Asianet News MalayalamAsianet News Malayalam

അച്ഛനെ കൊന്ന പെണ്‍മക്കള്‍, കേസില്‍ വീണ്ടും വിചാരണ; കൊലപാതകക്കുറ്റം ചാര്‍ത്തരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍

ഒരുപാട് അന്വേഷണങ്ങള്‍ക്കും വിചാരണകള്‍ക്കും ഒടുവില്‍ മോസ്‍കോയിലെ കോടതിമുറിയില്‍ വെള്ളിയാഴ്‍ച സഹോദരിമാരുടെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 

Khachaturyan sisters who killed their father
Author
Moscow, First Published Jul 31, 2020, 1:53 PM IST

2018 ജൂലൈയിലാണ് മോസ്‍കോയിലെ സ്വന്തം അപാര്‍ട്‍മെന്‍റിന്‍റെ സ്റ്റെയര്‍കേസില്‍ മിഖായേല്‍ ഖചാതൗര്യ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  കത്തികൊണ്ട് നിരവധി മുറിവുകളേറ്റ നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അയാള്‍ ഒരു മനോരോഗാശുപത്രി സന്ദര്‍ശിച്ചിരുന്നുവെന്നും തിരികെയെത്തിയശേഷം തന്‍റെ മൂന്നു പെണ്‍മക്കളെയും വരിവരിയായി നിര്‍ത്തി മുഖത്ത് കുരുമുളകുപൊടി സ്പ്രേ ചെയ്‍തിരുന്നുവെന്നും അധികൃതരും പെണ്‍കുട്ടികളുടെ വക്കീലും പറയുന്നു. അതില്‍ ഇളയ പെണ്‍കുട്ടി ക്രിസ്റ്റീനയ്ക്ക് ആസ്ത്മയുടെ പ്രശ്‍നമുള്ളതാണ്. അതിനാല്‍ത്തന്നെ കുരുമുളക് സ്പ്രേ ചെയ്‍തപ്പോള്‍ അവള്‍ ബോധംകെട്ട് വീഴുകയും ചെയ്‍തിരുന്നു. ആ രാത്രിയാണ് ക്രിസ്റ്റീന (19), ആഞ്ചലീന (18), മരിയ (17) എന്നീ സഹോദരിമാര്‍ തങ്ങളുടെ അച്ഛനെ കൊല്ലാന്‍ തീരുമാനിക്കുന്നത്. ഒരു ചുറ്റിക, ഒരു കത്തി, അച്ഛന്‍ അവര്‍ക്കുനേരെ പ്രയോഗിച്ച കുരുമുളക് സ്പ്രേ എന്നിവയാണ് അവര്‍ കൊലപാതകത്തിനായി ഉപയോഗിച്ചത്. 

Khachaturyan sisters who killed their father

അച്ഛന്‍ ഉറങ്ങിക്കിടക്കുന്ന നേരംനോക്കി അവര്‍ ശരീരത്തില്‍ സ്വന്തമായി മുറിവേല്‍പ്പിക്കുകയും പൊലീസിനെയും ആംബുലന്‍സിനെയും വിളിക്കുകയും ചെയ്‍തുവന്നും ശേഷമാണ് കൊലപാതകം നടത്തിയതെന്നും പറയുന്നു. പിറ്റേദിവസം തന്നെ മൂന്നു പെണ്‍കുട്ടികളും അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റസമ്മതം നടത്തുകയും ചെയ്‍തു. വര്‍ഷങ്ങളായിട്ടനുഭവിക്കുന്ന മാനസികവും ശാരീരികവും വൈകാരികവുമായ പീഡനങ്ങളാണ് അച്ഛനെ കൊല്ലാന്‍ കാരണമെന്നും പെണ്‍കുട്ടികള്‍ ഏറ്റുപറഞ്ഞുവെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകരും റഷ്യന്‍ പ്രൊസിക്യൂട്ടര്‍ ജനറലിന്‍റെ ഓഫീസും വെളിപ്പെടുത്തുകയുണ്ടായി. 

കഴിഞ്ഞ വേനല്‍ക്കാലത്ത് കരുതിക്കൂട്ടി നടത്തിയ കൊലപാതകക്കുറ്റം സഹോദരിമാരുടെ മേലെ ചാര്‍ത്തി. ഇത് റഷ്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഗാര്‍ഹികപീഡനങ്ങളെ കുറിച്ചുള്ള വലിയ ചര്‍ച്ചകളും ഇതുവഴിയുണ്ടായി. ഗാര്‍ഹിക പീഡനത്തിനിരയായവരെ സംരക്ഷിക്കുന്ന നിയമം നടപ്പിലാക്കണമെന്നും അവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട് തുടങ്ങി. സഹോദരിമാരുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും 2015 -ല്‍ അവരെ വീട്ടില്‍നിന്നും പുറത്താക്കിയിരുന്നു. മക്കളോട് അമ്മയുമായി യാതൊരുതരത്തിലുള്ള ബന്ധവും വക്കരുതെന്നും അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. 

ഒരുപാട് അന്വേഷണങ്ങള്‍ക്കും വിചാരണകള്‍ക്കും ഒടുവില്‍ മോസ്‍കോയിലെ കോടതിമുറിയില്‍ വെള്ളിയാഴ്‍ച സഹോദരിമാരുടെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മൂത്ത സഹോദരിമാരായ ക്രിസ്റ്റീന, ആഞ്ചലീന എന്നിവരെ ഒരുമിച്ചും കൊലപാതകം നടത്തുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത മരിയയുടെ വിചാരണ വേറെയുമാണ് നടന്നത്. മരിയയ്ക്ക് ഒരു കൊലപാതകം നടത്താനുള്ള മാനസികാരോഗ്യമില്ലെന്നും നേരത്തെ വിചാരണവേളയില്‍ സഹോദരിമാരുടെ അഭിഭാഷകന്‍ പറയുകയുണ്ടായി.  

Khachaturyan sisters who killed their father

ഗാര്‍ഹിക പീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരില്‍ വിദഗ്ദ്ധരും പെണ്‍കുട്ടികളുടെ നീതിക്കായി പോരാടുന്നവരും പറയുന്നത് ഇങ്ങനെയാണ്: 'കോടതി വ്യവസ്ഥയിലും നിയമനിര്‍മ്മാണത്തിലും വീട്ടിനകത്ത് പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കുന്നതിനായി കൃത്യമായ വഴികളില്ലെങ്കില്‍, സ്വയരക്ഷക്കായി പ്രതിരോധിക്കുകയോ അല്ലെങ്കില്‍ അച്ഛന്‍റെ കയ്യില്‍ക്കിടന്ന് മരിക്കുകയോ മാത്രമേ ആ പെണ്‍കുട്ടികള്‍ക്ക് വഴിയുള്ളൂ'. മിഖായേല്‍ പെണ്‍കുട്ടികളുടെ അമ്മയെയും പെണ്‍കുട്ടികളെയും ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നിരന്തരം കൊല്ലുമെന്ന് ഭീഷണി മുഴക്കാറുണ്ടായിരുന്നുവെന്നും സഹോദരിമാരുടെ അഭിഭാഷകര്‍ പറയുന്നു. അയാളുടെ ഫോണില്‍ മകള്‍ക്കയച്ച ഒരു സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്, 'നിന്നെ ഞാന്‍ തല്ലും, കൊല്ലുകയും ചെയ്യും'. ഒരാണ്‍കുട്ടിയുമായി അവള്‍ക്ക് ബന്ധമുണ്ട് എന്നാരോപിച്ചാണ് ഈ മെസേജ് അയച്ചിരിക്കുന്നത്. 'നിങ്ങള്‍ വേശ്യകളാണ്, വേശ്യകളായിത്തന്നെ മരിക്കുകയും ചെയ്യും.' എന്നും സന്ദേശത്തില്‍ പറയുന്നു. 

''ആ പെണ്‍കുട്ടികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. അത്രക്കും നരകമാക്കിത്തീര്‍ത്തിരുന്നു അച്ഛന്‍ അവരുടെ ജീവിതം. ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കുന്ന മറ്റ് പെണ്‍കുട്ടികളുമായി അവരെ താരതമ്യം ചെയ്യരുത്. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് അവര്‍ക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ അടക്കം കാര്യമായ മാനസികാരോഗ്യപ്രശ്‍നങ്ങളുണ്ട്. അതെല്ലാം കേസ് പരിശോധിക്കുന്ന വേളയില്‍ തെളിയിക്കപ്പെട്ട കാര്യങ്ങളാണ്'' എന്നും പെണ്‍കുട്ടികളുടെ അഭിഭാഷകനായ അലക്സി പാര്‍ഷിന്‍ പറയുന്നു. 

Khachaturyan sisters who killed their father

കഴിഞ്ഞ വേനലവസാനത്തോടെ ആക്ടിവിസ്റ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എനിക്ക് മരിക്കാനാഗ്രഹമില്ല (I did not want to die) എന്നു പേരിട്ട കാമ്പയിനുകള്‍ അധികൃതരോട് പെണ്‍കുട്ടികള്‍ സ്വയംപ്രതിരോധിക്കാനായി നടത്തിയ കൊലപാതകമായി ഇതിനെക്കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. നിരവധി പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും കലാകാരന്മാരുമെല്ലാം കാമ്പയിനുകളില്‍ പങ്കാളികളായി. 2019 -ല്‍ ലെവാഡ സെന്‍റര്‍ നടത്തിയ ഒരു സര്‍വേയില്‍ 47 ശതമാനം സ്ത്രീകളും 33 ശതമാനം പുരുഷന്മാരും 'പെണ്‍കുട്ടികള്‍ നടത്തിയ കൊലപാതകം അവരുടെ അവസ്ഥയെച്ചൊല്ലി ന്യായീകരിക്കാവുന്നതാണ്' എന്ന് അഭിപ്രായപ്പെട്ടുവെന്ന് സിഎന്‍എന്‍ എഴുതുന്നു. 2019 -ല്‍ മീഡിയ സോണ നടത്തിയ അന്വേഷണത്തില്‍ പറയുന്നത് 2016-2018 വര്‍ഷങ്ങളില്‍ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 80 ശതമാനം സ്ത്രീകളും പീഡകരില്‍ നിന്നും സ്വയരക്ഷക്കായി കൊലപാതകം നടത്തിയവരാണ് എന്നാണ്. 

എന്നാല്‍, ഗാര്‍ഹികപീഡനത്തെ ശക്തമായി പ്രതിരോധിക്കാന്‍ തക്കതായ നിയമങ്ങള്‍ ഇപ്പോഴും നടപ്പിലാക്കാനായിട്ടില്ലെങ്കിലും ഗാര്‍ഹികപീഡനത്തെ ന്യായീകരിക്കുന്ന നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാവുന്നുണ്ട് എന്നും അവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 2017 ൽ, റഷ്യൻ ഓർത്തഡോക്സ് സഭയുടെയും പരമ്പരാഗത മൂല്യം സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവരുടെയും സമ്മർദ്ദത്തെത്തുടർന്ന്, 'സ്ലാപ്പിംഗ് നിയമം' എന്നറിയപ്പെടുന്ന ഒരു ബില്ല് പാർലമെന്‍റ് അംഗീകരിച്ചിരുന്നു. ഇത് ഗാര്‍ഹികപീഡനത്തെ പിന്തുണക്കുന്ന ഒന്നായിരുന്നു, ചെറിയ ഉപദ്രവങ്ങളും മറ്റും നിയമവിരുദ്ധമല്ലെന്ന് സ്ഥാപിക്കുന്ന ഒന്നായിരുന്നു. അച്ഛനോ അമ്മയോ, മുത്തശ്ശനോ മുത്തശ്ശിയോ, പങ്കാളിയോ ഒക്കെ നടത്തുന്ന അതിക്രമങ്ങള്‍ ന്യായീകരിക്കപ്പെടുന്ന ഒന്നുമായിരുന്നു ഇത്. ഗുരുതരമായ മുറിവുകളോ മറ്റോ ഇല്ലെങ്കില്‍ അക്രമിക്കുന്നയാള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ചുരുക്കം. റഷ്യയില്‍ ഗാര്‍ഹികപീഡനം സാധാരണജീവിതത്തിന്‍റെ ഭാഗം തന്നെയാണെന്ന ആരോപണം നേരത്തെതന്നെ നിലനില്‍ക്കുന്നുണ്ട്. 

ജനുവരിയില്‍, പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞത് സഹോദരിമാര്‍ നിരന്തരമായി അക്രമിക്കപ്പെടുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും ഭീഷണിപ്പെടുത്തലിനിരയാവുകയും ചെയ്‍തിരുന്നു. അതിനാല്‍, അറിയാതെ അവരില്‍ ഒരു പ്രതിരോധചിന്ത ഉണ്ടാവുകയും ചെയ്‍തു. അതുകൊണ്ട് പ്രോസിക്യൂട്ടര്‍ ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുകയും കേസ് കരുതിക്കൂട്ടിയുള്ള കൊലപാതകത്തില്‍നിന്നും സ്വയരക്ഷക്ക് വേണ്ടിയുള്ള കൊലപാതകമായി പരിഗണിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍, പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസ് മാറ്റിയ അതേ പ്രൊസിക്യൂട്ടറായ വിക്ടര്‍ ഗ്രിന്‍ മെയ് മാസത്തില്‍ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് തന്നെയാവും സഹോദരിമാര്‍ക്ക് ശിക്ഷ ലഭിക്കുക എന്നറിയിച്ചു. എന്നാല്‍, ഈ മാറ്റത്തിനെന്താണ് കാരണമെന്ന് വിശദീകരിക്കാനും തയ്യാറായില്ല. 

Khachaturyan sisters who killed their father

ജൂലൈ ഒന്നിലെ റഷ്യന്‍ ഭരണഘടനയില്‍ നടത്തിയ ചില ഭേദഗതികള്‍ ചില മനുഷ്യാവകാശങ്ങളൊക്കെയും റദ്ദ് ചെയ്യുന്നതാണെന്നും അതിന്‍റെ പ്രതിഫലനം സഹോദരിമാരുടെ കേസിലും നടക്കും എന്നും സഹോദരിമാരുടെ അഭിഭാഷകരിലൊരാളും പീഡനത്തിരെ പ്രവര്‍ത്തിക്കുന്നതുമായ മേരി ദെവ്ത്യെന്‍ പറഞ്ഞു. പുടിന്‍റെ അധികാരം ഉറപ്പിക്കുന്നതിനായി ഭരണഘടനയില്‍ നടത്തിയ ഭേദഗതി പല മനുഷ്യാവകാശങ്ങളെയും റദ്ദ് ചെയ്യുന്നതാണെന്ന് നേരത്തെ ആരോപണമുണ്ട്.

സഹോദരിമാര്‍ക്ക് വധശിക്ഷ നല്‍കുമോ എന്ന കാര്യത്തിലേതായാലും വീണ്ടും ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. സ്വയരക്ഷക്ക് വേണ്ടി നടത്തിയ കൊലപാതകത്തിലാവണം അവരെ ശിക്ഷിക്കേണ്ടതെന്ന ആവശ്യവും ശക്തമാണ്. 
 

Follow Us:
Download App:
  • android
  • ios