ഇന്ന് ബാബാസാഹേബ് അംബേദ്‍കറിന്‍റെ ചരമദിനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി, അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകന്‍, ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും... ഇത് അദ്ദേഹവും നേവല്‍ ഭത്തേനയും തമ്മിലുള്ള  ഒരപൂര്‍വ സൗഹൃദത്തിന്‍റെ കഥയാണ്. 

ബാബാസാഹേബ് അംബേദ്‍കറും പാഴ്‍സിയായ നേവൽ ഭത്തേനയും ആദ്യമായി കണ്ടുമുട്ടുന്നത് അമേരിക്കയിൽ വച്ചാണ്. അത് പിന്നീട് വളരെ ആഴത്തിലുള്ള ഒരു സൗഹൃദമായി വളർന്നു. ജീവിതപാതകൾ വേർപിരിഞ്ഞിട്ടും അവരുടെ സൗഹൃദം നീണ്ടുനിന്നു. കാലങ്ങളും ദേശങ്ങളും കടന്ന് അതവരുടെ ജീവിതങ്ങളെ ആഴത്തിൽ സ്പർശിച്ചു.
 
ജാതി വിവേചനത്തിന്‍റെ തിക്തമായ  അനുഭവങ്ങളിലൂടെയാണ് അംബേദ്‍കർ വളർന്നത്. ‘ഉയർന്ന ജാതി’യിൽ പെട്ട വിദ്യാർത്ഥികളോടൊപ്പം ഇരിക്കാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിജ്ഞാനത്തിനായുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്‍ണമായ ആഗ്രഹവും പരിശ്രമവും മൂലം ബറോഡയുടെ ഭരണാധികാരിയായ സയാജിറാവു ഗെയ്ക്ക്വാഡ് മൂന്നാമൻ നൽകിയ സ്കോളർഷിപ്പിന് അദ്ദേഹം അർഹനായി. അങ്ങനെ ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ സർവകലാശാലയിൽ ചേർന്നു. അവിടെവച്ചാണ് അദ്ദേഹം സുഹൃത്തും അഭ്യുദയകാംക്ഷിയുമായ നേവൽ ഭത്തേനയെ കണ്ടുമുട്ടിയത്. ജാതിചിന്തകളില്ലാത്ത ഒരു ഇന്ത്യകാരനായിരുന്നു നേവൽ.

1913 ജൂലൈയിൽ അംബേദ്‍കർ യുഎസ്സിലെത്തി. യൂണിവേഴ്സിറ്റിയിലെ ഡോർമിറ്ററിയിൽ  കുറച്ചുകാലം  താമസിച്ചശേഷം അദ്ദേഹം ആദ്യം കോസ്മോപൊളിറ്റൻ ക്ലബിലേക്കും പിന്നീട് ലിവിംഗ്സ്റ്റൺ ഹാൾ ഡോർമിറ്ററിയിലേക്കും മാറി. അവിടെവെച്ച് പാഴ്‍‍സി വിദ്യാർത്ഥിയായ നേവൽ ഭത്തേനയെ കാണാനിടയായി.

നേവൽ യുഎസിൽ എന്താണ് പഠിച്ചതെന്നും അംബേദ്‍കറുമായുള്ള ബന്ധം എങ്ങനെ ആരംഭിച്ചുവെന്നും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. കാരണം ധനേഞ്ജർ കീർ എഴുതിയ അംബേദ്‍കറുടെ ജീവചരിത്രത്തിൽ മാത്രമാണ് നേവലിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്.

ലണ്ടനിൽ ഉപരിപഠനം നടത്താനാഗ്രഹിച്ച് അംബേദ്‍കർ കൊളംബിയ യൂണിവേഴ്‍സിറ്റിയിൽ നിന്ന് ലണ്ടനിലേക്ക് പോകാനായി തയ്യാറെടുത്തു. എന്നാൽ, സ്കോളർഷിപ്പിനുള്ള കാലാവധി അവസാനിച്ചതുകൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല.

മൂന്നുവർഷം കഴിഞ്ഞപ്പോൾ നേവൽ ഭത്തേന അംബേദ്‍കറെ സാമ്പത്തികമായി സഹായിക്കുകയും അങ്ങനെ അദ്ദേഹത്തിന് ലണ്ടനിലേക്ക് പഠനത്തിനായി പോകാനും സാധിച്ചു. അംബേദ്‍കര്‍ ബോംബെയിലെ സിഡൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍റ് ഇക്കണോമിക്സിൽ പ്രൊഫസറായിരുന്നുവെങ്കിലും പുറത്തുപോയി പഠിക്കാൻ അദ്ദേഹത്തിന്‍റെ  സമ്പാദ്യം പര്യാപ്‍തമായിരുന്നില്ല. നേവൽ അദ്ദേഹത്തിന് 5,000 രൂപ വായ്‍പ നൽകി. അങ്ങനെ 1920 -ൽ അംബേദ്‍കർ ലണ്ടനിലേക്ക് യാത്ര തിരിച്ചു.

രണ്ടാമത്തെ യാത്രക്ക് മുൻപ്  ഒരു ദൗർഭാഗ്യകരമായ ഒരനുഭവം അംബേദ്‍കറിന് ഉണ്ടായി. അംബേദ്‍കറുടെ ചിന്തയെ ആഴത്തിൽ സ്പർശിച്ച ഒരു സുപ്രധാന സംഭവമായിത്തീർന്നു അത്.

കൊളംബിയയിൽ നിന്ന് മടങ്ങിയശേഷം അംബേദ്‍കർ ബറോഡയിൽ താമസിക്കാൻ വന്നു. അവിടെ സ്കോളർഷിപ്പ് കരാർ നിറവേറ്റുന്നതിനായി ജോലി ചെയ്യേണ്ടി വന്നു. കൊളംബിയയിലെ അഭ്യസ്‍തവിദ്യനായ അദ്ദേഹത്തിന് ജാതീയ വേർതിരിവുകൾ കാരണം ബറോഡയിൽ താമസിക്കാൻ സ്ഥലം കണ്ടെത്താനായില്ല. എവിടെയും അദ്ദേഹം തഴയപ്പെട്ടു. ഒടുവിൽ പാഴ്‍സികൾക്ക് മാത്രമായുള്ളൊരു സത്രത്തിൽ അദ്ദേഹം എത്തിച്ചേർന്നു. തന്‍റെ ജാതിയെക്കുറിച്ച് ചോദിച്ചപ്പോൾ സ്വയം ഒരു ഹിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു. റിസപ്ഷനിസ്റ്റിന് കൈക്കൂലി കൊടുത്തുകൊണ്ട് അംബേദ്‍കർ വല്ലവിധേനയും ആ സത്രത്തിൽ കയറിക്കൂടി.  

എന്നാൽ ഇത് ഒരുപാട് നാൾ നീണ്ടുപോയില്ല. അവിടെയുള്ള ആളുകൾ അംബേദ്‍കറുടെ ജാതി കണ്ടെത്തി. കയ്യിൽ വിറകുകളുമായി പാഴ്‍സികളുടെ ഒരു കൂട്ടം സത്രത്തിൽ അതിക്രമിച്ചു കയറി. തന്‍റെ മുറിക്ക് മുന്നിൽ നടന്ന ആ ദാരുണരംഗം അംബേദ്‍കർ വിവരിച്ചിട്ടുണ്ട്:  “അവർ ചോദ്യങ്ങൾ ചോദിയ്ക്കാൻ ആരംഭിച്ചു. നീ ആരാണ്? നീ എന്തിനാ ഇവിടെ വന്നത്? ഒരു പാഴ്‍സിയുടെ പേരിൽ മുറിയെടുക്കാൻ നിനക്ക് ഇത്രക്ക്  ധൈര്യമോ? നിങ്ങൾ ഈ പാഴ്‍സി സത്രം മലിനമാക്കി! വൈകുന്നേരം സത്രത്തിൽ എന്നെ കാണരുത് എന്ന ഒരു അന്ത്യശാസനവും അവർ നൽകി.'' ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

സത്രത്തിൽനിന്ന് ഇറങ്ങിയ അംബേദ്‍കർ അന്ന് രാത്രി അടുത്തുള്ള ഒരു പാർക്കിൽ ചെലവഴിച്ചു. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. സ്യൂട്ട്കേസ്, സർട്ടിഫിക്കറ്റുകൾ, പുസ്തകങ്ങൾ എന്നിവയുമായി അദ്ദേഹം ഒരു മരത്തിനടിയിൽ ഇരുന്നു. താമസിയാതെ അദ്ദേഹം ബറോഡ വിട്ടു. ഇന്ന്, ആ പാർക്ക് നിരവധി ദലിതരുടെ സമ്മേളന കേന്ദ്രമായി നിലിനില്‍ക്കുന്നു, ഒപ്പം ഒരു സ്‍മാരകമായും.

ഇന്ത്യ വിട്ട് ലണ്ടനിൽ പഠിക്കാൻ പോയിട്ടും അംബേദ്‍കറുടെ ദുരിതങ്ങൾ അവസാനിച്ചില്ല. പണത്തിന്‍റെ  കുറവ് അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പലപ്പോഴും അദ്ദേഹത്തിന് ഭക്ഷണം പോലും ഒഴിവാക്കേണ്ടിവന്നു. അപ്പോഴെല്ലാം അംബേദ്കറെ സഹിച്ചത് സുഹൃത്തായ നേവലായിരുന്നു. നന്ദിയും ഉത്കണ്ഠയും തോന്നിയ അംബേദ്‍കർ നേവലിന് എഴുതി:  “എന്‍റെ സാമ്പത്തിക ഞെരുക്കത്തിൽ നിങ്ങൾ ദുഃഖിതനാണ് എന്ന് എനിക്കറിയാം. ഏതൊരു ഉറ്റതോഴനും താങ്ങാവുന്നതിനേക്കാൾ അധികം ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഞാൻ എന്‍റെ ആവശ്യങ്ങൾ പറഞ്ഞു നിങ്ങളെ കഷ്ടപെടുത്തുന്നത് നമ്മുടെ സൗഹൃദത്തിന് ഒരിക്കലും വിള്ളൽ വീഴ്ത്തില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

നിയമപഠനം പൂർത്തിയാക്കിയ ശേഷം ബാരിസ്റ്റർ അംബേദ്‍കർ അഭിഭാഷകവൃത്തിയിൽ പ്രവേശിക്കാൻ  തീരുമാനിച്ചു. പക്ഷേ, അതിനുള്ള പണം അദ്ദേഹത്തിന്‍റെ കയ്യിൽ ഇല്ലായിരുന്നു. നേവൽ വീണ്ടും അദ്ദേഹത്തെ സഹായിക്കുകയും ആ പണം ഉപയോഗിച്ച് 1925 ജൂണിൽ അംബേദ്കർ ഒരു ബാരിസ്റ്ററായി ജീവിതം ആരംഭിക്കുകയും ചെയ്തു.

അവരുടെ അവസാന കൂടിക്കാഴ്ച 1956 ഒക്ടോബറിലായിരുന്നു. നേവൽ തന്‍റെ ആദരാഞ്ജലിയിൽ അനുസ്മരിച്ചു: “അദ്ദേഹം മരിക്കുന്നതിന് രണ്ടുമാസം മുമ്പ് അദ്ദേഹത്തിന്‍റെ വീട്ടിൽവച്ചായിരുന്നു ഞങ്ങളുടെ ഏറ്റവും നീണ്ട കൂടിക്കാഴ്ച ഉണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു, മുറിയിൽ മറ്റൊരാളും കയറാൻ അദ്ദേഹം അനുവദിച്ചില്ല. അന്ന് അംബേദ്‍കർ ഹൃദയം തുറന്ന് സംസാരിച്ചു."
 
അംബേദ്‍കറിന്‍റെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ കൈത്താങ്ങായി നിന്ന നേവൽ എന്നും അദ്ദേഹത്തിന് വിലമതിക്കാൻ പറ്റാത്ത സുഹൃത്തായിരുന്നു.