1980 -ൽ, ബാഗ്‌ദാദ് ജയിലിൽ വെച്ച്, വിധിവൈപരീത്യത്താൽ തമ്മിൽ വേർപെട്ടു പോയവരാണ് അന്ന് നാലുവയസ്സുണ്ടായിരുന്ന ഹൈദറും, അവനെക്കാൾ രണ്ടുവയസ്സിന്റെ ഇളപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞനുജൻ അഹമ്മദും. വളരെ ആശ്ചര്യകരമായി, നാലു പതിറ്റാണ്ടുകൾക്കിപ്പുറം അവർ തമ്മിൽ ബാഗ്ദാദിൽ വെച്ചുതന്നെ വീണ്ടും കണ്ടുമുട്ടി. ആരെയും കണ്ണീരണിയിക്കുന്ന ഒരു രംഗമായിരുന്നു അത്. 
ഇവർ തമ്മിൽ എങ്ങനെ വേർപിരിഞ്ഞു? അതൊരു വലിയ കഥയാണ്. 

സംഭവം നടക്കുന്നത് 1979 -ലാണ്. അന്ന് ഇറാക്കിൽ  അധികാരത്തിലേറിയ സദ്ദാം ഹുസ്സൈന്റെ ബാത്ത് കക്ഷിയുടെ സിംഹപ്രതാപം കൊടികുത്തി വാഴുന്ന കാലം. പ്രതിപക്ഷത്തുനിന്ന് പൊന്തിവന്നിരുന്ന നേർത്തൊരു സ്വരം പോലും സദ്ദാമിന്റെ കിങ്കരന്മാര്‍ അടിച്ചമർത്തിക്കൊണ്ടിരുന്നു. അവിടത്തെ കമ്മ്യൂണിസ്റ്റ് വിമതകക്ഷി ആയിരുന്ന ദാവയുമായി വിദൂരബന്ധം പോലുമുള്ളവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടുകൊണ്ടിരുന്ന കാലമാണത്. അക്കാലത്താണ്, ദാവാ പാർട്ടിയുമായി അനുഭാവം പുലർത്തി എന്ന പേരിൽ ഒരാളെ, അയാളുടെ ഗർഭിണിയായ ഭാര്യയെയും രണ്ടു പിഞ്ചു മക്കളെയും അടക്കം, സദ്ദാമിന്റെ അനുയായികൾ പിടിച്ച് അകത്തിടുന്നത്. 

 

 

അന്ന് രാഷ്ട്രീയ തടവുകാർക്ക് സന്ദർശകരെ അനുവദിക്കുക പതിവില്ല ബാഗ്‌ദാദിൽ. അതുകൊണ്ട് ഹൈദറിന്റെയും അഹമ്മദിന്റെയും അമ്മൂമ്മ, തെക്കുകിഴക്കൻ ബാഗ്‌ദാദിലുള്ള സഫറാനിയാ വനിതാ ജയിലിലേക്ക് ചെന്നത്, അരാഷ്ട്രീയ കാരണങ്ങളാൽ ജയിലിൽ അടക്കപ്പെട്ട ഒരു സുഹൃത്തിന്റെ ബന്ധുവിനെ കാണാൻ എന്ന വ്യാജേനയായിരുന്നു. രാഷ്ട്രീയ-അരാഷ്ട്രീയ തടവുകാരെ ജയിലിനുള്ളിൽ വെവ്വേറെ സെല്ലുകളിൽ ആണ് അടച്ചിരുന്നത് എങ്കിലും, ആ ബാരക്കിലെ ശുചിമുറികൾ ഇരു കൂട്ടർക്കും പൊതുവായിരുന്നു. അങ്ങനെ ആ സന്ദർശനത്തിനിടെ ഈ അമ്മൂമ്മ, തന്റെ കൊച്ചുമക്കളിൽ മൂത്തവനായ ഹൈദറിനെ തന്റെ അബായ എന്ന അയഞ്ഞ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ആ ജയിലിൽ നിന്ന് പുറത്തെത്തിക്കുന്നതിൽ വിജയിച്ചു.


ആ സന്ദർശനം കഴിഞ്ഞ് അധികം വൈകാതെ തന്നെ, സദ്ദാം ഭരണകൂടം തന്റെ അച്ഛനെയും അമ്മയെയും അനുജനെയും വധിച്ചു എന്ന വിവരം ഹൈദറിനെ തേടിയെത്തി. അവൻ അത് വിശ്വസിച്ചു. അന്ന് എത്രയോ ദിവസം തുടർച്ചയായി അവൻ കരഞ്ഞുകൊണ്ട് കഴിച്ചുകൂട്ടി എങ്കിലും, പിന്നീട് കുറച്ചുകാലം കഴിഞ്ഞപ്പോൾ, ആ സങ്കടങ്ങളെയൊക്കെ പിന്നിൽ വിട്ട് , അതിനെയൊക്കെ അതിജീവിച്ച് വളർന്നു വലുതായി ഈ ഹൈദർ. 

ഇടയ്ക്കിടെ തികട്ടി വന്നുകൊണ്ടിരുന്ന തന്റെ ആജന്മസങ്കടങ്ങൾ കുറിച്ചുകൊണ്ട്, കഴിഞ്ഞ തിങ്കളാഴ്ച ഹൈദർ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. രണ്ടുവയസ്സുള്ള തന്റെ അനുജന്റെ ചിത്രത്തോടൊപ്പം അന്ന് ഹൈദർ അൽ മൗസാവി കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു.

 

" 40 വർഷം മുമ്പ്, ഇന്നേ ദിവസമാണ് ബാത്ത് പാർട്ടിക്കാർ എന്നെയും കുടുംബത്തെയും തുറുങ്കിലടച്ചത്. എനിക്ക് ഇന്നെത്ര വയസ്സുണ്ടെന്ന് നിങ്ങൾ ഒരു പക്ഷെ ചോദിച്ചേക്കാം. എനിക്കിന്ന് വയസ്സ് 44 തികയുന്നതേയുള്ളൂ. 1980 -ൽ അവരെന്നെ അറസ്റ്റു ചെയ്യുമ്പോൾ എനിക്ക് വെറും നാലുവയസാണ് പ്രായം. എങ്കിലും, അന്ന് നടന്നതൊക്കെ എനിക്കിന്നും നല്ല വ്യക്തമായി ഓർമയുണ്ട്. നിങ്ങളുടെ അച്ഛന് രാഷ്ട്രീയപരമായി സ്വന്തം അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളെക്കൂടി ബാധിക്കുന്ന പ്രശ്‌നമാകുന്നത് എങ്ങനെയാണ്? അതിന്റെ പേരിൽ നിങ്ങളെ ഭരണകൂടം തുറങ്കിലിട്ടു പീഡിപ്പിക്കുന്നതും കൊന്നുകളയുന്നതുമൊക്കെ എന്തിനാവും? ഇത് എത്ര നല്ല കാലമാണ്. കാരണം, സദ്ദാമും അയാളുടെ ബാത് പാർട്ടിയും ഒക്കെ നമുക്കിന്ന് കഴിഞ്ഞുപോയ ദുഃസ്വപ്നങ്ങളാണ്. വെറും ദുഃസ്വപ്നങ്ങൾ മാത്രമാണ്. എന്റെ അനുജനെയും ഉമ്മയെയും ഉപ്പയെയും ഒക്കെ നാല്പതുവർഷം മുമ്പുതന്നെ ആ ക്രൂരന്മാർ കൊന്നുകളഞ്ഞു. എന്നെയവർ ഒറ്റയ്ക്കാക്കിക്കളഞ്ഞു. എന്റെ ഉമ്മൂമ്മ അന്നെന്നെ ആ ജയിലിൽ നിന്ന് ഒളിച്ചു കടത്തിയില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ അന്ന് ഞാനും അവർക്കൊപ്പം കൊല്ലപ്പെട്ടിരുന്നേനെ..."

സദ്ദാമിന്റെ പൊലീസ് അച്ഛനെയും അമ്മയെയും കൊന്നുകളഞ്ഞ കൂട്ടത്തിൽ തന്റെ അനുജനെയും വധിച്ചിരുന്നു എന്നാണ് ഹൈദറിനും അമ്മൂമ്മയ്ക്കും ഒക്കെ അന്ന് കിട്ടിയ വിവരം. ആ വിവരം തെറ്റായിരുന്നു. അച്ഛനെയും അമ്മയെയും നിർദാക്ഷിണ്യം വധിച്ചു എങ്കിലും, അന്ന് രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന അഹമ്മദിനെ മാത്രം കൊന്നുകളയാൻ സദ്ദാമിന്റെ കിങ്കരന്മാർക്ക് മനസ്സുവന്നില്ല. പൊലീസ് സ്റ്റേഷനിൽ കരഞ്ഞു നിലവിളിച്ചുകൊണ്ടിരുന്ന അഹമ്മദിനെ ഒക്കത്തെടുത്തുകൊണ്ടു പോയി, സ്വന്തം വീട്ടിൽ കൊണ്ടുചെന്ന് തന്റെ മക്കളിൽ ഒരാളായി വളർത്തിയത് ബാഗ്ദാദിലെ തന്നെ ഒരു പ്രാദേശിക നേതാവായിരുന്നു. 

എന്തായാലും അഹമ്മദ് മരിച്ചു പോയി എന്ന ധാരണപ്പുറത്ത്, ഹൈദർ തന്റെ അനുജന്റെ, കുഞ്ഞിലെ ഒരു ഫോട്ടോഗ്രാഫ് ഫേസ്‌ബുക്കിൽ പങ്കിട്ടുകൊണ്ട് തന്റെ സങ്കടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു പോസ്റ്റിട്ടു. ആ പോസ്റ്റ് വൈറലായി, ലക്ഷക്കണക്കിന് പേരാണ് അന്നാ പോസ്റ്റ് കണ്ടത്. കണ്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് ആ ചിത്രത്തിൽ കണ്ട കുഞ്ഞിന്റെ മുഖത്തിന്, നാലുപതിറ്റാണ്ടു മുന്നേ തന്റെ വീട്ടിലേക്ക്, തങ്ങളുടെ കുഞ്ഞനുജനായി അച്ഛൻ കൊണ്ടുവന്ന രണ്ടുവയസ്സുകാരന്റെ മുഖഛായ തോന്നി. അവർ ഫേസ്‌ബുക്കിൽ ഹൈദറിനെ തേടിപ്പിച്ചു.
 
ഒടുവിൽ നാലുപതിറ്റാണ്ടുകൾക്ക് ശേഷം ആ രണ്ട് സഹോദരന്മാർ ആദ്യമായി തമ്മിൽ കണ്ടുമുട്ടി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു മാറോടണച്ച മാത്രയിൽ, പരശ്ശതം കണ്ണുനീർത്തുള്ളികൾ ആ മരുഭൂമിയിൽ വീണു പൊട്ടിച്ചിതറി. "ഇത് ഞങ്ങൾ രണ്ടുപേരുടെ സങ്കടമല്ല, ഒരു രാജ്യത്തിന്റെ തന്നെ വേദനയാണ്. ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയാണ്  എന്റെ സഹോദരൻ..." വികാരവിക്ഷുബ്ധനായി ഹൈദർ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. 


ഇങ്ങനെ, രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയും, സദ്ദാമിന്റെ പ്രതികാരാത്മകമായ പൊളിറ്റിക്‌സും കാരണം, നന്നേ ചെറുപ്പത്തിൽ തന്നെ തമ്മിൽ വേർപിരിഞ്ഞു പോയ ആയിരക്കണക്കിന് ചെറുപ്പക്കാർ ഇനിയുമുണ്ടാകാം ബാഗ്ദാദിൽ എന്ന് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകൻ അലി അൽ ബയാത്തി പറയുന്നു. "എൺപതുകളിൽ ഇറാഖിൽ നടന്നിട്ടുള്ളത്, മാനവരാശിക്ക് നേരെത്തന്നെയുള്ള കൊടിയ ക്രൂരതകളാണ്, അക്രമങ്ങളാണ്. അതിന്റെ തെളിവായി നമ്മളിന്ന് കണ്ടതാ, സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്..." അദ്ദേഹം പറഞ്ഞു.