Asianet News MalayalamAsianet News Malayalam

ഗള്‍ഫിലെ ഏക ജൂതദേവാലയമുള്ള ബഹറൈനില്‍ ജൂതസെമിത്തേരി പുനരുജ്ജീവിപ്പിക്കുന്നു

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ബഹറൈനിലെ ജൂതസമൂഹത്തിന്റെ ചരിത്രം. തങ്ങളുടെ പൈതൃകവും ചരിത്രവും രേഖപ്പെടുത്താനും സജീവമാക്കാനുമാണ് രാജ്യത്തെ ജൂതവിഭാഗങ്ങളുടെ കൂട്ടായ്മയുടെ ശ്രമം. അതിന്റെ ഭാഗമായാണ്, ജൂത സെമിത്തേരിയുടെയും ജൂതദേവാലയത്തിന്റെയും പുനരുദ്ധാരണം ലക്ഷ്യമിടുന്നത്. 

jewish community restores oldest cemetery in Baharain
Author
Manama, First Published Jan 13, 2022, 5:31 PM IST
  • Facebook
  • Twitter
  • Whatsapp

ഇസ്രായേല്‍-ബഹറൈന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ ജൂത സമൂഹംഅവരുടെ പാരമ്പര്യവും പൈതൃകവും ആഘോഷിക്കാനുള്ള പദ്ധതികളിലേക്ക്. ഇതിന്റെ ഭാഗമായി ബഹറൈനിലെ പുരാതനമായ ജൂത സെമിത്തേരിയും ജൂത ദേവാലയവും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. ബഹറിന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ അസോസിയേഷന്‍ ഓഫ് ഗള്‍ഫ് ജ്യൂയിഷ് കമ്യൂണിറ്റീസ് എന്ന സംഘടനയാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജൂത സമിത്തേരി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമമാരംഭിക്കുന്നത്. ജൂത പുതുവല്‍സര ദിനമായ ജനുവരി 16-ന് ഇതിന്റെ പുനരുദ്ധാരണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും പ്രവര്‍ത്തനം ഔപചാരികമായി ആരംഭിക്കുമെന്ന് സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ബഹറൈനിലെ ജൂതസമൂഹത്തിന്റെ ചരിത്രം. തങ്ങളുടെ പൈതൃകവും ചരിത്രവും രേഖപ്പെടുത്താനും സജീവമാക്കാനുമാണ് രാജ്യത്തെ ജൂതവിഭാഗങ്ങളുടെ കൂട്ടായ്മയുടെ ശ്രമം. അതിന്റെ ഭാഗമായാണ്, ജൂത സെമിത്തേരിയുടെയും ജൂതദേവാലയത്തിന്റെയും പുനരുദ്ധാരണം ലക്ഷ്യമിടുന്നത്. 

ബഹറൈനിലെ ജൂത സമൂഹത്തിന്റെ ചരിത്രം 

ബഹറൈനിലെ ഹജറില്‍ 630 സി ഇയില്‍ തന്നെ ജൂതസമൂഹം അധിവസിച്ചിരുന്നു എന്നാണ് പുരാതന ജൂതരേഖകള്‍ വിശദീകരിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ ഖയാസില്‍ 500 ജൂതവിഭാഗം അധിവസിച്ചിരുന്നതായി രേഖകളുണ്ട്. അല്‍ ഖതിഫയില്‍ അയ്യായിരത്തിലേറെ ജൂതര്‍ താമസിച്ചിരുന്നതായും ജ്യൂയിഷ് വെര്‍ച്വല്‍ ലൈബ്രറി രേഖകള്‍ വ്യക്തമാക്കുന്നു. . ഇവിടത്തെ മുത്തുവ്യാപാരം നിയന്ത്രിച്ചിരുന്നത് ജൂതവിഭാഗക്കാരായിരുന്നു. എന്നാല്‍, 19ാ-ം നൂറ്റാണ്ടിലാണ് ഇവിടെ ജൂത കുടിയേറ്റം വ്യാപകമായത്. ഇറാഖില്‍നിന്നായിരുന്നു പ്രധാനമായും ജൂതര്‍ ഇവിടെ എത്തിയത്. ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ജൂതരും ഇവിടെ എത്തിയിരുന്നു. 1880-ല്‍ എത്തിയ യദ്ഗാര്‍ കുടുംബമാണ് ഇതില്‍ പ്രബലര്‍. ഇവര്‍ പ്രധാനമായും വാണിജ്യരംഗത്താണ് ശ്രദ്ധയൂന്നിയിരുന്നത്. 

ജൂതരാഷ്ട്രമായ ഇസ്രായേല്‍ സ്ഥാപിതമാവുന്നതിന് മുമ്പ് ബഹറൈനില്‍ 600 ജൂതവിഭാഗക്കാര്‍ താമസിച്ചിരുന്നതായാണ് രേഖകള്‍. 1930-40-കളില്‍ അല്‍ മുതനബി തെരുവ് ജൂതവാണിഭക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ജൂതത്തെരുവ് എന്നായിരുന്നു അന്നിതിന്റെ പേര്. ഇസ്രായേല്‍ നിലവില്‍ വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ജൂതവിരുദ്ധ കലാപങ്ങള്‍ ഉണ്ടായതോടെ ബഹറൈനിലെ ജൂതരില്‍ വലിയ വിഭാഗം ഇസ്രായേലിലേക്ക് പോയി. 1948-ലുണ്ടായ സെമിറ്റിക് വിരുദ്ധ കലാപങ്ങളെ തുടര്‍ന്ന് ബാക്കിയുള്ളവരില്‍ പലരും അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കുടിയേറി. 200 ജൂതവിഭാഗക്കാര്‍ മാത്രമാണ് 1960-കളില്‍ ബഹറിനില്‍ ശേഷിച്ചത്. 1967-ലെ ആറുദിന യുദ്ധതതിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തോടെ  ഏതാണ്ട് എല്ലാ ജൂതവിഭാഗക്കാരും ബഹറൈന്‍ വിട്ടു. 

 

jewish community restores oldest cemetery in Baharain

മനാമയിലെ ജൂത ദേവാലയംജൂതസമൂഹം ഇപ്പോള്‍

ആറു കുടുംബങ്ങളിലായി 36 ജൂത പൗരന്‍മാരാണ് ഇപ്പോള്‍ ബഹറൈനിലുള്ളത്. ജൂതവിഭാഗമോ ദേവാലയങ്ങളോ നിലവിലുള്ള ഏക ഗള്‍ഫ് രാജ്യമാണ് ബഹറൈന്‍. ഇവിടെ പുരാതനമായ ഒരു ജൂതസെമിത്തേരിയുമുണ്ട്. ഇതണ് ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത്. ബഹറിനിലെ ശൂറാ അംഗവും ജൂതനേതാവുമായ അബ്രഹാം ഡേവിഡ് നോനു ഈയടുത്തായി സിനഗോഗ് പുതുക്കിപ്പണിതിരുന്നു. ഉപയോഗശൂന്യമായിക്കിടന്നിരുന്ന ഈ ദേവാലയത്തെ മറ്റെന്തങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നേരത്ത തീരുമാനമുണ്ടായിരുന്നുവെന്നും എന്നാല്‍, ബഹറൈന്‍ ഭരണകൂടം ഇടപെട്ട് ഇവിടെ ജൂത ദേവാലയം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഡേവിഡ് നോനു പറയുന്നു. 1948-ല്‍ കലാപങ്ങള്‍ക്കിടെ തകര്‍ക്കപ്പെട്ട ദേവാലയം പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം അനുവദിക്കാമെന്നു ഭരണകൂടം അറിയിച്ചതായും അദ്ദേഹം പറയുന്നു. 

പ്രാര്‍ത്ഥനകളും ആചാരപരമായ ചടങ്ങുകളും നടത്തുന്നതിന് റബ്ബി എന്നറിയപ്പെടുന്ന പുരോഹിതന്‍ ആവശ്യമാണെങ്കിലും ഇവിടെ പുരോഹിതരില്ലായിരുന്നു. എന്നാല്‍, മനാമയിലെ ദേവാലയത്തില്‍ ഇപ്പോള്‍ പുരോഹിതനുണ്ട്. നേരത്തെ പല ചടങ്ങുകള്‍ക്കും വിദേശത്തുനിന്നും പുരോഹിതരെ കൊണ്ടുവരാറായിരുന്നു. അതുപോലെ ജൂത വിദ്യാലയങ്ങളും ഇവിടെയില്ല. ജൂതവിഭാഗത്തില്‍ പെട്ട കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലോ അമേരിക്കന്‍ സ്‌കൂളുകളിലോ ആണ് വിദ്യ അഭ്യസിക്കുന്നത്. ഇസ്രായേല്‍ സന്ദര്‍ശിക്കാനാവില്ല എന്നതാണ് ബഹറൈനി ജൂതര്‍ അനുഭവിക്കുന്ന ഏക നിയന്ത്രണം. 


ബഹറെനില്‍ എന്നും സുരക്ഷിതര്‍
മിക്ക ഗള്‍ഫ് നാടുകളിലും മതപരമായ സംഘര്‍ഷം നിലനില്‍ക്കുന്നുവെങ്കിലും ജൂതവിഭാഗക്കാര്‍ ബഹറൈനില്‍ എന്നും സുരക്ഷിതരായിരുന്നതായി സമുദായ നേതാക്കള്‍ പറയുന്നു. മുസ്‌ലിം സമുദായക്കാരായ അയല്‍വാസികള്‍ അനുഭവിക്കുന്ന അതേ അവകാശങ്ങള്‍ തന്നെ ജൂതവിഭാഗങ്ങള്‍ക്കും ഇവിടെയുണ്ടെന്ന് അവര്‍ പറയുന്നു. നിലവിലെ അമീര്‍  ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുതിയ ഭരണാധികാരിയായി ചുമതലയേറ്റ ഉടന്‍ തന്നെ ജൂതസമുദായ ന്തോക്കളെ വിളിച്ച്, നിലവിലുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുണ്ടാവുമെന്നും ഒരു ഭയത്തിന്റെയും ആവശ്യവുമില്ലെന്നും അറിയിച്ചിരുന്നതായി സമുദായ നേതാക്കള്‍ പറയുന്നു. 

അതു ശരിവെക്കുന്നതാണ് ബഹറൈനിലെ അവസ്ഥയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടേബിള്‍ ക്ലോത്ത്, ലിനന്‍ കയറ്റുമതിയില്‍ ബഹറൈനില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഖിദൗരി കുടുംബം ജൂതവിഭാഗത്തില്‍ പെടുന്നതാണ്. ഇലക്‌ട്രോണിക്‌സ് ബിസിനസ് നടത്തുന്ന റൂബന്‍ റൂബന്‍ എന്ന ജൂത കമ്പനിയുടെ ഏറ്റവും വലിയ കോര്‍പപേററ്റ് ഉപഭോക്താവ് സര്‍ക്കാര്‍ തന്നെയാണ്. ശൂറാ സമിതി അംഗമായ ഹൗദ നോനൂ എന്ന ജൂത സ്ത്രീയെ 2008-ല്‍ രാജാവ് അമേരിക്കയിലെ ബഹറൈന്‍ അംബാസഡറാക്കിയിരുന്നു. കാലാവധി കഴിഞ്ഞശേഷം ബഹറൈന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഉന്നതപദവിയില്‍ തുടരുകയാണ് ഇവര്‍. 

2015-ല്‍ പ്രമുഖ ജൂതപുരോഹിതന്‍ റബ്ബി മോശെ ലെവിനെ ബഹറൈന്‍ കൊട്ടാരത്തില്‍ പ്രത്യേക ചടങ്ങുകള്‍ക്കായി വിളിപ്പിച്ചിരുന്നു. അമ്പതോളം ജൂതവംശജരെ ആ കര്‍മ്മത്തിന് സാക്ഷിയാവാനും വിളിപ്പിച്ചിരുന്നു. അതുപോലെ രാജകുടുംബത്തിലുള്ള അംഗങ്ങള്‍ക്ക് ഇസ്രായേലില്‍ മികച്ച ചികില്‍സ ലഭ്യമാക്കിയ സംഭവങ്ങളുമുണ്ടായി. 

ഇസ്രായേല്‍ -ബഹറൈന്‍ ബന്ധം

ജൂതവംശജര്‍ക്കും സയണിസത്തിനും എതിരായ നടപടികളെ തടയുന്നതിന് 2020-ല്‍ വാഷിംഗണില്‍ നടന്ന ചടങ്ങില്‍ ബഹറൈന്‍ കരാര്‍ ഒപ്പിട്ടിരുന്നു.  ട്രംപ് യു എസ് പ്രസിഡന്റായിരിക്കെ പശ്ചിമേഷ്യന്‍ പ്രശ്‌നപരിഹാരത്തിനായി നടന്ന ശ്രമങ്ങളില്‍ ബഹറൈന്‍ മുഖ്യ പങ്കാളിയായിരുന്നു. 2020 സെപ്തംബര്‍ 11-നാണ് ട്രംപിന്റെ മുന്‍കൈയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ കുതിപ്പ് സംഭവിക്കുന്നത്. അന്ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ ചരിത്രപ്രധാനമായിരുന്നു. നയതന്ത്ര പ്രതിനിധികളെയും എംബസികളെയും പരസ്പരം അനുവദിക്കാനും വിമാന സര്‍വീസുകള്‍ നടത്താനും ആരോഗ്യം, വാണിജ്യം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സുരക്ഷ, കൃഷി എന്നീ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്താനുമുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. അതിനു പിന്നാലെ ഇക്കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തു. 

ഇതിന്റെ തുടര്‍ച്ചയായാണ്, ബഹറൈനിലെ ജൂത സമൂഹം നൂറ്റാണ്ടു പഴക്കമുള്ള സെമിത്തേരി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios