Asianet News MalayalamAsianet News Malayalam

നിർഭയ കേസ്, കുറ്റവാളികളുടെ വധശിക്ഷ ഇത്രയും നാൾ വൈകിച്ച നിയമത്തിലെ നൂൽപ്പഴുതുകൾ

തൂക്കിലേറ്റപ്പെടാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവേ കുറ്റവാളികളിൽ ആരെങ്കിലും ഒരാൾ വീണ്ടും തന്റെ ഏതെങ്കിലും നിയമാനുസൃതമായ ഹർജി അവകാശം വിനിയോഗിക്കും. ശിക്ഷ നടപ്പിലാക്കൽ വീണ്ടും തഥൈവ. 

The legal loop holes that delayed the execution of the nirbhaya convicts till date
Author
Delhi, First Published Mar 19, 2020, 8:06 PM IST

ദില്ലി നിർഭയ കൊലക്കേസിൽ നാലുപേരെയാണ് സുപ്രീം കോടതി കുറ്റക്കാരെന്നു കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചത്. മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ്മ, അക്ഷയ് കുമാർ സിംഗ് എന്നിവർ. ഏറ്റവും പുതിയ മരണവാറണ്ട് പ്രകാരം മാർച്ച് 20 -ന് പുലർച്ചെ 5.30 -ന് തിഹാർ ജയിലിലെ കഴുമരങ്ങളിൽ തൂക്കിലേറ്റപ്പെടാൻ പോവുകയാണ് അവർ നാലുപേരും. മരണവാറണ്ടു പുറപ്പെടുവിക്കപ്പെട്ടിട്ടും കുറ്റവാളികൾ അവസാന നിമിഷം വരെയും തങ്ങളുടെ അനിവാര്യമായ മരണം വൈകിക്കാൻ വേണ്ടി പലതും ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ സകല കോടതികളും കയറിയിറങ്ങിയ ശേഷം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വരെ അവർ ഹർജി നൽകി.

പ്രതികളുടെ വക്കീലായ എപി സിംഗ് ഇന്നും സുപ്രീം കോടതിയിൽ രണ്ടു ഹർജികൾ സമർപ്പിച്ചു. രണ്ടും കോടതി തള്ളിയതോടെ നിയമത്തിലെ അവസാനത്തെ നൂൽപ്പഴുതും അടഞ്ഞു. ഇനി മരണം തേടിയെത്തും വരെയുള്ള അവസാന മണിക്കൂറുകളാണ് ആ നാല് കുറ്റവാളികൾക്കും തിഹാർ ജയിലിലെ അവരവരുടെ സെല്ലുകൾക്കുള്ളിൽ.

കുറ്റവാളികളിൽ ഒരാളായ പവൻ ഗുപ്ത നൽകിയ ദയാഹർജി കഴിഞ്ഞ ബുധനാഴ്ച പ്രസിഡന്റ് റാം നാഥ് കോവിന്ദ് തള്ളിയതോടെയാണ് ഏറ്റവും പുതുതായി മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടത്. പവൻ ഗുപ്തയ്ക്ക് മുമ്പ് പലതവണയായി ബാക്കി മൂന്നു പേരും തങ്ങളുടെ ദയ ഹർജി എന്ന നിയമം അനുശാസിക്കുന്ന അന്തിമമാർഗ്ഗം പരീക്ഷിച്ചു കഴിഞ്ഞിരുന്നു. അതൊക്കെയും പ്രസിഡന്റ് തള്ളുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ദില്ലി ഗവൺമെന്റ് പുതിയൊരു മരണവാറന്റിനായി കോടതിയെ സമീപിക്കുന്നതും കോടതി മാർച്ച് 20 -ന് വധശിക്ഷ നടപ്പിലാക്കാനുള്ള ഏറ്റവും പുതിയ തീയതി നല്കുകയുമുണ്ടായത്. പ്രതിയുടെ ദയാഹർജിയിന്മേൽ തീരുമാനമെടുത്ത് 14 ദിവസം കഴിഞ്ഞുമാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്ന വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീയതി കുറിക്കപ്പെട്ടത്. 

The legal loop holes that delayed the execution of the nirbhaya convicts till date

ഈ കുറ്റകൃത്യം നടക്കുന്നത് 2012 ഡിസംബർ 16 -നാണ്. ത്വരിതഗതിയിൽ നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ  പ്രതികൾ പിടിക്കപ്പെടുകയും, അഞ്ചാംനാൾ കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെടുകയും ചെയ്തു. 2017 മെയ് 5 -നാണ് സുപ്രീം കോടതി കേസിലെ അന്തിമവിധി പുറപ്പെടുവിക്കുന്നതും നാലു കുറ്റവാളികളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ആ വിധിപ്രസ്താവം വന്ന് രണ്ടു വർഷവും എട്ടുമാസവും കഴിഞ്ഞാണ് ഈ കേസിൽ കുറ്റവാളികൾക്ക് ആദ്യത്തെ മരണവാറണ്ട് കിട്ടുന്നത്. 

രണ്ടുമാസത്തിനുള്ളിൽ കുറിക്കപ്പെടുന്ന നാലാമത്തെ തീയതി 

ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയളവിൽ ഇത് നാലാമത്തെ തവണയാണ് സുപ്രീം കോടതി കുറ്റവാളികളെ കഴുവേറ്റാൻ വേണ്ടി തീയതി കുറിക്കുന്നത്. ഓരോ തവണയും തൂക്കിലേറ്റേണ്ട തീയതിയോടടുപ്പിച്ച് കുറ്റവാളികളിൽ ഓരോരുത്തരായി മാറിമാറി അവരുടെ നിയമം അനുശാസിക്കുന്ന ഏതെങ്കിലുമൊരു രക്ഷാമാർഗത്തെ അവലംബിച്ച്  ഒരു ഹർജി കോടതി സമക്ഷം സമർപ്പിക്കും. അതോടെ നിശ്ചയിച്ച തീയതിയിൽ തൂക്കിലേറ്റാൻ കഴിയില്ല എന്നാവും. അതിനു പിന്നാലെ പ്രസ്തുത ഹർജി കോടതി തള്ളും. അതിനുശേഷം വീണ്ടും ദില്ലി ഗവൺമെന്റ് മരണവാറണ്ടിനായി കോടതിയെ സമീപിക്കും. കോടതി വീണ്ടും പുതിയ തീയതി നിശ്ചയിച്ച് മരണ വാറന്റ് പുറപ്പെടുവിക്കും. തൂക്കിലേറ്റപ്പെടാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവേ കുറ്റവാളികളിൽ ആരെങ്കിലും ഒരാൾ വീണ്ടും തന്റെ ഏതെങ്കിലും നിയമാനുസൃതമായ ഹർജി അവകാശം വിനിയോഗിക്കും. ശിക്ഷ നടപ്പിലാക്കൽ വീണ്ടും തഥൈവ. ഇങ്ങനെ ശിക്ഷ നടപ്പിലാക്കൽ നീണ്ടു പോയത് മൂന്നുവട്ടമാണ്. അഡ്വ. എ പി സിംഗ്, എം എൽ ശർമ്മ എന്നിവരാണ്  പ്രതികൾക്കുവേണ്ടി ഈ മാർഗ്ഗങ്ങൾ ഉപദേശിച്ചുകൊടുത്തതും കോടതിയിൽ അവർക്കുവേണ്ടി ഹാജരായിക്കൊണ്ടിരുന്നതും.

നിയമം അനുശാസിക്കുന്ന ഈ മാർഗ്ഗങ്ങൾ എന്തിന്?

കുറ്റം ചെയ്തു എന്ന് കോടതിയിൽ സംശയാതീതമായി തെളിയിക്കപ്പെട്ട്, 'അപൂർവങ്ങളിൽ അപൂർവ'മായ കുറ്റകൃത്യമെന്നു ബോധ്യപ്പെട്ട പരമോന്നത നീതിപീഠം പരമാവധി ശിക്ഷ വിധിച്ചു കഴിഞ്ഞാലും പിന്നെയും നിരവധി പരിരക്ഷകൾ ഒരു കുറ്റവാളിയുടെ ജീവന് ഭാരതത്തിലെ നീതിന്യായ വ്യവസ്ഥ വാഗ്ദാനം ചെയ്യുന്നുണ്ട്. 'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്' എന്ന അതിന്റെ പ്രഖ്യാപിതനയം സംരക്ഷിക്കാൻ വേണ്ടിയാണ് നിയമത്തിലെ ഈ വ്യവസ്ഥകൾ. എന്നാൽ ഈ പഴുതുകൾ പ്രയോജനപ്പെടുത്തി, പല കേസുകളിലും സ്വാധീനശക്തിയുള്ള കുറ്റവാളികൾ തങ്ങളുടെ ശിക്ഷ പരമാവധി കാലത്തേക്ക് നീട്ടിക്കൊണ്ടുപോകാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. 

നിർഭയ കേസിലെ നിയമത്തിന്റെ പഴുതുകൾ പ്രയോജനപ്പെടുത്തിയത് ഇങ്ങനെ 

2017 നവംബർ 6, ഡിസംബർ 15 തീയതികളിലായി മുകേഷ്, പവൻ, വിനയ് എന്നിവർ പുനഃപരിശോധനാ ഹർജി നൽകുന്നു. ആ മൂന്നു ഹർജികളും 2018 ജൂലൈ 9 -ന് സുപ്രീം കോടതി തള്ളുന്നു. 2019 ഡിസംബർ 10 -ന് വീണ്ടും അക്ഷയ് ഒരു  പരിശോധനാ ഹർജി സമർപ്പിക്കുന്നു. അത് ഒരാഴ്ചയ്ക്കകം തന്നെ ഡിസംബർ 18 -ന് സുപ്രീം കോടതി തള്ളുന്നു. 

ജനുവരി 7 -ന് ആദ്യത്തെ മരണവാറണ്ട് പുറപ്പെടുവിക്കപ്പെടുന്നു. തൂക്കാൻ നിശ്ചയിച്ച തീയതി ജനുവരി 22 . ജനുവരി 8 -ന് വിനയിന്റെ അഭിഭാഷകൻ ഒരു തടസ്സ ഹർജിയുമായി കോടതിയെ സമീപിക്കുന്നു. ജനുവരി 9 -ന് മുകേഷിന്റെ തടസ്സ ഹർജി. ഇതുരണ്ടും ജനുവരി 14 -ന് കോടതി തള്ളുന്നു. അതിനു പിന്നാലെ അന്നുതന്നെ, മുകേഷിന്റെ വക ഒരു ദയാ ഹര്‍ജി കൂടി കോടതിയിലെത്തുന്നു. അത് തള്ളുന്നത് ജനുവരി 17 -ന്. 'ദയാ ഹര്‍ജി തള്ളിയതിന് 14 ദിവസം കഴിഞ്ഞു മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ' എന്ന ഒരു വിധി നിലവിലുള്ളതു കൊണ്ട് , നേരത്തെ പുറപ്പെടുവിച്ച മരണവാറണ്ടു പ്രകാരമുള്ള ദിവസം വധശിക്ഷ നടപ്പിലാക്കാൻ നിയമപ്രകാരം കഴിയില്ല എന്ന് ദില്ലി ഗവൺമെന്റ് കോടതിയെ അറിയിച്ചു.

The legal loop holes that delayed the execution of the nirbhaya convicts till date

അതുകൊണ്ട്, ജനുവരി 17 -ന്  കോടതി വീണ്ടും അടുത്ത മരണവാറണ്ട് പുറപ്പെടുവിക്കുന്നു. ഇത്തവണ തീയതി ഫെബ്രുവരി 1 എന്നുറപ്പിക്കുന്നു. ജനുവരി 27 -ന് ദയാ ഹര്‍ജിയോട് ബന്ധപ്പെടുത്തി ഒരു റിട്ട് പെറ്റിഷൻ, മുകേഷിന്റെ അഭിഭാഷകൻ വഴി. ജനുവരി 29 -ന് അക്ഷയിന്റെ വക ഒരു ക്യൂറേറ്റിവ് പെറ്റിഷൻ. അന്നുതന്നെ വിനയിന്റെ പേരിൽ ഒരു ദയാ ഹര്‍ജിയും കൂടി ചെന്നപ്പോൾ കാര്യങ്ങൾ വീണ്ടും കുഴയുന്നു. ജനുവരി 31 -ന്, വധശിക്ഷ നടപ്പിലാക്കേണ്ടതിന്റെ തലേന്ന്, മരണവാറണ്ട് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജിയും കോടതിക്ക് മുന്നിൽ എത്തുന്നു. കുറ്റവാളികൾക്ക് അനുകൂലമായ വിധി, ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. അന്നുതന്നെ അക്ഷയിന്റെ വക അടുത്ത ദയാ ഹര്‍ജിയും പുതുതായി കോടതിയിൽ ഫയൽ ചെയ്യപ്പെടുന്നു. അത് ഫെബ്രുവരി 1 -ന് കോടതി തള്ളുന്നു. അത് കോടതി ഫെബ്രുവരി 5 -ന് തള്ളുന്നു. ഫെബ്രുവരി 11 -ന് അടുത്ത ഹർജി, വിനയ് വക ദയാ ഹര്‍ജിയുമായി ബന്ധപ്പെട്ട ഒരു റിട്ട്. അത് ഫെബ്രുവരി 14 -ന് തള്ളപ്പെടുന്നു. 

കോടതി വക മൂന്നാമത്തെ വാറണ്ട് ഫെബ്രുവരി 17 -ന് പുറപ്പെടുവിക്കപ്പെടുന്നു. ഇത്തവണ തീയതി മാർച്ച് 3 ആയി നിശ്ചയിക്കപ്പെടുന്നു. ശിക്ഷ നടപ്പിലാക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ, പവന്റെ വക അടുത്ത തടസ്സ ഹർജി ഫെബ്രുവരി 28 -ന് കോടതിയിലെത്തുന്നു. അത് മാർച്ച് 2 -ന് കോടതി തള്ളുന്നു. മാർച്ച് 2 -ന് പവന്റെ വക ദയ ഹർജി നിയമപരമായി അവശേഷിക്കുന്ന അവസാനത്തെ മാർഗ്ഗം, സമർപ്പിക്കപ്പെടുന്നു. മാർച്ച് നാലിന് അതും കോടതി തള്ളുന്നു. 

അതോടെ നിയമത്തിന്റെ എല്ലാ പഴുതുകളും അടഞ്ഞു എന്നും, ഇത് അവസാനത്തെ മരണ വാറണ്ടാണ് എന്നും പറഞ്ഞുകൊണ്ട്, നാലാമത്തെ മരണവാറണ്ടും വരുന്നു, ഇത്തവണ ഏറ്റവും പുതിയ തീയതി, മാർച്ച് 20, വധശിക്ഷ നടപ്പിലാക്കാൻ വേണ്ടി തീരുമാനിക്കപ്പെടുന്നു. 

ഏറ്റവും ഒടുവിലായി മാർച്ച് 6 -ന് മുകേഷ് സിംഗ് എന്ന പ്രതി, തന്റെ നിയമപരിരക്ഷാമാർഗ്ഗങ്ങൾ ഒക്കെയും പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി പുതുതായി സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രവും, ദില്ലി സർക്കാരും, കേസിലെ അമിക്കസ് ക്യൂറിയായി വൃന്ദാ ഗ്രോവറും ചേർന്ന് തന്നെ വഞ്ചിച്ചു എന്നാണ് കാരണമായി പ്രതി പറയുന്നത്. തന്റെ അറിവോ സമ്മതമോ കൂടാതെ, തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഏതൊക്കെയോ വക്കാലത്തുകളിൽ ഒപ്പിടീച്ച തന്റെ വക്കീലും അമിക്കസ് ക്യൂറിയും ചേർന്ന് തന്നെ വഞ്ചിച്ചു എന്നായിരുന്നു തന്റെ അഭിഭാഷകൻ എം എൽ ശർമ്മ വഴി സമർപ്പിച്ച അവസാനമായി സമർപ്പിച്ച ഹർജിയിൽ പ്രതികളിൽ ഒരാളായ  മുകേഷ് അവകാശപ്പെട്ടത്. 

ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇന്ന് പ്രതികൾ അവർക്ക് ലഭ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞു എന്ന് സ്ഥിരീകരിച്ചത്. അവസാനമായി സമർപ്പിച്ച ഹർജിയിലും മെരിറ്റൊന്നുമില്ല എന്ന് കണ്ട ബെഞ്ച് അതും തള്ളുകയായിരുന്നു . ഇതോടെ ഇനി നാളെ രാവിലെ 5.30 -ന് തങ്ങൾ ചെയ്ത കുറ്റത്തിന് രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങുക എന്നത് മാത്രമാണ് പ്രതികൾക്കുമുന്നിൽ അവശേഷിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios