Asianet News MalayalamAsianet News Malayalam

ദൈവപുത്രന്‍റെ മണ്ണില്‍ ജീവിക്കാന്‍ വഴിതേടി അലയേണ്ടിവരുന്ന ഇടയന്മാര്‍...

പലപ്പോഴും സൗജന്യമായിട്ടാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ ചികിത്സ നൽകുന്നത്. ക്രിസ്‍തുമത വിശ്വാസികൾക്ക് മാത്രമല്ല, എല്ലാ മതത്തിൽപ്പെട്ട ആളുകൾക്കും ഇവിടെ ചികിത്സ സൗജന്യമാണ്. 

shepherd of Bethlehem life
Author
Beit Sahur, First Published Jan 5, 2020, 3:20 PM IST

ബൈത്ത് സാഹൂര്‍... ബൈബിളിൽ മാലാഖ പ്രത്യക്ഷപ്പെട്ട് ഇടയന്മാരോട് ക്രിസ്‍തുദേവന്റെ ജനനമടുത്തെന്ന് അറിയിച്ച സ്ഥലം. അവിടെ ഇന്നും ഇടയന്മാരെ കാണാം. പക്ഷേ, അവരിൽ കൂടുതലും ഇപ്പോൾ ബെദൂയിൻ നഗരത്തിന് പുറത്താണ് താമസിക്കുന്നത്. പലർക്കും എന്തെങ്കിലും അസുഖം വന്നാലും മറ്റും വേണ്ടരീതിയിൽ ചികിത്സ ലഭിക്കുന്നില്ല. സാമ്പത്തികമായി താഴെ തട്ടിൽ കഴിയുന്ന അവർക്ക് പലപ്പോഴും നല്ല ഒരു ആശുപത്രിയിൽ ചികിത്സതേടാൻ സാധിക്കാറില്ല. അത്തരമൊരു സാഹചര്യത്തിലാണ് ബെത്‌ലഹേമിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ അവർക്ക് സഹായഹസ്‍തവുമായി മുന്നോട്ടുവന്നത്. ലോകനാഥനെന്ന് വിളിക്കുന്ന യേശുവിന്‍റെ ജനനത്തിന് സാക്ഷ്യം വഹിച്ച ബെത്‌ലഹേമിലെ അമ്മമാർക്ക് സുരക്ഷിതമായി പ്രസവിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് ഈ ആശുപത്രി.

എ ഡി 1100 -ൽ ജറുസലേമിൽ ആദ്യമായി ഒരു ആശുപത്രി നിർമ്മിച്ച നൈറ്റ്സ് ഹോസ്പിറ്റലിന്‍റെ പിൻഗാമിയായ ഓർഡർ ഓഫ് മാൾട്ടയാണ് ഈ ആശുപത്രി നടത്തുന്നത്. പലപ്പോഴും സൗജന്യമായിട്ടാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ ചികിത്സ നൽകുന്നത്. ക്രിസ്‍തുമത വിശ്വാസികൾക്ക് മാത്രമല്ല, എല്ലാ മതത്തിൽപ്പെട്ട ആളുകൾക്കും ഇവിടെ ചികിത്സ സൗജന്യമാണ്. അൽ-റഷൈദ ഗ്രാമത്തിന് തൊട്ടപ്പുറത്ത്, റോഡിനരികിൽ അനേകം സ്ത്രീകളും കുട്ടികളുമാണ് ആശുപത്രിയുടെ മൊബൈൽ മെഡിക്കൽ വാഹനരികിൽ ഇങ്ങനെ ചികിത്സക്കായി കാത്തുനിൽക്കുന്നത്. ആ സ്ഥലത്ത് ഇവരെ കൂടാതെ മറ്റ് പല  ഇടയസമുദായങ്ങളും ഉണ്ട്. അതിലൊന്ന് അൽ-റഷൈദ ഗോത്രത്തിൽ നിന്നുള്ള ബെദൂയിനുകളാണ്.  

അവരുടെ അംഗങ്ങൾ ടുണീഷ്യ മുതൽ ഒമാൻ വരെയുള്ള ഒരു ഡസൻ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നു. ഇസ്രായേൽ അധികൃതർ മൂന്നാമത്തെ തവണയും അവരെ മാറ്റിപാർപ്പിക്കാൻ ശ്രമിക്കുകയും അതിന്‍റെ പേരിൽ 1970 -കളുടെ തുടക്കത്തിൽ ചാവുകടലിനടുത്തുള്ള ചരിത്രപരമായ മേച്ചിൽസ്ഥലങ്ങൾ അവർക്ക് ഉപേക്ഷിക്കേണ്ടതായും വന്നു. പലർക്കും ഇസ്രായേൽ സർക്കാറിന്‍റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് ഇരയാകേണ്ടിവരുന്നു. നൂറ എന്ന യുവതി അതിലൊരാളാണ്. നൂറ എട്ട് മാസം ഗർഭിണിയായിരുന്നു. അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് അവൾ അവിടെ എത്തിയിരുന്നത്. അവിടെ അവളുടെ കുടുംബവീട് ഇസ്രായേൽ സർക്കാർ നിയമവിരുദ്ധമായ ഘടനയാണെന്ന് പറഞ്ഞു തകർത്തുകളഞ്ഞു. അതിനെത്തുടര്‍ന്ന് അവൾ ഇങ്ങോട്ടു വരികയായിരുന്നു.

അധിനിവേശ ഗ്രാമങ്ങളെപ്പോലെ അൽ-റഷൈദയും ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. തങ്ങളുടെ കന്നുകാലികളെ അവിടെ മേക്കാൻ അവർക്ക് അധികാരമില്ല. അവർക്ക് ആവശ്യങ്ങൾക്കായി പുറത്തുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. അവരെ രണ്ടാംകിട പൗരന്മാരായിട്ടാണ് കണക്കാക്കുന്നത്. അവരുടെ ഇടയിൽ തൊഴിലില്ലായ്‍മയും, നിരക്ഷരതയും, ശിശുമരണനിരക്കും കൂടുതലാണ്.  

പരമ്പരാഗതമായി, മേച്ചിൽ ഭൂമി തേടിനടന്ന ബെദൂയിനുകൾ നാടോടികളായിരുന്നു. അവരുടെ സമൂഹത്തിൽ സ്ത്രീകളായിരുന്നു ആടുകളെയും കോലാടുകളെയും മേച്ചിരുന്നത്, അവരുടെ പുരുഷന്മാരാകട്ടെ തങ്ങളുടെ വീടും പരിസരവും കാത്തുസൂക്ഷിക്കുകയും സന്ദർശകരെ സ്വീകരിക്കുകയും ചെയ്തുപോന്നു. എന്നാൽ, അവർ ഒരിടത്ത് തന്നെ താമസമായപ്പോൾ, സ്ത്രീകൾ തങ്ങളുടെ വീടുകളിൽ കൂടുതൽ ഒതുങ്ങിക്കൂടിയതായി കണക്കാക്കുന്നു.

അവരുടെ വീടുകൾക്ക് മുൻവശത്ത് ജാലകങ്ങളും, അകത്ത് വാതിലുകളുമില്ല. ഒരു നില മാത്രമുള്ള കോൺക്രീറ്റ് കെട്ടിടങ്ങളാണ് അവ. അതിലൊരു വീട്ടിലാണ് 10 മക്കളുടെ അമ്മയായ ഖദ്ര താമസിക്കുന്നത്. ആ 10 മക്കളും ജനിച്ചത് ബെത്‌ലഹേമിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലാണ്. ഖാദ്രയുടെ  മൂന്നാമത്തെ മകൾ മിയ പഠിക്കാൻ മിടുക്കിയാണ്. അവസാന സ്‍കൂൾ പരീക്ഷകളിൽ അവർക്ക് കണക്ക്, ശാസ്ത്രം എന്നിവയിൽ റെക്കോർഡ് ഫലങ്ങളാണ് ലഭിച്ചത്. എന്നാൽ, ട്യൂഷൻ‌ ഫീസ് കൊടുക്കാൻ പണമില്ലാത്തതിനാല്‍ അവൾ‌ക്ക് കോഴ്‌സ് രണ്ട് വർഷത്തേക്ക് ഉപേക്ഷിക്കേണ്ടതായി വന്നു.

മായുടെ അച്ഛൻ ഒമറിന് നട്ടെല്ലിന് പരിക്കുണ്ട്. അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയില്ല. അതിനാൽ ഖദ്രയാണ് കുടുംബത്തിലെ പ്രധാന വരുമാന മാർഗ്ഗം. വർഷത്തിൽ കൂടുതൽ സമയവും അവൾ വീട്ടുജോലികൾക്ക് പോകുന്നു. വിളവെടുപ്പ് സമയത്ത് അപ്പർ ജോർദാൻ താഴ്‌വരയിലെ വ്യവസായ ഫാമുകളിൽ 50 ദിവസത്തേക്ക് ജോലിക്കായി അവൾ പോകും. ആ സമയത്ത് മിയയാണ് അവളുടെ ഇളയ സഹോദരങ്ങളെ നോക്കുന്നത്. മിയയുടെ ജീവിതം പോലെ കഷ്ടപ്പാട് നിറഞ്ഞതാണ് ബെഡൂയിനിലെ എല്ലാവരുടെയും ജീവിതം. പലരും നഷ്ടത്തിന്റെ കണക്കുകൾ മാത്രം പേറി ജീവിക്കുന്നവരാണ്. ദൈവ പുത്രന്‍റെ മണ്ണിൽ അവർ ഭക്ഷണത്തിനും, മറ്റ് ആവശ്യങ്ങൾക്കുമായി കഷ്ടപ്പെടുന്നു.   

Follow Us:
Download App:
  • android
  • ios