാനാവാത്തവര്‍. 

കഴിഞ്ഞ ദിവസം ബിബിസി പനോരമ കൈകാര്യം ചെയ്‍തത് അത്തരം ഒരു വിഷയമാണ്. ഒരുപക്ഷേ, ദേശീയമാധ്യമങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെട്ട ആ വാര്‍ത്ത യുകെ -യില്‍ ലോക്ക്ഡൗണ്‍ കാലത്ത് ക്രൂരമായ പീഡനം അനുഭവിക്കേണ്ടിവരുന്ന മനുഷ്യരുടെ ജീവിതം തുറന്നു കാണിക്കുന്നതായിരുന്നു. ബിബിസി -യുടെ മാധ്യമപ്രവര്‍ത്തകയായ വിക്ടോറിയ ഡെര്‍ബിഷെയറാണ് ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഒപ്പം ഉപദ്രവകാരിയായിരുന്ന സ്വന്തം പിതാവിനെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്‍തു പരിപാടിയില്‍ വിക്ടോറിയ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ത്ത കേട്ടപ്പോള്‍ തന്‍റെ മനസിലാദ്യമെത്തിയത് ക്രൂരനായ ഒരു പങ്കാളിക്കൊപ്പം ജീവിക്കേണ്ടി വരുന്നൊരാള്‍ ആ ദിവസങ്ങളിലെന്തു ചെയ്യും എന്നാണെന്ന് വിക്ടോറിയ പറയുന്നു. ഒപ്പം പന്ത്രണ്ടാമത്തെ വയസ്സില്‍ അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയ അനുഭവവും അവര്‍ ഓര്‍മ്മിക്കുന്നു. 

വിക്ടോറിയ ഡെര്‍ബിഷെയര്‍

''അയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ എന്തുണ്ടാവും? അയാളെന്തെങ്കിലും പറഞ്ഞ് എന്നെ പ്രകോപിപ്പിക്കുമോ? അവസാനം അതെന്നെ തല്ലുന്നതിലേക്കെത്തിച്ചേരുമോ? അയാളെന്നെ ബെല്‍റ്റ് കൊണ്ടടിക്കുമോ എന്നൊക്കെയുള്ള ചിന്തകളുണ്ടാവും... പക്ഷേ, ഞാന്‍ കുറച്ച് ഭാഗ്യമുള്ളവളായിരുന്നു. അയാള്‍ വരുമ്പോള്‍ എന്‍റെ അടുത്ത സുഹൃത്തിന്‍റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടും. പിറ്റേദിവസം, അയാള്‍ ജോലിക്ക് പോകുമ്പോള്‍ മാത്രമേ ഞാന്‍ തിരികെ വീട്ടിലെത്തൂ. പിന്നെ നേരെ സ്‍കൂളില്‍ പോവും. അയാളുടെ അലര്‍ച്ചയില്‍ നിന്നും ക്രൂരമായ അക്രമത്തില്‍ നിന്നും ഞാന്‍ ആശ്വാസം നേടിയത് അങ്ങനെയാണ്.'' - വിക്ടോറിയ പറയുന്നു. അച്ഛനിങ്ങനെയൊക്കെയാണെങ്കിലും അതിനെല്ലാം പകരമായി അമ്മ തനിക്ക് ഇരട്ടി സ്നേഹം തന്നിരുന്നുവെന്നും അവരോര്‍ക്കുന്നുണ്ട്. 

കൊറോണ വൈറസ് കാരണം പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്‍റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് പീഡകരായ മനുഷ്യരുള്ള വീട്ടിലെ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ ഇവരെക്കുറിച്ചൊക്കെയുള്ള വേവലാതികളാണ്... ആഴ്‍ചകളില്‍ നിന്നും ആഴ്‍ചകളിലേക്ക് പുറത്തിറങ്ങാനാവാത്തവിധം കുടുങ്ങിപ്പോയവരുടെ അവസ്ഥയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തില്‍ വീട്ടിനകത്ത് ഉപദ്രവിക്കപ്പെടുന്ന മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒപ്പം അതിഗുരുതരമായ അവസ്ഥകളില്‍നിന്നും ഓടിരക്ഷപ്പെടാനായ സ്ത്രീകളെയും താന്‍ കണ്ടിട്ടുണ്ട് എന്നും വിക്ടോറിയ വിശദീകരിക്കുന്നു. 

നൂറിലേറെത്തവണ ബലാത്സംഗം ചെയ്യപ്പെട്ടു

അതിലൊരാളാണ് ജെസ് (സാങ്കല്‍പികനാമം). കുറേയേറെ വര്‍ഷങ്ങളായി അവള്‍ താമസിക്കുന്നത് എപ്പോഴും ഉപദ്രവിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെയാണ്. അവരുടെ വിവാഹജീവിതത്തിനിടയില്‍ നിരവധി തവണ അയാള്‍ അവളെ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്. ഇടിക്കുക, കഴുത്തുപിടിച്ച് ഞെരിക്കുക എന്നിവയെല്ലാം അതില്‍ പെടും. മാത്രമല്ല, അവളെന്ത് ധരിക്കണം എന്നും ഏതുതരം ഹെയര്‍സ്റ്റൈല്‍ വേണമെന്നും തീരുമാനിക്കുന്നത് അയാളാണ്. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഒരു കപ്പ് ചായ ഉണ്ടാക്കി കുടിക്കാനോ ഒന്ന് മൂത്രമൊഴിക്കാന്‍ പോകണമെങ്കിലോ പോലും അയാളുടെ അനുവാദം വേണ്ടിയിരുന്നു. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ഈ അക്രമങ്ങള്‍ അതിന്‍റെ മൂര്‍ധന്യാവസ്ഥയിലെത്തി. രാജ്യത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റനേകരെപ്പോലെ ജെസ്സും ഭര്‍ത്താവും അത് ടിവി -യില്‍ കണ്ടു. അപ്പോള്‍ വല്ലാത്തൊരുന്മാദത്തോടെ അയാള്‍ ജെസ്സിനോട് പറഞ്ഞത് 'കളി തുടരട്ടെ' എന്നാണത്രെ. 

പ്രതീകാത്മകചിത്രം

ജെസ്സിന്‍റെ കഥ താന്‍ കേട്ട ക്രൂരതകളുടെ കഥകളില്‍ ഒന്ന് മാത്രമാണ്. അവള്‍ തന്നോട് പറഞ്ഞത് ലോക്ക്ഡൗണ്‍ സമയത്ത് നൂറുതവണയെങ്കിലും അവള്‍ ഭര്‍ത്താവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിക്ടോറിയ എഴുതുന്നു. ''കര്‍ട്ടണെല്ലാം അടച്ചിടും, ടിവിയുടെ ശബ്‍ദം കൂട്ടിവയ്ക്കും, മുന്‍വാതില്‍ അടച്ചുപൂട്ടും, ഉച്ചത്തില്‍ പാട്ട് വയ്ക്കും. അതുകൊണ്ടുതന്നെ ഞാന്‍ നിലവിളിക്കുന്നത് ആരും കേള്‍ക്കില്ല.'' കാലിനുമുകളിലെല്ലാം അയാളവളെ സിഗരറ്റ് വച്ച് പൊള്ളിച്ചിരിക്കുകയാണ്. അങ്ങനെ പൊള്ളിച്ച് വൃത്തികേടാക്കിയാല്‍ അവളെ പിന്നീടാര്‍ക്കും വേണ്ടാതെയാവും എന്നാണയാള്‍ പറയുന്നത്. 

ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹികപീഡനം വര്‍ധിച്ചുവെന്നാണ് ബിബിസി പനോരമ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതില്‍ വിഷം കൊടുക്കലും കഴുത്തുഞെരിക്കലും വരെ ഉള്‍പ്പെടുന്നു. വുമണ്‍സ് എയ്‍ഡും ഇതേക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിരുന്നു. അതില്‍നിന്നും മനസിലാകുന്നത് ഉപദ്രവകാരികളായവര്‍ക്കൊപ്പം താമസിക്കുന്ന മൂന്നില്‍ രണ്ട് സ്ത്രീകളും ലോക്ക് ഡൗണ്‍ കാലത്ത് അതിക്രമം കൂടുതല്‍ രൂക്ഷമായതായി വെളിപ്പെടുത്തി എന്നതാണ്. മുക്കാല്‍പങ്കുപേരും രാജ്യമാകെ അടച്ചിട്ട ആ സമയത്ത് എവിടേക്കെങ്കിലും രക്ഷപ്പെടുക അസാധ്യമാണ് എന്നും പറഞ്ഞു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും വീട്ടില്‍നിന്നും പീഡനം നേരിടുന്നു. പുരുഷന്മാര്‍ക്ക് സഹായം ലഭ്യമാക്കുന്ന 'റെസ്പെക്ട് മെന്‍സ് അഡ്വൈസി'ലേക്കും വരുന്ന വിളികള്‍ 65 ശതമാനം വര്‍ധിച്ചതായി പറയുന്നു. 

ജെസ്സിനോട് 'സ്റ്റേ അറ്റ് ഹോം' അവസ്ഥ അവള്‍ക്കെങ്ങനെയായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ 'മരണത്തിന് തുല്ല്യം' എന്നാണ് അവള്‍ മറുപടി നല്‍കിയതെന്ന് വിക്ടോറിയ വിശദീകരിക്കുന്നു. മൂന്നാഴ്‍ചത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞപ്പോള്‍ ഒരുദിവസം അവളോട് ഭര്‍ത്താവ് പറഞ്ഞത് 'നാളത്തെ സൂര്യദോയം നീ കാണില്ല' എന്നാണ്. ഇങ്ങനെ പോയാല്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോഴേക്കും താന്‍ കൊല്ലപ്പെടും എന്ന് ജെസ്സിനുറപ്പായിരുന്നു.  

''എനിക്കന്ന് 12 വയസ്സായിരുന്നു. അമ്മയെ അച്ഛന്‍ ബെഡ്‍റൂമിലിട്ട് നിര്‍ത്താതെ തല്ലിയത് ഞാനോര്‍ക്കുന്നുണ്ട്. അമ്മയെ അച്ഛന്‍ കൊല്ലുമെന്ന് തോന്നിയപ്പോള്‍ ഒന്നരക്കിലോമീറ്ററെങ്കിലും ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഞാനോടിയത് എനിക്കോര്‍മ്മയുണ്ട്.  അച്ഛന്‍ ബില്ലടക്കാത്തതുകാരണം വീട്ടിലെ ഫോണ്‍ കട്ടായിരിക്കുകയായിരുന്നു. ഞങ്ങള്‍ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ  ബന്ധം സൂക്ഷിക്കാതിരിക്കാനും കൂടിയാണ് അയാളന്നങ്ങനെ ചെയ്‍തത്. അതുകൊണ്ട് തന്നെ എന്നെക്കൊണ്ട് പറ്റാവുന്നത്ര വേഗത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഞാനോടി. എനിക്ക് ശ്വാസം പോലും കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവില്‍ അവിടെ ഡെസ്‍കിലിരിക്കുന്ന ഓഫീസറുടെ അടുത്തെത്തി ഞാന്‍ പറഞ്ഞു, 'അയാളെന്‍റെ അമ്മയെ കൊല്ലും സഹായിക്കണം' അവരാണ് എന്നെ സഹായിച്ചത്.'' -വിക്ടോറിയ ജെസ്സിനെപ്പോലെ തന്‍റെ അമ്മയ്ക്കും അനുഭവിക്കേണ്ടിവന്ന ക്രൂരതകളെ കുറിച്ച് എഴുതുന്നു.  

എന്നാല്‍, ഇപ്പോള്‍ ലോക്ക്ഡൗണില്‍ ഇതുപോലെ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് ഫോണെടുത്ത് 999 -ലേക്ക് വിളിക്കാനും സഹായം അഭ്യര്‍ത്ഥിക്കാനും പോലും പറ്റുന്നില്ല. കാരണം, 24 മണിക്കൂറും അയാള്‍ അടുത്ത് തന്നെ കാണുമല്ലോ. അതുതന്നെയായിരുന്നു ജെസ്സിന്‍റെ അവസ്ഥയും. ജീവന്‍ രക്ഷിക്കണമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോകണം എന്ന് അറിയാം. പക്ഷേ, ഭര്‍ത്താവറിയാതെ വേണം അത് ചെയ്യാന്‍. അയാളാണെങ്കില്‍ ഏത് നേരവും അവളെ ഉപദ്രവിച്ചും നിരീക്ഷിച്ചും അടുത്തുകാണും.

പക്ഷേ, ഒടുവില്‍ അവള്‍ക്കൊരവസരം കിട്ടി. ഭര്‍ത്താവ് സോഫയില്‍ കിടന്നുറങ്ങുമ്പോള്‍ അവള്‍ 'പൊലീസിനെ വിളിക്കാതെ തന്നെ എങ്ങനെ പീഡനവിവരം അവരെ അറിയിക്കാം' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‍തു. അയാളുണരുമോയെന്ന ഭയത്തോടെ ഒരു ശബ്‍ദവുമുണ്ടാക്കാതെ, സൂക്ഷ്‍മമായിട്ടാണ് അവളത് ചെയ്‍തത്. അങ്ങനെയവള്‍ 999 -ലേക്ക് മെസേജയച്ച് രജിസ്റ്റര്‍ ചെയ്‍തു. അവിടെനിന്നും അപ്പോള്‍ത്തന്നെ മറുപടി കിട്ടി. പെട്ടെന്നുതന്നെ അവള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വിലാസം അയച്ചുകൊടുക്കുകയും ചെയ്‍തു. മിനിറ്റുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അവളുടെ വീട്ടിലെത്തി. അങ്ങനെയാണ് ജെസ്സ് അവിടെനിന്നും രക്ഷപ്പെട്ടത്. ഇല്ലെങ്കിലൊരുപക്ഷേ അവള്‍ കൊല്ലപ്പെട്ടിരുന്നേക്കാം. 

പ്രതീകാത്മകചിത്രം

പനോരമയുടെ അന്വേഷണത്തില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ച് ആദ്യ ഏഴ് ആഴ്‍ചകള്‍ക്കുള്ളില്‍ത്തന്നെ ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാനായി പൊലീസിലേക്ക് ഓരോ 30 സെക്കന്‍ഡിലും വിളികള്‍ വന്നുകൊണ്ടേയിരിക്കുകയായിരുന്നു എന്നാണ്. വിളിച്ചവരില്‍ സ്ത്രീകള്‍ മാത്രമല്ല, പീഡനം അനുഭവിക്കുന്ന പുരുഷന്മാരും ഉള്‍പ്പെടുന്നു. 

ഇങ്ങനെ പീഡനത്തിനിരയാകുന്നവര്‍ക്ക് അഭയം നല്‍കുന്ന 'Solace' -ന്‍റെ ചീഫ് എക്സിക്യുട്ടീവ്, ഫിയോണ ഡോയര്‍ പറയുന്നത് സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കും നടപടി സ്വീകരിക്കാനുള്ള വൈമുഖ്യവും ഇത്തരം സാഹചര്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ്. 'കാബിനെറ്റിലിരിക്കുന്നതെല്ലാം പ്രിവിലേജുള്ള ആണുങ്ങളാണ്. അതുകൊണ്ട് അവര്‍ക്കിതൊരു പ്രശ്‍നമായി തോന്നുന്നുണ്ടാവില്ല' എന്നും അവര്‍ പ്രതികരിക്കുന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്നതിനും സർക്കാർ 'യു ആർ നോട്ട് എലോൺ കാമ്പെയ്ൻ' ആരംഭിക്കുന്നതിനും ഇടയിൽ ഏകദേശം മൂന്നാഴ്‍ചയ്ക്കുള്ളിൽ ഗാർഹിക പീഡനക്കേസിൽ 11 സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കുമായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ എന്ന് വിക്ടോറിയ ചോദിക്കുന്നു. 

''എന്‍റെ അച്ഛനും അമ്മയും എനിക്ക് 16 വയസുള്ളപ്പോള്‍ വിവാഹമോചിതരായി. അങ്ങനെയാണ് ഞങ്ങളാ ക്രൂരപീഡനങ്ങളില്‍ നിന്നും മോചിതരായത്. എന്നാല്‍, ഇങ്ങനെ പീഡനമനുഭവിക്കുന്ന എല്ലാവര്‍ക്കും അങ്ങനെ വിട്ടിറങ്ങിപ്പോരാന്‍ പറ്റണമെന്നില്ല. ചിലരെ, ഞങ്ങളെയവര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുമോ എന്ന പേടി കീഴടക്കും. ചിലര്‍ക്ക് തനിച്ച് കഴിയാനുള്ള സാമ്പത്തികസ്ഥിതിയോ ജോലിയോ ഒന്നുമുണ്ടാകില്ല.'' എന്നും വിക്ടോറിയ എഴുതുന്നു. 

ഏതായാലും, ലോക്ക്ഡൗൺ സമയത്ത് പീഡനം നടക്കുന്നയിടങ്ങളില്‍ നിന്നും ഇറങ്ങിവരാനായ ജെസിനെപ്പോലുള്ളവർക്ക് ഇത് ഏറെക്കാലത്തെ അതിക്രമങ്ങളില്‍ നിന്നുമുള്ള വിമോചനമാണ്. "എനിക്ക് സുരക്ഷിതത്വം തോന്നുന്നു. എനിക്ക് ഭീഷണി നേരിടേണ്ടതില്ല. ഒന്നും സംഭവിക്കില്ലെന്ന ഉറപ്പില്‍ എനിക്ക് രാത്രി ഉറങ്ങാൻ കഴിയും." എന്നാണ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്സ് പറഞ്ഞത്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ബിബിസി)

Follow Us:
Download App:
  • android
  • ios