" കനയ്യകുമാറിന്റെ ഇടനെഞ്ചിൽ ദേശീയപതാക നിങ്ങള്‍ കുത്തിയിറക്കുക.." - ഖുശ്‌ബു ചൗഹാൻ എന്ന CRPF കോൺസ്റ്റബിൾ ഈ വാക്കുകളോടെ തന്റെ പ്രസംഗം ഉപസംഹരിച്ചപ്പോൾ സദസ്സിൽ നിന്നുയർന്ന കയ്യടികൾ നിലയ്ക്കാൻ ഏറെ നേരമെടുത്തു. അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ജനം അത് ഏറ്റെടുത്ത് പ്രചരിപ്പിച്ചു. രാഷ്ട്രസുരക്ഷ എന്ന വർത്തമാനകാലത്തിന്റെ പരമപ്രധാനമായ കർത്തവ്യത്തിനുമുന്നിൽ മനുഷ്യാവകാശങ്ങളുടെ പേരും പറഞ്ഞുകൊണ്ട് തീവ്രവാദത്തിന് പിന്തുണ നല്കുന്നത് ശരിയല്ല എന്ന് CRPFന്റെ ആ യുവവനിതാകോൺസ്റ്റബിൾ ശക്തമായി വാദിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തിലായിരുന്നു ഖുശ്‌ബു ചൗഹാന്റെ ഈ  പ്രസംഗം.

" രാമക്ഷേത്രത്തിന്റെയോ ബാബരി മസ്ജിദിന്റെയോ പക്ഷം പിടിക്കാനല്ല, മുറിവേറ്റു കേഴുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ നിലവിളികൾ കേൾപ്പിക്കാനാണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത്" എന്ന് സൂചിപ്പിക്കുന്ന ഒരു കവിതാ ശകലം ഉദ്ധരിച്ചു കൊണ്ടാണ് ഖുശ്ബു ചൗഹാൻ തന്റെ പ്രസംഗം തുടങ്ങുന്നത്.
 


അവർ തുടരുന്നു, " പുൽവാമയിൽ നിന്നും ചത്തീസ്ഗഢിൽ നിന്നുമൊക്കെ പാതികരിഞ്ഞ ഞങ്ങളുടെ സഹപ്രവർത്തകരുടെ നൂറുകണക്കിന് മൃതശരീരങ്ങൾ കാണുമ്പോൾ മനസ്സിൽ കൊടിയ വേദന ഉയരുകയാണ്. മൃതദേഹങ്ങൾ കൂന കൂട്ടപ്പെടുന്നു, കശ്മീരിലെ നിരത്തുകൾ ഞങ്ങളുടെ ചോരയാൽ ചുവക്കുന്നു. വന്നുവന്ന്, ഇപ്പോൾ നമ്മുടെ ത്രിവർണ്ണപതാക പോലും ഞങ്ങളോട്  ചോദിക്കുകയാണ്, 'എനിക്കിപ്പോൾ ആകാശത്ത് ഇളംകാറ്റിൽ ഉയർന്നു പാറാൻ സാവകാശം കിട്ടുന്നില്ലല്ലോ. സദാ രക്തസാക്ഷികളെ പുതച്ച് മണ്ണിലടക്കപ്പെടാനാണ് എന്റെ നിയോഗം' എന്ന്. ഒരു സൈനികന്റെ അമ്മ, തന്റെ മകന്റെ ചിതറിത്തെറിച്ച ശരീരത്തിന്റെ, കയ്യിൽ കിട്ടിയ അവശിഷ്ടങ്ങളുമായി തന്നെത്തേടിവന്ന സൈനികമേധാവിയോട് ചോദിച്ച ചോദ്യം ഹൃദയഭേദകമാണ്, ' സാബ്... നിങ്ങൾ എന്റെ മോനെ സൈന്യത്തിൽ എടുത്തപ്പോൾ അവന്റെ നെഞ്ചളവിൽ ഒരിഞ്ചു പോലും കുറയ്ക്കാൻ സമ്മതിച്ചിരുന്നില്ലല്ലോ..? പിന്നെ ഞാനെങ്ങനെ എന്റെ കുഞ്ഞിന്റെ വെന്തുനീറിയ ശരീരം, അതും പാതി ഏറ്റുവാങ്ങും..?' 

ഇന്ന് മനുഷ്യാവകാശങ്ങളുടെ പേരും പറഞ്ഞു നടക്കുന്ന നാടകങ്ങൾ ഭീകരവാദികൾക്ക് ചിരിക്കാനുള്ള വകയാണ് നൽകുന്നത് എന്ന് ഖുശ്‌ബു ചൗഹാൻ സമർത്ഥിക്കാൻ ശ്രമിച്ചു. " ഒരു സൈനികന്റെ മരണം, സർക്കാരിന് കണക്കുകളിൽ ഒരു നമ്പർ മാത്രമാണ്. എന്നാൽ, ആ മരണം കൊണ്ട് പലരുടെയും ജീവിതങ്ങളിൽ നിന്ന് പടിയിറങ്ങിപ്പോവുന്നത് ഭർത്താവാണ്, അച്ഛനാണ്, സഹോദരനാണ്. സൈന്യത്തിന്റെ കൈകൾ കൂട്ടിക്കെട്ടുന്ന മനുഷ്യാവകാശങ്ങൾക്ക് സാധുതയില്ല. "



"ഏതൊരു യുദ്ധവും ജയിക്കാൻ അത്യാവശ്യം ശത്രുവിനെ ആദ്യം ആക്രമിക്കുക എന്നതാണ്. ശത്രുവിന്റെ ആക്രമണം ഉണ്ടാവുന്നതിനു മുമ്പേ നമ്മൾ അങ്ങോട്ട് അക്രമിച്ചിരിക്കണം. ചരിത്രത്തിൽ അതിനുള്ള നിരവധി ഉദാഹരണങ്ങൾ കാണാം. എന്നാൽ ഇന്ന് ഡ്യൂട്ടിയിലുള്ള ജവാൻ അത്തരത്തിൽ ഒരു മുന്നേറ്റം നടത്താൻ ഭയപ്പെടുന്ന സാഹചര്യമാണ്. കാരണം, അങ്ങനെ അടിയന്തര സാഹചര്യത്തിൽ നടത്തുന്ന ഒരാക്രമണം നാളെ അയാളെ പ്രതിക്കൂട്ടിൽ കൊണ്ട് നിർത്തി എന്നുവരാം. മനുഷ്യാവകാശ ലംഘനങ്ങൾ ആക്ഷേപിക്കപ്പെട്ട അയാൾക്ക് തന്റെ ജോലി വരെ നഷ്ടപ്പെട്ടു എന്ന് വരാം.

തീവ്രവാദിയുടെ തോക്കിൽ നിന്നുവരുന്ന ഉണ്ടയ്ക്ക് ഈ ഭയമില്ല. അത് ആരുടെ നേർക്കും പാഞ്ഞുവരാൻ അധികാരമുള്ള ഉണ്ടയാണ്. ആർക്കുകൊണ്ടാലും തീവ്രവാദിയെ അത് ബാധിക്കുന്നില്ല. എന്നാൽ, ഒരു സൈനികന്റെ തോക്കിൽ വിശ്രമിക്കുന്ന ഉണ്ടക്ക് ഇന്ന് പുറത്തിറങ്ങും മുമ്പ് പലതും ചിന്തിച്ചുറപ്പിക്കേണ്ടതുണ്ട്. തീവ്രവാദിയുടെ ഇടനെഞ്ചു തുളക്കാനുള്ള തന്റെ പ്രയാണത്തിനിടെ അബദ്ധവശാൽ എങ്ങാനും അത് ഏതെങ്കിലും നിരപരാധിയുടെ ദേഹത്ത് ഒന്ന് ഉരയുക പോലും ചെയ്‌താൽ ആ തോക്കിന്റെ ട്രിഗർ വളിച്ച നിർഭാഗ്യവാനായ ജവാനുമേൽ കൊലക്കുറ്റം ആരോപിക്കപ്പെട്ട് അവൻ ആജീവനാന്തം കോടതികേറിയിറങ്ങും. കോടതിക്ക് മുമ്പേ വിധിയെഴുതുന്ന സമൂഹവും, ആടിനെ പട്ടിയാക്കുന്ന മീഡിയയും അവനെ വിചാരണചെയ്യും.

മനുഷ്യാവകാശങ്ങളുടെ പേരും പറഞ്ഞ് കൈകൾ കെട്ടിയിട്ട് ഒരു ജവാനെ യുദ്ധമുഖത്ത് കൊണ്ടുനിർത്തുന്നത് തികച്ചും ആത്മഹത്യാപരമാണ്. ഈ മനുഷ്യാവകാശങ്ങളുടെ പേരും പറഞ്ഞു നടക്കുന്ന നാടകങ്ങളുടെ പേരിലാണ് ഇന്ന് കല്ലേറുകാരുടെയും, അവർക്കു പിന്നിലൊളിച്ചിരിക്കുന്ന തീവ്രവാദികളുടെയും മുന്നിൽ ഇന്ത്യൻ സൈന്യം പകച്ചു നിന്നുപോവുന്നത്. കാരണം അവരുടെ തോക്കിൽ നിന്നുവരുന്ന ഉണ്ടക്ക്, മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല, പക്ഷേ ആ ഉണ്ട എങ്ങാനും വല്ല നിരപരാധിക്കും ചെന്ന് കൊണ്ടാൽ, നഷ്ടപ്പെടുന്നത് അവരുടെ ജോലിയായിരിക്കും. അതുകൊണ്ടു തന്നെ, 'പാമ്പ്' ചത്താലും ഇല്ലെങ്കിലും, 'വടി' ഒടിഞ്ഞുപോവരുത്‌ എന്നാണ് ഇന്ന് സൈനികർ കരുതുന്നത്.

പുൽവാമയിലെ 44 സൈനികർ മരിച്ചപ്പോഴോ, ഛത്തീസ്ഗഢിൽ 76 പേർക്ക് ജീവാപായമുണ്ടായപ്പോഴോ മനുഷ്യാവകാശളെപ്പറ്റി ആരും ഒരക്ഷരം മിണ്ടുന്നതു കേട്ടില്ല. ആരും ഞങ്ങൾക്കൊപ്പം വന്നു നിന്നില്ല. എന്നാൽ ജെഎൻയുവിൽ ഒരു ദേശദ്രോഹി 'ഭാരതമേ, നിന്നെ ഞങ്ങൾ കഷ്ണം കഷ്ണമാക്കും..' എന്ന് പറഞ്ഞപ്പോൾ, 'അഫ്സൽ, ഞങ്ങൾക്ക് മനസ്താപമുണ്ട്..', എന്നൊക്കെയുള്ള ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുമ്പോൾ മനുഷ്യാവകാശസംരക്ഷണക്കാർ അവരുടെ പിന്നിൽ അണിനിരക്കുന്നു. എന്താണ് ആ ദേശദ്രോഹി അന്ന് പറഞ്ഞത്, ' നിങ്ങൾ ഒരു അഫ്സലിനെ കൊന്നാൽ, എല്ലാ വീട്ടിൽ നിന്നും ഓരോ അഫ്സൽ വീതം ഇറങ്ങി വരും' എന്ന്. ഞാൻ, ഈ ഭാരതത്തിന്റെ പുത്രി, ഭാരതീയസേനയെ പ്രതിനിധീകരിച്ചുകൊണ്ട് പ്രഖ്യാപിക്കട്ടെ, ' ഏത് വീട്ടിൽ നിന്നാണോ അഫ്സൽ ഇനിയും ഇറങ്ങി വരാനിരിക്കുന്നത്, ആ വീട്ടിൽ കേറിത്തന്നെ കൊല്ലും, അഫ്സലിനെ ഗർഭം ധരിക്കാൻ ഒരുങ്ങുന്ന ഗർഭപാത്രം പോലും ഞങ്ങൾ നിറയാൻ അനുവദിക്കില്ല. ഈ രാജ്യത്തിൻറെ വീരയുവത്വങ്ങളേ, നിങ്ങൾ അലസത വെടിഞ്ഞ് ഉണർന്നെണീക്കണം, ഒരു ത്രിവർണ്ണപതാക ആ കനയ്യയുടെ ഇടനെഞ്ചിലും കുത്തിയിറക്കണം.'

അവസാനമായി ഒന്നുമാത്രം പറയട്ടെ,' അതിർത്തിയിൽ ചർക്കകൾ കൊണ്ട് ബോംബുകളെ നേരിടാനാവില്ല, ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകളോട് 'രാമായണം' പറഞ്ഞിട്ട് കാര്യമില്ല. മുട്ടിന് മുട്ടിന് മനുഷ്യാവകാശങ്ങളുടെ കഥപറഞ്ഞുകൊണ്ട് രാജ്യം സുരക്ഷിതമാക്കി നിർത്താനും സാധിക്കില്ല - ആറ്റംബോംബിനെ തടഞ്ഞുനിർത്താൻ മറ്റൊരു ആറ്റംബോംബിന് മാത്രമേ സാധിക്കൂ.. " എന്ന് പറഞ്ഞുകൊണ്ട് ഖുശ്‌ബു ചൗഹാൻ തന്റെ പ്രസംഗം അവസാനിപ്പിച്ചു. .

CRPF'ന്റെ വിശദീകരണം 

എന്തായാലും, ഖുശ്‌ബു ചൗഹാൻ എന്ന ലേഡി കോൺസ്റ്റബിളിന്റെ പ്രസംഗം വൈറലായി. ഒപ്പം വിവാദാസ്പദവും. അതോടെ CRPF അധികാരികളും അവരുടെ നയം വ്യക്തമാക്കി, " അത് ഒരു ഡിബേറ്റ് മത്സരത്തിലെ പ്രസംഗമായിരുന്നു. അതിനെ ആ സ്പിരിറ്റിൽ കണ്ടാൽ മതി. എന്നിരുന്നാലും, ചില ഭാഗങ്ങൾ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണെന്ന് ഞങ്ങൾ കരുതുന്നു." എന്നായിരുന്നു ഔദ്യോഗികമായ വിശദീകരണം. "CRPF എന്നും മനുഷ്യാവകാശത്തെ നിരുപാധികം പിൻപറ്റുന്നവരാണ്. ഖുശ്‌ബു ചൗഹാനിൽ അർപ്പിക്കപ്പെട്ട ദൗത്യം, മനുഷ്യാവകാശങ്ങൾക്ക് എതിരായി വാദിക്കുക എന്നതാണ്. അത് അവർ ഭംഗിയായി നിർവഹിച്ചു. എന്നാലും, പ്രസ്തുത പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഒരല്പം പ്രകോപനപരമാണ്. അതേപ്പറ്റി അവരെ അറിയിച്ചിട്ടുണ്ട്." എന്ന് CRPF വക്താവ് എം ദിനകരൻ പറഞ്ഞു.

മനുഷ്യാവകാശങ്ങളുടെ പക്ഷത്തും ആളുണ്ട് 

വൈറലായത് കോൺസ്റ്റബിൾ ഖുശ്‌ബു ചൗഹാന്റെ പ്രസംഗമായിരുന്നു എങ്കിലും, ഡിബേറ്റ് മത്സരത്തിൽ   വിജയം എതിർപക്ഷത്തിനുവേണ്ടി സംസാരിച്ച ITBP ഇൻസ്‌പെക്ടർ പവൻ കുമാറിന്റെ ടീമിനായിരുന്നു.  അക്കൂട്ടത്തിൽ ITBP ഇൻസ്‌പെക്ടർ പവൻ കുമാറിന്റെയും ആസാം റൈഫിൾസിലെ ജവാൻ ബൽവാൻ സിംഗിന്റെയും പ്രസംഗങ്ങൾ ശ്രദ്ധേയമായ ചില നിലപാടുകൾ മുന്നോട്ടു വെക്കുകയുണ്ടായി.

ഇൻസ്‌പെക്ടർ പവൻ കുമാർ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു, " അമർനാഥ് യാത്രയിലും, കേദാർനാഥ് പ്രളയത്തിലും, പ്രകൃതിദുരന്തങ്ങൾ മുന്നോട്ടുവെച്ച അതി ദുർഘടമായ സാഹചര്യങ്ങളിൽ സേവനമനുഷ്ഠിച്ചുകൊണ്ട് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന നേരത്തും രക്ഷാസൈനികർക്ക് മനുഷ്യാവകാശങ്ങൾ പാലിക്കാമെങ്കിൽ, ഒരു സായുധകലാപത്തെ നേരിടുന്ന വേളയിലും അത് സാധിക്കും. പൊതുജനങ്ങളെക്കൊണ്ട് കല്ലെടുപ്പിച്ച്, സൈന്യത്തിന് നേരെ വലിച്ചെറിയിക്കാൻ തീവ്രവാദികൾക്ക് ആവുമെങ്കിൽ, ആ കല്ല് താഴെയിടീക്കാനും, സമാധാനത്തിന്റെ പാത പിന്തുടരാനും അവരെ പ്രേരിപ്പിക്കാൻ നമുക്കും സാധിക്കും.സാധിക്കണം. അവരെ നമ്മുടെ രാജ്യത്തിൻറെ വികസനപ്രക്രിയയിൽ പങ്കാളികളാക്കാൻ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല? 
 


ജീവിതത്തിൽ ജയവും തോൽവിയും നിശ്ചയിക്കുന്നത് ഒരാളുടെ ചിന്തയാണ്. തോൽവി സമ്മതിച്ചവനെ മാത്രമേ തോൽപ്പിക്കാൻ സാധിക്കുകയുള്ളൂ. എന്റെ വ്യക്തിപരമായ അനുഭവം വെളിപ്പെടുത്തിയാൽ, 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, കശ്മീരിലെ ഒരു ബൂത്തിൽ ഞങ്ങൾക്ക് നേരെ ഒരിക്കൽ കടുത്ത കല്ലേറ് നടന്നതാണ്. ആ അവസരത്തിൽ പോലും സംയമനം വെടിയാതെ, മനുഷ്യാവകാശലംഘനം നടത്താതെ, ആ സാഹചര്യത്തെ മറികടക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, അങ്ങനെ പ്രവർത്തിക്കാൻ സാധിക്കും എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.

ജനങ്ങളിൽ നിന്നുണ്ടാകുന്ന നേരിയ പ്രകോപനങ്ങളിൽ പ്രതികരിച്ചുകൊണ്ട്, അവരുടെ മനുഷ്യാവകാശങ്ങൾ കവർന്നെടുക്കരുത് എന്ന് തന്നെയാണ് ഞങ്ങളെ ഞങ്ങളുടെ പരിശീലനകാലയളവിൽ പഠിപ്പിച്ചിട്ടുള്ളത്. അതുതന്നെയാണ് ഞങ്ങൾ പാലിക്കാൻ ശ്രമിച്ചുപോന്നിട്ടുള്ളതും. അതേ സമയം, ബാലക്കോട്ടിലും, ഉറിയിലും തീവ്രവാദികൾക്ക് അവർക്കുമനസ്സിലാകുന്ന ഭാഷയിൽ തന്നെ മറുപടി നൽകാനും ഇന്ത്യൻ സൈന്യം ഒരിക്കലും മടിച്ചു നിന്നിട്ടില്ല.

പണ്ട് തീവ്രവാദം ഗ്രസിച്ചിരുന്ന ഇന്ത്യയുടെ ഉത്തരപൂർവ പ്രദേശങ്ങൾ ഇന്ന് അങ്ങനെയല്ല. അത്, സുരക്ഷാസേന നടത്തിയ ബോധവൽക്കരണ പരിപാടികളുടെയും, പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പ്രോജക്ടുകളുടെയും ഫലമാണ്. തദ്ദേശീയരായ ജനങ്ങളിൽ നമ്മളോട് ഒരു വിശ്വാസം ജനിപ്പിക്കുകയാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. തോക്കിൽ നിന്ന് ചീറിപ്പായുന്ന വെടിയുണ്ട, ഒരാളുടെ ഹൃദയം തുളച്ചുകേറാൻ പോന്നതാണ്. അതുപോലെ, നമ്മുടെ വായിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾക്ക് നമ്മുടെ ശത്രുവിന്റെ പോലും മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്.

ജനങ്ങൾ നിഷ്കളങ്കരാണ്. അവരെ നമ്മൾ സത്യവും കള്ളവും തിരിച്ചറിയാൻ സജ്ജരാക്കണം. അത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. അവരുടെ തൊഴിലില്ലായ്മ ഇല്ലാതാക്കണം ആദ്യം. തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരനെ പണം കാണിച്ചു മയക്കി തീവ്രവാദത്തിന്റെ വഴിയിലേക്ക് എളുപ്പത്തിൽ എത്തിക്കാനാകും. ഇന്ന് നമ്മൾ ഭീകരവാദികളോട് പോരാടേണ്ടത് തോക്കുകൾ കൊണ്ട് മാത്രമല്ല, അവരുടെ ടെറർ ഫണ്ടിങ്ങ് തടഞ്ഞുകൊണ്ടാണ്. സൈബർ ഭീകരവാദ നെറ്റ്‌വർക്കുകൾ തകർത്തുകൊണ്ടാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിഘടനവാദവും, വംശീയവൈരവും തുടച്ചുനീക്കിക്കൊണ്ടാണ്. മതത്തിന്റെ പേരിൽ നടക്കുന്ന വർഗീയചുവയുള്ള പ്രസംഗങ്ങൾ തടയേണ്ടതുണ്ട്. ഞങ്ങളുടെ മനസ്സിൽ നിന്ന് വെറുപ്പിനെ കുടിയിറക്കേണ്ടതുണ്ട്.  സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. " എന്നാണ് പവൻ കുമാർ പറഞ്ഞത്. 

ബൽവാൻ സിങ്ങിന്റെ വാദമുഖങ്ങൾ 

"സായുധകലാപങ്ങൾ തുടങ്ങിയാൽ പിന്നെ സുരക്ഷാ സൈന്യത്തിന് മനുഷ്യാവകാശങ്ങളെപ്പറ്റി ചിന്തിക്കാനാവില്ല എന്നാണ് എന്റെ സുഹൃത്തുക്കൾ പറഞ്ഞുവെച്ചത്. എന്റെ ചോദ്യമിതാണ്, നമ്മളല്ലെങ്കിൽ പിന്നെ ആരാണ് അത് ഉറപ്പുവരുത്തുക..? നമ്മുടെ രാജ്യത്ത് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും ജന്മസിദ്ധമായുള്ളതാണ് മനുഷ്യാവകാശങ്ങൾ. ഭരണഘടന ഊട്ടിയുറപ്പിച്ചു നല്കിയിട്ടുള്ളവ. നക്സലിസം, ഭീകരവാദത്തെ, വിഘടനവാദം എന്നിവ സാമാന്യജീവിതം തടസ്സപ്പെടുത്തുമ്പോൾ, സമാധാനപാലനത്തിനായി സേനയെ പലപ്പോഴും വിന്യസിക്കേണ്ടി വരാറുണ്ട്. ഇതേ സേന മനുഷ്യരെ ഉപദ്രവിക്കുന്നിടത്താണ് പലപ്പോഴും മനുഷ്യാവകാശകമ്മീഷൻ പോലുള്ള സ്ഥാപനങ്ങൾ ഇടപെടാറുള്ളത്. 

 
ഞാനിതൊന്നും ചുമ്മാ പറയുന്നതല്ല. മനുഷ്യാവകാശലംഘനങ്ങളുടെ ചില  കണക്കുകൾ മുന്നോട്ടുവെക്കാം. 200-2012  കാലയളവിൽ മണിപ്പൂരിൽ മാത്രം, 1850 വ്യാജഏറ്റുമുട്ടലുകൾ നടത്തിയതിന്റെ, ആളുകളെ കൊന്നതിന്റെ കേസുകൾ ചാർജ്ജ് ചെയ്യപ്പെട്ടു. ഇനി രാജ്യം മുഴുവനുമുള്ള കണക്കെടുത്താലോ, 2016-ൽ മാത്രം 92 പേരാണ് പോലീസ് വെടിവെപ്പുകളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 351 പേർക്ക് പരിക്കേറ്റു. അതേ വർഷം തന്നെ ലാത്തിച്ചാർജിൽ 35 പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടു. 769 പേർക്ക് പരിക്കേറ്റു.

സുഹൃത്തുക്കളേ, ആളുകളെ കൊല്ലാനല്ല, മനുഷ്യനെ സ്നേഹിക്കാനാണ് ധൈര്യം വേണ്ടത്. തോക്കിന്റെ ബലത്തിൽ ശാന്തിയും സമാധാനവും പുലരുമായിരുന്നു എങ്കിൽ കഴിഞ്ഞ എഴുപതിറ്റാണ്ടുകൊണ്ട് നോർത്ത് ഈസ്റ്റിലും, കാശ്മീരിലും, ചത്തീസ്ഗഢിലും ഒക്കെ സമാധാനം എന്നേ പുലർന്നിരുന്നേനെ..! എന്തേ നടക്കാതിരുന്നത്..? ക്രോധത്തെ ക്രോധം കൊണ്ടല്ല, ക്ഷമയും സ്നേഹവും കൊണ്ട് മാത്രമാണ് ജയിക്കാനാകുക.

അമേരിക്കയുടെ മുൻ പ്രസിഡന്റായ അബ്രഹാം ലിങ്കൺ, നാലുവർഷം തുടർന്ന സായുധആഭ്യന്തരകലാപത്തിന് സമാധാനമുണ്ടാക്കിയ ശേഷം പറഞ്ഞത് ഇതാണ്, 'എന്റെ ശത്രുക്കളെ മിത്രങ്ങളാക്കുമ്പോഴാണ് ഞാൻ അവരെ തോൽപ്പിക്കുന്നത്. '

സംഘർഷങ്ങൾക്ക് പരിഹാരമുണ്ടാകുന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ടല്ല. അങ്ങനെ ചെയ്യുമ്പോൾ, പാൻ സിങ്ങ് തോമർ, ഫൂലൻ ദേവി പോലുള്ള പാവങ്ങൾ പോലും തോക്കെടുക്കാനും അക്രമം പ്രവർത്തിക്കാനും നിർബന്ധിതരാകുന്ന അനുഭവങ്ങളാണ് നമുക്കുള്ളത്. " എന്ന് ബൽവാൻ സിങ്ങ് പറഞ്ഞു നിർത്തി. 

വാശിയേറിയ സംവാദത്തിനൊടുവിൽ 

ഒടുവിൽ ഡിബേറ്റ് മത്സരത്തിൽ വിജയിച്ചത്, 'മനുഷ്യാവകാശം നിലനിർത്തുക സാധ്യമാണ്' എന്ന് വാദിച്ച ടീമാണ്. മനുഷ്യാവകാശങ്ങൾ പാലിച്ചുകൊണ്ടുതന്നെ തീവ്രവാദത്തെ അമർച്ചചെയ്യാനും, ജനങ്ങളോട് സ്നേഹപൂർവ്വം ഇടപെട്ടുകൊണ്ട്, വിശ്വാസം ആർജ്ജിച്ചുകൊണ്ട്, അവരുടെ മനസ്സിൽ ഇടം നേടിക്കൊണ്ടുതന്നെ രാജ്യത്തിൻറെ സുരക്ഷ ഉറപ്പുവരുത്താനും കഴിയുമെന്ന് തന്നെ അവർ ഉദാഹരണസഹിതം വാദിച്ച് ജയിച്ചു.