Asianet News MalayalamAsianet News Malayalam

'സ്ത്രീകളൊക്കെ നാട് ഭരിച്ചിട്ട് എന്ത് കാണിക്കാനാണ്'; ഇതാ ഒരു ഗ്രാമത്തെയാകെ മാറ്റിയ ഗ്രാമമുഖ്യ

ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം മുഖം മറച്ചിട്ടാണ് നടക്കുന്നത്. പക്ഷേ, മായ അത് ചെയ്തിരുന്നില്ല. അതിന്‍റെ പേരില്‍ നാട്ടിലെ പുരുഷന്മാരെല്ലാം അവളെ വിമര്‍ശിച്ചുപോന്നു. അവള്‍ക്ക് ബഹുമാനമില്ലെന്നായിരുന്നു അവരുടെ പരാതി. 

Maya Mausariya Sarpanch who transformed her village
Author
Ghatgara, First Published Oct 18, 2020, 2:09 PM IST
  • Facebook
  • Twitter
  • Whatsapp

മധ്യപ്രദേശിലെ ഘത്ഗാര ഗ്രാമത്തിലെ സ്ത്രീകള്‍ പതിറ്റാണ്ടുകളായി അവരുടെ ജീവിതം തീര്‍ത്തുകൊണ്ടിരുന്നത് വെള്ളത്തിനുവേണ്ടി അലഞ്ഞിട്ടാണ്. എന്നാല്‍, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി അവിടെ ജലക്ഷാമമില്ല. ഓരോവീട്ടിലും വാട്ടര്‍ടാപ്പുകളുണ്ട്. മെച്ചപ്പെട്ട ടോയ്‍ലെറ്റ് സൗകര്യങ്ങളുണ്ട്. രണ്ട് കുഴല്‍ക്കിണറുകളും ഒരു പൊതുവാട്ടര്‍ടാങ്കും ഉണ്ട്. ഇതിനെല്ലാം നന്ദി പറയേണ്ടത് ആ ഗ്രാമത്തിലെ ആദ്യത്തെ വനിതാ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തിനാലുകാരിയായ മായ മൗസരിയയോടാണ്. 

ഇന്‍ഡോറിനടുത്തുള്ള സിന്ദോണ ഗ്രാമത്തില്‍ നിന്നുള്ളതാണ് മായ. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ് ആ ഗ്രാമത്തിലെത്തിയതാണവര്‍. അന്നൊന്നും അവിടെ വെള്ളമില്ലായിരുന്നുവെന്നും വെള്ളം കിട്ടുന്ന ഒരേയൊരിടത്ത് വെള്ളമെടുക്കാന്‍ പോയിട്ടാണ് സ്ത്രീകളുടെ പകുതിനേരവും തീര്‍ന്നുപോയിരുന്നതെന്നും മായ പറയുന്നു. ഇന്‍ഡോറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഘത്ഗാര. വികസനത്തിലും വിദ്യാഭ്യാസ കാര്യങ്ങളിലും എല്ലാം പിന്നോക്കം നില്‍ക്കുന്ന ഗ്രാമമായിരുന്നു അത്. ജലക്ഷാമം ഉണ്ടായിരുന്നുവെന്നതിനാല്‍ത്തന്നെ കാര്‍ഷികമേഖലയും പച്ച പിടിച്ചില്ല. മായയും മറ്റ് സ്ത്രീകളും രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് വെള്ളമെടുക്കാന്‍ പോകും. വെള്ളമെടുത്ത് തിരികെ വരുമ്പോള്‍ ഉച്ച കഴിയും. എല്ലാവരും ജലക്ഷാമത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. എന്നാല്‍, പരിഹാരം കണ്ടെത്താന്‍ മാത്രം ആര്‍ക്കും കഴിഞ്ഞില്ല. 

ആദ്യത്തെ വനിതാ ഗ്രാമമുഖ്യ

ഗ്രാമത്തില്‍ കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് നടത്തുകയും സര്‍പ്പഞ്ചുകളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതിലൊന്നും തന്നെ ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അതിനാല്‍ത്തന്നെ വനിതകളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുമില്ല. അങ്ങനെയാണ് മായ ഗ്രാമമുഖ്യയാകാന്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. പത്താം ക്ലാസ് വിജയിച്ച മായ തന്നെയായിരുന്നു ഗ്രാമത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള വനിത. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം മായ തന്‍റെ ചങ്ങാതിമാരുമായി കൂടിയാലോചിക്കുകയും ജയിച്ചാല്‍ ജലക്ഷാമം എങ്ങനെയെങ്കിലും പരിഹരിക്കുമെന്ന് വാക്ക് നല്‍കുകയും ചെയ്തു. ചങ്ങാതിമാര്‍ മായക്ക് ഉറച്ച പിന്തുണ തന്നെ നല്‍കി. മായ തന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം ചര്‍ച്ച ചെയ്തു. അദ്ദേഹവും അവള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി. 

എന്നാല്‍, ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഗ്രാമത്തില്‍ അതുവരെ ഒരു സ്ത്രീയും ഗ്രാമമുഖ്യയായിരുന്നിട്ടില്ല. പക്ഷേ, സ്ത്രീകള്‍ക്ക് മായയിലെന്തോ വിശ്വാസമുണ്ടായിരുന്നു. കാരണം, അതുവരെ എത്രയോ പുരുഷന്മാര്‍ ഗ്രാമത്തില്‍ സര്‍പഞ്ചുമാരായി ഇരുന്നിട്ടുണ്ട്. എന്നാല്‍, അവരാരും തന്നെ ഗ്രാമത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. കാരണം, വെള്ളം ശേഖരിക്കാന്‍ കഷ്ടപ്പെടുന്നത് സ്ത്രീകളല്ലേ. അങ്ങനെ 2015 -ലെ തെരഞ്ഞെടുപ്പില്‍ മായ തന്നെ വിജയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടയുടനെ മായ ചെയ്തത് ഗ്രാമത്തില്‍ രണ്ട് കുഴല്‍ക്കിണറുകള്‍ കുഴിക്കുക എന്നതായിരുന്നു. ഒരു പൊതുടാങ്കും നിര്‍മ്മിച്ചു. അതിനാല്‍ത്തന്നെ സ്ത്രീകള്‍ക്ക് നേരത്തെ വെള്ളമെടുത്ത് കൊണ്ടുവരാന്‍ കഴിയുന്നു. ശേഷിച്ച സമയം അവര്‍ വീട്ടുകാര്യങ്ങള്‍ ചെയ്യുകയും കൃഷിയില്‍ സഹായിക്കുകയും ചെയ്യുന്നു. എങ്കിലും വെള്ളം ചുമന്നു കൊണ്ടുപോവുക എന്ന ജോലി ബാക്കിയായിരുന്നു. അത് പരിഹരിക്കാനായി സര്‍ക്കാര്‍ പദ്ധതികളിലുള്‍പ്പെടുത്തി ഓരോ വീട്ടിലേക്കും ടാപ്പുകള്‍ അനുവദിച്ചു നല്‍കി മായ. 

Maya Mausariya Sarpanch who transformed her village

എന്നാല്‍, ഇതിനൊന്നും മായക്ക് ആരുടെയും സഹായം ലഭിച്ചിരുന്നില്ല. ബഡ്നാപ്പൂരിലെ തെഹ്സില്‍ ഓഫീസിലേക്ക് പദ്ധതി നടപ്പിലാക്കുന്നതിനും മറ്റുമായി എത്രയോ തവണ മായ തനിച്ച് യാത്ര ചെയ്തു. ഗ്രാമത്തിലെ ഒരാളും അവള്‍ക്കൊപ്പം പോകാന്‍പോലും തയ്യാറായില്ല. ഇടയ്ക്ക് ചിലപ്പോള്‍ മകന്‍ അവള്‍ക്ക് കൂട്ടുപോവും. അല്ലാത്തപ്പോഴെല്ലാം തനിച്ച്. ചില സമയങ്ങള്‍ എന്തെങ്കിലും വാഹനം പിടിക്കും. അല്ലാത്തപ്പോള്‍ എട്ട് കിലോമീറ്ററും മായ നടക്കും. ഏതാണ്ട് ഒരു വര്‍ഷത്തോളം മായ ഈ നടപ്പ് തുടര്‍ന്നു. ഒടുവില്‍ ഗ്രാമത്തിലെ ഓരോ വീട്ടിലും വെള്ളമെത്തി. 

മായയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമത്തിന് പുറത്തുനിന്നുള്ളവരുടെ ശ്രദ്ധയും പിടിച്ചുപറ്റി. വാട്ടര്‍എയ്‍ഡ് ഇന്ത്യ ജലസുരക്ഷയെകുറിച്ചും ശുചീകരണത്തെ കുറിച്ചും ട്രെയിനിംഗ് നല്‍കുന്നതിന് തെരഞ്ഞെടുത്ത ഗ്രാമങ്ങളിലൊന്ന് മായയുടേതായിരുന്നു. അവര്‍, ജലസ്രോതസ്സുകള്‍ എങ്ങനെ ശുചിയാക്കിവയ്ക്കാമെന്നതിനെ കുറിച്ച് ഗ്രാമവാസികള്‍ക്ക് ക്ലാസുകളും പരിശീലനവും നല്‍കി. ഒപ്പം തന്നെ ജലത്തിന്‍റെ ഗുണം പരിശോധിക്കാനുള്ള പരിശീലനവും ഗ്രാമത്തിലുള്ളവര്‍ നേടി. ജലസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ നല്ല റോഡുകള്‍ പണിയുന്നതിനും മായ മുന്നിട്ടുനിന്നു. ഗ്രാമത്തിലാകെയായി 14 റോഡുകളാണ് മായയുടെ നേതൃത്വത്തില്‍ പണിതത്. ഒപ്പം തന്നെ അങ്കണവാടികളും വിദ്യാലയങ്ങളും നവീകരിക്കുകയും ചെയ്തു. 

ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം മുഖം മറച്ചിട്ടാണ് നടക്കുന്നത്. പക്ഷേ, മായ അത് ചെയ്തിരുന്നില്ല. അതിന്‍റെ പേരില്‍ നാട്ടിലെ പുരുഷന്മാരെല്ലാം അവളെ വിമര്‍ശിച്ചുപോന്നു. അവള്‍ക്ക് ബഹുമാനമില്ലെന്നായിരുന്നു അവരുടെ പരാതി. എന്നാല്‍, അതൊന്നും അവള്‍ക്കൊരു പ്രശ്നമായിരുന്നില്ല. താനൊരിക്കലും പുരുഷന്മാരെക്കാള്‍ ദുര്‍ബലയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അതുകൊണ്ട് തന്നെയാണ് മുഖം മറക്കാതെ മുഖമുയര്‍ത്തി നില്‍ക്കുന്നതെന്നും മായ പറയുന്നു. തന്‍റെ സ്വന്തം വീടും തന്നിലെ പുരോഗമനചിന്താഗതിക്ക് സഹായിച്ചിട്ടുണ്ടെന്ന് മായ പറയുന്നു. ആ വീട് ഇന്‍ഡോറിനടുത്തായിട്ടാണ്. അതിനാല്‍ത്തന്നെ നഗരത്തിന്‍റെ സ്വഭാവം കുറച്ചൊക്കെ പകര്‍ന്നിട്ടുണ്ട്. അത് തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടിലും തുടരാനാണ് താന്‍ ശ്രമിച്ചത് എന്നും മായ പറയുന്നു. 

ഗ്രാമമുഖ്യ ആയിരിക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഓരോ വീട്ടിലെയും പ്രശ്നങ്ങള്‍ വരെ അവള്‍ക്ക് തീര്‍ക്കേണ്ടതുണ്ടായിട്ടുണ്ടായിരുന്നു. അതിനുശേഷം വേണമായിരുന്നു റോഡിന്‍റെയും വെള്ളത്തിന്‍റെയുമൊക്കെ കാര്യം നോക്കാന്‍. ഇന്ന് ഗ്രാമത്തിലെ പല സ്ത്രീകളും മായയെ മാതൃകയാക്കി പൊതുസ്ഥലങ്ങളില്‍ പോലും മുഖാവരണം ഇടാറില്ല. അത് അവരുടെ ശാക്തീകരണത്തിന്‍റെ ഭാഗമായിത്തന്നെ മായ കരുതുന്നു. 2020 -ലേക്ക് മായ സര്‍പഞ്ചായി അഞ്ച് വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാല്‍ നാട്ടുകാര്‍ മായയോട് തന്നെ സ്ഥാനത്ത് തുടരാനാവശ്യപ്പെടുകയായിരുന്നു. 

മായ ഭരണത്തിലെത്തിയശേഷമാണ് ഭരണകാര്യങ്ങളിലും തങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ട് എന്നും തങ്ങളുടെ ശബ്ദവും കേള്‍ക്കപ്പെടേണ്ടതുണ്ട് എന്നും ബോധ്യം വരുന്നത്. ഗ്രാമത്തിന്‍റെ വികസനത്തിനായി മായ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരെ ബാഹുമാന്യയാക്കുന്നു. നാല് വര്‍ഷം മുമ്പാണ് രോഗത്തെ തുടര്‍ന്ന് മായയുടെ ഭര്‍ത്താവ് മരിക്കുന്നത്. ഗ്രാമത്തിന്‍റെ വികസനം അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും മായ പറയുന്നു. 

Follow Us:
Download App:
  • android
  • ios