പിറന്ന നാട്ടിൽ തന്നെ അഭയാർത്ഥികളാകാൻ വിധിക്കപ്പെടുക. സ്വന്തം നാട്ടുകാരാൽ തന്നെ വേട്ടയാടപ്പെടുക. സ്വന്തം ഭരണകൂടത്തിനോടുതന്നെ ദേശഭക്തി തെളിയിക്കാൻ നിർബന്ധിതരാകുക. എന്ത് ദുരന്തമാണല്ലേ അതൊക്കെ. ചുരുക്കിപ്പറഞ്ഞാൽ അതൊക്കെയാണ് ചൈനയിലെ ഉയ്‌ഗുറുകളുടെ അവസ്ഥ. സ്വന്തം രാജ്യത്തോട് കൂറില്ല എന്നാരോപിക്കപ്പെട്ട് ചൈനയിലെ ഡിറ്റൻഷൻ ക്യാമ്പുകളിൽ അടക്കപ്പെട്ടിരിക്കുന്നത് ഏകദേശം പത്തു ലക്ഷത്തോളം ഉയ്‌ഗുറുകളാണ്. 

അവരിൽ പലരും ഒരു സുപ്രഭാതത്തിൽ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. അങ്ങനെ ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും അച്ഛനില്ലാതായ മക്കളുണ്ട്, ഭർത്താക്കന്മാരെ ജീവിതത്തിൽ നിന്നും അനിശ്ചിതകാലത്തേക്ക് കൈവിട്ട ഭാര്യമാരുണ്ട്. മക്കളെപ്പറ്റി ഒന്നുമറിയാതെ ആധിപൂണ്ടു കഴിയുന്ന അമ്മമാരും, സഹോദരന്മാരെപ്പറ്റിയുള്ള വിവരമറിയാൻ കഴിയാതെ വേവലാതിപ്പെടുന്ന സഹോദരിമാരുമുണ്ട്. എന്നാലും, അവർ തങ്ങളുടെ പ്രതീക്ഷകൾ കൈവിടുന്നില്ല. 

സാങ്കേതിക വിദ്യയുടെ സഹായത്തോടെ തങ്ങളുടെ സങ്കടങ്ങളെ മറികടക്കാൻ അവർ പരിശ്രമിക്കുകയാണ്. അതിന് അവർക്ക് ഉപകരിക്കുന്നത് ടിക്ടോക് എന്ന ഒരു സോഫ്റ്റ് വെയറാണ്. ഈ ടിക്ടോക് വീഡിയോകളിലൂടെ തങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങളെ, മാലോകർക്ക് മുന്നിൽ കൊണ്ടുവെക്കുകയാണ് ഉയ്‌ഗുർ ജനത. 

ഉദാഹരണത്തിന് ഈ വീഡിയോയിൽ കാണുന്ന കുഞ്ഞിന്റെ അച്ഛനെ തീരെ കുഞ്ഞായിരിക്കുമ്പോൾ ചൈനീസ് സർക്കാർ തടവിലാക്കിയതാണ്. അച്ഛന്റെ മടിയിൽ കിടക്കാനുള്ള തന്റെ ആഗ്രഹം കുട്ടി പൂർത്തീകരിക്കുന്നത്  ടിക്ടോകിൽ ഫോട്ടോയോടൊപ്പം കിടന്നുകൊണ്ടാണ്. 

"

ഈ വീഡിയോയിൽ തന്റെ ഭർത്താവിനൊപ്പം ഒരേ ഫ്രയ്മിൽ വരാനായി സന്തോഷത്തിൽ കരഞ്ഞു പോകുന്നുണ്ട് ഒരു സ്ത്രീ. 

"

വീഡിയോയിലെ സ്നേഹിതന്റെ താടിയിൽ  തടവിക്കൊണ്ട് ചിരിക്കാൻ ശ്രമിക്കുന്ന മറ്റൊരു യുവതിയുടെ കണ്ണിൽ അറിയാതെ കണ്ണുനീർ പൊടിയുന്നുണ്ട്.

"

അത്തരത്തിലുള്ള വീഡിയോകളിൽ പലതിലും പശ്ചാത്തല സംഗീതം അത്ര ശ്രുതി ചേർന്നെന്നു വരില്ല. തങ്ങളുടെ ജീവിതത്തിൽ നിന്നും അവിചാരിതമായി മാഞ്ഞുപോയവരുടെ ചിത്രങ്ങളോടൊപ്പം തങ്ങളുടെ വീഡിയോകൾ ചേർത്തുകൊണ്ട് ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ടുനിൽക്കുന്ന ചില വീഡിയോകളാണ് അവർ ടിക്ടോകിലൂടെ ഉണ്ടാക്കുന്നത്. സംഗീതം പലപ്പോഴും ഒന്നുതന്നെയാവാറുമുണ്ട്. ഇപ്പോൾ ഈ വിഡിയോകൾ പുറത്തുവന്നതിനെ, ചൈനീസ് സർക്കാർ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് നൽകിയതിന്റെ സൂചനയായിട്ടാണ് പലരും കാണുന്നത്.

ഉയ്‌ഗുറുകൾ  സ്വന്തം ജീവിതത്തിൽ നിന്നും അപ്രത്യക്ഷരായത് എങ്ങനെയാണ്..? 

സിൻജിയാങ്ങ് പ്രവിശ്യയിൽ നിന്നുള്ള മുസ്ലിംകളെയാണ് ഉയ്‌ഗുറുകൾ എന്ന് വിളിക്കുന്നത്. ടർക്കിഷ് വംശീയപാരമ്പര്യമുള്ള ചൈനീസ് മുസ്ലിംകൾ ആണ് ഇവർ. ഏകദേശം പതിനാറു ലക്ഷം ഉയ്‌ഗുർ മുസ്ലിംകളാണ് സിൻജിയാങ്ങ് പ്രവിശ്യയിലുള്ളത്. ഏതാണ്ട് പത്തുവർഷം മുമ്പാണ് ചൈനയിലെ ഹാൻ വംശജരും ഉയ്‌ഗുർ മുസ്ലിംകളും തമ്മിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ചെറിയ സംഘർഷങ്ങളിൽ തുടങ്ങിയ ആ കലാപം അന്ന് ഇരുനൂറോളം പേരുടെ മരണത്തിന് കാരണമായി. 

അതിനെ ചൈനീസ് പട്ടാളം നിർദ്ദയം അടിച്ചമർത്തി.  അന്നുമുതൽ ചൈനീസ് ഗവണ്മെന്റിന്റെ കണ്ണിലെ കരടാണ് ഉയ്‌ഗുറുകൾ. അവർക്ക് വേണ്ടത്ര രാജ്യസ്നേഹവും ചൈനീസ് ആത്മബോധവും ഇല്ലെന്നുള്ള നിഗമനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നു. 

തുടർന്ന് നടന്നത് കടുത്ത വേട്ടയാടൽ നടപടികളാണ്.  കലാപവുമായി ബന്ധപ്പെട്ട് നിരവധിപേർ തുറുങ്കിലടക്കപ്പെട്ടു. കൃത്യമായ നടപടികളോട് കൂടിയ അറസ്റ്റുകളൊന്നുമല്ല നടന്നത്. ഒരു സുപ്രഭാതത്തിൽ ആളുകൾ അവരവരുടെ ജീവിതങ്ങളിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച് പൊലീസിനെ സമീപിച്ചവർക്ക്‌ നേരെപ്പോലും കടുത്ത നടപടികളുണ്ടായി. ആകെ ഭീതിയുടെ ഒരു അന്തരീക്ഷം നിലവിൽ വന്നു. 

തെരുവായ തെരുവുകളിലെല്ലാം 'ഫേഷ്യൽ റെക്കഗ്നിഷൻ' സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നൂറുകണക്കിന് സിസിടിവി കാമറകൾ സ്ഥാപിക്കപ്പെട്ടു. അടുത്ത് വന്നത് മതത്തിന്മേലുള്ള നിയന്ത്രണങ്ങളായിരുന്നു. ഉയ്‌ഗുറുകൾക്ക് ഇസ്ലാം മതചടങ്ങുകൾ പരസ്യമായി ആചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. 2015-ൽ വന്ന ഭീകരവാദ വിരുദ്ധ നിയമവും, 2017-ൽ വന്ന തീവ്രവാദ നിയന്ത്രണ നിയമവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. പ്രദേശത്ത് വൻതോതിലുള്ള ഡിഎൻഎ സാമ്പിൾ കളക്ഷൻ നടന്നു. തെരുവുകളിലെല്ലാം തന്നെ പട്ടാളം ചെക്ക് പോയന്റുകൾ സ്ഥാപിച്ചു. മൊബൈൽ ഫോണുകൾ വ്യാപകമായി ടാപ്പ് ചെയ്യപ്പെട്ടു. പട്ടാളം വഴിയിൽ തടഞ്ഞു നിർത്തി ആളുകളുടെ ഫോണുകൾ പരിശോധിച്ചുതുടങ്ങി. 

 ചൈനീസ് സർക്കാർ അറസ്റ്റുചെയ്തുകൊണ്ടുപോയ പതിനായിരക്കണക്കിന് ഉയ്‌ഗുർ മുസ്ലിംകളെ 'പുനർ-വിദ്യാഭ്യാസം ' ( Re-education) അഥവാ ചൈനീസ് വൽക്കരണം നടത്താനായി കൂട്ടത്തോടെ ക്യാമ്പുകളിൽ അടക്കാൻ സർക്കാർ തീരുമാനിച്ചു. അവിടെ അവർ 'നന്നാകും' വരെ അവർക്ക് ചൈനീസ് സംസ്കാരത്തിന്റെയും, ദേശസ്നേഹത്തിന്റെയും മറ്റും ക്‌ളാസ്സുകൾ നൽകപ്പെടും.  അവർ യഥാർത്ഥ ചൈനീസ് പൗരന്മാരായി എന്ന് സർക്കാരിന് ബോധ്യപ്പെടും വരെ തങ്ങളുടെ ഉറ്റവരിൽ നിന്നും വേർപെടുത്തപ്പെട്ട് ഈ ക്യാമ്പുകളിൽ കൂട്ടത്തോടെ കഴിയണം അവർ. 


പുനർ-വിദ്യാഭ്യാസ - ചൈനീസ് അവബോധ  ക്യാമ്പുകൾ 

2015-ലാണ് ആദ്യമായി ഇത്തരത്തിൽ ഒരു ക്യാമ്പിനെപ്പറ്റിയുള്ള രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടുന്നത്. അധികം താമസിയാതെ തന്നെ ചൈനീസ് സർക്കാർ ബിബിസിയുടെ ഒരു പ്രതിനിധിയെ ഔപചാരികമായിത്തന്നെ ഇത്തരത്തിലുള്ള ഒരു ഉയ്‌ഗുർ പുനർ-വിദ്യാഭ്യാസ ക്യാമ്പിലേക്ക് ക്ഷണിച്ചു. അവിടെ സന്തോഷത്തോടെ ആടിപ്പാടിയും, തൊഴിൽ പരിശീലിച്ചും, ചൈനീസ് ഭാഷയും, സാഹിത്യവും, സംഗീതവും അഭ്യസിച്ചും ഉല്ലസിക്കുന്ന ആയിരക്കണക്കിന് പേരുടെ ദൃശ്യങ്ങളാണ് ബിബിസിക്ക് പകർത്താനായി കിട്ടിയത്. 

ചിരിക്കാൻ നിർബന്ധിതമായ ആ മുഖങ്ങളുടെ പിന്നിൽ,  തങ്ങളുടെ പ്രിയപ്പെട്ടവരോട്, ഒരു വാക്കു കൊണ്ടുപോലും  ഒന്ന് യാത്ര പറഞ്ഞിട്ട് പോരാൻ പറ്റാത്തതിന്റെ സങ്കടം ഒളിച്ചിരിപ്പുണ്ടാവും.  എന്നാലും ഉയ്‌ഗുറുകൾക്ക്  പ്രതീക്ഷയുണ്ട്, അധികം താമസിയാതെ തന്നെ തങ്ങളുടെ ദേശഭക്തി വർധിക്കും, ചൈനീസ് അവബോധം മെച്ചപ്പെടും, തങ്ങളും മെയിൻ ലാൻഡ് ചൈനയിൽ ജീവിക്കാനുള്ള അര്ഹതയുള്ളവരാകും. അന്ന്, തങ്ങളുടെ ജീവിതങ്ങളിലേക്ക്, പ്രിയപ്പെട്ടവരുടെ അടുത്തേക്ക്  തിരികെച്ചെല്ലാൻ പറ്റും എന്നുള്ള ഒരു പ്രതീക്ഷയാകും ഒരു പക്ഷേ, അവരെ തങ്ങളുടെ സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ചും ടിവി കാമറകൾക്ക് മുന്നിൽ ചിരിച്ചു കാണിക്കാൻ പ്രേരിപ്പിക്കുന്നത്.