സാറാ പ്ലാസയുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ട്. എന്നാല്‍, തന്‍റെ വാസസ്ഥലത്തെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങും. ''നൂറുകണക്കിന് അരയന്നക്കൊക്കുകളുള്ള അതിമനോഹരമായ തടാകങ്ങളുണ്ടായിരുന്നു ഇവിടെ... അവരിവിടെ ചിറകുകള്‍ വിരിച്ചിരുന്നു. പിങ്കും കറുപ്പും നിറമുള്ള തൂവലുകള്‍ നിലത്ത് കാണുന്നില്ലേ? ഇപ്പോള്‍ നോക്കൂ, ഇവിടമെല്ലാം വരണ്ടിരിക്കുന്നു, അവയെല്ലാം ഇവിടെനിന്നും പോയിക്കഴിഞ്ഞിരിക്കുന്നു... '' -സാറാ പ്ലാസ പറയുന്നു.

സാറാ പ്ലാസ 

വടക്കൻ ചിലിയിലെ ഒരു ഗ്രാമമാണ് പൈന, പൊടിനിറഞ്ഞു കിടക്കുന്ന ഒരു ഗ്രാമമാണിത്. സാലാർ ഡി അറ്റകാമയുടെ സമീപമായി മലയോരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വരണ്ടു കിടക്കുന്ന ഈ മരുഭൂമിയില്‍, 3,000 ചതുരശ്ര കിലോമീറ്ററിലും (1,200 ചതുരശ്ര മൈൽ) ഉപ്പ് പരന്നുകിടക്കുകയാണ്.

ഭീമാകാരമായ ആൻഡീസ് പർവതനിരകൾക്കടിയിൽ അറ്റാക്കാമയുടെ അരികിലുള്ള മേച്ചിൽപ്പുറങ്ങളിൽ ഗ്രാമീണർ നേരത്തെ മൃഗങ്ങളെ മേയ്ക്കാറുണ്ടായിരുന്നുവെന്ന് സാറ ഓര്‍ക്കുന്നു. "നേരത്തെ പച്ചപ്പ് നിറഞ്ഞ പ്രദേശമായിരുന്നു ഇത്... എന്നാലിപ്പോള്‍ അത് വരണ്ടുപോയി, തകര്‍ന്നുപോയി. ഞങ്ങൾക്ക് ഇനിയിവിടെ ലാമകളെ പോറ്റാന്‍ കഴിയില്ല..." അവൾ വിലപിക്കുന്നു.

അറ്റകാമയിലെ ലിഥിയം ഖനനം പ്രദേശത്തെ ജലാശയങ്ങളിലെ ശുദ്ധജലമെല്ലാം ഊറ്റിയെടുക്കുകയാണ് -സാറ പറയുന്നു. സ്‍മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇലക്ട്രിക് കാറുകൾ എന്നിവയ്ക്കുള്ള ബാറ്ററികൾ നിർമ്മിക്കാൻ ലിഥിയം എന്ന മൃദുവായ വെള്ളിനിറത്തിലുള്ള ലോഹം ഉപയോഗിക്കുന്നു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 2005 മുതൽ ഈ ലോഹത്തിന്‍റെ ആഗോള ഉൽ‌പാദനം മൂന്നിരട്ടിയായി വർദ്ധിച്ച് 2018 ൽ 85,000 ടണ്ണായി.

ഓസ്‌ട്രേലിയക്ക് ശേഷം ലോകത്ത് ലിഥിയം ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ചിലി. കഴിഞ്ഞ വർഷം 16,000 ടൺ ഉത്പാദനമാണുണ്ടായിരുന്നത്. അതെല്ലാം അറ്റകാമയിൽ നിന്നുമായിരുന്നു. 2017 -ൽ നിന്നും 38% വർദ്ധനവാണുണ്ടായിരിക്കുന്നത്. 

രണ്ട് കമ്പനികളാണ് നിലവില്‍ ഇവിടെ നിന്ന് ലിഥിയം ഖനനം ചെയ്യുന്നത്. ഒന്ന് അമേരിക്കന്‍ കമ്പനിയായ അൽബെമർലെ (Albemarle). രണ്ട്, ചിലിയിലെ തന്നെ SQM.ഉപ്പ് നിലത്തിന് ചുവടെ ഉപ്പുവെള്ളമടങ്ങിയ പ്രകൃതിദത്തമായ ഭൂഗർഭ ജലസംഭരണിയാണ്, അതിൽ ലിഥിയം ലവണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് വേർതിരിച്ചെടുക്കുന്നതിന്, ഖനിത്തൊഴിലാളികൾ ഈ ഉപ്പുവെള്ളം ഉപരിതലത്തിലേക്ക് പമ്പ് ചെയ്യുകയും സൂര്യപ്രകാശത്താല്‍ ബാഷ്പീകരിക്കുകയും ചെയ്യുന്നു, ഈ ഉപ്പ് മെറ്റാലിക് ലിഥിയമാക്കി മാറ്റുകയാണ് പിന്നീട്.

ഈ ഉപ്പുവെള്ളം വേർതിരിച്ചെടുക്കുന്നത് ഇവിടുത്തെ വിശാലമായ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് നിരന്തരം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അരയന്നക്കൊക്കുകളുണ്ടായിരുന്ന തടാകങ്ങൾ വറ്റുന്നുവെന്ന പരാതികളടക്കം ഉയര്‍ന്നു വരുന്നുമുണ്ട്. എങ്കിലും, സാറയും മറ്റ് നാട്ടുകാരും ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ശുദ്ധജല വിതരണത്തിലനുഭവപ്പെടുന്ന തടസ്സമാണ്. കമ്പനികള്‍ യന്ത്രസാമഗ്രികളും പൈപ്പുകളും വൃത്തിയാക്കാൻ ശുദ്ധജലമാണ് ഉപയോഗിക്കുന്നത്. കൂടാതെ ഉപ്പുവെള്ളത്തിൽ നിന്ന് ലഭിക്കുന്ന - പൊട്ടാഷ് - അവര്‍ വളമായി ഉപയോഗിക്കുന്നു.

ഉപ്പുനിലത്തിനടുത്ത് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്ക് താമസിക്കുകയാണ് ജോർജ്ജ് ക്രൂസ്. കമാര്‍ എന്നാണ് ക്രൂസിന്‍റെ ഗ്രാമത്തിന്‍റെ പേര്. അവര്‍, ഗ്രാമത്തിലെ ഒരു ചെറിയ സ്ഥലത്ത് ചോളവും പയറുവർഗ്ഗവും വളർത്തുകയാണ്. ഖനന കമ്പനികൾ നിലവിലെ നിരക്കിൽ ശുദ്ധജലം ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ തന്റെ ഗ്രാമത്തിന്‍റെ അതിജീവനം അപകടത്തിലാകുമെന്ന് അദ്ദേഹം പറയുന്നു. "പക്ഷികളെല്ലാം പോയിക്കഴിഞ്ഞു. നമുക്ക് ഇനി മൃഗങ്ങളെ വളര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഈ വിളകള്‍ വളര്‍ത്തിയെടുക്കുന്നത് തന്നെ കഠിനമായ ജോലിയായി മാറുന്നു. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ ഞങ്ങൾക്ക് ഇവിടെ നിന്നും വേറെവിടേക്കെങ്കിലും കുടിയേറേണ്ടി വരും." -ക്രൂസ് പറയുന്നു. 

ചിലിയന്‍ മൈനിങ്ങ് സൊസൈറ്റിയായ Sonami-യുടെ പ്രസിഡണ്ട് ഡിയേഗോ ഹെര്‍ണാണ്ടസ് പറയുന്നത്, ലിഥിയം കമ്പനികള്‍ ഉപയോഗിക്കുന്ന ശുദ്ധജലം തുച്ഛമാണ്. പക്ഷേ, അധികൃതര്‍ ഈ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ് പരിശോധിക്കുന്നുണ്ട് എന്നുമാണ്. "മുഴുവൻ ജലത്തിന്റെയും ജലശാസ്ത്ര മാതൃക സർക്കാരിന് ഇല്ല.   സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ വെച്ച് തീരുമാനങ്ങൾ എടുക്കാൻ പക്ഷേ അതിന് കഴിയും." -അദ്ദേഹം പറയുന്നു. 

കൂടാതെ, ഈ രണ്ട് കമ്പനികളും ഭൂഗര്‍ഭ ജലത്തെ കുറിച്ച് പഠിക്കുന്നുണ്ട്. “സലാർ ഡി അറ്റകാമയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും നൂതനമായ ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്” -അൽബെമർലെ പ്രസിഡന്‍റ് എറിക് നോറിസ് പറയുന്നു. കുറഞ്ഞ വെള്ളം ഉപയോഗിച്ച് കൂടുതൽ അളവിൽ ലിഥിയം ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി കമ്പനിയുടെ എഞ്ചിനീയർമാർ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ക്ക് പ്രകൃതി വിഭവങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന അവബോധമുണ്ടെന്നും എറിക് നോറിസ് പറയുന്നു. 

രണ്ട് കമ്പനികൾക്കും ഓരോ വർഷവും വേർതിരിച്ചെടുക്കാൻ കഴിയുന്ന വെള്ളത്തിന്റെ ക്വാട്ടകളുണ്ട്. എന്നിരുന്നാലും, രണ്ടു കമ്പനികളും ചില സമയങ്ങളിൽ മറു കമ്പനി ആ പരിധികൾ ലംഘിക്കുന്നതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. സെക്കൻഡിൽ 442 ലിറ്റർ ഉപ്പുവെള്ളവും സെക്കൻഡിൽ 23.5 ലിറ്റർ ശുദ്ധജലവും പമ്പ് ചെയ്യാൻ അധികാരമുണ്ടെന്ന് അൽബെമർലെ പറയുന്നു.

എസ്‌ക്യുഎമ്മിന്റെ പരിസ്ഥിതി വൈസ് പ്രസിഡന്റ് അലജാൻഡ്രോ ബുച്ചർ പറയുന്നത്, തങ്ങളുടെ കമ്പനി സുസ്ഥിരമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്താൻ പ്രതിജ്ഞാബദ്ധമാണ് എന്നാണ്. എന്നാല്‍, ഇവിടുത്തെ ആവാസവ്യവസ്ഥ മാറ്റങ്ങളുണ്ടായിക്കൊണ്ടേയിരിക്കുന്നതാണെന്നും ഓരോ വര്‍ഷവും അതില്‍ പല വ്യത്യാസങ്ങളുമുണ്ടാകുന്നുവെന്നും ബുച്ചര്‍ പറയുന്നുണ്ട്. അതിനാല്‍ത്തന്നെ ആവാസവ്യവസ്ഥയില്‍ തകരാറുണ്ടാകുമെന്ന ഭയം വേണ്ടായെന്നാണ് ബുച്ചറിന്‍റെ അഭിപ്രായം.

എന്നാല്‍, കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റുമുള്ള ജലം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അധികൃതര്‍ വേണ്ടവിധം ശ്രദ്ധ നല്‍കണമെന്നാണ് ഇവിടെ ഗ്രാമത്തിലുള്ളവര്‍ക്ക് ആവശ്യപ്പെടാനുള്ളത്. സാറ പറയുന്നത്, വെള്ളമില്ലാതെ, മൃഗങ്ങളില്ലാതെ, കൃഷിയില്ലാതെ ഒടുവില്‍ എന്നേക്കുമായി നമുക്ക് ഇവിടം വിട്ട് പോകേണ്ടി വരും എന്നാണ്. 

 

(കടപ്പാട്: ബിബിസി)