Asianet News MalayalamAsianet News Malayalam

ബോട്‍സ്വാനയ്ക്ക് ശേഷം സിംബാബ്‍വെയിലും ആനകളുടെ കൂട്ടമരണം, കാരണമന്വേഷിച്ച് അധികൃതര്‍

ബോട്‍സ്വാനയില്‍ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളുയര്‍ന്നിരുന്നു. ഓകവാങ്കോയില്‍ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്ഥിരമായിരുന്നു. 

elephant mass die in Botswana and Zimbabwe
Author
Zimbabwe, First Published Sep 4, 2020, 12:26 PM IST

ഈ വര്‍ഷം ആദ്യമാണ് ബോട്‍സ്വാനയിലെ ഒകവാങ്കോയില്‍ 350 -ലേറെ ആനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചെരിഞ്ഞവയില്‍ എല്ലാ പ്രായത്തിലും പെട്ട ആണാനകളും പെണ്ണാനകളും എല്ലാം പെടുന്നു. നടക്കുന്ന നടത്തത്തില്‍ പെട്ടെന്ന് മുഖവും കുത്തി വീണ നിലയിലാണ് മിക്കവയുടെയും ജഡം കിടന്നിരുന്നത്. മെയ്-ജൂണ്‍ മാസത്തില്‍ നടന്ന ഈ കൂട്ടമരണത്തെ 'കണ്‍സര്‍വേഷന്‍ ഡിസാസ്റ്റര്‍' എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്‍ച സ്ഥലത്ത് വിമാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ ആകെ കണ്ടെത്താനായത് എട്ട് ആനകളെ മാത്രമാണ്. സാധാരണയായി നൂറുകണക്കിന് ആനകളെ കണ്ടെത്താറുള്ള സ്ഥലമാണിതെന്ന് യു കെ കേന്ദ്രീകരിച്ചുള്ള ചാരിറ്റിയായ നാഷണല്‍ പാര്‍ക്ക് റെസ്‍ക്യൂവിന്‍റെ ഡയറക്ടറായ ഡോ. നില്‍ മക്കാന്‍ പറയുന്നു.  

ബോട്‍സ്വാനയിലേതിന് സമാനമായി സിംബാബ്‍വെയിലും ആനകള്‍ ചെരിഞ്ഞതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇരുപത്തിരണ്ടോളം ആനകളെയാണ് ഇങ്ങനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇനിയും എണ്ണം കൂടിയേക്കാം എന്നാണ് കരുതുന്നത്. ഈ ആനകളുടെ ജഡങ്ങള്‍ പരിശോധിക്കുന്നതിലൂടെ ബോട്‍സ്വാനയില്‍ കൂടി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദഗ്ദ്ധരെന്ന് ദി ഗാര്‍ഡിയന്‍ എഴുതുന്നു. രണ്ടിടങ്ങളിലും നടന്ന മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയൊന്നുമില്ല. ചെരിഞ്ഞ ഉടനെ കിട്ടുന്ന ആനയുടെ ജഡപരിശോധന നടത്താനായാല്‍ കുറച്ചുകൂടി കൃത്യമായ വിവരം കണ്ടെത്താനായേക്കും എന്ന് ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് റിട്ട. ചീഫ് സ്റ്റേറ്റ് വെറ്ററിനേറിയന്‍ ഡോ. റോയ് ബെംഗിസ് പറഞ്ഞു. 

ബോട്‍സ്വാനയില്‍ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളുയര്‍ന്നിരുന്നു. ഓകവാങ്കോയില്‍ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്ഥിരമായിരുന്നു. കൃഷിഭൂമിയായ ഇവിടെ പതിനയ്യായിരത്തോളം ആനകളും പതിനാറായിരത്തോളം ജനങ്ങളും താമസിക്കുന്നുണ്ട്. എന്നാല്‍, വിഷം വച്ചതോ വേട്ടയാടിയതോ സയനേഡോ ആവാം മരണകാരണമെന്ന വാദം നേരത്തെതന്നെ തള്ളിയിരുന്നു. കീടനാശിനിയോ ആന്ത്രാക്സോ ആവാമെന്ന വാദവും നേരത്തെ തന്നെ വിദഗ്ദ്ധര്‍ തള്ളി. കൊല്ലപ്പെട്ട ആനകളുടെ കൊമ്പുകളൊന്നും തന്നെ നീക്കം ചെയ്‍തിരുന്നില്ല. 

ബോട്‍സ്വാനയില്‍ ചെരിഞ്ഞ ആനകളുടെ അടുത്തെത്താനും വിദഗ്ദ്ധര്‍ക്ക് സാധിച്ചിരുന്നില്ല. മിക്കവാറും അഴുകിയ മൃതദേഹങ്ങളില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സാമ്പിളുകൾ വളരെ നിർദ്ദിഷ്ട സാഹചര്യങ്ങളിൽ സംഭരിക്കേണ്ടതുണ്ട്, കൂടാതെ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര ലാബുകളിലേക്ക് വേഗത്തിൽ എത്തിക്കുകയും വേണം - ഇത് ചെയ്‍തിരുന്നില്ല. അതിനാല്‍ത്തന്നെ നിരവധി ഊഹങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ഏതായാലും മാസങ്ങളുടെ പഠനത്തിന് ശേഷം രണ്ട് പ്രധാന കാരണങ്ങളിലേക്കാണ് വിദഗ്ദ്ധര്‍ എത്തിച്ചേര്‍ന്നത്- ആല്‍ഗല്‍ ബ്ലൂമുകളിലെ ന്യൂറോടോക്സിന്‍സ്, ഇഎംസി (encephalomyocarditis) എന്നറിയപ്പെടുന്നതരം വൈറസ്.

ആല്‍ഗല്‍ ബ്ലൂം: പ്രാദേശികമായ വിവരമനുസരിച്ച് ബോട്‍സ്വാനയില്‍ 70 ശതമാനം ആനകളും ചെരിഞ്ഞിരിക്കുന്നത് ഏതെങ്കിലും ജലാശയത്തിനടുത്തായിട്ടാണ്. അതില്‍ മിക്കതിലും ബ്ലൂ ഗ്രീന്‍ ആല്‍ഗല്‍ ബ്ലൂംസ് ഉണ്ട്. ആദ്യം ഈ കാരണങ്ങള്‍ വിദഗ്ദ്ധര്‍ തള്ളിക്കളഞ്ഞിരുന്നു. കാരണം ആല്‍ഗകളാണ് കാരണമെങ്കില്‍ ഈ വെള്ളം കുടിച്ച മറ്റ് ജീവികളും മരിക്കേണ്ടതാണല്ലോ എന്നായിരുന്നു സംശയം. എന്നാല്‍, ഇപ്പോള്‍ കരുതുന്നത് ആല്‍ഗല്‍ ബ്ലൂം മരണകാരണമായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ്. കാരണം, ആനകള്‍ മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍നേരം ജലാശയങ്ങളില്‍ സമയം ചെലവഴിക്കുകയും കൂടുതല്‍ വെള്ളം കുടിക്കുകയും ചെയ്യുന്നതിനാല്‍ത്തന്നെ അവയുടെ ശരീരത്തിലേക്ക് കൂടിയ അളവില്‍ ഇതെത്താന്‍ കാരണമായേക്കാം. 

elephant mass die in Botswana and Zimbabwe

ആല്‍ഗകളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ബിഎംഎംഎ എന്ന പുതിയതായി കണ്ടെത്തിയ ബാക്ടീരിയല്‍ ടോക്സിനാവാം മരണകാരണമെന്ന് യൂണിവേഴ്‍സിറ്റി ഓഫ് ലിവര്‍പൂളിലെ പ്രൊഫ. ക്രിസ്റ്റിന്‍ ഗോസ്ഡെന്‍ ദ ഗാര്‍ഡിയനോട് പറഞ്ഞു. ഇതേകാരണം കൊണ്ട് മരിച്ച തിമിംഗലം, ഡോള്‍ഫിന്‍ എന്നിവയോട് താരതമ്യപ്പെടുത്തിയാണ് ക്രിസ്റ്റിന്‍ ഈ വാദമുന്നയിച്ചത്. ബ്രെയിന്‍ കെമിസ്ട്രി ലാബിലെ ഡോ. ജെയിംസ് മെറ്റ്കാഫും ഈ വാദം ശരിവയ്ക്കുന്നുണ്ട്. ആന ചെരിയാന്‍ കാരണമായിത്തീര്‍ന്നില്ലെങ്കില്‍പ്പോലും ഇതും ഒരു കാരണമായിരുന്നേക്കാം എന്നാണ് അദ്ദേഹം പറയുന്നത്. കൂടുതല്‍ പഠനങ്ങള്‍ നടത്തിയാലേ ഇത് വ്യക്തമാകൂവെന്നും അദ്ദേഹം പറയുന്നു. 

ഇഎംസി: ആനകളുടെ ജഡങ്ങള്‍ കാണുന്നത് ജലാശയത്തിനരികിലാണ് എന്നതിനാല്‍ അവ ചെരിയുന്നതിന് കാരണം ആ ജലമാണ് എന്ന് ഉറപ്പിക്കാനും കഴിയില്ല. ചിലപ്പോള്‍ അസുഖം ബാധിച്ച ആനകള്‍ ദാഹം കൊണ്ട് ഇവിടെയെത്തുന്നതുമാവാം എന്നും വിദഗ്ദ്ധര്‍ പറയുന്നു. ഒകാവാങ്കോ ഡെൽറ്റയിലെ പ്രദേശങ്ങളിൽ കൃഷി വ്യാപകമാണ്, വരണ്ട വർഷങ്ങളെത്തുടർന്ന് 2020 -ൽ മഴ ലഭിച്ചതിനാൽ ഈ വർഷം ചോളവും മറ്റും ഇവിടെ കൃഷി ചെയ്‍തിരുന്നു. ഇത് ആനകളെ അങ്ങോട്ടേക്ക് ആകർഷിക്കാനും എലിശല്യം വർദ്ധിപ്പിക്കാനുമെല്ലാം ഇടയാക്കിയിട്ടുണ്ട്. എലികള്‍ ഇവിടെ മലമൂത്രവിസര്‍ജ്ജനം നടത്തുകയും ആനകള്‍ ഇതേ സ്ഥലത്ത് എത്തുകയുമുണ്ടായിട്ടുണ്ട്.

ആനകൾ തുമ്പിക്കൈ ഉപയോഗിച്ച് പുല്ല് പിടിച്ചെടുത്ത് മുഴുവനുമാണ് (എലി മലം ഉൾപ്പെടെ) കഴിക്കുന്നത്. ഇതിലൂടെ ആനകളില്‍ EMC വൈറസ് ബാധയുണ്ടായേക്കാം എന്നാണ് സംശയിക്കുന്നത്. എലികളുള്ള മൃഗശാലകളില്‍ നേരത്തെ ആനകളിലേക്ക് ഇത്തരം വൈറസ് പകരുകയും ആന ചെരിയുന്നതിന് കാരണമാവുകയും ചെയ്‍തിട്ടുണ്ട് എന്നത് ഈ സാധ്യത വര്‍ധിപ്പിക്കുന്നു. ആന വീണ രീതിയും ഇതാണ് കാണിക്കുന്നതെന്നാണ് പറയുന്നത്. ചിലപ്പോള്‍ വൈറസ് ബാധയേറ്റ ആന ഇരുപത് മിനിറ്റിനകം തന്നെ ചെരിയാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല, ആനകളെ കൂടാതെ ഈ പ്രദേശത്ത് ഒരു കുതിര കൂടി ചത്തിട്ടുണ്ട്. ഈ വൈറസ് കുതിരകളെയും ബാധിക്കാം എന്നതും ആനകളുടെ കൂട്ടമരണത്തിന് കാരണം ഇംഎംസി ആയിരിക്കാം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. 

എന്നാല്‍, ബോട്‍സ്വാന അധികൃതര്‍ ഈ കാരണവും തള്ളിക്കളഞ്ഞിരിക്കുകയാണ്. മൃഗങ്ങളുടെ ആന്തരികാവയവങ്ങളിലും മറ്റും നടത്തിയ പരിശോധനയില്‍ തെളിവൊന്നുമില്ല എന്നതായിരുന്നു കാരണം. പക്ഷേ, എത്ര ജഡങ്ങള്‍ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമല്ല. ഏതായാലും കൂടുതല്‍ പരിശോധന നടന്നുവെങ്കില്‍ മാത്രമേ ഈ മരണങ്ങളുടെ യഥാര്‍ത്ഥ കാരണം എന്താണ് എന്ന് കണ്ടെത്താന്‍ സാധിക്കൂ. 

Follow Us:
Download App:
  • android
  • ios