Asianet News MalayalamAsianet News Malayalam

അച്ഛനമ്മമാരെ മഴുവിന് വെട്ടിക്കൊന്ന കൊടുംകുറ്റവാളിയോ, അതോ വലിയൊരു തെറ്റിദ്ധാരണയുടെ ഇരയോ ലിസി ബോർഡൻ?

ചോരപുരണ്ട ഒരു കഷ്ണം വസ്ത്രം പോലും ലിസിയുടേതായി ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതിൽ പിടിച്ച്, 'ലിസി കൊലകൾ നടത്തിയത് നൂൽബന്ധമില്ലാതെയോ...?' എന്നുപോലും അന്നത്തെ ടാബ്ലോയിഡുകൾ ഒന്നാം പേജിൽ തന്നെ അച്ചുനിരത്തി. 

Lizzy Borden, a hardened criminal who hacked her parents or an innocent framed for twin murders she never committed
Author
Massachusetts, First Published Aug 4, 2020, 1:02 PM IST

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മസാച്യുസെറ്റ്സിലെ ഫാൾ റിവർ എന്ന കൊച്ചു പട്ടണത്തിൽ ജീവിച്ചിരുന്ന ഒരു സൺഡേ സ്‌കൂൾ അധ്യാപികയായിരുന്നു ലിസി ബോർഡൻ. സുന്ദരിയും യുവകോമളയുമായ് ആ സ്ത്രീയുടെ മുഖത്തുനോക്കി 'കൊലപാതകി' എന്ന് വിളിക്കാൻ പോലും ആർക്കും കഴിയുമായിരുന്നില്ല. അത്രയ്ക്ക് നിഷ്കളങ്കമായിരുന്നു അവരുടെ ഉറ്റുനോട്ടം. പക്ഷേ, 1892 ഓഗസ്റ്റ് നാലിന്, അതായത് ഇന്നേക്ക് 128 വർഷം മുമ്പ്, ലിസിയുടെ അച്ഛനും, അവളുടെ രണ്ടാനമ്മയും മഴുവിന് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തപ്പെട്ടപ്പോൾ, സാഹചര്യതെളിവുകളുടെ ബലത്തിൽ സംശയത്തിന്റെ മുന നീണ്ടത് ലിസിക്കുനേരെയായിരുന്നു. അവൾ പ്രതിചേർക്കപ്പെട്ടു. കോടതിയിൽ വിചാരണ നടന്നു. അവളെ കോടതി അന്ന് തെളിവുകളുടെ അഭാവത്തിൽ നിരപരാധി എന്ന് വിധിയെഴുതി വെറുതെ വിട്ടെങ്കിലും, ഇന്നും ആ കേസ് അമേരിക്കയിൽ ഏറെ പ്രസിദ്ധമായ, ഒരു പഴങ്കഥയുടെ സ്റ്റാറ്റസ് ആർജിച്ച കുപ്രസിദ്ധമായ ഒരു കൊലപാതകക്കേസാണ്.  ആ കേസിനെപ്പറ്റി അമേരിക്കയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു നഴ്‌സറി റൈം ഇങ്ങനെ, 
 
"Lizzie Borden took an axe,
And gave her mother forty whacks,
When she saw what she had done,
She gave her father forty-one.
She gave her father forty-one..! "

"ലിസി ബോർഡൻ, മഴുവെടുത്ത് 
അമ്മേടെ മണ്ടക്ക് നാൽപതു വെട്ട്യേ,
അമ്മ കിടക്കും കിടപ്പതു കണ്ടോള്‍ 
അച്ഛന് നാൽപത്തിയൊന്ന് കൊടുത്തേ..! "

അപ്പോൾ സത്യത്തിൽ ആരായിരുന്നു ലിസി ബോർഡൻ?  കേവല സംശയത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെപ്പെട്ട,നിരപരാധിയായൊരു പരമസാധുവോ? അതോ, സ്വന്തം അച്ഛനെയും രണ്ടാനമ്മയെയും വളരെ വിദഗ്ധമായ പ്ലാനിങ്ങോടെ ഇല്ലാതാക്കിയ ശേഷം ഒരു തെളിവും അവശേഷിപ്പാതെ വിചാരണയിൽ നിന്ന് തടിയൂരിയ ഭയങ്കരിയോ?
 
1892 ഓഗസ്റ്റ് നാലാം തീയതിയിൽ പ്രഭാതം. ബോർഡൻ ഹൗസിൽ പതിവുപോലെ മേളമാണ്. ആ മേളങ്ങളിൽ ഒന്നും പങ്കുചേരാതെ സ്വന്തം കിടക്കയിൽ കൂർക്കം വലിച്ചുറങ്ങുക എന്നത് കുടുംബത്തിലെ ഏറ്റവും ഇളയ പെണ്ണായ ലിസ്സി ബോർഡന്റെയും പതിവാണ്. അവരുടെ വീട്ടുവേലക്കാരി, അയർലണ്ടിൽ നിന്ന് കുടിയേറിപ്പാർത്ത ഹൗസ് മെയ്ഡ്, ബ്രിജറ്റ് സള്ളിവൻ, കുടുംബ നാഥനായ ആൻഡ്രൂ ബോർഡനും അദ്ദേഹത്തിന്റെ ഭാര്യ ആബിക്കും കൃത്യസമയത്തു തന്നെ ബ്രേക്ക് ഫാസ്റ്റ് സെർവ് ചെയ്തു കഴിഞ്ഞു. അവരുടെ മൂത്തമകൾ എമ്മ പുറത്ത് ഏതോ സ്നേഹിതരെ സന്ദർശിക്കാൻ പോയിരിക്കയായിരുന്നു. തലേന്ന് രാത്രി വീട്ടിൽ വന്ന അതിഥി, ജോൺ മോർസ് എന്ന അടുത്ത ബന്ധു തിരിച്ചു പോയ ശേഷം, ലിസി ഉറക്കമുണർന്ന് താഴെ വന്നു. എന്തോ അവൾ അന്ന് പ്രാതൽ കഴിച്ചില്ല. 

ആൻഡ്രൂ ഒന്ന് ടൗണിൽ പോയി വരാം എന്ന് ഉറപ്പിച്ചു. അത് അയാൾ ആ വീടുവിട്ട് അവസാനമായി നടത്തുന്ന യാത്രയായിരുന്നു. നഗരത്തിൽ നിരവധി സ്വത്തുക്കളുള്ള വളരെ മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഒരു സമ്പന്നനായിരുന്നു ആൻഡ്രൂ ബോർഡൻ. ഭർത്താവ് പുറത്തേക്ക് പോയ ശേഷം ആബി, ജോൺ മോർസ് കിടന്ന മുറിയിലെ കിടക്ക ഒരുക്കാൻ വേണ്ടി അലക്കിയുണക്കിയ പുതിയൊരു വിരിപ്പുമായി മുകളിലെ നിലയിലേക്ക് പോയി. ആ മുറിക്കുള്ളിൽ കടന്ന അവർ അവസാനമായി ഒരുവട്ടം കൂടി ആ മുറിക്ക് പുറത്തിറങ്ങി. അലക്കിത്തേച്ച തലയിണയുറ എടുക്കാൻ മറന്നിരുന്നു അവർ. 

 

Lizzy Borden, a hardened criminal who hacked her parents or an innocent framed for twin murders she never committed

 

അല്പനേരത്തിനുള്ളിൽ, നേരത്തെ പുറത്തുപോയിരുന്ന ആൻഡ്രൂ തിരികെയെത്തി. കുറച്ചു മുമ്പ് ഒരു സ്നേഹിതക്ക് സുഖമില്ല എന്ന സന്ദേശം കിട്ടിയ മിസിസ് ബോർഡൻ പുറത്തേക്ക് പോയി എന്ന് ലിസി അച്ഛനോട് പറഞ്ഞു. അച്ഛന്റെ പുതിയ ഭാര്യയെ അമ്മ എന്ന് വിളിക്കാൻ ലിസിക്കും എമ്മക്കും മടിയായിരുന്നു. അവർ മിസിസ് ബോർഡൻ എന്ന് വിളിച്ച് ഒരു കയ്യകലത്തിൽ തന്നെ അവരെ സൂക്ഷിച്ചു. മകൾ പറഞ്ഞത് വിശ്വസിച്ച അച്ഛൻ തന്റെ മുറിക്കുള്ളിലേക്ക് ചെന്നു. അവിടെ ഏതാനും മിനിറ്റുകൾ ചെലവിട്ട ശേഷം ആൻഡ്രൂ താഴെ സ്വീകരണമുറിക്കുള്ളിൽ ഇട്ടിരുന്ന സോഫയിൽ ചെന്നിരുന്ന് പിന്നിലേക്ക് ചാഞ്ഞു കിടന്നു ആൻഡ്രൂ. 

വേലക്കാരി സള്ളിവന് രാവിലെ മുതൽ കടുത്ത മനംപുരട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു വട്ടം ഛർദിക്കുകയും ചെയ്തതോടെ ആകെ അവശയായ അവർ സ്വന്തം മുറിക്കുള്ളിൽ ചെന്നു കിടന്നു, അധികം താമസിയാതെ ഉറക്കം പിടിക്കുകയും ചെയ്തു. അതിനു ശേഷം അവർ ഉണരുന്നത് "അയ്യോ... അച്ഛനെ ആരോ കൊന്നേ..." എന്നുള്ള ലിസിയുടെ നിലവിളിയൊച്ച കേട്ടിട്ടാണ്. 

സോഫയിൽ ചാരിക്കിടക്കുന്ന നിലയിലാണ് താൻ അച്ഛന്റെ മൃതദേഹം കണ്ടതെന്നും, മുഖം മഴുവിന് വെട്ടുകിട്ടി തിരിച്ചറിയാൻ പറ്റാത്ത കോളത്തിൽ ആയിരുന്നു എന്നും ലിസി മൊഴി നൽകി. സ്വീകരണമുറിയിലെ ഈ സീൻ കണ്ടിട്ടും മനസ്സാന്നിധ്യം വെടിയാതിരുന്ന സള്ളിവൻ ലിസിയുടെ സുഹൃത്തും, അവരുടെ അയൽവാസിയുമായ ഒരു ഡോക്ടറുടെ വീട്ടിലേക്ക് അയാളെ വിളിച്ചുകൊണ്ടുവരാൻ വേണ്ടി ഓടി. നിലവിളി കേട്ട് ഓടിയെത്തിയ അയല്വാസികളിൽ ഒരാൾ പൊലീസിൽ വിവരമറിയിച്ചു. 

 

Lizzy Borden, a hardened criminal who hacked her parents or an innocent framed for twin murders she never committed

 

ഈ ഘട്ടത്തിലും ആബിയെപ്പറ്റി ഒരുവിവരവും ഇല്ലായിരുന്നു. അച്ഛനോട് പറഞ്ഞ അതേ കഥ തന്നെയാണ് ലിസി അവിടെ വന്നുകൂടി അയൽക്കാരോടും പറഞ്ഞത്. ഏതോ സ്നേഹിതക്ക് സുഖമില്ല എന്ന വിവരം കിട്ടി അമ്മ കുറച്ചു നേരത്തെ ഇറങ്ങിപ്പോയി എന്ന്. അച്ഛനും അമ്മയ്ക്കും രണ്ടു ദിവസമായ നല്ല സുഖമില്ലായിരുന്നു എന്നും, പാലിൽ ആരോ വിഷം കലർത്തിയിട്ടുണ്ടോ എന്ന് തനിക്ക് സംശയമുണ്ട് എന്നും ലിസി മൊഴി നൽകി. അപ്പോഴേക്കും നേരത്തെ പുറത്തേക്കോടിപ്പോയ ബ്രിജറ്റ് സള്ളിവൻ, സീബെറി ബൊവെൻ എന്ന ഡോക്ടറുമായി തിരിച്ചെത്തി. വന്നപാടെ അവർ വീട്ടമ്മയായ ആബി എവിടെ എന്നന്വേഷിച്ച് തിരച്ചിൽ തുടങ്ങി. മുകളിലെ നിലയിലെ അതിഥി മുറിയിൽ ചെന്ന ബ്രിജറ്റാണ് അവിടെ സ്വന്തം ചോരയിൽ കുളിച്ച് മരിച്ചു കിടക്കുന്ന നിലയിൽ ആബിയെ കണ്ടെത്തുന്നത്. ആബി ബോർഡന്റെ തലക്ക് പത്തൊമ്പത് വെട്ടേറ്റിരുന്നു. ചെറുകോടാലി ആണ് ആയുധം എന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആൻഡ്രൂവിനും ഒരേ ആയുധം കൊണ്ട് പതിനൊന്ന് വെട്ട് കിട്ടിയിട്ടുണ്ടായിരുന്നു മുഖത്ത്. മുഖം പാതിവെട്ടി പിളർന്ന മട്ടിൽ ആയിരുന്നു. മൂക്ക് അറ്റു തൂങ്ങിയിട്ടുണ്ടായിരുന്നു. 

ശ്രമകരമായ കുറ്റാന്വേഷണം 

മൃതദേഹങ്ങളുടെ ഓട്ടോപ്സി പരിശോധന ദമ്പതികളുടെ കുടലിൽ വിഷാംശം ഇല്ലായിരുന്നു എന്ന് തെളിയിച്ചു. ആദ്യമൊന്നും ലിസിക്കുമേൽ പൊലീസിന്റെ സംശയദൃഷ്ടി പതിഞ്ഞിരുന്നില്ല. അവർ ഒരു കുലീന കുടുംബത്തിലെ ഏറെ അഭിജാത എന്ന് തോന്നിക്കുന്ന ഒരു യുവതി ആയിരുന്നല്ലോ. മാത്രവുമല്ല ഇതൊക്കെ നടക്കുമ്പോൾ താൻ ആ വീട്ടിലെ പത്തായപ്പുരയിൽ ഒരു കഷ്ണം ഇരുമ്പ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്ന് അവർ ജില്ലാ ജഡ്ജിക്ക് മൊഴിയും നൽകിയിരുന്നു. 

 

Lizzy Borden, a hardened criminal who hacked her parents or an innocent framed for twin murders she never committed

 

അന്വേഷണത്തിനിടെ പൊലീസിനെ കുഴക്കുന്ന പലതും കിട്ടി. തൊട്ടടുത്ത ഒരു ഫാം ഹൗസിൽ നിന്ന് ഒരു മഴു പൊലീസ് കണ്ടെടുത്തു. അതിൽ കട്ടപിടിച്ചിരുന്ന ചോര പക്ഷേ കൊഴിയുടേതായിരുന്നു. അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു അപരിചിതനും, താൻ എവിടെയാണ് എന്ന് തെളിയിക്കുന്ന നല്ലൊരു സാക്ഷിമൊഴി (alibi) ആയി ഉണ്ടായിരുന്നത് കാരണം അതും അവിടെ വഴിമുട്ടി. പൊലീസിന്റെ സംശയ ദൃഷ്ടി ഒടുവിൽ ലിസിയുടെ മേൽ വന്നു വീഴും മുമ്പ് അവർ ബ്രിജിറ്റ് സള്ളിവൻ എന്ന വീട്ടുവേലക്കാരിയെപ്പോലും സംശയിക്കുകയുണ്ടായി. 

ഒടുവിൽ കറങ്ങിത്തിരിഞ്ഞ് പൊലീസിന്റെ സംശയം ലിസിക്കുമേൽ വന്നുവീണു. ലിസിയെ പൂട്ടാൻ പാകത്തിന്, കൃത്യമായൊരു ഫിസിക്കൽ എവിഡൻസ് ഒന്നുമില്ലായിരുന്നു പൊലീസിന്റെ കയ്യിൽ. ചോര പുരണ്ട ഒരു കഷ്ണം തുണി പോലും അവർക്ക് ലിസിയുടേതായി കണ്ടെടുക്കാൻ സാധിച്ചില്ല. അന്ന് സംഭവം നടന്നതിന്റെ ഏഴയലത്തുണ്ടായിരുന്ന സകലരെയും ചോദ്യം ചെയ്ത ശേഷം  ബാക്കി വന്നത് ലിസി മാത്രമായിരുന്നു എന്നത് അവളെ സംശയിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു. 

ലിസിയെ സംശയിക്കാൻ പൊലീസിന് വേറെയും ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, തന്റെ രണ്ടാനമ്മക്ക് കിട്ടി എന്ന് ലിസി പറഞ്ഞ സന്ദേശം. അതൊരു തുണ്ടുകടലാസിലെ കുറിപ്പായിരുന്നു. ആ കുറിപ്പോ അത് കൊണ്ടുവന്ന ആളെയോ ഒന്നും പൊലീസിന് ട്രേസ് ചെയ്യാനായില്ല. ആ കുറിപ്പ് തന്റെ രണ്ടാനമ്മ അബദ്ധത്തിൽ കത്തിച്ചു കളഞ്ഞു എന്ന് ലിസി തന്റെ സ്നേഹിതയായ ആലീസ് റസലിനോട് പറഞ്ഞതും സംശയാസ്പദമാണ്. ഈ കൊലക്ക് മുമ്പ് ലിസി ഒരു കെമിക്കൽ ഷോപ്പിൽ ചെന്ന് പ്രസ്സിക്ക് ആസിഡ് അഥവാ സയനൈഡ് എന്ന മാരകവിഷമായ രാസവസ്തു വാങ്ങാൻ ശ്രമിച്ചെങ്കിലും, പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതിരുന്നതിനാൽ അവർക്ക് അതിന് സാധിച്ചില്ല എന്ന് പൊലീസ് കണ്ടെത്തിയതും സംശയം ഇരട്ടിപ്പിച്ചു. തന്റെ സ്നേഹിതയോട്, ഈ കൊലപാതകങ്ങൾ നടക്കുന്നതിന്റെ തലേന്ന് ലിസി തന്റെ അച്ഛനമ്മമാരുടെ ജീവൻ അപകടത്തിലാണ് എന്ന ആശങ്കയും പണക്കുവെച്ചിരുന്നു. അവരെ ആരോ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയ കഥയാണ് അവൾക്ക് പറയാനുണ്ടായിരുന്നത്. ഈ കൊലകൾ നടന്നതിന് ദിവസങ്ങൾക്കുള്ളിൽ ലിസി തന്റെ ഒരു കുപ്പായം അടുപ്പിലിട്ട് കത്തിക്കുന്നത് കണ്ടു എന്നും ആലീസിന്റെ മൊഴിയുണ്ട്. എന്തിന് കത്തിക്കുന്നു എന്ന് ചോദിച്ചപ്പോൾ അതിൽ കറ പിടിച്ചിട്ടുണ്ട്, ഇനി ഇടാൻ പറ്റില്ല എന്നാണ് ലിസി കാരണമായി പറഞ്ഞത്.

ലിസി ബോർഡന്റെ വിചാരണ 

പതിനാലു ദിവസമാണ് ആ വിവാദ വിചാരണ നടന്നത്. അത് അന്നത്തെ പത്രങ്ങളിൽ വലിയ വാർത്തയായി. കോടതി മുറിയിലെ ഓരോ ചെറിയ സംഭാഷണശകലവും പത്രങ്ങളിലെ തലക്കെട്ടുകൾക്ക് കാരണമായി. ഇടക്ക് കോടതി മുറിയിൽ ഹാജരാക്കിയ അച്ഛന്റെ മഴുകൊണ്ട് പൊട്ടിയ തലയോട്ടി കണ്ട് ലിസി മോഹാലസ്യപ്പെട്ടു വീണതൊക്കെ പത്രങ്ങളുടെ ഒന്നാം പേജിലെ ലീഡ് തലക്കെട്ടായി. ആ ബോധക്ഷയം പോലും ലിസിക്ക് ഗുണകരമായി ഭവിച്ചു പിന്നീട്. ഇങ്ങനെ രണ്ടു പേരെ അതിബീഭത്സമായി വെട്ടിക്കൊലപ്പെടുത്തിയ ഒരാളുടെ വസ്ത്രങ്ങൾ ചോരയിൽ കുളിക്കേണ്ടെ എന്നതായിരുന്നു പ്രതിഭാഗം വക്കീലിന്റെ പ്രധാന ചോദ്യം. ചോരപുരണ്ട ഒരു കഷ്ണം വസ്ത്രം പോലും ലിസിയുടേതായി ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതിൽ പിടിച്ച്, 'ലിസി കൊലകൾ നടത്തിയത് നൂൽബന്ധമില്ലാതെയോ...?' എന്നുപോലും അന്നത്തെ ടാബ്ലോയിഡുകൾ ഒന്നാം പേജിൽ തന്നെ അച്ചുനിരത്തി. 

 

Lizzy Borden, a hardened criminal who hacked her parents or an innocent framed for twin murders she never committed

 

പ്രതിഭാഗത്തിന്റെ കേസ് വളരെ ശക്തമായിരുന്നു. അവർ ലിസി സംഭവം നടക്കുമ്പോൾ വീട്ടിൽ ഇല്ലായിരുന്നു എന്നതിന് സാക്ഷികളെ നിരത്തി. ആ ബംഗ്ലാവിനു പുറത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ചില അപരിചിതരെ കണ്ടിരുന്നു എന്നുള്ള അയൽവാസികളുടെ മൊഴികൾ സംഘടിപ്പിച്ചു. ചുരുക്കത്തിൽ ലിസി തന്നെയാണ് കൊലപാതകി എന്ന് സംശയാതീതമായി തെളിയിക്കാൻ സാധിക്കാത്ത അവസ്ഥവന്നു പ്രോസിക്യൂഷന്.  ഓഗസ്റ്റ് 19 -ൻ അപ്പോഴേക്കും 'ബോർഡൻ ഇരട്ടക്കൊലക്കേസ് ' എന്നു കുഖ്യാതമായിക്കഴിഞ്ഞിരുന്ന ഈ കേസിന്റെ വിധി വന്നു. തെളിവുകളുടെ അഭാവത്തിൽ കോടതി ലിസി ബോർഡനെ നിരുപാധികം വെറുതെ വിട്ടു. അതോടെ അച്ഛന്റെ പേർക്കുണ്ടായിരുന്ന അളവറ്റ സ്വത്തിൽ ഒരു ഭാഗം അവൾക്കും കിട്ടി. സഹോദരിമാർ ഇരുവരും, ലിസിയും, ചേച്ചി അമ്മയും അച്ഛന്റെ എസ്റ്റേറ്റുകളും മറ്റു സമ്പത്തുകളും പങ്കിട്ടെടുത്ത്, ഫാൾ റിവറിൽ സമാധാനപൂർണമായിത്തന്നെ കഴിഞ്ഞുകൂടി. 

 

Lizzy Borden, a hardened criminal who hacked her parents or an innocent framed for twin murders she never committed

 

ഒടുവിൽ 1927 -ൽ തന്റെ അറുപത്തേഴാം വയസ്സിൽ വാർധക്യസഹജമായ അസുഖങ്ങളാലാണ് ലിസി ബോർഡൻ മരിക്കുന്നത്.  ആ ഹൃദയത്തിനുള്ളിൽ തുടിച്ചിരുന്ന തന്റെ അച്ഛനമ്മമാരുടെ മരണത്തെപ്പറ്റിയുള്ള രഹസ്യങ്ങൾ, ലിസിയുടെ മരണത്തോടൊപ്പം കുഴിമാടത്തിലേക്കിറങ്ങി. എന്നാൽ, അവരുടെ മരണശേഷവും ആ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കാവുന്ന ചേതോവികാരങ്ങളെപ്പറ്റി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പുറത്തുവന്നു. ആൻഡ്രൂവിന്റെ ജാരസന്തതിയായിരുന്ന വില്യം ആയിരിക്കാം കൊലകൾ നടത്തിയത് എന്നൊരു കഥ ഉയർന്നുവന്നിരുന്നു. രണ്ടു സഹോദരിമാരും ചേർന്ന് പ്ലാൻ ചെയ്ത കൊല, ലിസി ഒറ്റയ്ക്ക് നടപ്പിലാക്കിയ ശേഷം രണ്ടു സഹോദരിമാരും ചേർന്ന് തെളിവുകൾ തേച്ചുമാച്ചു കളഞ്ഞതാകാം എന്നൊരു വാദവും വന്നിരുന്നു. ആൻഡ്രൂ-ആബി ദമ്പതികൾ മഴുകൊണ്ടുള്ള വെട്ടുകളേറ്റ് കൊല്ലപ്പെട്ടത് എന്തിനായിരുന്നു എന്നത് ഇന്നും ചരിത്രത്തിൽ ഒരു നിഗൂഢതയായിത്തന്നെ തുടരുന്നു. 

ഏറെ ക്രൂരമായ ആ രണ്ടു കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച ആ ബംഗ്ലാവ് ഇന്ന് ഒരു വഴിയോര സത്രമാണ്. അതിൽ മരിച്ച ദമ്പതികളുടെ പ്രേതങ്ങൾ ഉണ്ടെന്ന പ്രചാരവും സജീവമായതിനാൽ ഒരു 'ഹോണ്ടഡ് വില്ല' എന്ന നിലക്കും ഈ ഹോട്ടൽ മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. അതിനെ ഇപ്പോൾ ഈ ചരിത്ര പ്രധാനമായ കൊലപാതകങ്ങളുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നഗരസഭാ അധികൃതർ. 

Follow Us:
Download App:
  • android
  • ios