9.5 കോടി ജനങ്ങൾ. ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകൾ 300 -ൽ താഴെ. മരണങ്ങൾ - പൂജ്യം.  അത്ഭുതം എന്നവാക്കിൽ കുറഞ്ഞ ഒരു വിശേഷണവും വിയറ്റ്നാം എന്ന കുഞ്ഞൻ കമ്യൂണിസ്റ്റ് രാജ്യം കൊവിഡിനെതിരെയായ പോരാട്ടത്തിൽ കൈവരിച്ച നേട്ടത്തെ വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാൻ സാധ്യമല്ല. കൊറോണവൈറസിനെതിരായ പോരാട്ടവിജയങ്ങളുടെ കഥകൾ പറയുമ്പോൾ ആദ്യം കേൾക്കുന്ന പേരുകൾ ദക്ഷിണ കൊറിയ, ജർമനി, ചൈന എന്നിങ്ങനെയുള്ളവയാണ്. എന്നാൽ, അക്കൂട്ടത്തിൽ ഒരിക്കലും നമ്മൾ വിയറ്റ്നാമിലെ പേര് വേണ്ടത്ര കേട്ടിട്ടില്ല. 

 

 

വിയറ്റ്നാം കൈവരിച്ച ഈ നേട്ടം ഒരു യാദൃച്ഛികതയല്ല. വളരെ പ്ലാൻ ചെയ്ത് ക്രമാനുഗതമായി നടപ്പിൽ വരുത്തിയ രോഗപ്രതിരോധ പദ്ധതികളുടെ പ്രവർത്തനവിജയമാണ് ഈ നേട്ടം. കൊവിഡ് 19 എന്ന രോഗത്തെ ഒരു മഹാമാരി എന്ന നിലയ്ക്ക് വളരെ നേരത്തെ തിരിച്ചറിയാനും അതിനോട് വീണ്ടും വിധം പ്രതികരിക്കാനും വിയറ്റ്നാമിന് സാധിച്ചു. നേരത്തെ കണ്ടറിഞ്ഞു വേണ്ടത് ചെയ്യാനായി എന്നത് മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ വിയറ്റ്നാമിന് മുൻകൈയായി. വിയറ്റ്നാമിൽ ആദ്യത്തെ കേസ് പ്രത്യക്ഷപ്പെടുന്നത്, ഹോ ചിമിൻ സിറ്റിയിൽ ജനുവരി 23 -നാണ്.

ജനുവരി 13 -ന് വുഹാനിൽ നിന്ന് വന്നിറങ്ങിയ രണ്ടു ചൈനക്കാർ, അസുഖവും കൊണ്ടാണ് വന്നത്. പത്തുദിവസം നാടുമുഴുവൻ കറങ്ങിയിട്ടാണ് അവർക്ക് അസുഖമുണ്ടെന്നു സ്ഥിരീകരിക്കുന്നത്. ഒന്നോ രണ്ടോ കേസുകൾ മാത്രമാണുണ്ടായിരുന്നത്. എന്നിട്ടും ഗവൺമെന്റ് വളരെ കൃത്യമായി പ്രതികരിച്ചു. ഒരു   സ്‌കൂളുകൾ അടച്ചിടാൻ ഉത്തരവിറങ്ങി. യൂണിവേഴ്സിറ്റികൾ അടച്ചു. പിന്നെ നടന്നതേ കേസ് കണ്ടെത്തൽ, കോൺടാക്റ്റ് ട്രേസ് ചെയ്യൽ തുടങ്ങിയവയുടെ ഒരു ഭഗീരഥ യജ്ഞമാണ്. അങ്ങനെ കണ്ടെത്തിയ എല്ലാവരെയും വളരെ കർക്കശമായ ക്വാറന്റൈനിങ്ങിനു വിധേയരാക്കി. പ്രതികരണത്തിന്റെ വേഗതയാണ് വിയറ്റ്നാമിനെ സഹായിച്ചത്. ഒരു പക്ഷേ ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ ഈ മഹാമാരിയോട് പ്രതികരിച്ചത് വിയറ്റ്‌നാം തന്നെയാകും. 

കൊവിഡിനെ WHO ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ജനുവരി 30 -ന് തന്നെ ചേർന്ന വിയറ്റ്നാമിലെ നാഷണൽ സ്റ്റിയറിങ് കമ്മിറ്റി ഓൺ എപ്പിഡമിക്സ് പ്രിവൻഷൻ നടപടികൾ ശക്തമാക്കാൻ ഉത്തരവിട്ടു. ഫെബ്രുവരി ഒന്നാം തീയതി രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 6 മാത്രം. അന്നുതന്നെ വിയറ്റ്നാം പ്രധാനമന്ത്രി ങ്ഗുയെൻ സുവാൻ ഫുക്ക് കൊവിഡിനെ ദേശീയ പകർച്ചവ്യാധി ആയി പ്രഖ്യാപിച്ചു. അന്ന് പക്ഷേ,  കൊറോണ വൈറസ് ഇന്ന് നമ്മൾ കാണുന്നത്ര ഭീകരനായിട്ടില്ല എന്നോർക്കണം.

ഫെബ്രുവരി ഒമ്പതിന് പ്രസ്തുത രോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ ജനങ്ങൾക്ക് തത്സമയം ലഭ്യമാക്കാൻ ഒരു വെബ്‌സൈറ്റും വിയറ്റ്നാം ഗവൺമെന്റ് ആരംഭിച്ചു. രാജ്യത്തെ 700 ആശുപത്രികളെ സംയോജിപ്പിച്ചുകൊണ്ട് ഒരു ടെലി കോൺഫറൻസ് നടത്തി വേണ്ട നിർദേശങ്ങൾ നൽകപ്പെട്ടു. 

ആകെ കേസുകളുടെ എണ്ണം 16 ആയി നിന്ന സമയത്തുതന്നെ വളരെ കർശനമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. ആ പതിനാറു പേരും ഫെബ്രുവരി അവസാനം തന്നെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. പതിനാറു രോഗികൾക്ക് ശേഷം 22 ദിവസം പുതിയ കേസുകൾ ഒന്നുമില്ലായിരുന്നു വിയറ്റ്നാമിൽ. ഈ താത്കാലികമായുണ്ടായ അറുതി കണക്കിലെടുത്ത് വിയറ്റ്നാമിനെ അമേരിക്കൻ സിഡിസി അപകട ലിസ്റ്റിൽ നിന്ന് മാറ്റുകയും ചെയ്‌തു. 

 

 

എന്നാൽ, തുടക്കത്തിലുണ്ടായ വിജയത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായത്. ഹാനോയിയിൽ നിന്ന് ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ് വഴി കറങ്ങി മാർച്ച് 2 -ന് തിരിച്ചെത്തിയ ഒരു വിയറ്റ്നാമീസ് പൗരനായിരുന്നു പതിനേഴാമത്തെ രോഗി. അയാൾ പക്ഷേ, എങ്ങനെയോ ക്വാറന്റൈൻ ലിസ്റ്റിൽ നിന്ന് ചാടിപ്പോയി. പ്രോട്ടോക്കോൾസ് പാലിക്കാതെ അയാൾ മാർച്ച് 2 മുതൽ മാർച്ച് 6 വരെ ഹാനോയിയിൽ കറങ്ങി നടന്നു. മാർച്ച് 6 -ന് അയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 

രണ്ടു ദിവസത്തിനുശേഷം മാർച്ച് 8 -ന് ഉപപ്രധാനമന്ത്രിയും ആരോഗ്യവകുപ്പ്  മന്ത്രിയുമായ  വു ഡുക് ഡാം രാജ്യം കോവിഡ് പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി പ്രഖ്യാപിച്ചു. അതിനുപിന്നാലെ പുതിയ നിർദേശങ്ങളും ജനങ്ങളെ തേടിയെത്തി. ആരോഗ്യസ്ഥിതി സർക്കാരിനെ അറിയിക്കാൻ മൊബൈൽ ആപ്പ് വന്നു. ഒന്നാം ഘട്ടത്തിൽ ചൈന മാത്രമായിരുന്നു രോഗത്തിന്റെ പ്രഭവകേന്ദ്രം എങ്കിൽ, രണ്ടാം ഘട്ടത്തിൽ പല രാജ്യങ്ങളിൽ നിന്നും രോഗികൾ വന്നു. 

മൂന്നാം ഘട്ടത്തിലേക്ക് വിയറ്റ്‌നാം കടന്നത് അതിലും പെട്ടെന്നായിരുന്നു. എവിടെനിന്ന് അസുഖം പകർന്നു എന്നറിയാത്ത രണ്ടു ഹോട്ട്സ്പോട്ടുകൾ ഹാനോയിയിലെ ബാക്ക് മോയി ആശുപത്രിയിലും  ഹോചിമിൻ സിറ്റിയിലെ ബുദ്ധാ ബാറിലും സ്ഥിരീകരിക്കപ്പെട്ടു. മാർച്ച് 22 മുതൽ വിദേശികൾക്ക് നിരോധനമേർപ്പെടുത്തപ്പെട്ടു. അപ്പോഴും തിരിച്ചു വരുന്ന വിയറ്റ്നാമീസ് പൗരന്മാർക്ക് പ്രവേശനം ഉണ്ടായിരുന്നു എങ്കിലും അവർക്ക് ക്വാറന്റൈൻ ചട്ടങ്ങൾ വളരെ കർശനമായി പാലിക്കേണ്ടതുണ്ടായിരുന്നു. 

മാർച്ച് 23 -ണ് പ്രധാനമന്ത്രി രാജ്യത്ത് മൂന്നാം ഘട്ടം തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചു. അത് സമൂഹവ്യാപനത്തിന്റെ ഘട്ടമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റെഫറൽ ആശുപത്രിയായ ബാക്ക് മോയി ആശുപത്രി തന്നെയായിരുന്നു ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്പോട്ടും. മാർച്ച് 28 -ന് ഒരു ദിവസം കൊണ്ട് പത്തു പുതിയ കേസുകൾ ആശുപത്രി കേന്ദ്രീകരിച്ചു റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ച് 30 -ന് പ്രധാനമന്ത്രി കൊവിഡിനെ ദേശീയ മഹാമാരിയായി പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നാം തീയതി മുതൽ രാജ്യം ലോക്ക് ഡൗണിലായി. ദേശവ്യാപകമായി ഐസൊലേഷന് ആഹ്വാനമുണ്ടായി. ആൾക്കൂട്ടങ്ങൾ നിരോധിക്കപ്പെട്ടു. വീട്ടിൽ തന്നെ ഇരിക്കാൻ നിര്ദേശമുണ്ടായി. ചൈനയുമായുള്ള 1400 കിലോമീറ്ററിലധികം വിസ്താരമുള്ള അതിർത്തി കൊട്ടിയടച്ചു. ക്വാറന്റൈൻ ചട്ടങ്ങൾ കർശനമാക്കി. 

വിയറ്റ്നാം മുന്നോട്ടു വെക്കുന്ന കൊവിഡ് വിജയത്തിന്റെ 'ലോ കോസ്റ്റ്' മോഡൽ 
 
വിയറ്റ്നാമിന്റെ വിജയം അത്ര ചെലവുണ്ടാക്കിയ ഒന്നല്ല. അയൽക്കാരായ തായ്‌വാന്റെയും ദക്ഷിണകൊറിയയുടെയും വിജയമോഡലുകളുടേതിന്റെ നേരെ വിപരീതമാണ് അതിന്റെ പ്രവർത്തനതത്വങ്ങൾ. അവയെക്കാളൊക്കെ ഏറെ ചെലവ് കുറഞ്ഞതും. ലക്ഷക്കണക്കിന് പൗരന്മാരെ ടെസ്റ്റുചെയ്ത ദക്ഷിണകൊറിയൻ നയം പിന്തുടരാനുളള സാമ്പത്തികം വിയറ്റ്നാമിന് ഇല്ലായിരുന്നു. അതുകൊണ്ട് ഉള്ള ടെസ്റ്റിങ് കിറ്റുകൾ വിവേചനബുദ്ധ്യാ പ്രയോജനപ്പെടുത്തുകയാണ് അവർ ചെയ്‌തത്‌. അതോടൊപ്പം കോൺടാക്റ്റ് ട്രേസിങ്, ക്വാറന്റൈനിങ് തുടങ്ങിയ പ്രവർത്തനങ്ങളിലേക്ക് അവർ പൂർണശ്രദ്ധ പതിപ്പിച്ചു. വേണ്ടിടങ്ങളിൽ വളരെ കർശനമായ ലോക്ക് ഡൌൺ ഏർപ്പെടുത്തിയും അത്രയ്ക്ക് അത്യാവശ്യമില്ല എന്ന് തോന്നിയ ഇടങ്ങളിൽ ഇളവുകൾ നൽകിയും അവർ ദൈനംദിനാടിസ്ഥാനത്തിൽ തങ്ങളുടെ ഹോട്ട്സ്പോട്ടുകളെ കൃത്യമായി പരിചരിച്ചു. മുൻകരുതലും കൃത്യതയും അവർ പാലിച്ചു. കേസുകൾ വരുന്ന മുറയ്ക്ക് ഗ്രീൻ സ്പോട്ടുകൾ  ഹോട്ട്സ്പോട്ടുകൾ ആയും രോഗം ഭേദമാകുന്ന മുറക്ക് തിരിച്ചും മാറിക്കൊണ്ടിരുന്നു. 

 

 

 സ്വന്തം നാട്ടുകാരിൽ നിന്ന് വളരെ പോസിറ്റീവ് ആയ ഒരു സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കാൻ വിയറ്റ്നാമിലെ ഭരണാധികാരികൾക്ക് സാധിച്ചു എന്നതാണ് അവരുടെ വിജയത്തെ ഇത്രക്ക് എളുപ്പമാക്കിയ ഒരു സുപ്രധാനഘടകം. ചൈനയിലെപ്പോലെ പലരും ചൂണ്ടിക്കാണിക്കുന്നത് വിയറ്റ്നാമിലെ ജനാധിപത്യ രാഹിത്യമാണ് എങ്കിലും, വിയറ്റ്നാമിന്റെ വിജയത്തിന് അതൊരു ഘടകമേ ആയിരുന്നില്ല എന്നതാണ് വാസ്തവം. തികച്ചും സുതാര്യവും, ആത്മാർത്ഥവുമായ പ്രവർത്തനങ്ങൾ വിയറ്റ്നാമിലെ ഭരണാധികാരികളിൽ നിന്നുണ്ടായി. അവർ ജനങ്ങളെ പൂർണ്ണമായും വിശ്വാസത്തിലെടുത്തു. ജനങ്ങൾ ഗവൺമെന്റിനെയും. 

ഏപ്രിൽ അവസാനവാരത്തോടെ വിയറ്റ്‌നാം ഏതാണ്ട് പൂർണമായിത്തന്നെ വൈറസ് ബാധയിൽ നിന്ന് മുക്തമായി. മെയ് ഒന്നാം തീയതി വിയറ്റ്നാം ഒരു രോഗബാധ പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏഴു ദിവസങ്ങൾ പൂർത്തിയാക്കി. നാളെ അവിടത്തെ സ്‌കൂളുകൾ തുറക്കും. വെള്ളിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചിരുന്ന 219 പേരും അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. 443 കേസുകൾ സംശയത്തിന്റെ നിഴലിൽ ഉണ്ട്. 35,000 പേർ നിരീക്ഷണത്തിലാണ്. കോവിഡ് കാരണം ഒരൊറ്റ പൗരനുപോലും ജീവൻ നഷ്ടപ്പെടാതെ കാക്കാൻ വിയറ്റ്നാമിനായി. എന്തായാലും സമ്പത്തും സമൃദ്ധിയും വികസനവും പല തലങ്ങളിൽ നിൽക്കുന്ന ലോകരാഷ്ട്രങ്ങൾക്കിടയിൽ അനുകരണീയമായ ഒരു മാതൃകയാണ് വിയറ്റ്നാം മുന്നോട്ടു വെക്കുന്ന കൊവിഡ് വിരുദ്ധ പോരാട്ടത്തിന്റെ ഈ 'ലോ കോസ്റ്റ്' കമ്യൂണിസ്റ്റ് മോഡൽ..!