എല്ലാവരേയും വിലയിരുത്തുക എന്നത് ചിലരുടെ രീതിയാണ്. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ അത് കുറച്ച് കൂടുതലുമാണ്. ചിലര്‍ കരുതുന്നത് സ്ത്രീകളെ ഇങ്ങനെ എന്തും പറയാനുള്ള അവകാശം ജന്മനാ ലഭിച്ചിട്ടുണ്ട് എന്നാണ്. 

അയ്യോ, ഇനിയും കല്ല്യാണം കഴിഞ്ഞില്ലേ? പെട്ടെന്ന് തന്നെ വേണം. ഇല്ലെങ്കില്‍ ജീവിതത്തില്‍ തനിച്ചായിപ്പോകും.
അവളെ നോക്കൂ, എങ്ങനെയുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്ന്. ഇതുകൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നത്... 

ഇങ്ങനെ പോകും സ്ത്രീകള്‍ക്ക് മുകളിലുള്ള മറ്റുള്ളവരുടെ കമന്‍റുകള്‍. വിവാഹമോചനം നേടിയ സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ പെരുമാറ്റവും വേറൊന്നല്ല. സിംഗിള്‍ മദറിനെ ശത്രുക്കളെയെന്ന പോലെയാണ് മിക്കവരും കാണുന്നത്. സമൂഹം കരുതുന്നത്, എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും അനുഭവിച്ച്, സഹിച്ച് ജീവിക്കണമെന്നും അല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ഭാവിയെ അത് ബാധിക്കുമെന്നും മറ്റുമാണ്. 

പക്ഷെ, സ്തുതി ചന്ദോക് 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് നരകതുല്ല്യമായൊരു ജീവിതത്തില്‍ നിന്ന് പുറത്തുകടന്നയാളാണ്. മാത്രവുമല്ല, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയും നല്‍കി അവര്‍. 

മകള്‍ക്ക് മൂന്ന് വയസ്സിനടുത്ത് പ്രായമുള്ളപ്പോഴാണ് സ്തുതി തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിപ്പോരുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ കഴിവുണ്ടായിരുന്ന സ്തുതി പിന്നീട് തനിക്കും മകള്‍ക്കുമായി അതിമനോഹരമായ ജീവിതം തന്നെ നയിച്ചു. ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക് തെറാപിസ്റ്റുകളിലൊരാളുമായി സ്തുതി. 

ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ് ചൂഷണം മാത്രം നിറഞ്ഞൊരു വിവാഹ ജീവിതത്തോട് സ്തുതി ഗുഡ്ബൈ പറയുന്നത്. ആ തീരുമാനം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പക്ഷെ, എന്തായാലും എടുക്കേണ്ട തീരുമാനവുമായിരുന്നു എന്നാണ് സ്തുതി ഇതിനേക്കുറിച്ച് പറയുന്നത്. ഒരു കുഞ്ഞില്ലേ? അതിനേക്കുറിച്ചാലോചിച്ചിട്ടെങ്കിലും തീരുമാനം മാറ്റിക്കൂടേ എന്ന് പലരും സ്തുതിയോട് ആവര്‍ത്തിച്ച് ചോദിച്ചു. പക്ഷെ, കുടുംബം അവള്‍ക്കൊപ്പം നിന്നു. 

പലപ്പോഴും സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതും വിവാഹമോചന തീരുമാനത്തില്‍ നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കാറുണ്ട്. ആരുടേയും ആശ്രയമില്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥ എന്ത് സഹിച്ചും ഈ ജീവിതത്തില്‍ തുടരാം എന്ന തീരുമാനത്തിലേക്കെത്തിക്കുന്നു. പക്ഷെ, സ്തുതിയെ സംബന്ധിച്ച് തനിക്കും മകള്‍ക്കും ജീവിക്കാനുള്ളത് തന്‍റെ സംഗീതം നല്‍കുമെന്ന ധൈര്യമുണ്ടായിരുന്നു. 

അങ്ങനെയാണ് അവളും മകളും പുതിയ ജീവിതം തുടങ്ങുന്നത്. മകള്‍ക്കൊപ്പം തന്നെ തന്‍റെ സ്വപ്നങ്ങളേയും വളര്‍ത്തി വലുതാക്കി. സംഗീതവും മ്യൂസിക് തെറാപ്പിയും ഒരുമിച്ച് കൊണ്ടുപോയി. സമൂഹത്തോട് സ്തുതിക്ക് പറയാനുള്ളതും ഇതാണ്. ഓരോരുത്തരുടേയും ജീവിതവും അനുഭവവും അവരുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ അഭിപ്രായം പറയാനോ വിലയിരുത്താനോ അവകാശമില്ല എന്ന്.