Asianet News MalayalamAsianet News Malayalam

എല്ലാ വർഷവും കൃത്യമായി 'മത്സ്യമഴ', കാരണം കണ്ടെത്താനാവാതെ നാട്ടുകാരും ​ഗവേഷകരും

1970 -ൽ, ഒരു കൂട്ടം ശാസ്ത്രജ്ഞർ മത്സ്യമഴ കാണാൻ യോറോയിൽ എത്തിയിരുന്നു. അവർ മത്സ്യമഴ കണ്ടില്ലെങ്കിലും, പ്രദേശം മുഴുവൻ മത്സ്യത്താൽ മൂടപ്പെട്ടതായി കണ്ടെത്തി. 

Lluvia De Peces strange fish rain
Author
Honduras, First Published Apr 24, 2022, 3:56 PM IST

ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും മീനുകൾ മഴയായി പെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അത് തീർത്തും ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണ്. എന്നാൽ, വടക്കൻ ഹോണ്ടുറാസിലെ ഒരു ചെറിയ പട്ടണമായ യോറോസിന്റെ കാര്യം അതല്ല. എല്ലാ വർഷവും "ലുവിയ ഡി പെസസ്" എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം അവിടെ നടക്കുന്നതായി അവിടത്തുകാർ അവകാശപ്പെടുന്നു. മത്സ്യമഴയെയാണ് ലുവിയ ഡി പെസസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  

ചിലപ്പോൾ വർഷത്തിൽ പലതവണ അവർക്ക് ഈ മത്സ്യമഴ ലഭിക്കുന്നുവെന്നാണ് അവർ പറയുന്നത്. മെയ് മുതൽ ജൂൺ വരെയുള്ള സമയത്താണ് സാധാരണ ഇത് സംഭവിക്കുന്നത്. സാധാരണയായി വളരെ ശക്തമായ കൊടുങ്കാറ്റിന് ശേഷമായിരിക്കും ഇത്. ഈ അസാധാരണ സംഭവത്തിന്റെ ഏറ്റവും വിചിത്രമായ കാര്യം, മത്സ്യം ആകാശത്ത് നിന്ന് വീഴുന്നത് ആരും കണ്ടിട്ടില്ല എന്നതാണ്. എന്നാൽ, ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് നൂറുകണക്കിന് മത്സ്യങ്ങൾ പ്രദേശത്ത് ചിതറി കിടക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. തെളിവായി ഇതിന്റെ കുറെ ഫോട്ടോകളും, വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ ഇത് വെറുമൊരു ഭാവനയായി തള്ളിക്കളയാനാവില്ല, മാത്രമല്ല ശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെ പരിശോധിച്ച് ഒരു വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.  

എന്നാൽ അതിലേയ്ക്ക് പോകുന്നതിന് മുൻപ്, പ്രദേശത്ത് ഇതിനെ ചുറ്റിപറ്റി നിലനിൽക്കുന്ന ഐതിഹ്യം എന്താണ് എന്നൊന്ന് നോക്കാം. ആളുകൾ പറയുന്നതിനനുസരിച്ച്, 1850 -കളുടെയും 60 -കളുടെയും ഇടയിൽ സ്പാനിഷ് മിഷനറിയായ ഫാദർ ജോസ് മാനുവൽ സുബിരാന ഇവിടം സന്ദർശിക്കുകയുണ്ടായി. പ്രദേശവാസികളുടെ ദാരിദ്ര്യം കണ്ട അദ്ദേഹം അവർക്ക് ഭക്ഷണം ലഭിക്കാനായി ദൈവത്തോട് പ്രാർത്ഥിക്കാൻ ആരംഭിച്ചു. തുടർച്ചയായി മൂന്ന് പകലും മൂന്ന് രാത്രിയും അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു. നാലാം ദിവസം ആകാശം ഇരുണ്ടു. ആകാശത്ത് നിന്ന് മീനുകൾ മഴയായി പെയ്യാൻ തുടങ്ങി. അതാണ് ആദ്യത്തെ ലുവിയ ഡി പെസസ്. അതിനുശേഷം എല്ലാ വർഷവും ഈ അത്ഭുതം സംഭവിക്കുന്നതായി പറയപ്പെടുന്നു. എന്നാൽ, ഇത് വെറും വിശ്വാസം മാത്രമാണ്. 

ഇനി ഇതിന്റെ ശാസ്ത്രീയ വിശദീകരണത്തിലേക്ക് കടക്കാം. 1970 -ൽ, ഒരു കൂട്ടം ശാസ്ത്രജ്ഞർ മത്സ്യമഴ കാണാൻ യോറോയിൽ എത്തിയിരുന്നു. അവർ മത്സ്യമഴ കണ്ടില്ലെങ്കിലും, പ്രദേശം മുഴുവൻ മത്സ്യത്താൽ മൂടപ്പെട്ടതായി കണ്ടെത്തി. എന്നാൽ, അവർ ശ്രദ്ധിച്ച രസകരമായ ഒരു കാര്യം, മത്സ്യങ്ങളെല്ലാം അന്ധരായിരുന്നു. പ്രദേശത്തെ ജലപാതകളിൽ സാധാരണയായി കാണപ്പെടുന്ന ഇനങ്ങളിൽ പെട്ടവയല്ല അവയൊന്നും എന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. ഭൂഗർഭ നദികളിലോ, ജലപാതകളിലോ ജീവിച്ചിരുന്ന മീനുകളായിരിക്കണം അവയെന്ന് അവർ അനുമാനിച്ചു. വെളിച്ചത്തിന്റെ അഭാവം അവരെ അന്ധരാക്കിയതായിരിക്കാമെന്ന് ഗവേഷകർ വിശദീകരിച്ചു. കനത്ത കൊടുങ്കാറ്റിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഭൂഗർഭ മത്സ്യത്തെ ഭൂമിക്ക് മുകളിലേക്ക് കൊണ്ടുവരും. ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏറ്റവും വ്യാപകമായി വിശ്വസിക്കപ്പെട്ട ഒരു സിദ്ധാന്തമാണിത്.

മറ്റൊരു സിദ്ധാന്തം, ജലാശയങ്ങൾക്ക് മുകളിൽ ഫണൽ പോലെയുള്ള മേഘങ്ങൾ രൂപപ്പെടുകയും വെള്ളത്തോടൊപ്പം മത്സ്യങ്ങളേയും മേഘങ്ങൾ വലിച്ചെടുത്ത് മഴയത്ത് കരയിലേക്ക് കൊണ്ട് തള്ളുകയും ചെയ്യുന്നുവെന്നതാണ്. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് 72 കിലോമീറ്റർ അകലെയാണ് യോറോ സ്ഥിതി ചെയ്യുന്നത്. അത്രയും ദൂരം ഇത് സാധ്യമല്ല എന്നതിനാൽ ഈ വാട്ടർ സ്പൗട്ട് സിദ്ധാന്തം പലരും അംഗീകരിച്ചിട്ടില്ല. ലുവിയ ഡി പെസസ് കണ്ടെത്താനാകാത്ത ഒരു രഹസ്യമായി ഇന്നും തുടരുന്നുവെങ്കിലും, ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളാണ് ഇത് കാണാൻ എല്ലാ വർഷവും ഇവിടെ എത്തുന്നത്.  

Follow Us:
Download App:
  • android
  • ios