ലോക്ക് ഡൗൺ കാലം പലർക്കും തൊഴിൽ നഷ്ടപ്പെടുന്ന കാലം കൂടിയാണല്ലോ. ഒരു വിധം സോഫ്റ്റ് വെയർ കമ്പനികൾ എല്ലാം തന്നെ മുഖ്യവരുമാനമേകിയിരുന്ന നല്ല കോൺട്രാക്റ്റുകൾ പലതും നഷ്ടപ്പെട്ട് അടച്ചു പൂട്ടലിന്റെ വക്കിൽ എത്തി നിൽക്കുകയാണ്. അതുകൊണ്ട് അവിടങ്ങളിൽ ജോലിയെടുക്കുന്ന പലരെയും ഏത് നിമിഷവും തങ്ങളുടെ ജോലി നഷ്ടമായേക്കും എന്ന ഭീതി അലട്ടുന്നുണ്ട്. അത് അവരെക്കൊണ്ട് സമാന്തരമായി അടുത്ത ജോലിക്കുള്ള അന്വേഷണത്തിന് പ്രേരിപ്പിക്കുന്നുമുണ്ട്.  

ലോക്ക് ഡൗൺ കാലത്ത് ആശിച്ച ജോലി കിട്ടാൻ പ്രയാസമായതുകൊണ്ട്, കിട്ടുന്ന ഏതൊരു ജോലിയും പരിഗണിക്കാൻ പലരും പ്രേരിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, ടെക്കികൾ അടക്കമുള്ളവരുടെ ഈ തൊഴിൽപരമായ ആശങ്കയെ മുതലെടുക്കാൻ തയ്യാറായി തട്ടിപ്പുകാരും നിരവധി മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു കേസാണ് കഴിഞ്ഞ ദിവസം ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മാന്യത ടെക്ക് ഐടി പാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ബെംഗളൂരു സ്വദേശി ഇത്തരത്തിൽ ജോലി തേടി കരിയർ സൈറ്റുകൾ കയറി ഇറങ്ങുന്നതിനിടെയാണ്, വാട്ട്സാപ്പ് മെസ്സേജ് വഴി ഒരു ജിഗോളോ പൊസിഷൻ ഓഫർ ചെയ്യുന്ന ഒരു എസ്‌കോർട്ട് ഏജൻസിയുടെ പരസ്യം ഏതോ വെബ്‌സൈറ്റിൽ  കാണുന്നത്. ആവശ്യക്കാരായ സ്ത്രീകൾക്ക് ലൈംഗിക സേവനങ്ങൾ നൽകുന്നതിന് പുരുഷന്മാർക്ക് പ്രതിഫലം കൊടുക്കുന്ന തൊഴിലിലാണ് പാശ്ചാത്യ രാജ്യങ്ങളിൽ 'ജിഗോളോ' എന്ന പേർ പറയുന്നത്. അയാൾ അവിടെ താത്പര്യം അറിയിച്ചു കൊണ്ട് ഒരു മെസ്സേജിട്ടു. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ ഏജൻസിയിൽ നിന്ന് അയാളെത്തേടി ഫോൺ വിളിയെത്തി.  രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി അയാളോട് ചില ഫീസുകൾ അവർ ആവശ്യപ്പെട്ടു. രജിസ്‌ട്രേഷൻ ഫീസ് 1000 രൂപ. പ്രോസസിംഗ് ഫീസ് 12,500 എന്നിങ്ങനെ പല തുകകൾ ആയാണ് ഈടാക്കിയത്.  പിന്നീട് പല ഡിപ്പാർട്ടുമെന്റുകളിൽ എന്നും പറഞ്ഞ് പലരും അയാളെ വിളിച്ചു. പലതരത്തിലുള്ള ഫീസുകളും ഈടാക്കി. ജിഗോളോ ആകാനുള്ള തിടുക്കത്തിൽ അയാൾ അതൊക്കെ അടച്ചുകൊണ്ടും ഇരുന്നു. അങ്ങനെ ഒരാഴ്ചക്കുള്ളിൽ അവർ അയാളിൽ നിന്ന് ഈടാക്കിയത് 83,500 -ൽ പരം രൂപയാണ്.

 അയാൾക്ക് കോൺട്രാക്ട് ഒപ്പിട്ട ശേഷം ഓരോ അപ്പോയ്ന്റ്മെന്റിനും അയ്യായിരത്തിൽ പരം രൂപയാണ് തിരികെ അവരിൽ  ഓഫർ ഉണ്ടായിരുന്നത് എന്നതിനാൽ, ഈ രെജിസ്ട്രേഷൻ ചെലവ് അധികം താമസിയാതെ തിരികെ പിടിക്കാം എന്ന കണക്കുകൂട്ടലിലാണ് അയാൾ ആ പണം അവർ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകിക്കൊണ്ടിരുന്നത്. ഒടുവിൽ രജിസ്‌ട്രേഷൻ പൂർത്തിയായി എന്നും, താമസിയാതെ അയാൾക്ക് മൊബൈൽ ഫോണിൽ വാട്സാപ്പ് വഴി സ്ത്രീ കസ്റ്റമർമാരെ ചെന്ന് കാണേണ്ട വിലാസവും സമയവും അടങ്ങുന്ന അപ്പോയിന്റ്മെന്റ് മെസ്സേജുകൾ വന്നുതുടങ്ങും എന്നുമുള്ള അറിയിപ്പുകൾ അയാൾക്ക് എസ്‌കോർട്ട് ഏജൻസിയിൽ നിന്ന് കിട്ടി.

എന്നാൽ, അടുത്ത ഒരാഴ്ചത്തേക്ക് ആ പറഞ്ഞതൊന്നും തന്നെ ഉണ്ടായില്ല. ഒടുവിൽ, സംശയം തോന്നിയപ്പോൾ അയാൾ തന്നെ അവർ വിളിച്ച നമ്പറുകളിലേക്ക് തിരികെ വിളിച്ചു നോക്കി. ആ നമ്പറുകൾ എല്ലാം തന്നെ അപ്പോഴേക്ക് പ്രവർത്തനരഹിതമായിട്ടുണ്ടായിരുന്നു. അതോടെയാണ് താൻ വഞ്ചിക്കപ്പെട്ടു എന്ന യാഥാർഥ്യം അയാൾ തിരിച്ചറിയുന്നത്. 

എന്നാൽ, ഇങ്ങനെ അബദ്ധം പിണഞ്ഞ് പണം നഷ്ടമാകുന്നവരിൽ പലരും കൂടുതൽ മാനഹാനി ഭയന്ന് പോയത് പോയി എന്നാശ്വസിച്ച് പൊലീസിൽ പരാതിപ്പെടാറില്ല. അപേക്ഷിച്ച ജോലിക്ക് ഇന്ത്യയിൽ നിയമ സാധുതയില്ല എന്ന സത്യം അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും ഈ കളിക്കിറങ്ങുന്നതും ഒടുവിൽ കൈപൊള്ളിക്കുന്നതും. ആരും പരാതിപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ ഇന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നിർബാധം അരങ്ങേറുന്നുണ്ട്. തൊഴിൽ അന്വേഷിച്ചിറങ്ങുന്നവർ ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പാണ് ഇക്കാര്യത്തിൽ അധികൃതർ നൽകുന്നത്.