Asianet News MalayalamAsianet News Malayalam

ജയിലില്‍ നിന്നും പുതിയ മനുഷ്യനായി തിരിച്ചിറങ്ങി, ആരുമില്ലാത്തവര്‍ക്ക് താങ്ങായി, അനാഥമൃതദേഹങ്ങൾ സംസ്കരിച്ചു

ഒരിക്കൽ രാജ രോഗിയായ ഒരു വൃദ്ധനെ ഫുട്പാത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. “ഞാൻ അദ്ദേഹത്തിന് അഭയം നൽകി. മുടി മുറിച്ച്, പുഴു അരിക്കുന്ന മുറിവുകൾ ആന്റിസെപ്റ്റിക് ലായനി ഉപയോഗിച്ച് വൃത്തിയാക്കി, ഭക്ഷണവും വെള്ളവും നൽകി. ഒരു യാചകനെ വീട്ടിലേക്ക് കൊണ്ടുവന്നതിന് എന്റെ കുടുംബവും അയൽപക്കത്തുള്ള ആളുകളും എന്നെ പരിഹസിച്ചു” രാജ പറയുന്നു. 

T raja earlier a rowdy now helping poor
Author
Bengaluru, First Published Jan 11, 2022, 7:00 AM IST
  • Facebook
  • Twitter
  • Whatsapp

ഓട്ടോ രാജ (Auto Raja)എന്നറിയപ്പെടുന്ന തോമസ് രാജ(Thomas Raja), ഏകദേശം 24 വർഷം മുമ്പാണ് ബെംഗളൂരുവിലെ തെരുവുകളിൽ നിന്ന് നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ ആളുകളെ സഹായിക്കാന്‍ തുടങ്ങിയത്. ഇപ്പോൾ മൂന്ന് വ്യത്യസ്ത കാമ്പസുകളിലായി സ്ത്രീകളും കുട്ടികളുമടക്കം 700 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. 'ഹോം ഓഫ് ഹോപ്പ്' എന്ന ആ സ്ഥാപനം ഇന്ന് പ്രതീക്ഷയുടെയും, നന്മയുടെയും, കാരുണ്യത്തിന്റെയും പ്രതീകമാണ്. എന്നാൽ, ഈ നന്മയുടെ പാതയിൽ എത്തിച്ചേരുന്നതിന് മുൻപ് ഒരു ഇരുണ്ട ഭൂതകാലമായുണ്ടായിരുന്നു അദ്ദേഹത്തിന്. തെരുവിൽ ഒരു കുറ്റവാളിയായി ജീവിച്ച രാജ ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ മോഷണത്തിലും ചെറിയ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്നു. 

കുറ്റകൃത്യങ്ങളുടെ പേരിൽ ജയിൽവാസവും അനുഭവിച്ചു. എന്നാൽ, ജയിലിലെ കഠിനമായ സാഹചര്യങ്ങൾ രാജയുടെ കാഴ്ചപ്പാടിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി. ഇനി ഒരിക്കലും ആരെയും ചതിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. തുടർന്ന് അദ്ദേഹം ബെംഗളൂരു(Bengaluru)വിൽ എത്തി ഒരു ഓട്ടോ ഡ്രൈവറായി ജോലി ചെയ്യാൻ ആരംഭിച്ചു. ആ യാത്രകളിലാണ് പോകാൻ ഇടമില്ലാത്ത, കഴിക്കാൻ ഒന്നുമില്ലാത്ത അനേകം ആളുകളെ അദ്ദേഹം കണ്ടുമുട്ടിയത്.

വടക്കൻ തമിഴ്‌നാട്ടിലെ വാണിയമ്പാടി സ്വദേശിയാണ് രാജ. ഒരു ടെലിഫോൺ ലൈൻമാന്റെ മകനായ രാജ ചെറുപ്പം മുതലേ മോഷണവും മദ്യപാനവും ചൂതാട്ടവും ശീലിച്ചു. 16 വയസ്സുള്ളപ്പോൾ, സ്വന്തം വീട്ടിൽ നിന്നും രാജ മോഷ്ടിച്ചു. അന്ന് അച്ഛൻ രാജയെ കൈയോടെ പിടികൂടുകയും, വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നെ അവൻ തെരുവിൽ ഒരു യാചകനെപ്പോലെ കഴിച്ചു കൂട്ടി. പകൽ മുഴുവൻ അലഞ്ഞ് തിരിഞ്ഞ അവൻ രാത്രി നടപ്പാതയിൽ ഉറങ്ങി. ചവറ്റുകുട്ടകൾക്കും, തെരുവ് നായ്ക്കൾക്കുമിടയിൽ ജീവിച്ചു. അതിനിടയിലും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തുടർന്നു. ചെയ്ത കുറ്റങ്ങൾക്ക് ഒടുവിൽ അവൻ പിടിക്കപ്പെട്ടു. 20 ദിവസത്തോളം ജയിലിനുള്ളില്‍ ചിലവഴിച്ച അവന് വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടു. മാനസികമായി തകർന്ന ദിനങ്ങളായിരുന്നു അവ. ഈ സമയത്താണ് ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ച് അവൻ ചിന്തിക്കാൻ തുടങ്ങിയത്. ഒടുവിൽ അവൻ അവന്റെ പഴയ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നെ സത്യസന്ധനായ ഒരു മനുഷ്യനായി മാത്രമേ ജീവിക്കൂവെന്ന് പ്രതിജ്ഞ ചെയ്തു.

ജയിൽ വിട്ടശേഷം രാജ ബെംഗളൂരുവിലെത്തി. ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ തന്നെ സഹായിക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. തുടർന്ന് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാൻ തുടങ്ങി. ഓട്ടോറിക്ഷാ യൂണിയൻ നേതാവിനൊപ്പം വരെ പ്രവർത്തിച്ചു. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും പാതയിൽ മുന്നേറിയ രാജ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം ഉണ്ടാക്കി. അപ്പോഴെല്ലാം തെരുവുകളിൽ അലഞ്ഞ് തിരിയുന്ന അനാഥരെ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. അവർക്ക് വേണ്ടി പറ്റാവുന്ന സഹായങ്ങൾ അദ്ദേഹം ചെയ്യുമായിരുന്നു. 

ഒരിക്കൽ രാജ രോഗിയായ ഒരു വൃദ്ധനെ ഫുട്പാത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. “ഞാൻ അദ്ദേഹത്തിന് അഭയം നൽകി. മുടി മുറിച്ച്, പുഴു അരിക്കുന്ന മുറിവുകൾ ആന്റിസെപ്റ്റിക് ലായനി ഉപയോഗിച്ച് വൃത്തിയാക്കി, ഭക്ഷണവും വെള്ളവും നൽകി. ഒരു യാചകനെ വീട്ടിലേക്ക് കൊണ്ടുവന്നതിന് എന്റെ കുടുംബവും അയൽപക്കത്തുള്ള ആളുകളും എന്നെ പരിഹസിച്ചു” രാജ പറയുന്നു. എന്നാൽ, ആ വൃദ്ധന്റെ മുഖത്ത് കണ്ട പുഞ്ചിരി മാത്രമായിരുന്നു രാജയെ സന്തോഷിപ്പിച്ചത്. അതായിരുന്നു അദ്ദേഹത്തിന്റെ പ്രേരണ.  

തുടർന്ന്, രാജ ഒരു വീട് വാടകയ്‌ക്ക് എടുത്ത് 13 അനാഥരെ അവിടെ താമസിപ്പിച്ചു. അത് പിന്നീട് ബെംഗളൂരു നഗരത്തിനടുത്തുള്ള ദൊഡ്ഡഗുബ്ബി വില്ലേജിലെ ന്യൂ ആർക്ക് മിഷൻ ഓഫ് ഇന്ത്യയായി വളർന്നു. നിലവിൽ തെരുവുകളിൽ നിന്നുള്ള 750 ഓളം ആളുകൾ അവിടെ താമസിക്കുന്നു. ആളുകളുടെ സഹായത്തോടെ ആദ്യം അര ഏക്കർ സ്ഥലത്ത് 2000 ചതുരശ്ര അടിയുള്ള ഒരു കെട്ടിടം ഇതിനായി അദ്ദേഹം നിർമ്മിച്ചു. പിന്നീട്, അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ജോലിയിൽ മതിപ്പുളവാക്കിയ കർണാടക സർക്കാർ സബ്‌സിഡി നിരക്കിൽ ഒരു ഏക്കർ ഭൂമി നൽകി. ആദ്യം ഓട്ടോയിലോ ബൈക്ക് ആംബുലൻസിലോ ഒക്കെയാണ് അദ്ദേഹം ആളുകളെ രക്ഷിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് ഒരു ആംബുലൻസ് സമ്മാനമായി ലഭിച്ചു. 

താൻ സഹായിക്കുന്ന 80 ശതമാനം ആളുകളും മാനസിക വെല്ലുവിളി നേരിടുന്നവരാണ് എന്നദ്ദേഹം പറയുന്നു. “അവരിൽ പലരും മരണത്തിന്റെ വക്കിലായിരിക്കും. ചിലരെ ഞങ്ങൾക്ക് രക്ഷിക്കാൻ സാധിക്കില്ല. കഴിഞ്ഞ 20 വർഷത്തിനിടെ തെരുവിൽ കിടന്ന 4000 -ത്തോളം മൃതദേഹങ്ങൾ ഞാൻ സംസ്‌കരിച്ചിട്ടുണ്ട്" അദ്ദേഹം പറഞ്ഞു. സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത് സംഭാവനകളിലൂടെയാണ്. അദ്ദേഹത്തിന്റെ ഈ നല്ല ശ്രമത്തിന് അദ്ദേഹത്തിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios