റോണി ലോംഗ് എന്ന നിരപരാധിയായ മനുഷ്യന്‍ ജയിലില്‍ കഴിഞ്ഞത് നീണ്ട 44 വര്‍ഷമാണ്. ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ജയിലഴികള്‍ക്കുള്ളില്‍ ചെലവഴിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ തനിക്കര്‍ഹമായ നഷ്‍ടപരിഹാരത്തിന് വേണ്ടിയുള്ള നിയമയുദ്ധം നടത്താനുള്ള ഒരുക്കത്തിലാണ്. ലോം​ഗിന് നഷ്‍ടപരിഹാരമായി $750,000 രൂപ (ഏകദേശം 55838069.25 രൂപ) രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ജീവിതത്തിലെ നീണ്ട വർഷങ്ങൾ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വന്ന തനിക്ക് ആ രൂപ പോരാ എന്നാണ് ലോം​ഗ് പറയുന്നത്. അതിന് അദ്ദേഹത്തിന് വ്യക്തമായ കാരണങ്ങളും ഉണ്ട്. 

1976 -ല്‍ വെളുത്ത വര്‍ഗക്കാരിയായ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്നതായിരുന്നു കറുത്ത വര്‍ഗക്കാരനായ ലോംഗിന് മീതെ ചുമത്തിയ കുറ്റം. വെളുത്ത വര്‍ഗക്കാര്‍ മാത്രമടങ്ങിയ ജൂറി ലോംഗ് പീഡനത്തിനും മോഷണത്തിനും കുറ്റക്കാരനാണ് എന്ന് വിധിച്ചു. ജീവപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്. നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ലോംഗ് ഇത്രയും കാലം. നിരവധി അപ്പീലുകള്‍ക്കും നിരന്തരമായ ശ്രമങ്ങള്‍ക്കും ഒടുവില്‍ ലോംഗ് കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടു. 2020 -ല്‍ ഗവര്‍ണര്‍ ലോംഗിന് മാപ്പ് നല്‍കി. 

നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ അറുപത്തിയഞ്ചുകാരനായ ലോംഗിന് ജയിലില്‍ കിടന്ന കാലത്തേക്കുള്ള പ്രതിഫലം നല്‍കേണ്ടതുണ്ട്. വര്‍ഷം $50,000 രൂപ ആയിട്ടാണ് കണക്കാക്കുന്നത്. എന്തായാലും ആകെ തുകയായി $750,000 രൂപയാണ് ലോം​ഗിന് നൽകാൻ വിധിയായത്. ജയിലിലായി 15 വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ജയിലില്‍ നിന്നും കിട്ടുന്ന ശമ്പളവും നിര്‍ത്തലാക്കിയിരുന്നു. 'ലോംഗിന് ഇത്രയും രൂപ നഷ്‍ടപരിഹാരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, നീണ്ട 44 വര്‍ഷക്കാലമാണ് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടത്. അത് പരിഹരിക്കാന്‍ ഈ തുക തീര്‍ത്തും അപര്യാപ്‍തമാണ്' എന്നാണ് ലോംഗിന്‍റെ അറ്റോര്‍ണി ജാമി ലാവു സിഎന്‍എന്‍ -നോട് പറഞ്ഞത്. 

'ലോംഗിന്‍റെ അച്ഛനും അമ്മയും മരിക്കുമ്പോഴെല്ലാം അദ്ദേഹം തടവറയിലായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍റെ എത്രയോ പിറന്നാളുകള്‍ കഴിഞ്ഞു പോയി. അവന്‍ ബിരുദം നേടി. അപ്പോഴെല്ലാം അദ്ദേഹം തടവറയില്‍ തന്നെ ആയിരുന്നു. ആ നീണ്ട 44 വര്‍ഷക്കാലം എല്ലാ തരത്തിലും അദ്ദേഹത്തിന് നഷ്‍‍ടപ്പെട്ടു. ഈ കിട്ടിയ തുകയേക്കാള്‍ വലിയൊരു തുക അദ്ദേഹം അര്‍ഹിക്കുന്നുണ്ട്' എന്നും ലാവു പറയുന്നു. 

മനപ്പൂര്‍വം തന്നെ തടവിലാക്കിയ സ്റ്റേറ്റിനെതിരെ നിയമയുദ്ധം നടത്തുമെന്നും അര്‍ഹിക്കുന്ന തുക തന്നെ നേടിയെടുക്കുമെന്നും ലോംഗ് പറഞ്ഞു. 'ചെയ്യാത്ത കുറ്റത്തിന് ഇക്കണ്ട കാലമത്രയും തന്നെ ജയിലഴിക്കുള്ളിലാക്കിയത് മനപ്പൂര്‍വമാണ്. ഡിഎന്‍എ പരിശോധന നടത്തി കുറ്റവിമുക്തനാക്കപ്പെടുന്ന ഒരാളുടെ കേസുമായി എന്‍റെ കേസ് എങ്ങനെ താരതമ്യപ്പെടുത്തും? എന്‍റെ ജീവിതത്തിന് വെറും ഇത്ര രൂപയേ വിലയുള്ളൂ എന്ന് നിങ്ങള്‍ എങ്ങനെ പറയും? ഒരാളുടെ ജീവിതത്തിന്‍റെ വില ഇത്രയാണ് എന്ന് ആര്‍ക്കും പറയാനാവില്ല.' -ലോം​ഗ് പറയുന്നു. 

'ഒരുപാട് പേര്‍ തന്നെ ജയിലില്‍ നിന്നും ഇറങ്ങാന്‍ സഹായിച്ചിട്ടുണ്ട്. അവരുടെ ഓരോരുത്തരുടെയും പേര് എടുത്ത് പറയുന്നില്ല. പക്ഷേ, അതില്‍ നിയമനിര്‍മ്മാതാക്കളാരും ഉണ്ടായിരുന്നില്ല. അത് ഒരു കേക്ക് ഉണ്ടാക്കുന്നതു പോലെയായിരുന്നു. അവസാനം ഇപ്പോഴാണ് അതിലേക്ക് എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ക്കാന്‍ കഴിയുന്നത്. തനിക്ക് ഇത് സംഭവിച്ചു, നാളെ ആര്‍ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം. അതിനാല്‍ തന്നെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോഴാണ് താന്‍ ജീവിച്ച് തുടങ്ങുന്നത് എന്നും ലോംഗ് പറഞ്ഞു. താന്‍ 50 വര്‍ഷത്തിലാദ്യമായി ഒരു കാര്‍ വാങ്ങി. ഇനി ഭാര്യക്കൊപ്പം ഒരു വീട് വാങ്ങണം. ഇനിയെങ്കിലും തനിക്ക് ജീവിക്കണമെന്നും അദ്ദേഹം പറയുന്നു. 

എന്താണ് അന്ന് നടന്നത്? 

സംഭവങ്ങൾ ആരംഭിക്കുന്നത് 1976 ഏപ്രിൽ മാസം 25 -നാണ്. രാത്രി ഒമ്പതരയോടെ പൊലീസിന് ഒരു കോൾ വന്നു. ഷാർലറ്റിന്റെ പ്രാന്തപ്രദേശമായ കോൺകോർഡിലെ 54 -കാരിയായ സാറാ ബോസ്റ്റിന്റെ വീട്ടിൽ ആരോ അതിക്രമിച്ചു കടന്നിരിക്കുന്നു. കോടതിരേഖകൾ അനുസരിച്ച് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ഒരാൾ രാത്രി അവരുടെ വീട്ടിൽ പ്രവേശിച്ചു. സ്ത്രീയുടെ തൊണ്ടയിൽ കത്തി അമർത്തി അവരോട് പണം ആവശ്യപ്പെട്ടു. പണം നൽകാൻ ബോസ്റ്റിന് കഴിയാതെ വന്നപ്പോൾ, അയാൾ ദേഷ്യപ്പെട്ട്, അവരെ നിലത്തേയ്ക്ക് തള്ളിയിട്ടു. വസ്ത്രങ്ങൾ വലിച്ചുകീറി, അടിക്കുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്‍തു. 

ഒടുവിൽ ആ മനുഷ്യൻ വീടുവിട്ടു എന്നുറപ്പായപ്പോൾ, ബോസ്റ്റ് അയൽവാസിയുടെ വീട്ടിലേക്ക് ഓടിച്ചെന്നു. ഒരു ആഫ്രിക്കൻ-അമേരിക്കൻ പുരുഷൻ തന്നെ ബലാത്സംഗം ചെയ്‍തതായി അയൽക്കാരനോട് അവർ പറഞ്ഞു. തുടർന്ന്, കോൺകോർഡ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ബോസ്റ്റ് തന്നെ അക്രമിച്ചയാളുടെ ഉയരം, താടി, വസ്ത്രം എന്നിവയെക്കുറിച്ച് വിശദമായ വിവരണം നൽകി. പിറ്റേന്ന്, പതിമൂന്ന് പേരുടെ ഫോട്ടോ ഉദ്യോഗസ്ഥർ ബോസ്റ്റിനു മുന്നിൽ നിരത്തി. പക്ഷേ, അതിൽ അക്രമകാരിയുടെ ചിത്രം ഇല്ലായിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷം ഉദ്യോഗസ്ഥർ ബോസ്റ്റിനെ ജില്ലാ കോടതിയിലേക്ക് കൊണ്ടുപോയി. ബലാത്സംഗം ചെയ്‍തയാൾ കോടതിയിൽ ഉണ്ടായിരിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

1976 മെയ് 10 -ന്, മറ്റൊരു കേസിൽ കോടതിയിൽ ഹാജരായ റോണി ലോംഗിനെ കണ്ട ബോസ്റ്റ്, അദ്ദേഹത്തെ ചൂണ്ടിക്കാണിച്ച്, വീട്ടിൽ പ്രവേശിച്ച വ്യക്തി അയാളാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. കേസിൽ ബോസ്റ്റിന്റെ ആ സാക്ഷ്യം നിർണായകമായി. എന്നാലും കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. എന്നിട്ടും വെള്ളക്കാരായ ജൂറി രണ്ടാമതെന്ന് ആലോചിക്കാതെ ശിക്ഷ വിധിച്ചു. ബോസ്റ്റ് അതിനുശേഷം മരിക്കുകയും ചെയ്‌തു. പിന്നീട് ലോംഗ് അതിന്മേൽ സംസ്ഥാന, ഫെഡറൽ കോടതിയിൽ നിരവധി അപേക്ഷകൾ സമർപ്പിച്ചെങ്കിലും, ഒന്നും ഫലപ്രദമായില്ല. വിചാരണ കഴിഞ്ഞ് 30 വർഷത്തിനുശേഷം 2005 -ൽ, സംഭവസ്ഥലത്തു നിന്നുള്ള തെളിവുകൾ അവലോകനം ചെയ്യാനും ഡിഎൻഎ പരിശോധനയ്ക്ക് സമർപ്പിക്കാനുമായി അദ്ദേഹം ഒരു നിവേദനം കൂടി നൽകി. അങ്ങനെ എല്ലാ തെളിവുകളും കണ്ടെത്താനും സംരക്ഷിക്കാനും അന്വേഷകരോട് ജഡ്‍ജി ഉത്തരവിടുകയായിരുന്നു.  

അതൊരു കച്ചിത്തുരുമ്പായി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ മുടി സാമ്പിളുകളും, വസ്ത്രത്തിന്‍റെ ഭാഗങ്ങളും ഒന്നും ലോംഗിന്റെതുമായി പൊരുത്തപ്പെട്ടില്ല. 1976 -ലെ ലോംഗിന്റെ വിചാരണയുടെ ഘട്ടത്തിൽ ആ തെളിവുകളൊന്നും പ്രതിഭാഗവുമായി പങ്കുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് 2015 -ൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് എടുത്ത 43 വിരലടയാളങ്ങളിലും ലോംഗിന്റെ വിരലടയാളം ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

അങ്ങനെ ഒടുവിൽ എല്ലാ ആരോപണങ്ങളും അസത്യമാണ് എന്ന് കണ്ടതോടെ ലോംഗിന്റെ നിരപരാധിത്വം കോടതിയ്ക്ക് ബോധ്യമായി. ഈ വിധിയോടെ അദ്ദേഹത്തിന് തിരിച്ച് കിട്ടിയത് അദ്ദേഹത്തിന്റെ നഷ്ടമായ ജീവിതമാണ്, കുടുംബമാണ്. ഭാര്യക്കും, കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനും മാതാപിതാക്കളുടെ കല്ലറകൾ സന്ദർശിക്കാനുമാണ് താൻ ഇനി ആ​ഗ്രഹിക്കുന്നത് എന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ടപ്പോൾ അദ്ദേഹം പറയുകയുണ്ടായി. കൂടാതെ,ഇതുകൂടി അന്ന് അദ്ദേഹം പറഞ്ഞു, "എന്റെ കാര്യമോർത്ത് അമ്മയും അച്ഛനും ഹൃദയം പൊട്ടിയാണ് മരിച്ചതെന്ന് എനിക്കറിയാം. ഞാൻ കല്ലറ സന്ദർശിക്കുമ്പോൾ അവരോട് പറയും, നിങ്ങളുടെ മകൻ നിരപരാധിയായിരുന്നു, അവൻ തിരിച്ചുവന്നിരിക്കുന്നു..."

(ആദ്യചിത്രത്തിൽ ഭാര്യയ്ക്കൊപ്പം റോണി ലോം​ഗ്, അകത്തെ ചിത്രങ്ങൾ പ്രതീകാത്മകം)