Asianet News MalayalamAsianet News Malayalam

യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ അംഗത്വം നേടി ചൈന; രാജ്യത്തെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ ഇങ്ങനെ

ഏഷ്യക്ക് അർഹമായിരുന്ന നാല് സീറ്റുകളിൽ ഒന്ന് സംഘടിപ്പിച്ചിട്ടുള്ള ചൈനയിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയെന്താണ്?
 

State of human rights in China the new member of UN Human rights council
Author
China, First Published Oct 14, 2020, 6:46 PM IST
  • Facebook
  • Twitter
  • Whatsapp

യുണൈറ്റഡ് നേഷൻസ് എന്ന ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംസ്ഥാപനത്തിനുള്ള സമിതിയാണ് യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ അഥവാ UNHRC. അവിടേക്കു നടന്ന തെരഞ്ഞെടുപ്പിൽ, കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യയും ചൈനയും അംഗത്വം നേടുന്നതിൽ വിജയിച്ചപ്പോൾ, മറ്റൊരു യുഎൻ അംഗരാഷ്ട്രമായ സൗദി അറേബ്യ അംഗത്വം നേടുന്നതിൽ പരാജയപ്പെട്ടു. 

47 അംഗങ്ങളുള്ള UNHRC -യിൽ ഇത്തവണ അംഗത്വത്തിനായി നീട്ടിയത് 15 സീറ്റുകളാണ്. ആ സീറ്റുകളിൽ ഏഷ്യക്ക് അർഹമായിരുന്ന നാല് സീറ്റുകളിൽ ഒന്ന് സംഘടിപ്പിച്ചിട്ടുള്ള ചൈനയിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയെന്താണ്? മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ചൈന എന്ന രാജ്യം, മറ്റുള്ള പരമാധികാര രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നിൽക്കുന്നത് എവിടെയാണ്..?  

മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യയടക്കമുള്ള പല ജനാധിപത്യ രാജ്യങ്ങളും പിന്തുടരുന്നത്, ഇന്ന് ചൈന കൂടി അംഗമായ  ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ( UNHRC) വർഷാവർഷം പുനഃപരിശോധിച്ച് പ്രസിദ്ധപ്പെടുത്തുന്ന മൗലികാവകാശരേഖയെയാണ്. അതിൽ പറയുന്ന പലത്തിന്റെയും നഗ്നമായ ലംഘനങ്ങളാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന വളരെ സംഘടിതവും ഗവണ്മെന്റ് അംഗീകൃതവുമായ നയങ്ങളിലൂടെ നടത്തിപ്പോരുന്നത്. സർക്കാരിനെ വിമർശിക്കുന്ന നിരവധി അഭിഭാഷകർ ചൈനയിലെ ജയിലുകളിൽ കഴിയുന്നുണ്ട്. 

ആംനെസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകൾ അവരുടേതായ മാര്ഗങ്ങളിലൂടെ ചൈനയിൽ നടക്കുന്ന ഇത്തരത്തിലുള്ള മനുഷ്യാവകാശലംഘനങ്ങളുടെ കൃത്യമായ തെളിവുകളുംപല ഏജൻസികൾക്കും നൽകിപ്പോന്നിട്ടുണ്ട്. എന്നാൽ, ഈ സംഘടനകളുടെ മനുഷ്യാവകാശ നിർവചനങ്ങളും, ചൈനയുടെ മനുഷ്യാവകാശ നിർവചനങ്ങളും തമ്മിൽ കാര്യമായ അന്തരമുണ്ട് എന്നതാണ് യാഥാർഥ്യം. 

ചൈനയിൽ നാല് അടിസ്ഥാന തത്വങ്ങളുണ്ട്. അവ പൗരാവകാശങ്ങൾക്ക് ഒരു പടി മേലെ നിലകൊള്ളുന്നു.. ഒന്ന്, സോഷ്യലിസ്റ്റ് പാതയെ നിലനിർത്തുന്നത്. രണ്ട്, പീപ്പിൾസ് ഡെമോക്രാറ്റിക് ഡിക്ടേറ്റർഷിപ്പിനെ നിലനിർത്തുന്നത്. മൂന്ന്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ നിലനിർത്തുന്നത്‌. നാല്, മാവോ സെ തൂങ്ങിന്റെ ചിന്താപദ്ധതിയെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് ചിന്താ സരണികളെയും നിലനിർത്തുന്നത്.  ഈ നാലു വകുപ്പിൽ പെടുന്ന ഒരു കാര്യങ്ങളെയും പൗരന്മാർക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ, ഈ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പേരിൽ സർക്കാർ പറയുന്നവരെ ജയിലടക്കും. വിചാരണ ചെയ്യും. വേണമെങ്കിൽ കഴുവിലേറ്റും. 

1970 -കളിലും 80-കളിലും നടന്ന നിയമപരിഷ്കാരങ്ങൾക്ക് ശേഷമാണ് ചൈന ഭരിച്ചുപോരുന്ന കമ്യൂണിസ്റ്റ് പാർട്ടി, നിയമത്തിന്റെയും കോടതിയുടെയും വഴിയേ നടക്കാൻ തയാറായിത്തുടങ്ങുന്നത്. എന്നാൽ ഈ നിയമ വ്യവസ്ഥ പോലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാണ് എന്നതാണ് വാസ്തവം. ന്യായാസനങ്ങളിൽ ഇരിക്കുന്ന ജഡ്ജിമാർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയരാണ് എന്നർത്ഥം. 2000-ൽ ചൈനയിൽ ജയിലിൽ കഴിഞ്ഞിരുന്നത് നാൽപതു ലക്ഷത്തോളം പേരാണ്. 

ചൈനയിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ 

അഭിപ്രായ സ്വാതന്ത്ര്യം : 1982-ലെ ഭരണഘടന ചൈനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്നുണ്ട്, എങ്കിലും, രാജ്യത്തിനെതിരെയുള്ള അട്ടിമറി ചെറുക്കാൻ, രാജ്യത്തിൻറെ രഹസ്യങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ രണ്ടു വകുപ്പ് പറഞ്ഞ് ആരെയും പിടിച്ച് ജയിലിലിടാൻ ചൈനീസ് ഗവൺമെന്റിന് ആവും. ഒരാൾക്കും അതിനെതിരെ ശബ്ദിക്കാനാവില്ല. 

2008-ൽ ചൈനീസ് സർക്കാർ രസകരമായ ഒരു സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു തങ്ങളുടെ പൗരന്മാർക്ക്. നിങ്ങൾക്ക് വേണമെങ്കിൽ നേരത്തെ  അപേക്ഷിച്ച് അനുമതി നേടിയ ശേഷം പ്രതികരിക്കാം. പ്രതിഷേധിക്കാം. അതിനായി 'പ്രൊട്ടസ്റ്റ് പാർക്ക് 'എന്ന പേരിൽ നമ്മുടെ പുത്തരിക്കണ്ടം പോലെ ഒരു സ്ഥലവും അവർ ഏർപ്പാടാക്കി. അത് വിശ്വസിച്ച് പലരും പ്രതിഷേധാനുമതിക്കായി അപേക്ഷകൾ സമർപ്പിച്ചു. ആ അപേക്ഷകൾ ഒരെണ്ണമില്ലാതെ സർക്കാർ തള്ളി. എന്നുമാത്രമല്ല, അപേക്ഷകൾ സമർപ്പിച്ചവരിൽ മിക്കവരെയും അറസ്റ്റുചെയ്ത് തുറുങ്കിലടക്കുകയും ചെയ്തു. 

State of human rights in China the new member of UN Human rights council

പത്രസ്വാതന്ത്ര്യം 

ഫ്രീഡം ഹൗസ്‌ എന്ന മനുഷ്യാവകാശ സംഘടന ചൈനയെ പത്രസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 'നോട്ട് ഫ്രീ' എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.  ചൈനയിലെ ജേര്ണലിസ്റ്റായ ഹീ കിങ്‌ലിയാൻ പറയുന്നത് ചൈനയിലെ മാധ്യമങ്ങളെല്ലാം തന്നെ പ്രവർത്തിക്കുന്നത് ചെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രൊപ്പഗാണ്ടാ വിഭാഗത്തിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായിട്ടാണ്. 'ഫ്രീ ടിബറ്റ്' പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഐടിവി റിപ്പോർട്ടർ ജോൺ റേ അടക്കമുള്ള പല പത്രപ്രവർത്തകരും അറസ്റുചെയ്യപ്പെട്ടിട്ടുണ്ട്. 2012-ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർ അടക്കമുള്ളവർ അഭ്യർത്ഥിച്ചിട്ടും ചൈന തങ്ങളുടെ പത്രനയത്തിൽ നിന്നും ഒരിഞ്ചു പിന്നോട്ട് പോവാൻ തയ്യാറായിട്ടില്ല. 

ഇന്റർ നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം 

ചൈനയിൽ അറുപതിലധികം ഇന്റർനെറ്റ് നിയന്ത്രണസംബന്ധമായ നിയമങ്ങളുണ്ട്. ചൈനയിലെ സൈബർ സെൽ മറ്റേതൊരു രാജ്യത്തെതിനേക്കാളും ആധുനികമായ സംവിധാങ്ങൾ കൊണ്ട് സജ്ജമാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവുമധികം ജേർണലിസ്റ്റുകളും സൈബർ വിമർശകരും തടവിൽ കഴിയുന്ന രാജ്യമാണ് ചൈന എന്നാണ്  ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്. 'നെറ്റിസൺസിന്റെ  ഏറ്റവും വലിയ ജയിൽ' എന്നാണ് 'റിപ്പോർട്ടേഴ്‌സ് സാൻസ് ഫോണ്ടിയേഴ്‌സ്' എന്ന പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ചൈനയെ വിളിച്ചത്.  ചൈനയുടെ സൈബർ നയങ്ങളുടെ കർക്കശ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു 2013-യിൽ, ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിനാലാം വാർഷികത്തിൽ ഇന്റർനെറ്റിൽ 'ടിയാനൻമെൻ സ്‌ക്വയർ' എന്ന് സെർച്ച് ചെയ്യുന്നത് ചൈന നിരോധിച്ചത്. 

State of human rights in China the new member of UN Human rights council
 
രാജ്യത്ത് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം 

1940-ളുടെ അവസാനം ചൈനയിൽ  കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. 1958-ൽ ചെയർമാൻ മാവോ രാജ്യത്ത് റെസിഡൻസി പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നു. രാജ്യത്തെ തൊഴിലാളികളെ അർബൻ, റൂറൽ എന്നിങ്ങനെ രണ്ടായി തിരിച്ചു. അതുപ്രകാരം, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ വന്നു കൂലിവേല എടുക്കണമെങ്കിലും സർക്കാർ ചാനലുകളിലൂടെ അപേക്ഷ സമർപ്പിച്ച് അതിനുള്ള അനുവാദത്തിനുവേണ്ടി  കാത്തിരിക്കണം. 


സംഘടനാ സ്വാതന്ത്ര്യം 

ചൈനയിൽ സംഘടനയുടെ കാര്യത്തിൽ ഓൾ ചൈന ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് എന്ന സംഘടനയുടെ ഏകാധിപത്യമാണ്. ഈ ഒരു സംഘടന മാത്രമാണ് ഫലത്തിൽ ചൈനയിൽ പ്രവർത്തിക്കുന്നത്. അതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ. 

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം 

1966–1976 കാലത്ത് ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്നു എന്ന് പറയപ്പെടുന്നു. അക്കാലത്ത് മതത്തിന്റെ പേരിലുള്ള എല്ലാ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തുന്ന നയമാണ് ചെയർമാൻ മാവോ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ 'നാലു പഴമകളുടെ നാശം' എന്ന കാമ്പയിൻ വളരെ പ്രസിദ്ധമായിരുന്നു. ' പഴയ ആചാരങ്ങൾ, സംസ്കാരം, ശീലം, ആശയങ്ങൾ' ഇതൊക്കെയും നശിപ്പിക്കപ്പെടേണ്ടതാണ് എന്നായിരുന്നു മാവോയുടെ പക്ഷം.  1982 -ലെ ഭരണഘടന ചൈനീസ് പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം അനുവദിക്കുന്നുണ്ട്. അതേ സമയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ നിർബന്ധമായും  നാസ്തികരായിരിക്കണം എന്നും നിഷ്കർഷയുണ്ട്. ക്രിസ്ത്യാനിറ്റി, ഇസ്‌ലാം, തിബറ്റൻ ബുദ്ധമതം ഈ മൂന്നു വിശ്വാസങ്ങളും ചൈനയിൽ നിരന്തരം ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ട് നിലനിൽക്കുന്ന വിശ്വാസങ്ങളാണ്.  മതവിശ്വാസം വെച്ചുപുലർത്തുന്നവരിൽ ഭരണകൂടം വളരെ സ്വാഭാവികമായി ദേശഭക്തിയുടെ കുറവ് ആരോപിക്കുന്നു. പിന്നീട് ആ ദേശഭക്തിയുടെ കുറവ് നികത്താൻ വേണ്ടി അവരെ 'തെറ്റുതിരുത്തൽ' അല്ലെങ്കിൽ 'അവബോധ' ക്യാമ്പുകളിലും അതിനുള്ള സ്‌കൂളുകളിലും നിർബന്ധിച്ച് പറഞ്ഞയക്കുന്നു. ജയിൽ എന്ന പേര് വിളിക്കുന്നില്ല എന്ന് മാത്രം. അവർക്ക് വേണ്ടത്ര ദേശഭക്തി ആയി എന്ന് സർക്കാർ പ്രതിനിധികൾക്ക് തോന്നും വരെ അവരെ ഈ കറക്ഷണൽ സ്ഥാപനങ്ങളിൽ നിർബന്ധിച്ചു പാർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. 

State of human rights in China the new member of UN Human rights council

ഉയിഗർ മുസ്‌ലിങ്ങൾക്ക് നേരെ ചൈനീസ് സർക്കാർ വളരെ കർക്കശമായ നയമാണ് സ്വീകരിച്ചു പോരുന്നത്. സർക്കാർ അംഗീകൃതപള്ളികളിൽ മാത്രമാണ് അവർക്ക് പ്രാർത്ഥനയ്ക്ക് അനുവാദമുള്ളത്. പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ള മുസ്ലീങ്ങൾക്ക് പ്രാർത്ഥനയ്ക്ക് അനുമതിയില്ല. സ്‌കൂളുകളിൽ പ്രാർത്ഥിക്കാൻ അനുവാദമില്ല. മതപഠനത്തിനും കാര്യമായ നിയന്ത്രണങ്ങളുണ്ട്. സർക്കാർ ചാരന്മാർ സ്ഥിരമായി പള്ളികൾക്കുള്ളിൽ സ്ഥാനമുറപ്പിച്ചിരിക്കും. സ്ത്രീകൾക്ക് തട്ടമിടുന്നതിനും, പുരുഷന്മാർക്ക് താടി വളർത്തുന്നതിനും നിരോധനമുണ്ട്. അറബി ഭാഷയിലുള്ള പേരുകൾ ഇടാൻ അനുവാദം ചൈനയിലെ മുസ്ലീങ്ങൾക്ക് സർക്കാർ അനുവദിച്ചു കൊടുത്തിട്ടില്ല. 

State of human rights in China the new member of UN Human rights council

2001 സെപ്തംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സിൻജ്യങ്ങിൽ നടന്ന അക്രമങ്ങളെ ഭീകരപ്രവർത്തനം എന്ന് പറഞ്ഞ് അടിച്ചമർത്തുകയാണ് ചൈനീസ് സർക്കാർ. 2012-ൽ സീ ജിൻ പിങ്ങ്  കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയ ശേഷം ഏകദേശം പത്തുലക്ഷത്തിലധികം മുസ്ലീങ്ങളെ കമ്യൂണിസ്റ്റു പാർട്ടി നേരിട്ട് നടത്തുന്ന റീ- എജുക്കേഷൻ ക്യാമ്പുകളിൽ,   അവരുടെ വിശ്വാസങ്ങൾ വേണ്ടെന്നുവെക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങൾ സ്വീകരിക്കാനുമുള്ള പരിശീലനത്തിനായി നിർബന്ധിച്ച് പാർപ്പിച്ചിരിക്കുകയാണ് സർക്കാർ. ഈ കമ്പുകളിൽ അവർ നിരന്തരം പീഡനങ്ങൾക്ക് ഇരയാകുകയാണ്.  എന്നാൽ ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർ 'ഭാവിയിൽ കുറ്റം ചെയ്യാൻ സാധ്യതയുള്ളവർ' ആണെന്നും, അതൊഴിവാക്കാനാണ് ഇത്തരത്തിൽ അവരെ പിടിച്ചു നിർത്തി 'റീ-എഡ്യൂക്കേറ്റ്' അല്ലെങ്കിൽ 'തോട്ട് കറക്റ്റ്' ചെയുന്നത് എന്നാണ് പാർട്ടിയുടെ വാദം. അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്നും. 

"
ഉയ്ഗർ മുസ്ലിങ്ങളുടെ ദുരവസ്ഥയെക്കുറിച്ചറിയാം 'വല്ലാത്തൊരു കഥ'യുടെ ഉയ്ഗർ സ്‌പെഷ്യൽ ലക്കത്തിലൂടെ

സൈക്യാട്രിയുടെ ദുരുപയോഗം 

ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താധാരകളെ പിന്തുടരാൻ മടികാണിക്കുന്നവരെയും അതിനെ എതിർക്കുന്നവരെയും മനോരോഗികൾ എന്ന് മുദ്രകുത്തി ചിത്തരോഗാശുപത്രികളിൽ അടയ്ക്കുന്ന പരിപാടി മാവോ സെ തൂങ്ങിന്റെ കാലത്തു തന്നെ ഉണ്ടായിരുന്നു. നിരവധി അക്കാദമീഷ്യന്മാരും, വളരെ സമർത്ഥരായ വിദ്യാർത്ഥികളും, മതവിശ്വാസികളും മറ്റും അവരുടെ കംപിറ്റലിസ്റ്റ് മനോഭാവത്തിനും ബൂർഷ്വാ ലോകവീക്ഷണത്തിന്റെ പേരിലും മനോരോഗാശുപത്രിയലിൽ അടക്കപ്പെട്ടു.  അവിടെ അവർ അനുഭവിച്ച പീഡനങ്ങൾ അവരിൽ  ഷിസോഫ്രീനിയ മുതൽ പാരനോയിഡ് സൈക്കോസിസ് വരെ ഉണ്ടാക്കി. അറുപതുകളിലും എഴുപതുകളിലും ഇത്തരത്തിലുള്ള നിരവധി കേസുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ ആദ്യമായി പ്രതികരിച്ച വീ ജിങ് ഷെങ് എന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനെ അവർ അക്കാലത്ത് ഇതേ പീഡനങ്ങൾക്ക് വിധേയനാക്കി. എഴുപതുകളുടെ അവസാനത്തിൽ ഉണ്ടായ സാംസ്കാരിക വിപ്ലവമാണ് പിന്നീട് ഈ ഒരു അവസ്ഥയ്ക്ക് അറുതി വരുത്തിയത്. പിന്നീട് 1992-ൽ ടിയാനൻ മെൻ സ്‌ക്വയറിൽ ജനാധിപത്യത്തിനായി പ്രതിഷേധ പ്രകടനം നയിച്ച വാങ് വാൻസിങ്ങ് എന്ന തേതാവിനെ അറസ്റ്റു ചെയ്ത സംഭവത്തോടനുബന്ധിച്ചും ഇതാവർത്തിക്കപ്പെട്ടു. വാങ്ങിന് മാനസികമായ അസ്വാസ്ഥ്യമുണ്ട് എന്നുള്ള രേഖയിൽ ഒപ്പിട്ടാൽ ഉടനടി വിട്ടയക്കാൻ എന്ന് വിശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ അതിനു പ്രേരിപ്പിച്ച സർക്കാർ വാങ്ങിനെ അന്ന് ബീജിങ്ങിലെ മാനസിക രോഗാശുപത്രിയിൽ അടച്ചതാണ്. അവിടെ നിന്നും ഇന്നുവരെ പുറത്തിറങ്ങാൻ അദ്ദേഹത്തിനായിട്ടില്ല.  

ചൈനയിലെ രാഷ്ട്രീയ തടവുകാർ 

രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടയ്ക്കുന്ന കാര്യത്തിൽ ചൈനീസ് സർക്കാരിനുള്ള താത്പര്യം  വിശ്വപ്രസിദ്ധമാണ്. അവരുടെ ക്രിമിനൽ ചട്ടത്തിലെ, 2012-ൽ അമെൻഡുചെയ്ത  എഴുപത്തിമൂന്നാം ആർട്ടിക്കിൾ പ്രകാരം, ഭരണകൂടത്തിന് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നു തോന്നുന്നവരെയും, ഭീകരവാദികളെയും  അനിശ്ചിതകാലത്തേക്ക് തടങ്കലിലാക്കാം. ഇങ്ങനെ തടങ്കലിലാക്കുന്നവരെക്കൊണ്ട് സർക്കാർ കടുത്ത ജോലികൾ പലതും ചെയ്യിക്കും. അവർക്ക് കൃത്യമായ ഭക്ഷണം നൽകില്ല. ഒടുവിൽ രോഗങ്ങളും പോഷകാഹാരക്കുറവും കാരണം അവർ ഏതെങ്കിലും സാംക്രമിക രോഗങ്ങൾക്ക് അടിപ്പെട്ട് മരണത്തിനു കീഴടങ്ങും.  2008-മുതൽ ചൈനീസ് സർക്കാർ 831  ടിബറ്റൻ ബുദ്ധസന്യാസികളെ രാഷ്ട്രീയ തടവുകാരാക്കിയിട്ടുണ്ട്. ഇതിൽ പന്ത്രണ്ടു പേര് ജീവപര്യന്തത്തിനും ഒമ്പതുപേർ വധശിക്ഷയ്ക്കും വിധിക്കപ്പെട്ടു.  2009-ൽ, ജനാധിപത്യപരമായ മാറ്റങ്ങൾക്കായും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ചതിന്റെ പേരിൽ, നോബൽ സമ്മാന ജേതാവായ ലിയു സിയാബോ അറസ്റ്റിലായിരുന്നു. ഒടുവിൽ അദ്ദേഹം ജയിലിൽ കിടന്നാണ്  തന്റെ അറുപത്തൊന്നാമത്തെ വയസ്സിൽ ലിവർ കാൻസർ ബാധിച്ച്  മരണപ്പെട്ടത്.  അതുപോലെ പ്രസിദ്ധരായ മറ്റു രാഷ്ട്രീയ തടവുകാരാണ് പത്രപ്രവർത്തകനായ ടാൻ  സൗറൻ, ഷി താവോ, മനുഷ്യാവകാശ പ്രവർത്തകനായ സു സിയോങ്ങ് എന്നിവർ. ഗവണ്മെന്റിന്റെ അഴിമതിയെപ്പറ്റി സംസാരിച്ചതിനാണ് ടാൻ  സൗറനെ 2010-ൽ അറസ്റ്റു ചജെയ്‌തതും അഞ്ചു വർഷത്തേക്ക് തടവിലാക്കിയതും.  ഷി താവോ അറസ്റുചെയ്യപ്പെട്ടത്, ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ പതിനഞ്ചാം വാർഷികം എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതുസംബന്ധിച്ച് പത്രപ്രവർത്തകർക്ക്  പാർട്ടി കേന്ദ്രങ്ങൾ നൽകിയ നിർദേശങ്ങൾ പരസ്യമാക്കിയ കുറ്റത്തിനാണ്. 

'നാമൊന്ന് നമുക്കൊന്ന്' നയം 

ചൈനയിൽ ഒരു കുട്ടി മാത്രമായിരുന്നു ഏറെക്കാലം നിയമപരമായി  അനുവദനീയമായിരുന്നത്. ഇത് 1979-ൽ ചെയർമാൻ മാവോ സെ തുങിന്റെ കാലത്ത് ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി കൊണ്ടുവന്ന നിയമമായിരുന്നു. വന്നു കുറേക്കാലം കഴിഞ്ഞപ്പോഴേക്കും അത് അത്ര കർശനമായി പാലിക്കപ്പെടുന്നില്ല എങ്കിൽ കൂടിയും നിയമമായി അത് നിലനിന്നിരുന്നു. 2016  മുതൽ രണ്ടു കുഞ്ഞുങ്ങൾ ആയി അത് ഉയർത്തപ്പെട്ടു. 

സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത് 

ആംനസ്റ്റി ഇന്റർനാഷനലിന്റെ തൊണ്ണൂറുകളിലെ പഠനം വ്യക്തമാക്കിയത് ചൈനയിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരുടെ സംഖ്യ, റെസ്റ്റ് ഓഫ് ദി വേൾഡ്, അതായത് ബാക്കി ലോകത്തുള്ള രാജ്യങ്ങളുടേത് മൊത്തം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതലായിരുന്നുഎന്നാണ്. ചൈനയിൽ ഇന്നും 46  കുറ്റങ്ങൾക്ക് വധശിക്ഷയാണുള്ളത്. അതിൽ സാമ്പത്തിക കുറ്റങ്ങളും, നികുതിവെട്ടിപ്പും, അഴിമതിയും ഒക്കെ വരും. പട്ടാപ്പകൽ പോലീസ് നേരിട്ടാണ് ശിക്ഷ നടപ്പിലാക്കുക. ഒന്നുകിൽ വിഷം കുത്തിവെക്കും, അല്ലെങ്കിൽ വെടിവെച്ച്‌ കൊല്ലും അതാണ് പതിവ്. 

State of human rights in China the new member of UN Human rights council

ചൈനീസ്‌ ടോർച്ചർ ടെക്നിക്കുകൾ 

1996-ൽ ടോർച്ചർ നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്നും പല ജയിലുകളിലും അത് നിർബാധം തുടരുന്നുണ്ട്. കൊടിയ മർദ്ദനങ്ങൾക്കു പുറമെ ഉറക്കം നിഷേധിക്കൽ, ഭക്ഷണം, മരുന്ന് എന്നിവ നൽകാതിരിക്കാൻ എന്നിങ്ങനെ പലവിധത്തിലുള്ള മാനസികപീഡനങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.

ലൈംഗികത സംബന്ധിച്ച അവകാശങ്ങൾ 

 ചൈനയിലെ മാനസിക രോഗങ്ങളുടെ കൂട്ടത്തിൽ നിന്നും സ്വവർഗരതി നീക്കം ചെയ്യപ്പെട്ടത് 2001-ലാണ്. ചൈനയിലെ ക്രിമിനൽ കുറ്റങ്ങൾ പ്രകാരം ബലാത്സംഗത്തിന്റെ പേരിൽ പരാതിപ്പെടാൻ സ്ത്രീകൾക്ക് മാത്രമേ അവകാശമുള്ളൂ. പുരുഷന്മാർക്ക് ആ പേരും പറഞ്ഞ് പരാതിയുമായി ചെല്ലാൻ അവകാശമില്ല. എന്നാൽ, 2015-ൽ നടത്തിയ ഒരു ചെറിയ നിയമ പരിഷ്കരണം അവരെ 'ഇൻഡീസൻസി' എന്ന ഒരു വകുപ്പിന് പരാതിപ്പെടാൻ അനുവദിക്കുന്നുണ്ട്. ബലാത്സംഗത്തിനല്ല,  'ഇൻഡീസൻസി'ക്കു മാത്രം. 

ചുരുക്കത്തിൽ, ചൈനയിൽ ഏകപാർട്ടീ ജനാധിപത്യമാണ് നിലവിലുള്ളത്. എല്ലാ കാര്യങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരിട്ടുള്ള നിയന്ത്രണമുണ്ട്. അവരുടെ അനുവാദമില്ലാതെ അവിടെ ഒന്നും നടക്കുകയില്ല. രാഷ്ട്രീയ പ്രവർത്തന, മതവിശ്വാസ സ്വാതന്ത്ര്യങ്ങൾ തുലോം തുച്ഛമാണവിടെ.  രാഷ്ട്രീയ പ്രവർത്തണമെന്നത് ഒരു ഞാണിന്മേൽ കളിയാണ്. ഭരണകൂടത്തിന്റെ അപ്രീതിക്ക് പത്രമാവുന്നവർ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടാം.  നിങ്ങൾ ഭാവിയിൽ ഒരു കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നിയാൽ മാത്രം മതി, അതിന്റെ പേരിൽ നിങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ നിന്നും നിങ്ങളെ പറിച്ചെടുത്ത് 'റീ- എജുക്കേഷൻ സെന്ററു'കളിൽ അടയ്ക്കാൻ. 

പാർട്ടി അംഗങ്ങളിൽ ഇസ്ലാം പിന്തുടരുന്നവർ ഉണ്ടോ എന്നും അന്വേഷണം 

ചൈന തങ്ങളുടെ പരമാധികാരത്തിനു ചുവട്ടിൽ കഴിയുന്ന ഹൈനാൻ ദ്വീപിലെ ഉത്സുൽ എന്ന ന്യൂനപക്ഷ ഇസ്ലാമിക വിശ്വാസികൾക്കെതിരെ, അവരുടെ മതവിശ്വാസങ്ങളെ, ജീവിതചര്യകൾ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ അവർക്കെതിരെയും അടുത്തിടെ കർശനമായ നിരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ നിരീക്ഷണ നിയന്ത്രണ പരിപാടികൾ ഭാവിയിൽ അവർക്കുതന്നെ തിരിച്ചടിയാകും എന്നും, ഇപ്പോൾ ഏറെ സമാധാനപ്രിയരായി രാജ്യത്തെ നിയമങ്ങളും അനുസരിച്ചുകൊണ്ട് കഴിഞ്ഞു പോകുന്ന ഉത്സുൽ മുസ്ലിങ്ങളെ അനാവശ്യമായുള്ള ഈ നിയന്ത്രണങ്ങൾ തീവ്രവാദത്തിന്റെ വഴിയേ തിരിയാൻ പ്രേരിപ്പിച്ചേക്കും എന്നൊക്കെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

ചൈനയുടെ തെക്കേ മുനമ്പിലുള്ള ഒരു കൊച്ചു ദ്വീപാണ് ഹൈനാൻ. അവിടെ അധിവസിക്കുന്ന പതിനായിരത്തോളം വരുന്ന ഉത്സുൽ മുസ്ലീങ്ങളെ ആണ് ഇപ്പോൾ അകാരണമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊറുതിമുട്ടിക്കുന്ന തരത്തിലുള്ള നടപടികൾ ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കർശനമായ സിസിടിവി നിരീക്ഷണങ്ങൾ, അറബി ലിപിയുടെ പൊതുപ്രദർശനത്തിനുള്ള നിരോധനം, പള്ളികളുടെ വലിപ്പത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എന്നിവയാണ് ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഏറ്റവും പുതിയതായി ഉണ്ടായിരിക്കുന്നത്. 

State of human rights in China the new member of UN Human rights council

ഇസ്ലാമിക മുഖാവരണമായ ഹിജാബിന് വിദ്യാലയങ്ങളിലും ഓഫീസുകളിലും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഗവൺമെന്റിന്റെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. അത് വിദ്യാർത്ഥികളിൽ നിന്നും മറ്റുള്ള ഇസ്ലാമിക വിശ്വാസികളിൽ നിന്നും കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തി. ഹിജാബ് നിരോധനത്തിന് പുറമെ, ചൈനീസ് ഗവൺമെന്റ് കൊണ്ടുവന്നിരുന്ന മറ്റൊരു മാറ്റം, പള്ളിയുടെ മഹല്ല് കമ്മിറ്റിയിൽ ഒരു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്തെ നിർണായകമായ അധികാരങ്ങളോടെ തന്നെ പ്രതിഷ്ഠിക്കണം എന്നതാണ്. 

ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന SCMP എന്ന പത്രമാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. ഉത്സുൽ നിവാസികളെ കർശനമായി നിരീക്ഷിക്കുക എന്നത് ഇപ്പോൾ ചൈനീസ് സർക്കാർ അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണക്കാണുന്നു എന്നാണ് പത്രം പറയുന്നത്. സർക്കാർ നടത്തുന്ന മറ്റൊരു പ്രധാനപ്പെട്ട പരിശോധന, പാർട്ടി അംഗങ്ങൾ ആരെങ്കിലും രഹസ്യമായി മതവിശ്വാസം കൊണ്ടുനടക്കുന്നുണ്ടോ എന്നതുകൂടിയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രാഥമികാംഗത്വം നേടാൻ വേണ്ട ആദ്യത്തെ യോഗ്യത ഒരു തികഞ്ഞ നാസ്തികൻ ആയിരിക്കണം എന്നതാണ്. ഇതേ നാസ്തികനാണെന്നു പരസ്യമായി പറയുന്ന പാർട്ടി അംഗത്തെ തന്നെയാണ് പള്ളിയുടെ മഹല്ല് കമ്മിറ്റി അംഗമാക്കി, പള്ളിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ കാര്യത്തിൽ നിർണായകമായ അധികാരങ്ങളോടെ പ്രതിഷ്ഠിക്കേണ്ടത് എന്നതുകൂടിയാണ് ഉത്സുൽ മുസ്ലീങ്ങളെ കുപിതരാക്കിയിരിക്കുന്നത്. 

ഹൈനാൻ ദ്വീപിലെ സാന്യാ എന്ന പ്രദേശത്ത് കഴിഞ്ഞുകൂടുന്ന ഉത്സുൽ മുസ്ലീങ്ങൾ ഇന്നുവരെ യാതൊരുവിധത്തിലുള്ള വിഘടനവാദവും കൊണ്ട് മുന്നോട്ടു വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇപ്പോൾ ചൈനീസ് ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന ഈ പ്രകോപനപരമായ നടപടി തികച്ചും അനാവശ്യമാണ് എന്നാണ് നയതന്ത്രജ്ഞർ ഒരേസ്വരത്തിൽ പറയുന്നത്. ഇത്തരത്തിൽ ഉത്സുൽ മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള, അവരുടെ സ്വൈരജീവിതത്തിന് അലോസരമുണ്ടാക്കും വിധത്തിലുള്ള നിയന്ത്രണങ്ങൾക്ക് സർക്കാർ ഇതുവരെ വ്യക്തമായ ഒരു കാരണവും ബോധിപ്പിച്ചിട്ടില്ല. എന്നാൽ, പ്രസിഡന്റ് ഷി ജിൻ പിങ് അധികാരത്തിലേറിയ ശേഷം മതവിശ്വാസികൾക്ക് നേരെ ഉയർത്തിക്കൊണ്ടുവരുന്ന അകാരണമായ സംശയങ്ങളാണ് ഇത്തരത്തിലുള്ള പ്രതികാര നടപടികൾക്കും, നിയന്ത്രണങ്ങൾക്കും ഒക്കെ കാരണമെന്ന് ഉത്സുൽ മുസ്ലീങ്ങൾ അടക്കം പറയുന്നുണ്ട്. 

രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാകണം എന്നും, അതിനായി എല്ലാവരും ഒരൊറ്റ സംസ്കാരം, ഒരൊറ്റ വിശ്വാസം, ഒരൊറ്റ പാർട്ടി പ്രത്യയശാസ്ത്രം ഒക്കെ പിന്തുടരണം എന്നാണ് ബെയ്ജിങ് ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു മതവിഭാഗത്തോട് മാത്രമായി കാണിക്കുന്ന വിവേചനപരമായ നടപടികൾ പൊതുവെ സമാധാനപ്രിയരായ ഉത്സുൽ ജനതക്കിടയിൽ ചൈനീസ് വിരുദ്ധ തരംഗം ഉടലെടുക്കാൻ കാരണമാകും എന്നും വിദഗ്ധർ പ്രവചിക്കുന്നു. 

 

ഹോങ്കോങ്ങിലും ഉരുക്കു മുഷ്ടികൾ മുറുക്കി പുതിയ നിയമം 

ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ തിരുത്തിക്കുറിക്കുന്ന ഏറെ വിവാദാസ്പദമായ ഒരു പുതിയ നിയമം കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അധികമാരുമറിയാത്ത പാസ്സാക്കിയിരിക്കുകയാണ് ചൈന. ഈ നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ നടപ്പിൽ വന്നാൽ അത് ഇപ്പോൾ തന്നെ കൊവിഡ് അടക്കമുള്ള പല പ്രശ്നങ്ങളിലും മറ്റു ലോകശക്തികളുമായി ഇടഞ്ഞു നിൽക്കുന്ന ചൈനയ്ക്ക് ആ അഭിപ്രായ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്ന ഒരു സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേൽ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ ഷി ജിൻ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാൻ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പിൽ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.

ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, 'ജനാധിപത്യം നിലനിർത്തണം' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന 'ഭീകരവാദം','വിധ്വംസനം', 'വിദേശ ഇടപെടൽ' എന്നൊക്കെയാണ് വിശേഷിപ്പിച്ചു പോന്നിട്ടുള്ളത്. ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി, മൂന്നു ദിവസത്തെ ചർച്ചക്കൊടുവിൽ ചൊവ്വാഴ്ചയാണ് പുതിയ ബിൽ ഐകകണ്‌ഠ്യേന പാസാക്കിയത്. ഈ ബില്ലിന്റെ കരട് രേഖ ഇതുവരെ പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിട്ടില്ല. ഏറെ രഹസ്യമായിട്ടാണ് ചർച്ചകളും നടത്തപ്പെട്ടത്. ഈ നിയമത്തിന്റെ സഹായത്തോടെ വിമതസ്വരങ്ങളെ പാടെ അടിച്ചമർത്തി ഹോങ്കോങ്ങിനെ 1997 ലെ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പറയുന്നത്. 

1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997 ജൂലൈ 1 -നാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്. 'ഹോങ്കോങ് ബേസിക് നിയമ'ത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്ങ് കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാകും എന്ന പരസ്പര ധാരണയാണ് ചൈനയുടെ പുതിയ നിയമത്തോടെ തെറ്റുന്നത്.

'ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ'സമ്പ്രദായമനുസരിച്ച് ഹോങ്ങ് കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായികസംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തിപ്പോരുന്നതിനിടെയാണ് കഴിഞ്ഞ വർഷം ചൈനയുടെ ഭാഗത്തുനിന്ന് പുതിയ നിയന്ത്രണശ്രമങ്ങൾ ഉണ്ടാകുന്നതും അതിനെതിരെ ഹോങ്കോങ് പൗരന്മാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉടലെടുക്കുന്നതും. ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനീസ് ഭരണത്തിന് കീഴിലേക്ക് തിരിച്ചേല്പിക്കപ്പെട്ടതിന്റെ വാർഷിക ദിനം തൊട്ട് ബിൽ നിയമമായി നിലവിൽ വരുമെന്ന് കരുതപ്പെടുന്നു. ഈ വാർഷിക ദിനത്തിൽ തന്നെ ഇങ്ങനെ ഒരു തീരുമാനം വന്നത് ഏറെ പ്രതീകാത്മകമായ ഒരു നടപടിയായിട്ടാണ് പലരും കാണുന്നത്.

 ഇനി പഴയ പോലെ ആയിരിക്കില്ല സ്ഥിതി എന്നും, ഹോങ്കോങ്ങിൽ ഇനി എല്ലാം തീരുമാനിക്കുന്നത് ചൈന നേരിട്ടായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കമെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ പേരിൽ ഹോങ്കോങ് പൗരന്മാരെ മെയിൻലാൻഡ് ചൈനയിലേക്ക് നാടുകടത്തുന്ന ബില്ലിന്റെ പേരിൽ ഒരു വർഷം മുമ്പാണ് ഹോങ്കോങ്ങിലെ ജനങ്ങൾ ആദ്യമായ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുന്നത്. ചൈനയുടെ നിയന്ത്രണത്തിൽ വരിക എന്നുവെച്ചാൽ ഹോങ്കോങ്ങിൽ ജനാധിപത്യയുഗം അവസാനിക്കുക എന്നാണ് അർത്ഥമെന്നും അതിനേക്കാൾ ഭേദം തങ്ങൾ മരിക്കുന്നതാണ് എന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ഹോങ്കോങ്ങിലെ ആബാലവൃദ്ധം ജനങ്ങളും ചൈനയ്‌ക്കെതിരെ തെരുവിലേക്കിറങ്ങിയത്. അതിനെ അടിച്ചമർത്താൻ ചൈന തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്തു പ്രയോഗിക്കുന്നതും ലോകം കഴിഞ്ഞ ഒരു വർഷമായി കാണുന്നുണ്ട്. ലോകം ഇന്നുവരെ കണ്ടു ശീലിച്ചിരുന്ന ഹോങ്കോങ്ങിന്റെ ശവപ്പെട്ടിയിൽ ചൈന അടിച്ച അവസാനത്തെ ആണിയാണ് ഈ ബില്ല് എന്നും, ഇനിയങ്ങോട്ട് ഭീതിയിൽ മുങ്ങിയുള്ള ഒരു ജീവിതമാണ് ഹോങ്കോങ്ങുകാരെ കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇനി ഹോങ്കോങ് ചൈനീസ് പോലീസ് വാഴ്ചയുടെ നേരിട്ടുള്ള ഇരയാകാൻ പോവുകയാണ് എന്നും വോങ് പറഞ്ഞു. വോങിന് പിന്നാലെ ഡെമോസിസ്റ്റോയുടെ മുന്നണിപ്പോരാളികളായിരുന്ന നഥാൻ ലോ, ജിഫ്‌രി ങ്ങോ, ആഗ്നസ് ചൗ എന്നിവരും തങ്ങളുടെ രാജിപ്രഖ്യാപനങ്ങൾ നടത്തി. പ്രധാനനേതാക്കൾ എല്ലാവരും രാജിവെച്ചതോടെ ആ ജനകീയ കൂട്ടായ്മ പിരിച്ചുവിട്ടിരുന്നു. ഭീകരവാദം','വിധ്വംസനം'', ഭിന്നിപ്പ്, ഹോങ്കോങ്ങിന്റെ പരമാധികാരത്തിന്മേലുള്ള 'വിദേശ ഇടപെടൽ എന്നിവ ഇനി ഗുരുതരമായ കുറ്റങ്ങളായിരിക്കും എന്നും, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയന്ത്രിക്കാൻ ഇനിമുതൽ ചൈനീസ് പൊലീസ് സംവിധാനം നേരിട്ട് ഹോങ്കോങ്ങിൽ കൊണ്ടുവരാൻ ഈ ബില്ല് സഹായിക്കും എന്നും ചൈന അവകാശപ്പെട്ടിരുന്നു.


നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ, ഒടുവിൽ സമിതിയിൽ അംഗത്വം 

 ഇങ്ങനെ നിരന്തരം സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളെ നിരന്തരം ഹനിച്ചുകൊണ്ട് അവരെ അധികാരത്തിന്റെ ഉരുക്കുമുഷ്ടി പ്രയോഗിച്ച് എന്നും അടിച്ചമർത്തുക മാത്രം ചെയ്തു കൊണ്ടിരിക്കുന്ന ചൈന തന്നെ ഇപ്പോൾ UNHRC യിലെ വിശിഷ്ടംഗമാകുന്നത് കള്ളനെത്തന്നെ താക്കോലേൽപ്പിക്കുന്ന പോലാണ് എന്ന വിമർശനവും സജീവമാണ്. 

Follow Us:
Download App:
  • android
  • ios