Asianet News MalayalamAsianet News Malayalam

നിര്‍ഭയ കേസ്: തുമ്പില്ലാത്ത കേസില്‍ നിന്ന് കഴുമരം വരെ, ഈ വിജയത്തിൽ ഡിസിപി ഛായാ ശർമയ്ക്കും അഭിമാനിക്കാം

തങ്ങൾ ചെയ്ത കുറ്റം മറച്ചുവെക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും പ്രതികൾ പരമാവധി പരിശ്രമിച്ചു. മനുഷ്യസാധ്യമായതെന്തും ചെയ്ത് അവരെ നിയമത്തിനുമുന്നിൽ കൊണ്ട് നിർത്താൻ ഡിസിപി ഛായാ ശർമ്മയും 

From a no evidence case to the gallows, justice to nirbhaya owes to dcp chaya sharma too
Author
Delhi, First Published Mar 20, 2020, 5:52 AM IST

അങ്ങനെ ഒടുവിൽ നിർഭയ കേസിൽ നീതി നടപ്പിലായി. സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച നാലു പ്രതികളെയും ഇന്ന് പുലർച്ചെ ദില്ലി തിഹാർ ജയിലിൽ തൂക്കിലേറ്റി. ഇന്ന് ആശ്വാസത്തിന്റെ നിശ്വാസം പൊഴിക്കുന്നവരിൽ ഒരാൾ ഈ സംഭവം നടക്കുന്ന കാലത്ത് ദില്ലി സൗത്ത് ഡിസിപി ആയിരുന്ന ഛായാ സിംഗ് ഐപിഎസ് കൂടി ആയിരിക്കും. കാരണം, അവർ ഒറ്റയാളിന്റെ അന്വേഷണ ബുദ്ധി, അന്നത്തെ കമ്മീഷണർ ആയിരുന്ന നീരജ് കുമാർ ഐപിഎസിന്റെ ഇച്ഛാശക്തി, ദില്ലി പൊലീസ് ടീമിന്റെ സ്ഥിരോത്സാഹവും വിദഗ്ദ്ധമായ അന്വേഷണങ്ങളും, ഇത്രയുമാണ് സംഭവം വന്നു ദിവസങ്ങൾക്കുളിൽ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുനിർത്തുന്നതിലേക്ക് നയിച്ചത്.

ബലാത്സംഗക്കേസുകളിലെ അന്വേഷണങ്ങൾ ഏറെ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വശംവദമാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സ്ഥിരമായി സംഭവിക്കുന്നത് ഇങ്ങനെയാണ്. എഫ്‌ഐആർ എന്ന, ഒരു കേസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ രേഖ തൊട്ടിങ്ങോട്ട്, ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം, ശാസ്ത്രീയ തെളിവുശേഖരണം, ഫോറൻസിക് പ്രിന്റുകളുടെ ശേഖരണം, സാക്ഷിമൊഴികൾ രേഖപ്പെടുത്തൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലും പൊലീസ് മുതൽ പ്രോസിക്യൂട്ടർ വരെ ഉഴപ്പും. ആ സമയത്ത് യാതൊന്നും തന്നെ മാധ്യമങ്ങളിൽ വരില്ല.

എല്ലാം കഴിഞ്ഞ്, ഇനി തിരിച്ചുപിടിക്കാനാവാത്തവിധം തെളിവുകളും നശിച്ച്, കേസന്വേഷണത്തിലെയും വിചാരണയിലെയും മനഃപൂർവം ഉപേക്ഷിക്കപ്പെട്ട ലൂപ്‌ഹോളുകൾ മുതലെടുത്ത് കോടതിയിൽ ഏറെ ദുർബലമായ ഒരു വിചാരണയും കഴിഞ്ഞ് പ്രതികൾ ഊരിപ്പോരും. അപ്പോൾ മാധ്യമവിമർശനം, പൊലീസുകാർക്കെതിരെ സസ്പെൻഷനടക്കമുള്ള നടപടികൾ തുടങ്ങിയ പ്രഹസനങ്ങൾ വരും. പതുക്കെ കേസ് മറവിയിലേക്ക് മായും. എന്നാൽ, അങ്ങനെയല്ലാത്ത ചില കേസന്വേഷണങ്ങളും വിചാരണകളും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഉണ്ട്. നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കുന്ന ചിലത്. അത്തരത്തിലൊന്നാണ് ഇപ്പോൾ ഏകദേശം ശിക്ഷാനടപ്പിലാക്കലിന്റെ പടിവാതിലിൽ വരെ എത്തിനിൽക്കുന്ന ദില്ലി നിർഭയ കേസ്. 

ദില്ലി നിർഭയ കേസ് ഇന്ത്യൻ ക്രിമിനൽ കേസുകളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു കേസാണ്. 2012 ഡിസംബർ 16 -ന് രാത്രി,സുഹൃത്തിനൊപ്പം ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ ആ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചു. രാത്രിയിൽ ദക്ഷിണ ദില്ലിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടതിനുശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ് ലൈൻ ബസ്സിലാണ് പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിനും ശാരീരികാക്രമണത്തിലും വിധേയയായത്.

അനധികൃത സർവീസ് നടത്തുകയായിരുന്ന ആ ബസ്സിൽ നേരത്തെ ഉണ്ടായിരുന്നവർ ചേർന്ന് ശല്യം ചെയ്തപ്പോൾ അതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികൾ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവർ പെൺകുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെൺകുട്ടിയെ ഇരുമ്പുവടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയിൽ അക്രമികൾ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതാണ്ട് 11 മണിയോടെ, അർദ്ധനഗ്നാവസ്ഥയിൽ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികൾ കടന്നുകളഞ്ഞു. അതുവഴി പോയ ഒരാളാണ് അവശനിലയിൽ കിടന്ന അവരെ കണ്ടെത്തുന്നതും പൊലീസിൽ അറിയിക്കുന്നതും. 

From a no evidence case to the gallows, justice to nirbhaya owes to dcp chaya sharma too

പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു. ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയർത്തി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, ഡൽഹിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന ഈ പ്രതിക്ഷേധം വലിയ വിവാദങ്ങൾക്ക് കാരണമായി. 

From a no evidence case to the gallows, justice to nirbhaya owes to dcp chaya sharma too

ഈ കേസിന്റെ അന്വേഷണം ബലാത്സംഗക്കേസുകളുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ഒന്നാണ്. പോലീസ് സംഘത്തിന്റെ ഭാഗത്തു നിന്ന് മാസങ്ങളോളം നീണ്ടുനിന്ന, വളരെ പ്രൊഫഷണലായ അന്വേഷണവും, തെളിവ് ശേഖരണവും ഒക്കെ ഉണ്ടായി. ഫലപ്രദമായ രീതിയിൽ പ്രവർത്തിച്ച പോലീസ്, പ്രോസിക്യൂഷൻ സംവിധാനങ്ങൾ ചേർന്ന് കോടതിയിൽ പഴുതടച്ചു സമർപ്പിച്ച കുറ്റപത്രം, സംഭവം നടന്നിട്ട് ഏഴുവർഷം കഴിഞ്ഞിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും, ഇതാ പ്രതികളെ കഴുമരത്തിനു തൊട്ടടുത്തുവരെ എത്തിച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യം മുതലാക്കി ഒരു പ്രതിമാത്രമാണ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. ഇതിനിടെ ഒരിക്കൽപോലും അവർക്ക് ജാമ്യത്തിൽ വെളിയിലിറങ്ങാനുള്ള സാഹചര്യം പോലീസ് സൃഷ്ടിച്ചിട്ടില്ല. പിടികൂടിയ ഓരോരുത്തരുടെയും ഈ കുറ്റകൃത്യത്തിലുള്ള പങ്ക് സംശയാതീതമായി കോടതിക്കുമുന്നിൽ തെളിയിക്കാൻ അന്വേഷണസംഘവും അഭിഭാഷകരും കാണിച്ച ശുഷ്‌കാന്തി അനുകരണീയമായ ഒന്നാണ്.  നിർഭയ കേസിൽ ആദ്യം മുതൽ ഇടപെട്ടിട്ടുള്ള, നിർണായകമായ സംഭാവനകൾ ഇതിൽ നൽകിയിട്ടുള്ള അവരെ നമുക്ക് പരിചയപ്പെടാം. 

ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഇൻ ചാർജ്ജ്, ഡിസിപി സൗത്ത്, ഛായ ശർമ്മ ഐപിഎസ് 

41  പൊലീസുകാർ, 5  ദിവസം - യാതൊരു തുമ്പുമില്ലാതിരുന്ന ആ കേസ് തെളിയിക്കാൻ ഛായാ ശർമ്മ ഐപിഎസിന്  വേണ്ടി വന്നത് ഇത്രമാത്രമാണ്. ഒരു തെളിവുമില്ലാത്ത ഒരു 'ഡെഡ് എൻഡിൽ' നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അർദ്ധബോധാവസ്ഥയിൽ പിറുപിറുത്തുകൊണ്ടിരിക്കുന്ന പെൺകുട്ടി. തന്റെ സാന്നിധ്യത്തിൽ കാമുകി ബലാത്സംഗത്തിനിരയായിട്ടും അത് തടയാനാവാതിരുന്നതിന്റെ സങ്കടത്തിലും, ഏൽക്കേണ്ടിവന്ന മർദ്ദനങ്ങളുടെ ആഘാതത്തിലും, ആ സംഭവം ഏൽപ്പിച്ച  ഷോക്കിലും ആകെ പരിഭ്രമിച്ചിരിക്കുന്ന യുവാവ്. അപരിചിതരായ അക്രമികൾ. അപരിചിതമായ ഒരു ബസ്സിൽ നടന്ന അക്രമം. അക്രമശേഷം അപ്രത്യക്ഷമായ ബസ്. യുപി, ഹരിയാന എന്നീ രണ്ടു സംസ്ഥാനങ്ങളോട് ദില്ലിക്കുണ്ടായിരുന്ന സാമീപ്യവും, പ്രതികൾ ഒരിക്കലും പിടിക്കാനാവാത്തവണ്ണം രക്ഷപെടാനുള്ള സാധ്യത മലർക്കെ തുറന്നിട്ടിരുന്നു എന്നുവേണം പറയാൻ. 

From a no evidence case to the gallows, justice to nirbhaya owes to dcp chaya sharma too

എട്ടുപേരടങ്ങുന്ന ഒരു കോർ ടീം ഉണ്ടാക്കി ഛായാ ശർമ്മ. അവർ രാപ്പകൽ ഉറക്കമില്ലാതെ അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചു. കൃത്യമായ അന്വേഷണം. കിട്ടിയ നേരിയ കച്ചിത്തുരുമ്പുകളിൽ പിടിച്ചു കേറി നടത്തിയ തിരച്ചിലുകൾ. ദില്ലിയുടെ തെരുവുകളിൽ പൊലീസിന് ഉണ്ടായിരുന്ന ഇൻഫോർമർ നെറ്റ്‌വർക്കിന്റെ ഫലപ്രദമായ ഉപയോഗം. ഒടുവിൽ അവർ നൽകിയ ആയിരം പേജുള്ള ഒരു കുറ്റപത്രം പിന്നീട് ഒരു സംശയത്തിനും ഇടയുണ്ടാക്കുന്ന ഒന്നായിരുന്നില്ല. 

അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പി സി കുശ്വാഹയായിരുന്നു ഛായാ ശർമ്മയ്ക്കുമേൽ പരോക്ഷമായി കേസിനെ നിരീക്ഷിച്ചിരുന്നത്. അദ്ദേഹം തന്നെയായിരുന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ തലവനും. രണ്ടായി തിരിഞ്ഞുകൊണ്ടായിരുന്നു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രവർത്തനം. ഒരു ടീം തെളിവുകൾ ശേഖരിച്ചുകൊണ്ടിരുന്നപ്പോൾ, രണ്ടാമത്തെ ടീം അതിനെ കോടതിയിലെ വിചാരണയ്ക്ക് ചേരുംവിധം പഴുതടച്ചുകൊണ്ട് കുറ്റപത്രത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. 

ആദിമധ്യാന്തം കൂട്ടുനിന്ന ഡിഎൻഎ ടെസ്റ്റ് ഫലങ്ങൾ 

ഇത്രയധികം വട്ടം ഡിഎൻഎ ടെസ്റ്റ് നടത്തിയ ഒരു കേസ് ഇന്ത്യൻ ക്രിമിനൽ ഹിസ്റ്ററിയിൽ വേറെ കാണില്ല. ഓരോ ഘട്ടത്തിലും അവർ തെളിവുകളെ അരക്കിട്ടുറപ്പിച്ചിരുന്നത് ഡിഎൻഎ ടെസ്റ്റിലൂടെ സാമ്പിളുകൾ മാച്ചുചെയ്തുകൊണ്ടായിരുന്നു. പല്ലുകൾ മുതൽ, കുറ്റാരോപിതരുടെ വസ്ത്രങ്ങളിലെ കറകൾ വരെ. വിവസ്ത്രരാക്കി പുറത്തു തള്ളിയപ്പോൾ, അഴിച്ചെടുത്തിരുന്ന ഇരകളുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞിരുന്നു പ്രതികൾ. എന്നാൽ കത്തിച്ചേടത്ത് പൂർണമായും കത്താതെ ബാക്കിവന്ന തുണിക്കഷ്ണഗങ്ങളിൽ ഡിഎൻഎ ടെസ്റ്റ് നടത്തി അത് ഇരകളുടേതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ സംഘത്തിനായി. 

ബസ്സിനുള്ളിൽ നിന്ന് കിട്ടിയ നിർണ്ണായക വിവരങ്ങൾ 

സംഭവം നടന്ന ശേഷം പാർക്കിങ് ലോട്ടിൽ കൊണ്ട് ചെന്നിടും മുമ്പ് പ്രതികൾ തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സിന്റെ ഉൾഭാഗം കഴുകിയിറക്കിയിരുന്നു. എന്നിട്ടും, ബസ്സിനുള്ളിൽ വെള്ളമോ, ചൂലോ എത്താത്തിടങ്ങളിൽ ഒളിച്ചിരുന്ന രക്തത്തുള്ളികളിൽ ഡിഎൻഎ ടെസ്റ്റ് നടത്തി ബലാത്സംഗം നടന്നത് കസ്റ്റഡിയിലെടുത്ത ബസ്സിനുള്ളിൽ തന്നെയാണെന്ന പൊലീസ് സ്ഥാപിച്ചെടുത്തു. 

സംഭവം നടന്ന വിവരമറിഞ്ഞപ്പോൾ ഛായാ സിങ്ങ് ഐപിഎസ് ആദ്യമായി വിളിച്ചുവരുത്തിയത് ഇൻസ്‌പെക്ടർ രാജേന്ദർ സിംഗിനെ ആയിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് കോമയിലേക്ക് വഴുതിവീഴുന്ന ഘട്ടത്തിലും, കേസന്വേഷണത്തിൽ ഏറെ നിർണായകമായി പിന്നീട് മാറിയ ചില വിവരങ്ങൾ അക്രമികളെപ്പറ്റി തന്റെ മൊഴിയിൽ നൽകിക്കൊണ്ട് ആക്രമണത്തിനിരയായ പെൺകുട്ടിയും പൊലീസിന് തന്റേതായ സഹായങ്ങൾ നൽകി.  ആകെ അറിയാവുന്നത് അവർ സഞ്ചരിച്ചിരുന്നത് ഒരു വെളുത്ത ബസ്സിൽ ആയിരുന്നു എന്ന് മാത്രമായിരുന്നു. ചുവന്ന സീറ്റുകൾ. മഞ്ഞ കർട്ടനുകൾ. ഇത്രയും തന്റെ അർദ്ധബോധാവസ്ഥയിലും ആ പെൺകുട്ടി ഓർത്തുപറഞ്ഞു. ദില്ലിയിൽ വെള്ള ബസ്സുകൾ നിരവധിയുണ്ടായിരുന്നു എങ്കിലും ഈ വിശദാംശം പോലീസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായി. 

പൊലീസിന്റെ അന്വേഷണം തുടങ്ങുന്നത് RTO'യിൽ നിന്ന്  ദില്ലിയിലെ വെള്ള ബസ്സുകളുടെ വിവരം ശേഖരിച്ചുകൊണ്ടായിരുന്നു. പെൺകുട്ടിയുടെയും യുവാവിന്റെയും വിവരങ്ങൾക്ക് ഏറെക്കുറെ യോജിക്കുന്ന 370 ബസ്സുകൾ ദില്ലിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പൊലീസിന് മനസ്സിലായി. അതിനു പുറമെ അന്നേദിവസം നോയിഡയിൽ നിന്നോ ഗുഡ്ഗാവിൽ നിന്നോ ദില്ലിയിലേക്ക് വന്നിട്ടുള്ള ബസ്സുകളുടെ എണ്ണം കൂടി കൂട്ടിയാൽ വൈക്കോൽ കൂനയ്ക്കുള്ളിൽ സൂചി തപ്പുന്നത്ര കഠിനമായ ഒരു പണിയായിരുന്നു ആ ഒരു ബസ്സിലേക്ക് എത്തിപ്പെടുന്നത്. 

From a no evidence case to the gallows, justice to nirbhaya owes to dcp chaya sharma too

 

അടുത്ത, ഏറെ നിർണ്ണായകമായ തെളിവ് അതിനിടെ പൊലീസിന് ലഭിക്കുന്നു. ദില്ലി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിന്റെ സിസിടിവി കാമറയിൽ ഏതാണ്ട് അക്രമം നടന്നു എന്ന് കരുതപ്പെടുന്ന ടൈം വിൻഡോയിൽ ഒരു വെള്ള ബസ് രണ്ടു തവണ അകപ്പെടുന്നു. ആദ്യം 9.34നും രണ്ടാമത് 10.05 നും.ആ സിസിടിവി ഫൂട്ടേജിൽ നിന്ന് അവർ വാഹനം ഏതാണ് എന്ന് കണ്ടുപിടിക്കുന്നു. രാത്രിയോടെ ആ ബസ്‌ അവരുടെ കണ്ണിൽപ്പെടുന്നു. അടുത്ത ദിവസം ഉച്ചയോടെ അന്നേദിവസം ആ ബസ്സോടിച്ചിരുന്നത് താനാണെന്ന് രാം സിങ്ങ് എന്ന പ്രതി പൊലീസിനോട് സമ്മതിക്കുന്നു. ഒരു തെളിവിൽ നിന്ന് അടുത്ത തെളിവിലേക്ക്, പൊലീസിന്റെ പഴുതടച്ച അന്വേഷണം ത്വരിതഗതിയിൽ പുരോഗമിച്ചുകൊണ്ടിരുന്നു. അടുത്ത പ്രതി അറസ്റ്റിലാകുന്നു. അക്ഷയ് താക്കൂർ. ബിഹാറിലെ ഔറംഗാബാദിൽ നിന്നാണ് താക്കൂർ പിടിയിലാകുന്നത്. സംഭവം ദില്ലിയിൽ സൃഷ്‌ടിച്ച കോലാഹലങ്ങളിൽ പരിഭ്രമിച്ച് നാടുവിട്ട മറ്റൊരു പ്രതി, കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ആൾ, ആയാലും പിടിയിലാകുന്നു. 

From a no evidence case to the gallows, justice to nirbhaya owes to dcp chaya sharma too

 

അതിനിടെ അന്വേഷണ സംഘത്തിനുമേൽ സമ്മർദ്ദങ്ങൾ ഒരുപാടുണ്ടാകുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് എന്ന ആരോപണം വന്നു. അച്ചടക്കനടപടികൾക്ക് സമ്മർദ്ദമുണ്ടായി. എന്നാൽ ദില്ലി പൊലീസ് കമ്മീഷണqർ നീരജ് കുമാർ സമ്മർദ്ദങ്ങളെ തനിക്ക് താഴേക്ക് കടത്തിവിട്ടില്ല. വസന്ത് വിഹാർ പോലീസ് സ്റ്റേഷന് മുന്നിൽ നിരന്തരം പ്രകടനങ്ങൾ നടക്കുന്നുണ്ടായിരുന്നതിനാൽ അന്വേഷണ സംഘം പിൻവാതിലിലൂടെയായിരുന്നു സ്റ്റേഷനിൽ വന്നുപോയിരുന്നത്. ഒന്നിന് പിറകെ ഒന്നായി കുറ്റകൃത്യത്തിൽ പങ്കുവഹിച്ച സകലപ്രതികളെയും പിടികൂടി എങ്കിലും, വിശ്രമിക്കാൻ അന്വേഷണ സംഘം തയ്യാറല്ലായിരുന്നു. പഴുതടച്ച ഒരു കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ല എന്നുണ്ടെങ്കിൽ പ്രതികൾ കോടതിയിൽ രക്ഷപ്പെടാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് അവരെ കുറ്റപത്രം എത്ര പെർഫെക്റ്റ് ആക്കാമോ അത്രയും ആക്കാൻ വേണ്ടി പരിശ്രമിക്കാൻ പ്രേരിപ്പിച്ചു. അതിനിടെ ഒരു പ്രതി, രാം സിങ്ങ് തിഹാർ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണയ്ക്ക് വന്നു. ജുവനൈൽ ആയ ഒരാളെ മാത്രം പരമാവധി ശിക്ഷയായ മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചു. മറ്റുള്ള നാലുപേർക്കും കോടതി വധശിക്ഷ തന്നെ നൽകി. 

ചെയ്ത കുറ്റം മറച്ചുവെക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും പ്രതികൾ പരമാവധി പരിശ്രമിച്ചു. മനുഷ്യസാധ്യമായതെന്തും ചെയ്ത് അവരെ നിയമത്തിനുമുന്നിൽ കൊണ്ട് നിർത്താൻ ദില്ലി പോലീസും.  ഒടുവിൽ ആ പോരാട്ടത്തിൽ ജയം ദില്ലിപൊലീസിനൊപ്പമായിരുന്നു. ഈ കേസിന്റെ അന്വേഷണവും വിചാരണയും എല്ലാം തന്നെ ദില്ലി പൊലീസ് ഈ കേസിൽ കാണിച്ച ശുഷ്കാന്തിയുടെയും, ആത്മാർത്ഥതയുടെയും, കഠിനാദ്ധ്വാനത്തിന്റെയും ഉത്തമോദാഹരണങ്ങളാണ്. കേസ് അന്വേഷിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും, കോടതിയിൽ വിചാരണ വേളയിൽ തങ്ങളുടെ ജോലി വൃത്തിയായി ചെയ്ത സീനിയർ അഭിഭാഷകനായ അഡ്വ. ദയൻ കൃഷ്‍ണന്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്റെയും ശ്രമഫലമായി
കോടതി വിചാരണ പൂർത്തിയാക്കി അവർക്ക് വധശിക്ഷ വിധിച്ചു.  

From a no evidence case to the gallows, justice to nirbhaya owes to dcp chaya sharma too

 

പിന്നാലെ അവർ സാധ്യമായ എല്ലാ രീതിയിലും നീതി നടപ്പിലാക്കുന്നത് തടയാൻ വേണ്ടി പരിശ്രമിച്ചു. നിരപരാധികളുടെ സംരക്ഷണത്തിനായി ഉണ്ടാക്കിയ നിയമപരിരക്ഷകൾ ഒക്കെയും അവർ നിരന്തരം ദുരുപയോഗം ചെയ്തു. നടപ്പിലാക്കുന്നതിന് തലേന്ന് രാത്രി ഏറെ വൈകിയും അവരുടെ അഭിഭാഷകൻ എ പി സിംഗ് സുപ്രീം കോടതി കയറി, ശിക്ഷ നടപ്പിലാക്കുന്നത് മാറ്റാൻ ശ്രമിച്ചു. എന്നാൽ, അവരുടെ ആ ശ്രമങ്ങളെ ഒക്കെ അതിജീവിച്ചു കൊണ്ട് ഇപ്പോൾ തിഹാർ ജയിലിൽ ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് അവരെ തൂക്കിലേറ്റി. സംഭവം നടന്ന അന്ന് മുതൽ പ്രതികളെ പിടിക്കുന്നതുവരെ ദിവസങ്ങളോളം ഉറക്കമൊഴിഞ്ഞ്, വീട്ടിൽ പോലും പോകാതെ താനും തന്റെ ടീമും ചേർന്ന് നടത്തിയ അമാനുഷികം എന്നുതന്നെ പറയാവുന്ന അധ്വാനങ്ങൾ പാഴായില്ല എന്ന ചാരിതാർഥ്യത്തോടെ ഇന്ന് സമാധാനിക്കാൻ ഡിസിപി ഛായാ ശർമ്മയ്ക്ക് ഉറപ്പായും സാധിക്കും. 

Follow Us:
Download App:
  • android
  • ios