Asianet News MalayalamAsianet News Malayalam

ആധാർ ഇല്ലാത്തതിന്‍റെ പേരിൽ സ്‍കൂളിന്‍റെ പടികയറാനാവാതെ കുട്ടികള്‍, ഉച്ചക്കഞ്ഞിയുമില്ല

“കോടതിയുടെ വിധി സർക്കാർ ഗൗരവമായി എടുക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. ആധാർ ഇപ്പോഴും സ്‍കൂൾ പ്രവേശത്തിന് നിർബന്ധമാണ്. ഇത് കാരണം അംഗൻവാടിയിൽ പോലും കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നു. മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത്?" 

Indian children were denied admission to schools because of aadhar card
Author
Delhi, First Published Dec 11, 2019, 4:56 PM IST

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ 75 ശതമാനത്തോളം വരുന്ന കുട്ടികൾക്ക് സ്‍കൂൾ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമായി പല വിദ്യാലയങ്ങളിലും പ്രവേശനത്തിനായി കുട്ടികളുടെ ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുന്നതിന്‍റെ പേരിലാണിത്.

2018 സെപ്റ്റംബറിൽ സുപ്രീം കോടതി ആധാറിന്‍റെ ഭരണഘടനാ സാധുത ശരിവച്ചിരുന്നുവെങ്കിലും ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ കണക്ഷനുകൾ, സ്കൂൾ പ്രവേശനങ്ങൾ എന്നിവക്ക് ആധാർ നിർബന്ധമില്ല എന്ന് വിധിച്ചിരുന്നു. എന്നാൽ ഈ സുപ്രധാന കോടതി ഉത്തരവ് ലംഘിച്ചാണ് പല സ്‍കൂളുകളും രാജ്യവ്യാപകമായി പ്രവേശന സമയത്ത് ആധാർ  നിർബന്ധമാക്കുന്നത്.

ഇന്ത്യയിൽ 1.2 ബില്ല്യൺ ആളുകൾക്കും ആധാർ കാർഡ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിനും. ബാക്കിയുള്ള 103 ദശലക്ഷം ആളുകളും സ്വന്തമായി ആധാർ കാർഡ് ഇല്ലാത്തവരാണ്. അതിൽത്തന്നെ 75 ദശലക്ഷം പേരും കുട്ടികളാണ്. അങ്ങനെ വരുന്ന കുട്ടികൾക്കിടയിൽ 25 ദശലക്ഷം പേരോളം അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്.

സ്‍കൂൾ പ്രായത്തിലുള്ള 13 ശതമാനം കുട്ടികളും ആധാർ നൽകുന്നതുമായി ബന്ധപ്പെട്ട് സ്‍കൂൾ പ്രവേശനത്തിന് കാലതാമസം നേരിട്ടുന്നവരാണ്. ഒരു ദശലക്ഷത്തിലധികം വരുന്ന കുട്ടികൾക്കും സ്‍കൂളിൽ ചേരാനായിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാതാപിതാക്കൾ അവരെ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും ആധാറുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അവർക്കതിന് സാധിക്കുന്നില്ല.

“കോടതിയുടെ വിധി സർക്കാർ ഗൗരവമായി എടുക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. ആധാർ ഇപ്പോഴും സ്‍കൂൾ പ്രവേശത്തിന് നിർബന്ധമാണ്. ഇത് കാരണം അംഗൻവാടിയിൽ പോലും കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നു. മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത്?" വികസന സാമ്പത്തിക വിദഗ്ധൻ റീതിക ഖേര പറഞ്ഞു.

പക്ഷെ, ഏറ്റവും ദാരുണമായ കാര്യം ഇതൊന്നുമല്ല. സർക്കാർ സ്‍കൂളുകളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികൾക്കും ഉച്ചയ്ക്ക് നൽകുന്ന സൗജന്യ ഭക്ഷണം ഒരു വലിയ ആശ്വാസമാണ്. പല കുട്ടികളും ആ ഒരു നേരം മാത്രമായിരിക്കും വയറുനിറച്ചു വല്ലതും കഴിക്കുന്നത്. എന്നാൽ ആധാറിന്‍റെ പേരിൽ അതും നിഷേധിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

സ്‍കൂൾ പ്രവേശനത്തിന് മാത്രമല്ല സ്‍കൂളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കുകയാണ് സർക്കാർ. ആധാർ സമർപ്പിക്കുന്ന കുട്ടികൾക്ക് മാത്രം ഉച്ച ഭക്ഷണം സ്‍കൂളുകളിൽ വിളമ്പുന്നു. ഇതിന് കാരണമായി പറയുന്നത് പഠനം പകുതിക്ക് വച്ച് നിർത്തിയ കുട്ടികൾ ഉച്ചക്ക് സ്‍കൂളിൽ എത്തി പഠിക്കുന്ന കുട്ടികൾക്കായി നൽകുന്ന ഭക്ഷണം കഴിക്കുന്നു എന്നതാണ്. അങ്ങനെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പലപ്പോഴും ആഹാരം ലഭിക്കാതെ വരുന്നു. ഇത് തടയാനായിട്ടാണ് ആധാർ കാർഡ് നിർബന്ധമാക്കിയത്. എന്നാൽ അതില്ലാത്തതിന്‍റെ പേരിൽ പല വിദ്യാർത്ഥികളും പട്ടിണി കിടക്കേണ്ടി വരുന്നതും പരിതാപകരമാണ്. അർഹരായ കുട്ടികൾ വിശന്നിരിക്കരുത് എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഇത്, പക്ഷെ അർഹരായവർക്ക്‌ പോലും ഭക്ഷണം നിഷേധിക്കുന്ന ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യയും അന്നവും ഏതിന്‍റെ പേരിലാണെങ്കിലും തടയുന്നത് തെറ്റാണ്. ആ അവസ്ഥയാണീ സ്‍കൂളുകളിലേതും. 


 

Follow Us:
Download App:
  • android
  • ios