ഇപ്പോള്‍ ലോകജനത ഒന്നടങ്കം കാത്തിരിക്കുന്നത് ഐസക് ന്യൂട്ടനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും മുമ്പോട്ടുവച്ചതുപോലെയുള്ള വിപ്ലവകരമായ ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വേണ്ടി അല്ല. താപയന്ത്രവും കമ്പ്യൂട്ടറും പോലെ സാമൂഹ്യബന്ധങ്ങളെയും പ്രവര്‍ത്തനങ്ങളെയും സമഗ്രമായി പുനര്‍ക്രമീകരിക്കുവാന്‍ കെല്‍പുള്ള ഒരു യന്ത്രത്തിനുവേണ്ടിയും അല്ല. വിദൂര നക്ഷത്ര മണ്ഡലങ്ങളില്‍ നടക്കുന്ന അതിശയകരമായ വിസ്ഫോടനങ്ങളും തമോഗര്‍ത്തങ്ങളുടെ രൂപീകരണങ്ങളും തല്‍ക്കാലം മനുഷ്യമനസ്സിന്‍റെ തിരശ്ശീലയില്‍ ഇല്ല. മനുഷ്യജീവിതത്തിന്‍റെ നിലനില്‍പുപോലും അനിശ്ചിതമായിരിക്കുന്ന അവസ്ഥയില്‍ നാം ശാസ്ത്രത്തില്‍നിന്നും പ്രതീക്ഷയോടെ ആഗ്രഹിക്കുന്നത് കൊവിഡ് എന്ന മഹാമാരിയില്‍നിന്ന് നമ്മെ രക്ഷിക്കുന്ന ഒരു വാക്സിന്‍ ആണ്, കൊറോണ വൈറസ് എന്ന വൈറസില്‍ നിന്ന് നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന ഒരു രോഗപ്രതിരോധ കവചമാണ്. 

രോഗങ്ങളുമായുള്ള നിരന്തരപോരാട്ടത്തില്‍ നിന്ന് മനുഷ്യന്‍ പഠിച്ച ഒരു പാഠം, രോഗചികിത്സയേക്കാള്‍ നല്ലത് രോഗപ്രതിരോധമാണ് എന്നതാണ്. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രജ്ഞരുടെ പ്രത്യേകശ്രദ്ധ ആകര്‍ഷിച്ച ഒരു മേഖലയാണ് രോഗപ്രതിരോധ ശാസ്ത്രം (Immunology). വിനാശകരമായ രോഗങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശേഷി എങ്ങനെ മനുഷ്യശരീരത്തിനു നല്‍കാനാവും എന്നുള്ളത് അനേകം നൂറ്റാണ്ടുകളായുള്ള അന്വേഷണമാണ്. ഈ അന്വേഷണത്തിന്‍റെ ആദ്യസംരംഭങ്ങളും പ്രയോഗരീതികളും ഇന്ത്യയും ചൈനയും പോലുള്ള പുരതാനപൗരസ്ത്യസംസ്കാരങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. പൗരസ്ത്യനാടുകളിലെ രോഗപ്രതിരോധരീതികളെക്കുറിച്ചുള്ള അറിവ് പാശ്ചാത്യനാടുകളിലെത്തിയതോടെ ആണ് രോഗപ്രതിരോധ ശാസ്ത്രത്തിന്‍റെ പാശ്ചാത്യശാസ്ത്രജ്ഞരുടെ മികച്ച സംഭാവനകള്‍ക്ക് കളമൊരുങ്ങിയത്. 

സാംക്രമികരോഗങ്ങള്‍ക്കെതിരെയുള്ള രോഗപ്രതിരോധത്തിലെ ആദ്യനേട്ടങ്ങള്‍ മനുഷ്യര്‍ കൈവരിക്കുന്നത് വസൂരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി മനുഷ്യചരിത്രത്തിന്‍റെ ഭാഗമായിട്ടുള്ള ഒരു സാംക്രമികരോഗമാണ് വസൂരി (Small pox). വിവിധ ഭൂഖണ്ഡങ്ങളിലായി എണ്ണിയാലൊടുങ്ങാത്ത ആളുകളെ മരണത്തിലേക്ക് തള്ളിവിടുകയും രോഗത്തെ അതിജീവിച്ചവരില്‍ നല്ല ഒരു ഭാഗം ആളുകള്‍ക്ക് അന്ധതയും വൈകൃതവും നല്‍കുകയും ചെയ്ത ഒരു മാരകരോഗമാണിത്. രോഗബാധിതരില്‍ മൂന്നിലൊന്നോളം മരണത്തിന് കീഴ്‍പ്പെട്ടുകൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം 30 കോടി ആളുകള്‍ വസൂരി മൂലം മരണപ്പെട്ടു എന്നാണ് കണക്ക്. 

കൊവിഡ് പോലെ തന്നെ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് വസൂരി. മനുഷ്യപ്രയത്നം കൊണ്ട് ഭൂമുഖത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു രോഗമാണിത്. രോഗ പ്രതിരോധ കുത്തിവെപ്പ് വഴിയാണ് ഈ അപൂര്‍വനേട്ടം കൈവരിക്കാനായത്. വസൂരി അവസാനമായി രേഖപ്പെടുത്തപ്പെട്ടത് 1978 -ല്‍ ബ്രിട്ടനിലെ ബര്‍മിംഗ്ഹാമിലാണ് (Birmingham). 1980 -ല്‍ ലോകാരോഗ്യസംഘടന (WHO) 33 -ാമത് ലോകാരോഗ്യഅസംബ്ലിയില്‍ (World Health Assembly) ലോകവും അതിലെ മനുഷ്യരും വസൂരിയില്‍ നിന്ന് പൂര്‍ണമായും മുക്തമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീര്‍ഘകാലത്തെ ആരോഗ്യ വൈദ്യശാസ്ത്രപ്രവര്‍ത്തനങ്ങളുടെ അന്തിമഫലമായിരുന്നു WHO -യുടെ ഈ പ്രഖ്യാപനം. 18 -ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ എഡ്വാര്‍ഡ് ജന്നര്‍ ഗോവസൂരിപ്രയോഗം അഥവാ വാക്സിനേഷന്‍ കണ്ടുപിടിച്ചതോടെയാണ് വസൂരിയുമായുള്ള സമരത്തില്‍ മനുഷ്യന് നിര്‍ണ്ണായകമായ മുന്‍തൂക്കം ലഭിക്കുന്നത്. പക്ഷേ, ജന്നര്‍ നടത്തിയ ഈ കണ്ടുപിടിത്തം പെട്ടെന്ന് ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ ഉണ്ടായതല്ല. പൗരസ്ത്യനാടുകളില്‍ നിന്നുത്ഭവിക്കുന്ന ഒരു ചരിത്രം ഇതിന് പിന്നിലുണ്ട്. രോഗങ്ങളുടെ ദേശാന്തരസംക്രമണം പോലെത്തന്നെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളും ദേശങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് വിനിമയം ചെയ്യപ്പെടുന്നതായി കാണാന്‍ സാധിക്കും. 

വസൂരിക്കെതിരെ വൈദ്യശാസ്ത്രജ്ഞന്മാര്‍ എങ്ങനെ പോരാടി എന്നതിന്‍റെ ആദ്യപരാമര്‍ശങ്ങള്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള സ്രോതസ്സുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ആയുര്‍വേദത്തിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും വസൂരിയേകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചൈനയിലെ ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ കോ ഹുംഗ് (Ko Hung) AD 340 -ന് അടുത്ത് എഴുതിയ 'ആപത്കാലത്തെ അടിയന്തിര ചികിത്സകള്‍' എന്ന പുസ്‍തകത്തിലും വസൂരി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 

പാശ്ചാത്യലോകം വസൂരിയെ കുറിച്ചുള്ള ഒരു ശാസ്ത്രീയപഠനം ആദ്യമായി അറിയുന്നത് ഇസ്ലാമിക ലോകത്തെ മഹാനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമായ അബൂബക്കര്‍ ഇബ്ന്‍ സഖറിയാ അല്‍ റാസി ഏ ഡി ഒമ്പതാം നൂറ്റാണ്ടിലെഴുതിയ 'കിതാബ് അല്‍ ജദാരി വാ അല്‍ ഹാസ്‍ബ' (The Book on Smallpox and Measless) എന്ന അറബിഭാഷയിലുള്ള ഗ്രന്ഥം യൂറോപ്യന്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോഴാണ്. വിവിധ യൂറോപ്യന്‍ ഭാഷകളിലേക്ക് നാല്‍പത് തവണ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള പഠനത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ്. ഒരിക്കല്‍ വസൂരി വരുന്നവര്‍ക്ക് വീണ്ടും ഈ രോഗം ബാധിക്കുന്നില്ല എന്ന സുപ്രധാന നിരീക്ഷണം ഈ ഗ്രന്ഥത്തിലുണ്ട്. 

 

മനുഷ്യനും വസൂരിയുമായുള്ള ദീര്‍ഘമായ സമരത്തിനിടയില്‍ എപ്പോഴോ ഉരുത്തിരിഞ്ഞുവന്ന ഒരു രോഗപ്രതിരോധ മാര്‍ഗമാണ് വസൂരി പ്രതിരോധവല്‍ക്കരണം (Variolation) . വസൂരി ബാധിച്ച ഒരാളുടെ ശരീരത്തില്‍നിന്ന് ചലമോ പൊറ്റനോ എടുത്ത് രോഗമില്ലാത്ത ആളിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ സൂചികൊണ്ട് ശരീരം കിഴിച്ച് അകത്ത് കടത്തുകയോ ചെയ്യുമ്പോള്‍ അയാള്‍ക്ക് വസൂരിയുടെ മാരകമല്ലാത്ത ഒരു ബാധ ഉണ്ടാകുന്നു. ഇത് സുഖപ്പെടുമ്പോള്‍ അയാളുടെ ശരീരത്തില്‍ വസൂരിക്കെതിരായ പ്രതിരോധശക്തി ഉണ്ടാകുന്നു. 

പൗരസ്ത്യ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നൂറ്റാണ്ടുകളോളം പ്രയോഗത്തിലിരുന്നതിനുശേഷം 18 -ാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ വസൂരിപ്രതിരോധവല്‍ക്കരണം യൂറോപ്യന്‍ മുഖ്യധാരയുടെ ശ്രദ്ധയില്‍ പെട്ടു. AD 1721 -ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ കോണ്‍സ്റ്റാന്‍റിനോപിളില്‍ നിന്ന് ഈ പ്രയോഗം ഇംഗ്ലണ്ടിലെത്തി. പക്ഷേ, ഇതിനുമുമ്പ് ഒരു നൂറ്റാണ്ടോളം ഈ സമ്പ്രദായം ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്നു. ഉത്തര ആഫ്രിക്കയിലെ അറബികളും കറുത്ത വര്‍ഗ്ഗക്കാരും ഇതിന്‍റെ പ്രയോക്താക്കളായിരുന്നു. വസൂരിയില്‍നിന്നും രക്ഷപ്പെടാനുള്ള ഈ പ്രായോഗികജ്ഞാനം ഈ ദേശങ്ങളിലെല്ലാം എത്തിയത് ഭാരതത്തില്‍ നിന്നാകും എന്ന് കരുതപ്പെടുന്നു. വസൂരി പ്രതിരോധവല്‍ക്കരണം എവിടെ ആരംഭിച്ചു എന്നതിന് തെളിവുകളില്ല. എങ്കിലും യൂറോപ്യന്മാര്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന് മുമ്പ് ഈ രോഗപ്രതിരോധനമാര്‍ഗ്ഗം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ടായിരുന്നു. 

ടിക്കാ (Tikah) അഥവാ അച്ചുകുത്ത് എന്ന വസൂരിപ്രതിരോധവല്‍ക്കരണം (Variolation/Inoculation) ആണ് ഇന്ത്യയില്‍ പ്രയോഗത്തിലുണ്ടായിരുന്നത്. ബംഗാളിലെ ജനങ്ങള്‍ വസൂരിയെ ചെറുത്തുനില്‍ക്കുന്നതിന് ഉപയോഗിക്കുന്ന അത്ഭുതകരമായ ഈ രീതിയെക്കുറിച്ച് 1731 -ല്‍ റോബര്‍ട്ട് കോള്‍ട്ട് എന്ന ബ്രിട്ടീഷുകാരന്‍ സ്വന്തം നാട്ടിലേക്കെഴുതി ''നാട്ടുകാര്‍ ടിക്കാ എന്നു വിളിക്കുന്ന വസൂരി പ്രതിരോധവല്‍ക്കരണം കഴിഞ്ഞ 150 വര്‍ഷങ്ങളായി ബംഗാള്‍ രാജ്യത്ത് നിലവിലിരിക്കുന്നു. പക്വമായ വസൂരിബാധയുള്ള ഒരാളില്‍നിന്നെടുക്കുന്ന ചലം മുനയുള്ള സൂചികൊണ്ട് മറ്റൊരാളുടെ കയ്യുടെ മുകള്‍ ഭാഗത്ത് പല ചെറിയ സുഷിരങ്ങളുണ്ടാക്കി പകര്‍ത്തുന്നു. മൂന്നുനാല് ദിവസങ്ങള്‍ക്കകം ഇയാള്‍ക്ക് ചെറിയ പനിയും വസൂരിയുടെ ചെറുലക്ഷണങ്ങളും ഉണ്ടാകുന്നു.'' 

1767 -ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനും ഭിഷഗ്വരനുമായ ഡോ. JZ ഹോള്‍വെല്‍ (Dr. JZ HOLWELL) ലണ്ടനിലെ കോളേജ് ഓഫ് ഫിസിഷ്യന്‍സിനുവേണ്ടി ഇന്ത്യയിലെ അച്ചുകുത്ത് സമ്പ്രദായത്തെ കുറിച്ച് വിശദമായി എഴുതി. ബനാറസ് മുതലായ കേന്ദ്രങ്ങളില്‍ നിന്ന് ഒരു വിഭാഗം ബ്രാഹ്മണര്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പല ചെറിയ കൂട്ടങ്ങളായി സഞ്ചരിച്ച് അച്ചുകുത്ത് നടത്തുന്നത് അദ്ദേഹം വളരെ വിശദമായി പ്രതിപാദിക്കുന്നു. 

ഇന്ത്യയോടൊപ്പം ചൈനയിലും വസൂരിപ്രതിരോധവല്‍ക്കരണം പ്രയോഗത്തിലുണ്ടായിരുന്നു. ഈ പ്രയോഗത്തിന്‍റെ ചൈനയില്‍ നിന്നുമുള്ള ആദ്യത്തെ പരാമര്‍ശം 1549 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥത്തിലാണുള്ളത്. 17 -ാം നൂറ്റാണ്ടോടുകൂടി ഈ സമ്പ്രദായം ചൈനയില്‍ വ്യാപകമായി പ്രചാരത്തിലായി. പക്ഷേ, രോഗപ്രതിരോധത്തിന്‍റെ ചൈനീസ് പ്രയോഗം ഇന്ത്യയിലേതില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു. രോഗിയുടെ ഉണങ്ങിയ പൊറ്റനുകള്‍ പൊടിയാക്കി അതില്‍ അല്‍പം രോഗമില്ലാത്തയാളിന്‍റെ മൂക്കിലേക്ക് വലിപ്പിക്കുകയായിരുന്നു പതിവ്. വസൂരിക്കുരുവില്‍ നിന്നുള്ള വെള്ളം ഒരു പഞ്ഞിയില്‍ എടുത്ത് മൂക്കിലേക്ക് വലിക്കുന്ന രീതിയും ഉണ്ടായിരുന്നു. 

ഇന്ത്യന്‍ പ്രയോഗത്തില്‍ മുന കൂര്‍പ്പിച്ച ഇരുമ്പ് കമ്പി വസൂരിക്കുരുവില്‍ ആഴ്ത്തിയെടുക്കുന്നു. ഈ സൂചികൊണ്ട് പ്രതിരോധവല്‍ക്കരണം തേടുന്ന ആളിന്‍റെ കൈയില്‍ മുകള്‍ ഭാഗത്ത് വട്ടത്തില്‍ അനവധി ചെറുസുഷിരങ്ങളുണ്ടാക്കുന്നു. അച്ചുകുത്ത് എന്ന ഈ ഇന്ത്യന്‍ രീതിയാണ് ഓട്ടോമന്‍ സാമ്രാജ്യത്തിലും അവിടെനിന്നും യൂറോപ്പിലും എത്തിയത്. 

1798 -ല്‍ എഡ്വേഡ് ജന്നര്‍ വസൂരി പ്രതിരോധനത്തില്‍ സുപ്രധാനമായ ഒരു മാറ്റം വരുത്തി. വസൂരിക്ക് പകരം ഗോവസൂരി (COW POX) ഉപയോഗിച്ച് ഒരാളുടെ ശരീരത്തില്‍ വസൂരിക്കെതിരായ പ്രതിരോധം സൃഷ്ടിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. വസൂരിയോട് സാമ്യമുള്ളതും എന്നാല്‍ അത്രയും മാരകമല്ലാത്തതുമായ ഒരു രോഗമാണ് ഗോവസൂരി (COW POX). പശുക്കറവ നടത്തുന്ന സ്ത്രീകളില്‍ താരതമ്യേന വസൂരി കുറവായാണ് വരുന്നത് എന്ന് ജന്നര്‍ നിരീക്ഷിച്ചു. തുടര്‍ന്ന് നിരവധി ആളുകളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഒരാളില്‍ ഒരു പ്രാവശ്യം ഗോവസൂരി വരുത്തിയാല്‍ ആ വ്യക്തി വസൂരിക്കെതിരെയും പ്രതിരോധശക്തി നേടുന്നതായി ജന്നര്‍ തെളിയിച്ചു. 

 

എഡ്വേര്‍ഡ് ജന്നര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ വസൂരി പ്രതിരോധശക്തി നേടുന്നതിനായി ഗോവസൂരിയുടെ ഒരു സംഭവിക്കല്‍ ബോധപൂര്‍വം ഉണ്ടാക്കുന്നതിനെ ഗോവസൂരിപ്രയോഗം അഥവാ വാക്സിനേഷന്‍ എന്ന് പറയുന്നു. പശു എന്നര്‍ത്ഥമുള്ള വാക്ക (Vacca) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് വാക്സിനേഷന്‍ (vaccination) എന്ന വാക്കുണ്ടായത്. നിലവിലിരുന്ന വസൂരിപ്രതിരോധനത്തേക്കാള്‍ സുരക്ഷിതമെന്ന് കണ്ടെത്തിയ ഗോവസൂരിപ്രയോഗത്തെ ശാസ്ത്രലോകം അംഗീകരിച്ചു. തുടര്‍ന്ന് ലോകമാസകലം ഗവണ്‍മെന്‍റുകള്‍ ഗോവസൂരിപ്രയോഗത്തെ സജീവമായി പ്രോത്സാഹിപ്പിക്കുവാന്‍ തുടങ്ങി. ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്തിമപാദത്തോടെ ലോകം വസൂരിയുടെ ഭീഷണിയില്‍നിന്നും പൂര്‍ണമായി രക്ഷപ്പെട്ടു. 

എഡ്വേര്‍ഡ് ജന്നര്‍ ഗോവസൂരിപ്രയോഗം അവതരിപ്പിച്ച് നാലുവര്‍ഷത്തിനകം തന്നെ ഈ പ്രയോഗരീതി ഇന്ത്യയിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കി. പരമ്പരാഗത അച്ചുകുത്ത് രീതി ഉപേക്ഷിച്ച് ഗോവസൂരികുത്തിവയ്‍പ് സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ വിമുഖത കാണിച്ചു. രണ്ട് രീതികള്‍ തമ്മിലുള്ള മത്സരം വളരെക്കാലം നീണ്ടുനിന്നു. ഗവണ്‍മെന്‍റിന്‍റെ ശക്തമായ നടപടികളിലൂടെ കാലക്രമേണ ഗോവസൂരിപ്രയോഗം സാര്‍വത്രികമായി. 

വസൂരിപോലെ തന്നെ മനുഷ്യനെ നിരന്തരം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന മറ്റൊരു സാംക്രമികരോഗമാണ് പ്ലേഗ്. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു വ്യത്യസ്‍ത കാലയളവുകളില്‍ ഈ മഹാമാരിയുടെ വ്യാപനം അതീവസാന്ദ്രമായിരുന്നു. എലികളും അവയുടെമേല്‍ ജീവിക്കുന്ന ഈച്ചകളും വഴി പടരുന്ന ഈ വ്യാധിയുടെ ആദ്യത്തെ ബൃഹത്തായ അധിവ്യാപനം ഏഡി ആറാം നൂറ്റാണ്ടില്‍ പൗരസ്ത്യ റോമാ സാമ്രാജ്യത്തില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്താണാരംഭിച്ചത്. ജസ്റ്റീനിയന്‍ പ്ലേഗ് എന്നറിയപ്പെടുന്ന പ്ലേഗിന്‍റെ വലിയ പൊട്ടിപ്പുറപ്പെടല്‍ മധ്യകാലഘട്ടങ്ങളില്‍ യൂറോപ്പിലായിരുന്നു. നാലുനൂറ്റാണ്ടോളം ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെട്ട പ്ലേഗ് യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ തുടച്ചുനീക്കി. 

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു പ്ലേഗിന്‍റെ മൂന്നാമത്തെ അധിവ്യാപനം. ബോംബെ പ്ലേഗ് എന്നറിയപ്പെടുന്ന ഈ പൊട്ടിപ്പുറപ്പെടല്‍ ചൈനയില്‍ ആരംഭിച്ച് കപ്പല്‍ പാതകള്‍ വഴി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലും ഇന്ത്യയിലെ മുംബൈയിലും എത്തി. ചൈനയില്‍നിന്ന് ജപ്പാന്‍, തൈവാന്‍, സിംഗപൂര്‍ എന്നിവിടങ്ങളിലും പടര്‍ന്നു. തുടര്‍ന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്ക, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലും വ്യാപിച്ചു. 

മുംബൈയില്‍നിന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ച വ്യാധി ഇന്ത്യയില്‍ മാത്രം ലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമായി. 1896 -ല്‍ തുടങ്ങിയ പ്ലേഗ് വ്യാപനം 1898 -നും 1908 -നും ഇടയിലുള്ള ഒരു ദശകത്തില്‍ 60 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നു. 1903 -ഓടുകൂടി ഇന്ത്യയിലെ പ്ലേഗ് മരണങ്ങള്‍ അതിന്‍റെ മൂര്‍ധന്യത്തിലെത്തി. 

പക്ഷേ, മരണത്തിന്‍റെ ഈ താണ്ഡവനൃത്തം ഈ മാരകരോഗത്തിനെതിരെ പ്രതിരോധം നല്‍കുന്ന ഒരു വാക്സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. മുംബൈയിലെ പ്രശസ്തമായ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടും അതിന്‍റെ സ്ഥാപകനായ ഡോ. വാല്‍ഡെര്‍മാര്‍ ഹാഫ്കിനും പ്ലേഗിനെതിരായ മനുഷ്യന്‍റെ ശാസ്ത്രീയ പോരാട്ടത്തിലെ സുപ്രധാന നാമങ്ങളാണ്. റഷ്യയില്‍ ജനിച്ച് പാരീസില്‍ പ്രവര്‍ത്തിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് വഴി ഇന്ത്യയിലെത്തിയ ഡോ. ഹാഫ്കിന്‍ രോഗപ്രതിരോധനശാസ്ത്രത്തിന്‍റെ പ്രോജ്ജ്വല താരമാണ്. 

വാല്‍ഡെമര്‍ മൊര്‍ദേക്കായി ഹാഫ്കിന്‍ (Waldemar Mordechai Wolff Haffkine) സാര്‍ ചക്രവര്‍ത്തിമാരുടെ റഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന യുക്രൈനിലെ ഒഡേസ്സയില്‍ ഒരു യഹൂദകുടുംബത്തില്‍ 1860 -ല്‍ ജനിച്ചു. ഒഡേസ്സാ സര്‍വകലാശാലയില്‍ പഠനകാലത്ത് നോബല്‍ സമ്മാന ജേതാവായ പ്രൊഫ. മെച്‍നിക്കോവിന്‍റെ (Prof. Ehie Metchnikoff) പ്രിയ ശിഷ്യനായി മാറുകയും ഏകകോശ ജീവികളുടെ പഠനത്തില്‍ താല്‍പര്യം കാണിക്കുകയും ചെയ്തു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന ഹാഫ്കിന്‍ 1884 -ല്‍ പിഎച്ച്ഡി ബിരുദം നേടിയെങ്കിലും അധ്യാപനഗവേഷണ മേഖലകള്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ അടഞ്ഞു കിടന്നു. അന്ന് റഷ്യയില്‍ നിലനിന്നിരുന്ന യഹൂദവിരോധം മൂലം യൂണിവേഴ്‍സിറ്റി യില്‍ അധ്യാപകനായി നിയമനം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് കണ്ട ഹാഫ്കിന്‍ റഷ്യ വിട്ട് ആദ്യം ജനീവയിലേക്കും അതിനുശേഷം പാരീസിലേക്കും പോയി. ഇതിനിടയില്‍ രോഗപ്രതിരോധശാസ്ത്രത്തിലെ അതികായനായ ലൂയി പാസ്‍ചര്‍ പ്രൊഫ. മെച്‍നിക്കോവിനെ പുതുതായി തുടങ്ങിയ പാസ്‍ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ലബോറട്ടറിയുടെ വിഭാഗതലവനായി പാരീസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നിരുന്നു. 1889 -ല്‍ മെച്‍നികോവ് തന്‍റെ പ്രിയശിഷ്യനായ ഹാഫ്‍കിന് ഒരു അസിസ്റ്റന്‍റ് ലൈബ്രേറിയന്‍റെ ജോലി പാസ്‍ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തരമാക്കിക്കൊടുത്തു. 

 

തുടര്‍ന്ന് ലബോറട്ടറി ഓഫ് മൈക്രോബിയല്‍ ടെക്നിക്കിന്‍റെ ഭാഗമായ ഹാഫ്‍കിന്‍ അവിടെ വിബ്രിയോ കോളറെ (Vibrio Cholerae) എന്ന സൂക്ഷ്മജീവിയെക്കുറിച്ച് വിശദമായ പഠനങ്ങളാരംഭിച്ചു. ഈ സൂക്ഷ്മജീവിയാണ് ഏഷ്യാറ്റിക് കോളറ എന്ന രോഗത്തിന് കാരണമെന്ന് 1883 -ല്‍ റോബര്‍ട്ട് കോഷ് (Robert Koch) കണ്ടെത്തിയിരുന്നു. അധികം താമസിയാതെ ഹാഫ്‍കിന്‍ കോളറയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് വികസിപ്പിച്ചെടുത്തു. കോളറയ്ക്ക് ഹേതുവായ ബാക്ടീരിയയില്‍ ചൂടുകാറ്റ് അടിച്ചുവിട്ട് അതിന്‍റെ ശേഷി കുറച്ചെടുത്താണ് വാക്സിന്‍ ഉണ്ടാക്കിയത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായി കണ്ടു. തുടര്‍ന്ന് ഹാഫ്‍കിന്‍ സ്വന്തം ശരീരത്തില്‍ തന്നെ കുത്തിവെച്ച് കോളറ വാക്സിന്‍റെ ആദ്യ മനുഷ്യപരീക്ഷണം നടത്തി ഫലപ്രാപ്തി ഉറപ്പിച്ചു. 1893 -ല്‍ കല്‍ക്കത്തയില്‍ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്‍റെ വാക്സിന്‍റെ വ്യാപകമായ ഉപയോഗത്തിനുവേണ്ടി ഡോ. ഹാഫ്‍കിന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അദ്ദേഹത്തെ സ്റ്റേറ്റ് ബാക്ടീരിയോളജിസ്റ്റ് ആയി നിയമിച്ചു. (State Bacteriologist of the British Crown in India). 

1896 -ല്‍ മുംബൈയില്‍ പ്ലേഗിന്‍റെ പൊട്ടിപ്പുറപ്പെടല്‍ ഉണ്ടാവുകയും അതൊരു മഹാമാരിയായി മാറുകയും ചെയ്‍തപ്പോള്‍ പ്ലേഗിനെതിരെ വാക്സിന്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഡോ. ഹാഫ്‍കിന്‍റെ സഹായം തേടി. മുംബൈയില്‍ എത്തിയ ഹാഫ്‍കിന്‍ അവിടെ ഗ്രാന്‍റ് മെഡിക്കല്‍ കോളേജില്‍ ലഭിച്ച ചെറിയ സൗകര്യത്തില്‍ തന്‍റെ പരീക്ഷണശാല ആരംഭിച്ചു. ഹാഫ്‍കിനും ഇന്ത്യക്കാരായ രണ്ടു സഹായികളും ദിനരാത്രങ്ങള്‍ കഠിനപ്രയത്നം നടത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 1879 -ല്‍ തന്നെ, പ്ലേഗിനെതിരായ വാക്സിന്‍ വികസിപ്പിച്ചെടുത്തു. ബൈക്കുള ജയിലിലെ തടവുകാരില്‍ നിന്നും സന്നദ്ധരായവരില്‍ നടത്തിയ ട്രയലിനുശേഷം (Trial) ഉടന്‍ തന്നെ വാക്സിന്‍ ജനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി. ആയിരക്കണക്കിനാളുകള്‍ക്കുള്ള വാക്സിന്‍ ദിവസവും നിര്‍മ്മിച്ചു നല്‍കുവാനുള്ള സൗകര്യം ഗ്രാന്‍റ് മെഡിക്കല്‍ കോളേജിലെ ലബോറട്ടറിയില്‍ ഉണ്ടായിരുന്നില്ല.  കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു കെട്ടിടം ഇസ്മായിലി മുസ്ലിം സമുദായത്തിന്‍റെ തലവനായ ആഗാഖാന്‍ നല്‍കുകയും 'പ്ലേഗ് റിസര്‍ച്ച് ലബോറട്ടറി' അങ്ങോട്ടുമാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്‍തു. 1925 -ല്‍ ഈ സ്ഥാപനം ഡോ. ഹാഫ്‍കിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് നാമകരണം ചെയ്യുകയും ചെയ്‍തു. 

20 വര്‍ഷം ഇന്ത്യയില്‍ താമസിച്ച് ഡോ. ഹാഫ്‍കിന്‍ മഹാമാരികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയെ സഹായിച്ചു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷക്കണക്കിനാളുകളെ മരണത്തില്‍നിന്നും രക്ഷിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ 'മഹാത്മാ' എന്ന് വിളിച്ച് ആദരിച്ചു. ഡേവിഡ് മാര്‍കിഷ് (David Markish) ഡോ. ഹാഫ്‍കിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി രചിച്ച നോവലിന്‍റെ പേര് 'മഹാത്മാ- മനുഷ്യവര്‍ഗം അറിയാതെ പോയ രക്ഷകന്‍' എന്നാണ് (Mahathma- The Savior Mankind Never Knew). ഒരുപക്ഷേ, പാശ്ചാത്യശാസ്ത്രത്തിന്‍റെ പൊതുധാരയില്‍നിന്നും മാറി ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചതിനാലാകാം ഡോ. കാഫ്‍കിന് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരമോ പ്രശസ്‍തിയോ ലഭിച്ചില്ല. പ്രശസ്‍ത സാഹിത്യകാരനായ ആന്‍റണ്‍ ചെക്കോവ് അദ്ദേഹത്തെ 'ഏറ്റവും അപ്രശസ്തനായ മനുഷ്യന്‍' ( The most unfamous man) എന്ന് വിളിച്ചു. 

മഹാമാരികള്‍ക്കെതിരെ മനുഷ്യന്‍ നടത്തുന്ന നിരന്തര സമരത്തില്‍ ഇന്ത്യയും എല്ലാക്കാലത്തും ഭാഗഭാക്കാണ്. വസൂരിക്കെതിരെ ഇന്ത്യയിലും ചൈനയിലും ആരംഭിച്ച പ്രതിരോധവല്‍ക്കരണം പാശ്ചാത്യനാടുകളിലെത്തിക്കുകയും പിന്നീട് ഗോവസൂരിപ്രയോഗം എന്ന മെച്ചപ്പെടുത്തലുണ്ടാവുകയും ചെയ്‍തു. ഡോ. ഹാഫ്‍കിന്‍ തന്‍റെ കോളറ വാക്സിന്‍റെ ഫലപ്രാപ്തി ഇന്ത്യയില്‍ സ്ഥിരീകരിക്കുകയും പ്ലേഗ് വാക്സിന്‍ ഇവിടെ വികസിപ്പിക്കുകയും ചെയ്‍തു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ പോരാട്ടത്തിലും ഇന്ത്യ അതിന്‍റെ പങ്ക് വിജയകരമായി നിര്‍വഹിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. 

(ലേഖകന്‍ പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പിന്തുണയോടെ ഭാരതത്തിലെ കലനശാസ്ത്രത്തിന്‍റെ ആരംഭത്തെ കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി. ശാസ്ത്രചരിത്രത്തില്‍ ഗവേഷണം തുടരുന്നു.)