അധ്യാപകദിനം പ്രമാണിച്ച്, ഇരുപത്തി ഒന്നാം  നൂറ്റാണ്ടിൽ അധ്യാപകരുടെ മുഴുവൻ പ്രാധാന്യവും നഷ്ടപ്പെട്ടുവെന്നും, ഇന്‍റർനെറ്റും ഗൂഗിളും മറ്റു ടെക്നോളജികളും എല്ലാം ചേർന്ന് അധ്യാപനം കേവലം അധികപ്പറ്റ്  മാത്രമാക്കി തീർത്തു എന്നെല്ലാമുള്ള വാദങ്ങളെ ഒന്ന് പരിശോധിക്കാം എന്ന് കരുതുന്നു.

പുതിയതെല്ലാം മോശമാണെന്ന 'അമ്മായി സിൻഡ്രോം' കാണിക്കുവാനല്ല, മറിച്ച് വിദ്യാഭ്യാസ നിരീക്ഷകരുടെ അഭിപ്രായങ്ങളും ചില റിസേർച്ചുകളും വായിച്ചതിനു ശേഷമാണ് 'ഗുരുവിനു പകരമാവില്ല ഗൂഗിൾ' എന്ന നിലപാടിൽ എത്തിച്ചേർന്നത് എന്ന് ആദ്യമേ പറയട്ടെ... കാരണങ്ങൾ അക്കമിട്ട് താഴെ എഴുതുന്നു. 

1. ഒരു മനുഷ്യായുസ്സുകൊണ്ട് നേടാൻ കഴിയുന്നതിലും ഒരുപാട് അധികം വിവരങ്ങൾ ഇന്റർനെറ്റിൽ  ഉണ്ടെങ്കിൽ പോലും ഒരു കുട്ടിക്ക് വേണ്ട, അത്യാവശ്യം വേണ്ട വിദ്യാഭ്യാസം അതിൽ നിന്നും ലഭ്യമാകുകയില്ല എന്നതാണ് വാസ്തവം.

നമ്മുടെ കുട്ടികൾക്കു നന്നായി കോപ്പി പേസ്റ്റ് ചെയ്തു മനോഹരമായ അസൈന്‍മെന്റുകൾ എഴുതുവാൻ അറിയുന്നുണ്ടാകും. അതുകൊണ്ട് അവർ അവരുടെ തന്നെ വിദ്യാഭ്യാസത്തിന്റെ നല്ല മാനേജർമാർ ആകണമെന്നില്ല. എന്തെന്നാൽ, വിദ്യാഭ്യാസമെന്നാൽ ഒരുപാട് വിവരങ്ങൾ കുത്തിനിറക്കപ്പെടുക എന്നതല്ല എന്നതുകൊണ്ട് തന്നെ. മസ്തിഷ്കവളർച്ച നടന്നുകൊണ്ടിരിക്കുന്ന കുഞ്ഞുതലകളിൽ ഒരുപാട് അറിവ് തിക്കിനിറച്ചാൽ വിദ്യാഭ്യാസമായി എന്ന് കരുതുന്നവർക്ക് മാത്രമേ ഇന്റർനെറ്റ് ആയാൽ എല്ലാമായി എന്ന് പറയുവാൻ കഴിയൂ. 
 
2. സ്വന്തമായി തന്റെ പാത  തിരഞ്ഞെടുക്കുന്നത് വരെയുള്ള കുട്ടികൾക്ക് ചെറിയ തോതിൽ ശാസ്ത്രവും, ഗണിതവും, ഭാഷയും, സാമൂഹിക പാഠവും,  ഐസിടിയും എല്ലാം പഠിപ്പിക്കുന്നതിന്  കൃത്യമായ കാരണവുമുണ്ട്. 

'ഫുട്‌ബോൾ കളിക്കാരനാകാൻ പോകുന്ന കുട്ടിക്ക് ദ്വിമാന സമവാക്യം പഠിപ്പിക്കുന്നത് എന്തിന്' എന്ന ചോദ്യവും പലരുടെയും മനസ്സിൽ ഉണ്ടാകും. ഉത്തരം സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കാശുണ്ടാക്കുന്ന യന്ത്രങ്ങളെ ഉണ്ടാക്കുക എന്നതല്ല എന്നത് തന്നെ. സമൂഹത്തിന്റെ പുരോഗതിക്ക് ഓരോ പൗരനിലും വേണ്ടത്ര ശാസ്ത്രാവബോധം സൃഷ്ടിക്കേണ്ടതുണ്ട്, ഗണിതപഠനം കുട്ടിയെ യുക്തിചിന്ത പഠിപ്പിക്കുന്നു, പ്രോബ്ലം  സോൾവിങ്ങും വിമർശന ബുദ്ധിയും നേടിക്കൊടുക്കുന്നു, ഭാഷാ പഠനം  കുട്ടിയുടെ  ആശയവിനിമയ ശേഷിയെ വളർത്തുവാനായാണ്, അത് എഴുതുവാനായാലും വായിക്കുവാനായാലും പറയുവാനായാലും. ചരിത്രം പഠിക്കുന്നത് നമ്മൾ എങ്ങനെ നമ്മളായെന്ന് പഠിക്കുവാനാണ്. ഇങ്ങനെ കുട്ടി കടന്നു പോകുന്ന ഓരോ  പാഠഭാഗങ്ങളും കുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടിയുള്ള മുതൽ മുടക്കുകളാണ്. അതിനാൽ തന്നെ സ്കൂൾ വിദ്യാഭ്യാസത്തിനു പകരം വെക്കാവുന്ന ഒന്നല്ല ഇന്‍റർനെറ്റിൽ നിന്നുമുള്ള വിവരശേഖരണം. 

3. ഇന്‍റർനെറ്റിൽ നിന്നും വിവരം ശേഖരിക്കാൻ പുറപ്പെടുന്ന കുട്ടിക്ക് ഇന്‍റർനെറ്റ് കണക്ഷനും, ബ്രൗസറും, സെർച്ച് എഞ്ചിനും മാത്രം മതിയാകില്ല. കിട്ടുന്ന വിവരത്തിന്റെ സത്യസന്ധത മനസ്സിലാക്കുവാനുള്ള വിമർശന ബുദ്ധി കൂടി വേണം. ഗൂഗിൾ ചെയ്യുമ്പോൾ ആദ്യം കിട്ടുന്ന റിസൾട്ട്  തൊണ്ട തൊടാതെ വിഴുങ്ങുക  എന്നതാണ് പൊതുവെ കണ്ടുവരുന്ന വരുന്ന രീതി. ഇൻറർനെറ്റിൽ നിന്നും എങ്ങനെ പഠിക്കാം എന്ന് ആദ്യം പഠിക്കേണ്ടി വരും. ഇതിന് വേണ്ട ചെറിയതോതിലുള്ളതെങ്കിലും വിഷയ അധിഷ്ഠിത വിവരം (domain specific knowledge) കുട്ടിക്ക് വേണം. ഇത് കുട്ടിക്ക് ലഭിക്കുക സ്കൂൾ കരിക്കുലത്തിൽ നിന്നുമാണ്. ഒരുപാട് വിദ്യാഭ്യാസമുള്ളവരും ഇൻറർനെറ്റിൽ കാണുന്നതെല്ലാം കണ്ണുമടച്ചു വിഴുങ്ങുന്നതും കണ്ടിട്ടുണ്ട്. അതിനർത്ഥം  ടീച്ചർമാരുടെ പങ്ക് കുറയണം എന്നല്ല. എന്തുകൊണ്ട് ഈ ഇന്റർനെറ്റ്  യുഗത്തിൽ വഞ്ചിതരാകാതെ ജീവിക്കാം എന്നുള്ള പാഠങ്ങൾ  കൂടി നൽകേണ്ട അധികജോലി ടീച്ചർമാർ ഏറ്റെടുക്കുകയാണ്  വേണ്ടത്. 

4. ക്യൂരിയോസിറ്റി അഥവാ ആകാംഷയാണ് പലപ്പോഴും ലേർണിംഗ് ആപ്പുകൾ ഒക്കെ കുറച്ചു നേരം കേൾക്കുവാൻ കുട്ടിയെ പ്രേരിപ്പിക്കുന്നത്. ഈ ആകാംഷ നഷ്ടപ്പെട്ടാൽ തുറന്നു നോക്കാത്ത ഒരു പുസ്തകത്തിന് ഉള്ള സ്വാധീനം മാത്രമേ ഒരു കുട്ടിയിൽ ലേർണിംഗ് ആപ്പ് ഉണ്ടാക്കുകയുള്ളൂ. ഏതൊരു  ലേർണിങ് ആപ്പിനും ടീച്ചറുടെ ജോലി ചെയ്യുവാന്‍ കഴിയും എന്ന് ഞാൻ കരുതുന്നില്ല. 

മാറിയ കാലഘട്ടത്തിൽ കരിക്കുലത്തിന്റെയും ക്ലാസ്‌റൂം ഇടപെടലുകളുടെയും പരിഷ്കരണത്തിലൂടെ  കുട്ടിയുടെ ജീവിതത്തിനെ കൂടുതൽ സ്വാധീനിക്കുവാൻ ടീച്ചര്‍മാര്‍ക്ക് കഴിയണം. മേൽ പറഞ്ഞത് പോലെ ഇന്റർനെറ്റ് ഇടപെടലുകളും വിവരശേഖരണവും ഉൾപ്പടെ ഒരുപാട് കാര്യങ്ങൾ കൂടി ഏറ്റെടുക്കേണ്ടതുണ്ട് എന്ന ചുമതല കൂടി ടീച്ചര്‍മാരിൽ എത്തിച്ചേർന്നു എന്നതല്ലാതെ ടീച്ചർമാരുടെ പ്രസക്തി നഷ്ടപെടുത്തുവാൻ ഡിജിറ്റൽ ടെക്നോളജിക്ക് സാധിച്ചിട്ടില്ല. ഗൂഗിളിന് പറഞ്ഞു തരുവാൻ കഴിഞ്ഞേക്കും പഠിപ്പിക്കാൻ കഴിവില്ല എന്ന് തന്നെയാണ് നിഗമനം. 

എഴുതിയതെല്ലാം സ്കൂൾ വിദ്യാഭ്യാസത്തിന് കുറിച്ചാണ്.