നോവല്‍ എന്നാല്‍ എന്താണ്? പുതിയത് എന്ന അര്‍ത്ഥത്തിലോ പുതിയ എഴുത്തുരീതി എന്ന നിലയിലോ ഉള്ള ഒന്നിനെയാണ് നോവല്‍ എന്നു വിളിക്കുന്നത്. പുതിയത് എന്ന അർത്ഥം വരുന്ന Novus എന്ന ലത്തീൻപദവും Novella (പുതിയ വസ്തുക്കൾ) വാക്കും ചേര്‍ന്നാണ് നമ്മുടെ നോവല്‍ ഉണ്ടാകുന്നത്. പിന്നീടത് നീണ്ടുപോകുന്ന ഒന്ന് എന്ന അര്‍ത്ഥത്തിലും പറയപ്പെട്ടു തുടങ്ങി. എന്തായാലും ഉള്‍ക്കനമുള്ളൊരു കഥയുള്ളതാകണം നോവല്‍.

പതിനൊന്നാം നൂറ്റാണ്ടില്‍ ജപ്പാനിലാണ് ആദ്യമായി ഈ ഗണത്തില്‍ പെട്ടൊരു പുസ്തകം ഇറങ്ങുന്നത്. ലോകസാഹിത്യത്തിലെ തന്നെ ആ ആദ്യത്തെ നോവലെഴുതിയത് ഒരു സ്ത്രീയാണ്. അതും ഒരു രാജകുമാരി. ജാപ്പാനി ഭാഷയിലുള്ള ഗെഞ്ചിയുടെ കഥ (നോവലിന്റെ യഥാർത്ഥ പേര് -Genji monogatari) എന്ന നോവലെഴുതിയ രാജകുമാരിയുടെ പേര് മുറാസാകി ഷിക്കിബു. ഒരു രാജകുമാരന്‍റെ കഥയായിരുന്നു അത്. രാജകുമാരന്‍റെ പേരായിരുന്നു ഹിക്കാര ഗെഞ്ചി. 

മുറാസാകി ഷിക്കിബു

ഫുജിവാറ വംശത്തിലാണ് മുറാസാകി ഷിക്കിബു ജനിച്ചത്. സഹോദരനേക്കാള്‍ മിടുക്കിയായിരുന്നു മുറാസാക്കി. നല്ല വിദ്യാഭ്യാസം നേടി, ബുദ്ധിമതി, കൂടാതെ ചൈനീസ് നന്നായി വായിക്കാനും അറിയാമായിരുന്നു മുറാസാക്കിക്ക്. ജാപ്പനീസ് ഭാഷ മാത്രം പഠിക്കാനുള്ള അനുവാദമാണ് അന്നുണ്ടായിരുന്നത്. ചൈനീസ് ഭാഷയൊക്കെ പുരുഷന്മാര്‍ പഠിക്കും. എന്നാല്‍, ചൈനീസിലും പ്രാവീണ്യം നേടി മുറാസാക്കി. അന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് രാഷ്ട്രീയകാര്യങ്ങളൊന്നും തന്നെ എഴുതാനുള്ള അനുവാദമില്ലായിരുന്നു.   ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എഴുതാമായിരുന്നു. അങ്ങനെയാവാം ഗെഞ്ചി പിറന്നത്. അന്ന്, ഇത്തരം സാഹിത്യങ്ങള്‍ വായിച്ചിരുന്നതും സ്ത്രീകളും കുട്ടികളുമായിരുന്നു. പുരുഷന്മാര്‍ അവയൊന്നും വായിച്ചില്ല. പക്ഷെ, അതുവരെയില്ലാതിരുന്ന തരത്തിലായിരുന്നു മുറാസാക്കിയുടെ എഴുത്ത്. കഥ എന്നതില്‍ നിന്നും മാറി എഴുത്ത് നീണ്ടുപോയി. അങ്ങനെ, ലോകത്തിലെ തന്നെ ആദ്യത്തെ നോവലുണ്ടായി, അതും പുരുഷന്മാര്‍ അന്ന് വായിച്ചിരുന്നില്ല. പക്ഷെ, സത്രീകളും കുട്ടികളും അത് വായിച്ചു. 

ഗെഞ്ചിയുടെ കഥ

രാജകുമാരനായ ഹിക്കാര ഗെഞ്ചി... അതായിരുന്നു ഗെഞ്ചിയിലെ നായകന്‍. താഴ്ന്ന പദവിയിലുള്ള സ്ത്രീയില്‍ ജനിച്ച ഗെഞ്ചിയോട് ചക്രവര്‍ത്തിക്ക് ദയ തോന്നുകയും അദ്ദേഹം അവനെ വളര്‍ത്തുന്നതുമാണ് നോവലിലെ കഥ. അമ്പത്തിനാല് വാല്യങ്ങളാണ് ഗെഞ്ചിക്കുള്ളത്. അതില്‍ അമ്പത് വാല്യങ്ങളും ഗെഞ്ചിയുടെ വീരകൃത്യങ്ങളുടെ വര്‍ണന തന്നെ. ബാക്കി ഭാഗങ്ങളിലാകട്ടെ ഈ ഗെഞ്ചിക്ക് ശേഷമുണ്ടായ കവൊരു എന്ന രാജകുമാരന്‍റെ കഥയും. പത്തോ ഇരുപതോ കഥാപാത്രങ്ങളൊന്നുമല്ല ഗെഞ്ചിയിലുള്ളത്. നാന്നൂറോളം കഥാപാത്രങ്ങളുണ്ട്. നായികയാകട്ടെ എഴുത്തുകാരിയായ മുറാസാകി തന്നെ. 

സ്നേഹവും സ്നേഹം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയുമാണ് നോവലില്‍ കൂടുതല്‍ ഭാഗവും കാണാന്‍ സാധിക്കുക. അന്ന് ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചായിരുന്നില്ല കഴിഞ്ഞിരുന്നത്. മാത്രവുമല്ല, വിവാഹജീവിതത്തിന് പുറത്തും ധാരാളം ബന്ധവും പുരുഷന്മാര്‍ നിലനിര്‍ത്തിപ്പോന്നു. ഈ ജീവിതത്തിന്‍റെയൊക്കെ കാഴ്ചകളും മുറാസാകി എഴുതിയ നോവലില്‍ കാണാം. മാത്രവുമല്ല ഒരു കുട്ടിയെ വളര്‍ത്താനായി ഒടുവില്‍ ഗെഞ്ചി തട്ടിക്കൊണ്ടുവരുന്നതും നോവലില്‍ കാണാം. വൈകാരികമായ സന്ദര്‍ഭങ്ങളാണ്/ഗെഞ്ചിയുടെ വൈകാരിക ജീവിതമാണ് ഏറെയും ഗെഞ്ചിയില്‍.

ഇന്നത്തെ വായനയില്‍ അതെത്രമാത്രം രാഷ്ട്രീയ ശരികളോട് നീതി പുലര്‍ത്തുമെന്നത് പറയുക സാധ്യമല്ലെങ്കില്‍ കൂടിയും മുറാസാകി ഷിക്കിബു എന്ന സ്ത്രീ അന്ന് നടത്തിയ ധീരവും വിപ്ലവാത്മകരവുമായ ഒരു ചുവടുവെപ്പ് തന്നെയാണ് ഗെഞ്ചി എന്ന നോവല്‍. അതുപക്ഷെ, ആദ്യമായി നോവലുണ്ടാകുന്നു, അത് സ്ത്രീ എഴുതുന്നു എന്നതിനപ്പുറമുള്ള ഒന്നിലേക്കും കടക്കുന്നില്ല. അത് സ്ത്രീപക്ഷമോ, രാഷ്ട്രീയമായി പൂര്‍ണമായും ശരിയായതോ ആയ ഒരു കൃതിയുമല്ല. 

Heian period -ലെ ജീവിതങ്ങളുടെ കാഴ്ച കൂടിയാണ് ഗെഞ്ചി. വെറുമൊരു നോവല്‍ എന്നതിനുമപ്പുറം പിന്നീടത് പെയിന്‍റിങ്, ഡ്രാമ എന്നിവയെ എല്ലാം സ്വാധീനിച്ചു. ഹേയാന്‍ കാലഘട്ടത്തിലും ഇന്നും നിരവധി പെയിന്‍റിങ്ങുകള്‍ ഗെഞ്ചിയെ മുന്‍നിര്‍ത്തി പിറവിയെടുത്തിട്ടുണ്ട്. ജപ്പാനിലെ ജനങ്ങള്‍ക്കിടയില്‍ വളരെ പ്രസിദ്ധമായിരുന്നു ഗെഞ്ചി. അതുകൊണ്ട് തന്നെ പതിനാലാം ശതകം മുതൽ നിലനിന്നിരുന്ന 'നോ' എന്ന ലിറിക്കൽ നാടകപ്രസ്ഥാനവും ഗെഞ്ചിയില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് അവതരണങ്ങള്‍ നടത്തിയിരുന്നു. കൂടാതെ, ആനിമേഷന്‍ സിനിമകളും സ്റ്റേജ് പരിപാടികളും എല്ലാം ഗെഞ്ചിയുമായി ബന്ധപ്പെട്ടുണ്ടായി. പ്രണയവും ജീവിതവുമെല്ലാം നിറഞ്ഞുനിന്ന നോവല്‍ ജപ്പാനിലെ പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി. ഇന്നും നിരവധി കോപ്പികളാണ് ഗെഞ്ചിയുടേതായി വിവിധ ഭാഷകളില്‍ വില്‍ക്കപ്പെടുന്നത്.