Asianet News MalayalamAsianet News Malayalam

70,000 കിലോ ഭാരം, 121 അടി നീളം, ലോകത്ത് ജീവിച്ച ഏറ്റവും വലിയ കരജീവി

ഇവയെ വേട്ടയാടാൻ തക്ക ശക്തിയുള്ള ജീവികൾ അന്നു മേഖലയിലില്ലാത്തതിനാൽ ഒന്നിനെയും പേടിക്കേണ്ട കാര്യം ഇവയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ പതിയെയായിരുന്നു ഇവയുടെ നടപ്പും മറ്റ് പ്രവൃത്തികളുമെല്ലാം.

Patagotitan mayorum largest creature ever live on earth
Author
First Published Apr 30, 2024, 3:44 PM IST

ജീവികളുടെ ചരിത്രം പരിശോധിച്ചാൽ പല വമ്പൻ ജീവികളും ചരിത്രാതീത കാലയളവിൽ ഇവിടെ ജീവിച്ചിരുന്നു. ഇന്ന് നമ്മുടെ ഭൂമിയിൽ ഉള്ളതിലേക്കും വെച്ച് ഏറ്റവും വലിപ്പമുള്ള ജീവി ഏതാണെന്ന് ചോദിച്ചാൽ ഉത്തരം എല്ലാവർക്കും അറിയാം, നീലത്തിമിംഗലമാണ് അത്. ഒന്നരലക്ഷം കിലോഗ്രാമാളം ഭാരവും 34 മീറ്ററോളം നീളവുമുണ്ട് ഈ വമ്പന്.  അതേസമയം ലോകത്തെ ഏറ്റവും വലിയ കരജീവി ആഫ്രിക്കൻ ആനയാണെന്നതും എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കരഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ളവയിൽ എറ്റവും വലിയ ജീവിയായി തിരിച്ചറിഞ്ഞിട്ടുള്ളത് ആരെയാണെന്ന് അറിയാമോ? 

അത് പാറ്റഗോറ്റിറ്റൻ മേയോറം എന്ന ദിനോസറാണ്. എഴുപതിനായിരം കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ദിനോസറിന്റെ നീളം 121 അടിയായിരുന്നു. ഏകദേശം 10 ആഫ്രിക്കൻ ആനകളുടെ ഭാരത്തിനു തുല്യം. 10 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിലായിരുന്നു ഇവ ജീവിച്ചിരുന്നത് എന്നാണ് ​ഗവേഷകർ പറയുന്നത്.

ഇപ്പോഴത്തെ അർജന്റീനയിലെ പ്രശ്‌സതമായ പാറ്റഗോണിയ മേഖലയിലായിരുന്നു മേയോറം ദിനോസറുകൾ ജീവിച്ചിരുന്നത്. അർജന്റീനോസോറസ് എന്ന മറ്റൊരു വമ്പൻ ദിനോസറും ഇവിടെത്തന്നെയായിരുന്നു ഉണ്ടായിരുന്നത്. മേയോറത്തിനെ കണ്ടെത്തുന്നതിനു മുൻപ് അർജന്റീനോസോറസിനെയാണ് ലോകത്തെ ഏറ്റവും വലിയ ദിനോസറായി കണക്കാക്കിയിരുന്നത്. 2017 -ലാണ് മേയോറത്തിന്റെ ഫോസിലുകൾ പാറ്റഗോണിയയിൽ നിന്നു കണ്ടെത്തിയത്. അതീവ വലിപ്പമുള്ള ജീവികളിൽ പലതും സസ്യാഹാരികളായിരുന്നു. മേയോറവും അങ്ങനെ തന്നെയായിരുന്നുവെന്നാണ് ​ഗവേഷകർ പറയുന്നത്. 

ഇന്നത്തെ കാലത്തെ ജിറാഫുകളെ പോലെ വലിയ മരങ്ങളിൽ നിന്ന് ഇലകൾ പറിക്കാനായി തങ്ങളുടെ നീളമുള്ള കഴുത്ത് ഇവ ഉപയോഗിച്ചു. ഇവയെ വേട്ടയാടാൻ തക്ക ശക്തിയുള്ള ജീവികൾ അന്നു മേഖലയിലില്ലാത്തതിനാൽ ഒന്നിനെയും പേടിക്കേണ്ട കാര്യം ഇവയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ പതിയെയായിരുന്നു ഇവയുടെ നടപ്പും മറ്റ് പ്രവൃത്തികളുമെല്ലാം. വളരെ നീളമുള്ള കഴുത്തും നീളമുള്ള വാലുകളും തടിച്ചകാലുകളുമായിരുന്നു ഇവയുടെ പ്രത്യേകത. സെറോപോഡ് എന്ന ദിനോസർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് പാറ്റഗോറ്റിറ്റൻ മേയോറം.

Follow Us:
Download App:
  • android
  • ios