Asianet News MalayalamAsianet News Malayalam

അജ്ഞാതരുടെ വെടിയേറ്റുമരിച്ച, മഹന്ത് ലാൽ ദാസ് എന്ന അയോധ്യയിലെ ഇടത് മതേതരപൂജാരി

"അയോധ്യയിൽ മാത്രമായി 40-50 മഹന്തുമാർ കൊല്ലപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഞാൻ ഇതുവരെ പറയുകയും പ്രവർത്തിക്കുകയും ചെയ്തതുവെച്ച്, അവരിതുവരെ എന്നെ വധിക്കാത്തതെന്തെന്ന ആശ്ചര്യം മാത്രമേ എനിക്കുള്ളൂ..."

Mahant Lal Das, the leftist secular priest of Ayodhya who was shot dead shortly after Babri Masjid Demolition
Author
Ayodhya, First Published Nov 14, 2019, 10:40 AM IST

തൊണ്ണൂറുകളിൽ അയോധ്യയിൽ ജീവിച്ചിരുന്നവർ ഓർക്കുന്ന ഒരു പത്രവാർത്തയുണ്ട്. വർഷം: 1993. തീയതി: നവംബർ 17. വാർത്തയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു. 'മുൻപൂജാരി അജ്ഞാതരുടെ വെടിയേറ്റുമരിച്ചു'. പേരുപോലും പരാമർശിക്കപ്പെടാത്ത ഒരു കൊലപാതകവാർത്തയിലൂടെ ഇഹലോകവാസം വെടിയേണ്ടി വന്ന ആ പൂജാരി, മഹന്ത് ലാൽ ദാസ്, പലരുടെയും കണ്ണിലെ കരടായിരുന്നു. ഫൈസാബാദിലെ ഒരു സീനിയർ പത്രപ്രവർത്തകന്റെ ഭാഷയിൽ പറഞ്ഞാൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കപ്പെടുന്നതിന് കുറുകെ നിൽക്കുന്ന അവസാനത്തേതിന് തൊട്ടുമുമ്പത്തെ തടസ്സം. ഏറ്റവും അവസാനത്തെ തടസ്സം ബാബരി മസ്ജിദ് ആയിരുന്നു. അതവർ പൊളിച്ചു. അതിനുശേഷം മഹന്ത് ലാൽ ദാസിനെ വെടിവെച്ചു കൊന്നു.

ആനന്ദ് പട്‌വര്‍ദ്ധന്‍ സംവിധാനം ചെയ്ത, 'റാം കേ നാം' എന്നൊരു ഡോകുമെന്ററിയുണ്ട് അയോധ്യാതർക്കത്തെ അധിഷ്ഠിതമാക്കിക്കൊണ്ട്. അതിൽ അയോധ്യയിൽ അന്ന് പൂജാരിയായിരുന്ന മഹന്ത് ലാൽ ദാസിന്റെ ഒരു ബൈറ്റുണ്ട്. അദ്ദേഹം കാമറക്കുമുന്നിൽ നിന്നുകൊണ്ട് ഉറച്ച ശബ്ദത്തിൽ ഇങ്ങനെ പറയുന്നത് കേൾക്കാം, "അയോധ്യയിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും ഇതൊക്കെ എതിർക്കപ്പെടേണ്ട സംഗതികളാണ്. നമ്മൾ ഒരിക്കലും നമ്മുടെ സഹജീവികളുടെ മതവികാരണങ്ങളെ വ്രണപ്പെടുത്തുന്ന യാതൊന്നും തന്നെ പ്രവർത്തിക്കാൻ പാടില്ല. അവരെ വിഷമിപ്പിക്കാൻ നമുക്കവകാശമില്ല. നമ്മുടെ മതം അതിന് നമ്മളെ അനുവദിക്കുന്നില്ല. ഭഗവാൻ രാമൻ നമ്മളെ പഠിപ്പിക്കുന്നത് തന്നെ ഈ ലോകത്തിലെ സമസ്തജനങ്ങളുടേയും സുഖത്തെയും സന്തോഷത്തെയും പറ്റിയാണ്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഊർജ്ജമെത്തുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെയാണ് ഈ സമൂഹവും. ഇവിടെ എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളാണുള്ളത്. ആരും ചെറിയവനോ വലിയവനോ അല്ല."  

1983 -ലാണ് കോടതി മഹന്ത് ലാൽ ദാസിനെ അയോധ്യാ ക്ഷേത്രത്തിലെ പൂജാരിയായി നിയമിക്കുന്നത്. ആ സ്ഥാനത്ത് അദ്ദേഹം 1992 വരെ തുടർന്നു. പൂജാരിയാകും മുമ്പ് രാമജന്മഭൂമി സേവാ സമിതിയുടെ സന്നദ്ധപ്രവർത്തകനായിരുന്നു സ്വാമി. വിശ്വഹിന്ദു പരിഷത്തിന്റെ പതാകാവാഹകനായിരുന്നിട്ടുകൂടി ലാൽ കൃഷ്ണ അദ്വാനി അടിയന്തരമായി രഥയാത്ര അവസാനിപ്പിക്കണമെന്ന് അവസാനം വരെയും പറഞ്ഞുകൊണ്ടിരുന്ന ആളാണ് മഹന്ത് ലാൽ ദാസ്. ഇന്ത്യയിലെ മുസ്ലീങ്ങൾ അയോധ്യയെ വലിയൊരു പ്രശ്നമെന്ന് വളർത്തിക്കൊണ്ടുവരരുത് എന്നും ആദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. "ഈ ക്ഷേത്രത്തിന്റെ ഭൂമിതർക്കം ഞങ്ങളുടെ പ്രാദേശിക പ്രശ്നമാണ്. അത് പരിഹരിക്കാൻ ഇവിടെ ഫൈസാബാദിലുള്ള ഹിന്ദുക്കളും മുസ്ലീങ്ങളും തന്നെ ധാരാളമാണ്. പുറത്തു നിന്നുള്ളവർ ദയവായി ഇടപെട്ട് പ്രശ്നം വഷളാക്കരുത് " എന്ന് മഹന്ത് ലാൽ ദാസ് പലപ്പോഴും വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്.

Mahant Lal Das, the leftist secular priest of Ayodhya who was shot dead shortly after Babri Masjid Demolition

ഭയം എന്നത് മഹന്ത് ലാൽ ദാസിനെ തൊട്ടുതെറിച്ചിട്ടില്ലായിരുന്നു. പേരുസൂചിപ്പിക്കുംപോലെ ചിന്തയിലും പ്രവൃത്തിയിലും നേരിയൊരു ഇടത് വ്യതിയാനം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1992 -ൽ മധു കിശ്വറിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു, "അയോധ്യയിൽ മാത്രമായി 40-50 മഹന്തുമാർ കൊല്ലപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഞാൻ ഇതുവരെ പറയുകയും പ്രവർത്തിക്കുകയും ചെയ്തതുവെച്ച്, അവരിതുവരെ എന്നെ വധിക്കാത്തതെന്തെന്ന ആശ്ചര്യം മാത്രമേ എനിക്കുള്ളൂ.."

അയോധ്യാ തർക്കം സമാധാനപൂർവം പരിഹരിക്കാൻ വേണ്ടി മഹന്ത് ലാൽ ദാസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പലർക്കും അദ്ദേഹം ഒരു വിലങ്ങുതടിയായി അനുഭവപ്പെട്ടു. അവർ ഒത്തുപിടിച്ച്, കല്യാൺ സിങ്ങ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും, തത്‌ഫലമായി 1992  മാർച്ച് ഒന്നിന്, അദ്ദേഹത്തെ പൂജാരി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ഡിസംബർ 6 -ന്  ബാബരി മസ്ജിദ് തകർക്കപ്പെട്ടു. അതോടെ തന്റെ നാളുകളും എണ്ണപ്പെട്ടു എന്ന് ലാൽ ദാസിന് ബോധ്യപ്പെട്ടു. വധഭീഷണികളെത്തുടർന്ന് അദ്ദേഹം പ്രൊട്ടക്ഷനുവേണ്ടി ലോക്കൽ പൊലീസിൽ ബന്ധപ്പെട്ടു. ആ അപേക്ഷകൾ ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ 1993 നവംബർ 17 -ന് രാത്രി അദ്ദേഹത്തെ അജ്ഞാതരായ ഒരുസംഘം അക്രമികൾ വെടിവെച്ചുകൊന്നു.

അകാലത്തിൽ പൊലിഞ്ഞ ആ മതസൗഹാർദ്ദത്തിന്റെ, സമാധാനത്തിന്റെ സ്വരത്തെപ്പറ്റി ഇന്നിങ്ങനെ പറയുന്നതിന്റെ പ്രസക്തിയെന്താണ്? അതിനുള്ള ഉത്തരവും റാം കെ നാം എന്ന ഡോകുമെന്ററിയിലുണ്ട്. ക്ഷേത്രനിർമ്മാണം രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിക്കാണിക്കുന്നതിനെപ്പറ്റി ഇന്റർവ്യൂ ചെയ്യുന്നയാൾ മഹാന്തിനോട് ഇങ്ങനെ പറയുന്നു, "മഹന്ത്‌ജി, ഇന്ന് നമ്മുടെ രാജ്യത്ത് വല്ലാത്തൊരു ട്രെൻഡ് ആണല്ലേ? വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് സ്നേഹത്തിനായി സംസാരിക്കുന്നവർക്ക് കിട്ടുന്നതിന്റെ നാലിരട്ടി പിന്തുണകിട്ടുന്നപോലെ.."

അതിന് മഹന്ത് പറഞ്ഞ മറുപടി ഇപ്രകാരമാണ്, "അതിനെ നമ്മൾ കാണേണ്ടത് അങ്ങനെയല്ല. നാട്ടിൽ പ്രളയമോ, കൊടുങ്കാറ്റോ, പേമാരിയോ ഒക്കെ ഉണ്ടായാൽ വീടുകൾ തകരും, മരങ്ങൾ കടപുഴകി വീഴും. രാമായണത്തിലെ അയോധ്യാകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതെന്താ? അതിവൃഷ്ടിയുണ്ടാകുമ്പോൾ, പുല്ലുകൾ  തഴച്ചുവളരും എന്നാണ്.  അങ്ങനെ വരുമ്പോൾ, ആ പുൽക്കാട്ടിലൂടെ വഴി കണ്ടെത്തുക ദുഷ്കരമാകും. എന്നാൽ അത് അധികകാലം നീണ്ടു നിൽക്കില്ല. ആളുകൾക്ക് പതുക്കെ എല്ലാം മനസിലാകുന്ന കാലം വരും. ഇപ്പോൾ ആകെ ഒരു വെകിളി പിടിച്ച് ആളുകൾ നടക്കുന്ന കാലമാണ്. എന്നാൽ താമസിയാതെ അവർക്കും സത്യം ബോധ്യപ്പെടും. അതിനു ശേഷം അവർ സ്വന്തം നേതാക്കളെ ബഹിഷ്‌കരിക്കുന്ന കാഴ്ചയും നമുക്ക് കാണാം."
Mahant Lal Das, the leftist secular priest of Ayodhya who was shot dead shortly after Babri Masjid Demolition
1949 മുതൽ തുടർന്നു പോന്നിരുന്ന ഒരു ഭൂമിത്തർക്കം. എൺപതുകളുടെ അവസാനം വരെയും, അതൊരിക്കലും അയോധ്യാനിവാസികൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകിയിരുന്നില്ല. എന്നാൽ ചിലർ ആ സമാധാനപൂർണമായ വ്യവഹാരങ്ങൾക്കിടയിലേക്ക് കടന്നുവന്ന്, 'ബാബറിന്റെ മക്കൾക്ക് അവരുടെ ചോരകൊണ്ട് കണക്കു പറയേണ്ടി വരും...' എന്നമട്ടിലുള്ള മുദ്രാവാക്യങ്ങളൊക്കെ വിളിച്ചുകൊണ്ട് നടത്തിയ വിഘടനവാദപരമായ പ്രവർത്തനങ്ങളാണ് കാര്യങ്ങൾ വഷളാക്കിയത്.

1992 മാർച്ചിൽ മഹന്ത് ലാൽ ദാസിന് പകരം പൂജാരിസ്ഥാനം ഏറ്റെടുത്ത മഹന്ത് സത്യേന്ദ്രദാസിന്റെ വാദം ലാൽ ദാസിന്റെ സാമ്പത്തിക ക്രമക്കേടുകളാണ് അദ്ദേഹത്തിന്റെ സ്ഥാനഭ്രംശത്തിന് കാരണമെന്നാണ്. അത്തരത്തിലുള്ള ആരോപണങ്ങൾ നിഷേധിച്ചിരുന്ന ലാൽ ദാസ് തന്നെ നീക്കം ചെയ്ത സർക്കാരിന്റെ നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയെയും  സമീപിക്കയുണ്ടായി.

ഇന്ന് അയോധ്യയിൽ മഹന്ത് ഗ്യാൻ ദാസിനെപ്പോലുള്ള ചില പഴയ പൂജാരിമാർക്ക് മാത്രമേ, മഹന്ത് ലാൽ ദാസ് എന്ന പേരുകേട്ടാൽ മുഖം ചുളിയാത്തതായി ഉള്ളൂ. മതേതരസ്വാമി എന്നാണ് ഗ്യാൻ ദാസ് അവനവനെ വിശേഷിപ്പിക്കുന്നത്. വിധിവന്നതിനു പിന്നാലെ കുങ്കുമവസ്ത്രധാരികളായ പൂജാരിമാർ മുസ്‌ലിം വേഷധാരികളെ ആലിംഗനം ചെയ്തുകൊണ്ടുള്ള മതസൗഹാർദ്ദ ദൃശ്യങ്ങൾ അയോധ്യയിൽ നിന്ന് വന്നെങ്കിലും, അതൊക്കെ കേവലം കെട്ടുകാഴ്ചകൾ മാത്രമാണ്. ഇവിടത്തെ അടിസ്ഥാനപരമായ വികാരം ഇന്ന് മുസ്‌ലിം വിരുദ്ധതയുടേത് മാത്രമാണ്.

'അയോദ്ധ്യ ഒരു ക്ഷേത്രനഗരമാണ് എന്നതിൽ സംശയമേതുമില്ല. അവിടെ ഇനി രാമക്ഷേത്ര നിർമ്മാണത്തിനനായുള്ള കാത്തിരിപ്പാണ്. തിരുപ്പതി മോഡലിൽ അയോധ്യാ നഗരത്തിൽ വികസനം കൊണ്ടുവരു'മെന്നൊക്കെയാണ് സംസാരം. ഏകപക്ഷീയമായ ഒരു വിധിയാണ് എന്ന് എടുത്തു പറയുമ്പോഴും, അയോധ്യയിലെ പലരും അങ്ങനെയെങ്കിലും ആ തർക്കം ഒന്നവസാനിച്ചോട്ടെ എന്നാണ് പറഞ്ഞു നിർത്തുന്നത്. തർക്കഭൂമിയിൽ അമ്പലത്തിന്റെ നിർമാണവും, പകരം നൽകപ്പെടുന്ന ഭൂമിയിൽ പള്ളിയുടെ നിർമാണവും ഒരേ ഗതിയിൽ പുരോഗമിക്കട്ടെ. അയോധ്യയിൽ വീണ്ടും സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ.

മഹന്ത് ലാൽ ദാസ് എന്ന കുറിയ മനുഷ്യന്റെ ഹ്രസ്വജീവിതം ഇന്ന് അയോധ്യാ നിവാസികളുടെ ഓർമയിൽ നിന്ന് മറവിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, അവസാനശ്വാസം വരേയ്ക്കും അദ്ദേഹം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ശാന്തിയുടെയും മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഇനിയങ്ങോട്ട് കൂടുതൽ പ്രസക്തിയാർജ്ജിക്കുകയേയുള്ളു, അയോധ്യയിലും, വിശാലാർത്ഥത്തിൽ ഇന്ത്യയിലൊട്ടുക്കും..! 

Follow Us:
Download App:
  • android
  • ios