ബിഎംസി അസിസ്റ്റന്റ് കമ്മീഷണർ കിരൺ ദിഘാവ്‌കർ ഇന്ന് ഏറ്റെടുത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത് ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ആരോഗ്യ സംരക്ഷണ യജ്ഞങ്ങളിൽ ഒന്നാകും. കൊറോണ വൈറസിന്റെ ബീജം വന്നു വീണുകഴിഞ്ഞ ധാരാവി എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിൽ ഒന്നിൽ, ആ വൈറസിന്റെ സംക്രമണത്തെ പിടിച്ചു കെട്ടുക എന്നതാണ് ആ ഓഫീസറുടെ കൈകളിൽ വിശ്വസിച്ച് ഏല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം. തന്റെ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ അദ്ദേഹം ഒരു ക്വാറന്റൈൻ സംവിധാനം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു ധാരാവിയിൽ. ഇപ്പോൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത, എന്നാൽ രോഗിയുമായി സമ്പർക്കത്തിൽ വന്നു എന്ന് സംശയമുള്ളവരെ പാർപ്പിക്കാൻ വേണ്ടി ഒരു സ്വകാര്യ ആശുപത്രി തന്നെ ഏറ്റെടുത്തു കഴിഞ്ഞു ദിഘാവ്‌കർ. ഇതിനൊക്കെ പുറമെ പത്തുലക്ഷത്തോളം വരുന്ന ചേരി നിവാസികൾക്ക് ലോക്ക് ഡൗൺ എന്ന പഞ്ഞക്കാലത്ത് ഒന്നിനും മുട്ടുണ്ടാകില്ല എന്നുറപ്പിക്കാനും അദ്ദേഹം ബദ്ധശ്രദ്ധനാണ്.

br /> 48 മണിക്കൂറിനുള്ളിൽ മൂന്ന് പോസിറ്റീവ് കേസുകൾ. അതിൽ തന്നെ വിശേഷിച്ച് ട്രാവൽ ഹിസ്റ്ററി ഒന്നുമില്ലാത്ത ഒരു ഡോക്ടർ. ഇത്രയുമായതോടെയാണ് ധാരാവി എന്ന ചേരിപ്രദേശം മുംബൈയിലെ പുതിയ കൊവിഡ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ടത്. ഏപ്രിൽ രണ്ടാം തീയതി, കൊവിഡ് ബാധിച്ച് അമ്പത്താറുകാരനായ ചേരിനിവാസി മരിച്ചപ്പോഴാണ് മാധ്യമങ്ങളുടെ ശ്രദ്ധ ധാരാവിയിലേക്ക് തിരിയുന്നത്. പിന്നാലെ അമ്പതിനാലുകാരനായ ഒരു ശുചീകരണത്തൊഴിലാളിയും, മുപ്പത്തിനാലുകാരനായ ഒരു ഡോക്ടറും കൊവിഡ് പോസിറ്റീവ് ആയതോടെ സംഗതികൾ വളരെ ഗുരുതരമായി. ശുചീകരണത്തൊഴിലാളിയുടെ സഹപ്രവർത്തകരും, കുടുംബവും ക്വാറന്റൈനിൽ ആക്കപ്പെട്ടു.


ഇത്തരത്തിലുള്ള സാഹചര്യത്തിൽ അമാനുഷികമായ പ്രവർത്തനങ്ങൾ തന്നെ വേണ്ടി വന്നേക്കും. മുംബൈയിൽ അതുണ്ടായത് ഒരു ബിഎംസി ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ്. ആകെ 406 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മുംബൈയിൽ, ബൃഹദ്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ അസിസ്റ്റൻറ് കമ്മീഷണർ മുന്നിൽ നിന്ന് പോരാട്ടം നയിച്ച്. എപ്പിഡമിക് ഡിസീസസ് ആക്റ്റ് നടപ്പിലാക്കി 51 കിടക്കകളുള്ള സായി ഹോസ്പിറ്റൽ എന്നുപേരായ ഒരു സ്വകാര്യാശുപത്രി തന്നെ അദ്ദേഹം ഏറ്റെടുത്തു. അവിടെ ക്വാറന്റൈൻ രോഗികളെ പാർപ്പിച്ചു.
 
നിരവധിപേർ തിങ്ങിപ്പാർക്കുന്ന ഈ തിരക്കേറിയ ചേരിയിൽ ഒരു സാമൂഹിക സംക്രമണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അവിടേക്ക് തന്റെ മൊബൈൽ ആക്ഷൻ യൂണിറ്റുമായി ചെന്ന ദിഘാവ്‌കർ വളരെ പെട്ടെന്ന് തന്നെ മൂന്നു സംക്രമിതരുടെയും റൂട്ട് മാപ്പ് തയ്യാറാക്കി. അവരുടെ കോൺടാക്റ്റ് ട്രേസിങ് നടത്തി ക്വാറന്റൈൻ ചെയ്യാനുള്ളവരെ കണ്ടെത്തി. ഏകദേശം മൂവായിരത്തിൽ അധികം പ്രദേശവാസികൾ ഇപ്പോൾ ക്വാറന്റൈനിൽ ആണ്. പ്രദേശത്തുള്ള ഒരു സ്പോർട്സ് ക്ലബ്ബിനെ ദിഘാവ്‌കർ ഒരു ദിവസം കൊണ്ടാണ് 300 കിടക്കകളുള്ള ഒരു ക്വാറന്റൈൻ സംവിധാനമാക്കി മാറ്റിയത്. ബാലിഗ നഗറിൽ ഒരു ഹെൽത്ത് ക്യാമ്പ് തുറന്ന അദ്ദേഹം, അവിടെ നിന്ന് ചേരിനിവാസികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട് എന്നുറപ്പിച്ചു.

ഏറ്റെടുത്ത സ്വകാര്യാശുപത്രിയിൽ ക്വാറന്റൈൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആറു മെഡിക്കൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സംഘത്തിലും ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, പാരാമെഡിക്സ്, മറ്റുള്ള ആരോഗ്യപ്രവർത്തകർ എന്നിവരുണ്ട്. അവർ ധാരാവി മാത്രം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ദിഘാവ്‌കരുടെ സമയോചിതമായ പ്രവർത്തനങ്ങൾക്ക് പലരും നന്ദി പ്രകടിപ്പിച്ചു. ലോകം മുഴുവൻ ഈ മഹാമാരിയുടെ മുന്നിൽ പതറുമ്പോൾ, കൃത്യമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ദിഘാവ്‌കറെപ്പോലുള്ളവർ അഭിനന്ദനം അർഹിക്കുന്നു എന്ന് അവർ എഴുതി.