പലതരത്തിലുള്ള കരളലിയിക്കുന്ന കഥകളും ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റർ, ടിക്‌ടോക് തുടങ്ങിയ  പലവിധത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയും കണ്ട്, ഉള്ളുലഞ്ഞ് പണമയച്ചു കൊടുത്തിട്ടുള്ളവരാണ് നമ്മളിൽ ഒട്ടുമുക്കാൽ പേരും. അത്രമാത്രം വിശ്വസനീയമായിരിക്കും ആ നേർസാക്ഷ്യങ്ങളിലെ കഥകൾ. നമ്മൾ അയച്ചു കൊടുത്ത സംഖ്യ പലപ്പോഴും ചെറുതായിരിക്കും. എന്നാൽ, അങ്ങനെ നിരവധിപേരുടെ ചെറിയ ചെറിയ സംഭാവനകൾ ഒരൊറ്റ അക്കൗണ്ടിലേക്ക് ചെന്നുചേരുമ്പോൾ അത് അതിന്റെ ഗുണഭോക്താവിനെ സംബന്ധിച്ചിടത്തോളം വലിയൊരു തുകയായി മാറിക്കഴിഞ്ഞിരിക്കും. 

അങ്ങനെയുള്ള കൂട്ടായ പരിശ്രമങ്ങൾ ഭൂമിയിൽ ഇനിയും അസ്തമിച്ചിട്ടില്ലാത്ത മനുഷ്യപ്പറ്റിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. എന്നാൽ, നിങ്ങളുടെ കരളലിയിച്ച, അത്രമേൽ വിശ്വസനീയമായ ആ കഥ മുഴുവൻ പൊളിയാണ് എന്നുവന്നാലോ..? അവർ പറഞ്ഞതൊക്കെയും കല്ലുവെച്ച നുണകളാണ് എന്നുവന്നാലോ..?  അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ കോടതികയറി ശിക്ഷയുടെ പടിവാതിൽക്കൽ വരെ എത്തിനിൽക്കുന്നത്. 

സംഭവം നടക്കുന്നത് 2017-ലാണ്. കേട്ടാൽ ആരും വിശ്വസിച്ചുപോകുന്ന തരത്തിലായിരുന്നു ആ കഥ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടത്. കഥയിലെ നായികയുടെ, അല്ല പ്രതിനായികയുടെ പേര് കെയ്റ്റ് മക്ക്ലൂർ. ന്യൂ ജേഴ്സി സ്വദേശിയായ ആ യുവതി തന്റെ സുഹൃത്തിനെക്കാണാൻ ഫിലാഡൽഫിയ വരെ നടത്തിയ ഒരു യാത്രയാണ് എല്ലാറ്റിന്റെയും തുടക്കം. 

മാധ്യമങ്ങളിൽ വന്ന കഥ ഇങ്ങനെയാണ്. ഇന്റർസ്റ്റേറ്റ് ഹൈവേ 95-ലൂടെ യാത്ര ചെയ്യുന്നതിനിടെ കെയ്റ്റിന്റെ പെട്രോൾ തീരാറായി. കയ്യിലാണെങ്കിൽ വേണ്ടത്ര പണമുണ്ടായിരുന്നില്ല. ഏതാനും കിലോമീറ്റർ കൂടി പോയാൽ പെട്രോൾ തീർന്നേക്കും. അവസാനം, വണ്ടി നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ അവർ അടുത്തുകണ്ട ഗ്യാസ് സ്റ്റേഷനിൽ വണ്ടി നിർത്തി. എന്ത് ചെയ്യണം എന്നറിയാതെ അവർ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി നിൽപ്പായി. ആകെ ആശങ്കാകുലയായി നിന്നെങ്കിലും, അതുവഴി കടന്നുപോയ കാറുകളിൽ ഒന്നുപോലും നിർത്തുകയോ കെയ്റ്റിനോട് വിവരങ്ങൾ തിരക്കുകയോ ചെയ്തില്ല. ഒടുവിൽ അടുത്തുവന്നത് തെരുവിൽ ജീവിക്കുന്ന, അമേരിക്കക്കാർ Homeless എന്ന ഓമനപ്പേരിൽ വിളിക്കുന്ന കൂട്ടത്തിൽ പെട്ട ബോബിറ്റ് എന്ന ഒരാളാണ്. കുളിക്കുകയോ നനയ്ക്കുകയോ ചെയ്യാതെ താടിയും മുടിയുമൊക്കെ വളർന്ന ഒരു പ്രകൃതക്കാരനായിരുന്നു ബോബിറ്റ്. 

മനസ്സില്ലാ മനസ്സോടെയാണ് കെയ്റ്റ് ബോബിറ്റിനോട് കാര്യം പറഞ്ഞത്. എല്ലാം കേട്ട ശേഷം ബോബിറ്റ് കെയ്‌റ്റിനോട് വണ്ടിയിൽ പെട്രോൾ കാൻ വല്ലതുമുണ്ടോ എന്ന് ചോദിച്ചു. ബൂട്ടിൽ നോക്കിയപ്പോൾ ഒരു പെട്രോൾ ക്യാൻ ഇരിപ്പുണ്ടായിരുന്നു. ":വണ്ടിക്കുള്ളിൽ കയറി, അകത്തുനിന്ന് ലോക്ക് ചെയ്ത് ഇരുന്നോളൂ, ഇവിടെ സേഫ് അല്ല, ഞാൻ ഇപ്പോൾ വരാം.."  അത്രയും പറഞ്ഞുകൊണ്ട് ബോബിറ്റ് നടന്നകന്നു. എന്തോ, അയാളെ വിശ്വസിക്കാൻ കെയ്റ്റിന് തോന്നി. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ കാൻ നിറയെ പെട്രോളുമായി തിരിച്ചെത്തി, അവരുടെ ടാങ്കിൽ ഒഴിച്ചുകൊടുത്തു. തന്റെ സുഹൃത്തിന്റെ വീടുവരെ ഏതാണ് കെയ്റ്റിന് അത്രയും പെട്രോൾ തികയുമായിരുന്നു. ചോദിച്ചപ്പോൾ ബോബിറ്റ് അവരോട് പറഞ്ഞു, " എന്റെ കയ്യിൽ ആകെ ഇരുപതു ഡോളർ മാത്രമാണ് ഉണ്ടായിരുന്നത്. അത് കൊടുത്ത് ഞാൻ ബങ്കിൽ നിന്ന് പെട്രോൾ വാങ്ങി."

ഈ സംഭവം കെയ്റ്റ് മക്ക്ലൂറിന്റെ ഹൃദയത്തെ സ്പർശിച്ചു.  അവർ സാമൂഹ്യമാധ്യമങ്ങളിലൂടെ, നന്മയുടെ പ്രതിരൂപമായ, ബോബിറ്റ് എന്ന തെരുവിൽ ജീവിക്കുന്ന ദരിദ്രനാരായണന്റെ ചിത്രം പങ്കുവെച്ചു. തിരികെ കിട്ടുമോ എന്നുറപ്പില്ലാതിരുന്നിട്ടും, തീർത്തും അപരിചിതയായ തനിക്ക് സ്വന്തം പണം മുടക്കി പെട്രോൾ വാങ്ങി തന്ന അദ്ദേഹത്തിന്റെ സന്മനസ്സിനെ അവർ പ്രശംസിച്ചു. കനമുള്ള വാലറ്റുകളുള്ള പലരും ആ വഴി പോയിട്ടും ആരും തന്റെ ദുരവസ്ഥ കണ്ട് നിർത്തി കാര്യമെന്തെന്ന് തിരക്കാൻ മനസ്സുകാട്ടാതിരുന്നപ്പോൾ. കയ്യിൽ വെറും ഇരുപതു ഡോളർ മാത്രമുണ്ടായിരുന്ന ബോബിറ്റാണ് തന്റെ രക്ഷകനായി അവിടെ അവതരിച്ചതിനും അവർ പറഞ്ഞു. കയ്യിൽ ഒരുപാട് കാശല്ല വേണ്ടത്,അലിവുള്ള ഒരു ഹൃദയമാണെന്നും അവർ നന്ദിപൂർവം സ്മരിച്ചു. പിന്നീട് ആ വഴി തിരിച്ചു പോയപ്പോൾ ആ ഇരുപത് ഡോളർ തിരികെ നൽകുകയും, തെരുവിൽ തണുക്കാതിരിക്കാൻ ബോബിറ്റിന് വേണ്ട കോട്ടും ഗ്ലൗസും മറ്റും വാങ്ങി നൽകി എന്നും അവർ ഫോട്ടോ സഹിതം കുറിപ്പികളിട്ടു. തനിക്ക് ഒരു സ്ഥിരം അഡ്രസ്സ് ഇല്ലാത്തതുകൊണ്ട് ജീവിതത്തിൽ പച്ച പിടിക്കാനാകുന്നില്ലെന്നുള്ള സങ്കടം ബോബിറ്റ് പങ്കിട്ടതിനെപ്പറ്റിയും കെയ്റ്റ് ജനങ്ങളോട് വിവരം പങ്കിട്ടു. ബോബിറ്റ്  എന്ന നല്ല മനുഷ്യന് ഒരു സ്ഥിരം വീട്, അത് നിർമിച്ചുകൊടുക്കാനായി ഒരുമിച്ചു ശ്രമിക്കാമോ എന്ന് കെയ്റ്റും ബോയ് ഫ്രണ്ട് മാർക്ക് ഡി അമൈക്കോയും ചേർന്ന് സാമൂഹ്യമാധ്യമങ്ങളിലെ സുമനസ്സുകളോട് അഭ്യർത്ഥിച്ചു. 

ഈ ശ്രമങ്ങളുടെ തുടർച്ചയായി  അവരിരുവരും കൂടി 'ബോബിറ്റിനൊരു വീട് ' എന്ന പേരിൽ ഒരു GoFundMe സൈബർ ഫണ്ടിംഗ് കാമ്പെയ്ൻ തുടങ്ങി. ഈ കഥ കേട്ട് കരളലിഞ്ഞിരുന്ന  സൈബറിലകത്തിലെ കാരുണ്യമുള്ളവർ തങ്ങളുടെ വരുമാനത്തിൽ നിന്ന് നീക്കിവെച്ചിരുന്ന ചെറിയ തുകകൾ ആ കാംപെയ്നിലേക്ക് നിക്ഷേപിച്ചു തുടങ്ങി. അങ്ങനെ, പലതുള്ളി പെരുവെള്ളം ചേർന്നപ്പോൾ അതൊരു വലിയ സംഖ്യയായി. കാമ്പെയ്ൻ ക്ളോസ് ചെയ്തപ്പോഴേക്കും അവർക്ക് കിട്ടിയത് ഏകദേശം നാലു ലക്ഷം ഡോളർ, അതായത് നമ്മുടെ കണക്കിൽ ഏകദേശം മൂന്നുകോടി രൂപ പിരിഞ്ഞു കിട്ടി. 

പക്ഷേ, അധികം താമസിയാതെ ആ 'കരളലിയിക്കുന്ന' നന്മമരത്തിന്റെ കഥയിൽ വിള്ളലുകൾ വീണു. സംഗതികൾ പുറത്താകുന്നത് തനിക്ക് പിരിഞ്ഞു കിട്ടിയ പണം എടുക്കാനാകുന്നില്ല എന്നും പറഞ്ഞുകൊണ്ട്  ബോബിറ്റ് കെയ്‌റ്റിനും മാർക്കിനുമെതിരെ കേസ് കൊടുക്കുന്നതോടെയാണ്. ഇത് അവർ മൂന്നുപേരും ചേർന്നുകൊണ്ടുള്ള ഒരു തട്ടിപ്പായിരുന്നു. എന്നാൽ പണം വന്നതോടെ തട്ടിപ്പിൽ മുഖ്യ പങ്കുവഹിച്ച ബോബിറ്റിനെ ദമ്പതികൾ വഞ്ചിച്ചു. ഒരൊറ്റ ഡോളർ പോലും അയാൾക്ക് കൊടുക്കാതെ അവർ മുങ്ങി. 

വീടില്ലാത്ത ഒരാൾക്ക് കിടന്നുറങ്ങാൻ ഒരു കൂരയുണ്ടാക്കുവാൻ വേണ്ടി ലോകമെമ്പാടുമുള്ള സുമനസ്സുകൾ ചേർന്ന് ഇത്തിരിയിത്തിരിയായി ശേഖരിച്ചു നൽകിയ ആ വൻ തുക കെയ്റ്റും മാർക്കും ചേർന്ന് ധൂർത്തടിച്ച് തീർക്കുകയായിരുന്നു. ബോബിറ്റിന് വീടും ഒരു സെക്കൻഡ് ഹാൻഡ് കാറും വാങ്ങി നൽകുന്നതിന് പകരം അവർ ആ പണം കൊണ്ട് ഒരു ലക്ഷ്വറി ബിഎംഡബ്ലൂ കാർ വാങ്ങി. ലാസ് വേഗാസിലെ കാസിനോകളിലേക്ക് ഒരു ന്യൂ ഇയർ ട്രിപ്പ് പോയി. അവിടെ കുടിച്ച് കുന്തം മറിഞ്ഞു. ചൂതുകളിച്ച് ആയിരക്കണക്കിന് ഡോളർ പാഴാക്കി. അവിടത്തെ ലക്ഷ്വറി മാളുകളിൽ നിന്ന് ബ്രാൻഡഡ് വസ്ത്രങ്ങളും, ബാഗുകളും, ഷൂസുകളും, പെർഫ്യൂമുകളും വാങ്ങിക്കൂട്ടി. ഗ്രാൻഡ് ക്യാനിയൻ മലനിരകൾക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ സവാരിക്ക് പോയി. ബോബിറ്റിന്റെ പരാതിയിന്മേൽ പൊലീസ് അന്വേഷിച്ച് അവർക്കരികിൽ എത്തിയപ്പോഴേക്കും ഫണ്ടിങ്ങിലൂടെ കിട്ടിയിരുന്ന പണമത്രയും അവർ ധൂർത്തടിച്ചു കഴിഞ്ഞിരുന്നു. 

എന്നാൽ, ഈ വിഷയം വൻ  വിവാദമായതോടെ GoFundMe-ക്കാർ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭാവനയായി പണമയച്ചു കൊടുത്ത 14000 പേർക്കും അവർ പണം റീഫണ്ട് ചെയ്തു നൽകി. ഈ ഗൂഢാലോചനയിലും, തട്ടിപ്പിലും പങ്കാളികളായ ബോബിറ്റ്, കെയ്റ്റ്, മാർക്ക് എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ നടപടികൾ സ്വീകരിച്ചു. കുറ്റങ്ങൾ ഏറ്റുപറഞ്ഞ അവരിപ്പോൾ ജയിലിൽ അടക്കപ്പെടുന്നതിന്റെ വക്കിലെത്തി നിൽക്കുകയാണ്. 

ഓൺലൈൻ ആയി വരുന്ന പല സത്യസന്ധമായ ചാരിറ്റി പ്രവർത്തനങ്ങളുടെയും വിശ്വാസ്യത തകർക്കുന്നതാണ് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ. കൃത്യമായ ഓഡിറ്റിംഗ് സംവിധാനങ്ങളിലൂടെ മാത്രമാണ് വിദേശങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, തടയപ്പെടുകയും ചെയ്യുന്നത്.