ഒരിക്കല്‍ ഒരു ജേണലിസ്റ്റ് ഫോട്ടോ എടുക്കുന്നതിനായി വൈലിയുടെ മൃഗശാലയിലെത്തി. തന്‍റെ ശേഖരത്തില്‍ പുതുതായി എത്തിയ മൂര്‍ഖനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വൈലി തീരുമാനിച്ചു. 

പാമ്പിനെ പിടിക്കുന്ന പലരേയും നമുക്ക് അറിയാം. ചിലരൊക്കെ സുരക്ഷാ മുൻകരുതലുകളെടുത്ത് ശാസ്ത്രീയമായിട്ടാണ് അത് ചെയ്യുന്നത്. ചിലരാകട്ടെ അതൊന്നും ഇല്ലാതെ ചെയ്യുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. എങ്ങനെ ആയാലും പാമ്പിനെ അടുത്ത് കണ്ടാൽ പോലും പേടിച്ച് ശ്വാസം പോകുന്നവരാണ് നമ്മിൽ പലരും. അതുകൊണ്ട് തന്നെ പാമ്പുകളുമായി അടുത്ത് ഇടപഴകുന്നവരോട് ഭയവും അത്ഭുതവും കൗതുകവും ആരാധനയും ഒക്കെ നമുക്ക് തോന്നാറുമുണ്ട്. ഇത് പാമ്പുകളെ ഇഷ്‍ടപ്പെടുകയും അവയുമായി അടുത്ത് ഇടപഴകുകയും ചെയ്‍തിരുന്ന ഒരു സ്ത്രീയുടെ കഥയാണ്. ​ഗ്രേസ് വൈലി എന്നാണ് അവളുടെ പേര്. 

മുപ്പതാമത്തെ വയസ് വരെ നമ്മെയൊക്കെ പോലെ ഗ്രേസ് വൈലിക്കും പാമ്പുകളോട് വല്ലാത്ത ഭയമായിരുന്നു. എന്നാല്‍, ഒരുദിവസം ഒരു വിഷപ്പാമ്പ് അവളുടെ കയ്യിലൂടെ ഇഴഞ്ഞു നീങ്ങി. അത് അവളെ കടിച്ചില്ല. അവളുടെ ജീവിതത്തിലെ വഴിത്തിരിവ് ആയി മാറി ആ സംഭവം. പിന്നീടുള്ള തന്റെ ജീവിതം അവള്‍ പാമ്പുകള്‍ക്ക് വേണ്ടി മാറ്റിവച്ചു. മുന്നൂറ് പാമ്പുകള്‍ അവള്‍ക്കുണ്ടായിരുന്നു. അതുവച്ച് സ്വന്തമായി ഒരു പാമ്പുവളര്‍ത്തുകേന്ദ്രം വരെ അവളുണ്ടാക്കി. ഒരിക്കലും അവള്‍ക്ക് അവിടെ പാമ്പ് കടിയേറ്റിരുന്നില്ല. എന്നാല്‍, ഒരു അബദ്ധം അവളുടെ ജീവന്‍ തന്നെ എടുത്തു. 

കൻസാസ് സർവകലാശാലയിൽ വൈലി പ്രാണികളെ കുറിച്ചാണ് പഠിച്ചത്. അവൾ എൻ‌ടോമോളജിയിൽ ബിരുദം നേടി. ബിരുദാനന്തരം ടെക്സാസിൽ ഗവേഷണ യാത്രകൾ നടത്തി. പ്രാണികളെ ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. പിന്നീട്, വൈലി മിനിയാപൊളിസ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ക്യൂറേറ്ററായി. അവിടെ അവൾ ഉരഗങ്ങളുടെ ഒരു ശേഖരം നിരീക്ഷിച്ചു. അവൾ ആദ്യമായി ഒരു വിഷപ്പാമ്പിനെ അടുത്ത് കാണുന്നതും കൈകളിലൂടെ ഇഴയുന്നതും ആദ്യമായി അന്നായിരുന്നു. 

പാമ്പുകളുടെ സ്വകാര്യ ശേഖരം സൃഷ്ടിക്കാൻ തന്നെ ഇതോടെ വൈലി തീരുമാനിച്ചു. കൂടുതലും പാമ്പുകളാണ് ഉണ്ടായിരുന്നതെങ്കിലും വിഷമുള്ള ഗില മോണ്‍സ്റ്റര്‍മാരും അവളുടെ ശേഖരത്തിലുണ്ടായിരുന്നു. ഒരു തുണി ചുറ്റിയെടുത്ത വടികൊണ്ട് വൈലി തന്റെ പാമ്പുകളെ മെരുക്കി. പാമ്പുകളെ അടിക്കാനും അവൾ ഈ വടി തന്നെ ഉപയോഗിച്ചു. എങ്ങനെയാണ് കൈകൾകൊണ്ട് അവയെ എടുക്കേണ്ടതെന്നും നിയന്ത്രിക്കേണ്ടത് എന്നും പഠിച്ചതോടെ അവൾ വിരലുകൊണ്ട് അവയെ കൈകാര്യം ചെയ്യാൻ തുടങ്ങി. പാമ്പുകളെ അടച്ച് വളർത്തുന്ന ആദ്യത്തെ വ്യക്തിയായിരുന്നു വൈലി. ഡയമണ്ട്ബാക്കുകളുടെ ഗർഭാവസ്ഥയെക്കുറിച്ച് പഠിക്കാൻ ഹെർപറ്റോളജിസ്റ്റുകളെ അവളവിടെ അനുവദിച്ചിരുന്നു. 

റാറ്റിൽസ്‌നേക്കുകൾക്ക് അവരുടെ വാലിലെ ഭാഗങ്ങൾ എങ്ങനെ നഷ്ടമാകുമെന്നും അവർ അവിടെ പഠിച്ചു. പാമ്പുകളുടെ കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ വൈലിയുടെ നിരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ സഹായിച്ചു. വാട്ടർ സ്‌ട്രൈഡറിന്റെ പുതിയ ഇനം അവർ അവിടെ കണ്ടെത്തി. 300 ഉരഗങ്ങളുടെ ശേഖരം ബ്രൂക്ക്ഫീൽഡ് മൃഗശാലയ്ക്ക് വൈലി വാഗ്ദാനം ചെയ്‍തു. അതിനു പകരമായി അവൾ ഉരഗങ്ങളുടെ ക്യൂറേറ്ററായി ജോലി ചോദിച്ചു. മൃഗശാല അതിന് സമ്മതിക്കുകയും ഉരഗങ്ങള്‍ക്കായി ഒരു പുതിയ ഒരിടം നിർമ്മിക്കുകയും ചെയ്‍തു. എന്നാല്‍, വേണ്ടുംവിധം ഇവയെ കൈകാര്യം ചെയ്യാന്‍ വൈലിക്കായില്ല. വേണ്ടത്ര സുരക്ഷാമാര്‍ഗം സ്വീകരിക്കാതെയുമാണ് അവള്‍ അവയെ നോക്കിയിരുന്നത്. അതില്‍ പലതും മൃഗശാല വിട്ടിറങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടായി. അതിനാല്‍ തന്നെ ജോലിക്ക് കയറി രണ്ട് വര്‍ഷം ആയപ്പോള്‍ തന്നെ അവള്‍ പിരിച്ചു വിടപ്പെട്ടു. 

അങ്ങനെയാണ് അവള്‍ സ്വന്തമായി ഒരു മൃഗശാല തുറക്കുന്നത്. 100 ഉരഗങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവ എല്ലായ്പ്പോഴും ആ നിലത്താകെ ഇഴഞ്ഞുനടന്നു. ഒരിക്കല്‍ ഒരു ജേണലിസ്റ്റ് ഫോട്ടോ എടുക്കുന്നതിനായി വൈലിയുടെ മൃഗശാലയിലെത്തി. തന്‍റെ ശേഖരത്തില്‍ പുതുതായി എത്തിയ മൂര്‍ഖനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വൈലി തീരുമാനിച്ചു. എന്നാല്‍, അത് ചില്ലറക്കാരനായിരുന്നില്ല. വൈലിയുടെ കണക്ക് കൂട്ടലുകള്‍ എല്ലാം തന്നെ തെറ്റിച്ചു കൊണ്ട് അത് അവളുടെ വിരലില്‍ തന്നെ കടിച്ചു. 90 മിനിറ്റിന് ശേഷം വൈലി മരിച്ചു. അവളുടെ അറുപത്തിയഞ്ചാമത്തെ വയസിലായിരുന്നു മരണം. അങ്ങനെ, അതുവരെ പാമ്പുകളുമായി ഇണങ്ങിയ പോലെ കഴിഞ്ഞിട്ടും അക്കൂട്ടത്തിൽ ഒന്നിന്റെ തന്നെ കടിയേറ്റ് അവൾക്ക് ജീവൻ നഷ്‍ടമായി.