Asianet News MalayalamAsianet News Malayalam

വ്യാജ എൻകൗണ്ടർ കൊലപാതകങ്ങളുടെ നിഗൂഢലോകം, നിയമത്തിന്റെ പിടിയിൽ നിന്ന് സ്പെഷ്യലിസ്റ്റുകളെ രക്ഷിച്ചു നിർത്തുന്ന വകുപ്പുകൾ

പൊലീസ് കസ്റ്റഡിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുറ്റവാളികൾ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. അല്ലെങ്കിൽ, തെളിവെടുപ്പിനിടെ പൊലീസിന്റെ ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച കുറ്റവാളികളെ പൊലീസ് ആത്മരക്ഷാർത്ഥം വെടിവെച്ചുവീഴ്ത്തി. ഇങ്ങനെയൊക്കെയായിരിക്കും പത്രങ്ങളിലെ തലക്കെട്ടുകൾ.

The mysterious world of staged encounter killings, the laws that protect the specialists
Author
Delhi, First Published Dec 6, 2019, 3:11 PM IST

എൻകൗണ്ടർ കൊലപാതകം. ഇന്ത്യൻ മാധ്യമങ്ങളിൽ പലവട്ടം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു വാക്കാണിത്. പലപ്പോഴും കൊലപാതകം എന്ന ഭാഗം റിപ്പോർട്ടിങ്ങിന്റെ ഭാഗമാവില്ല. പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുറ്റവാളികൾ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. അല്ലെങ്കിൽ, തെളിവെടുപ്പിനിടെ പൊലീസിന്റെ ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച കുറ്റവാളികളെ പൊലീസ് ആത്മരക്ഷാർത്ഥം വെടിവെച്ചുവീഴ്ത്തി. ഇങ്ങനെയൊക്കെയായിരിക്കും പത്രങ്ങളിലെ തലക്കെട്ടുകൾ. പൊലീസ് നൽകുന്ന വിവരണവും എന്നും ഏകദേശം ഒരുപോലിരിക്കും എന്നുമാത്രം. 

The mysterious world of staged encounter killings, the laws that protect the specialists

ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥകൂടിയാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണ്. വികസനത്തോടൊപ്പം ഇന്ത്യയിൽ കുറ്റകൃത്യങ്ങളുടെ തോതും വർധിച്ചിട്ടുണ്ട്. പുതിയ കുറ്റകൃത്യങ്ങൾ വന്ന മുറയ്ക്ക് ഭരണകൂടവും പൊലീസും നീതിന്യായ വ്യവസ്ഥയും ചേർന്നുകൊണ്ട് അവയെ ചെറുക്കാനുള്ള പുതിയ നിയമങ്ങളും നിർമ്മിച്ചുകൊണ്ടിരുന്നു. ഈ നിയമങ്ങൾ നടപ്പിലാക്കേണ്ട കോടതിക്ക് മുന്നിൽ സമയാനുസൃതമായി കുറ്റവാളികളെ കണ്ടെത്തി, പഴുതടച്ച കുറ്റപത്രങ്ങൾ സമർപ്പിച്ച് അവരെ കൊണ്ടുനിർത്തേണ്ട ചുമതലയുള്ള പൊലീസ് പലപ്പോഴും അക്കാര്യത്തിൽ വേണ്ടത്ര ഫലപ്രദമാകാതെ പോകുന്നു. കുറ്റവാളികൾ അവരുടെ സ്വാധീനം ഉപയോഗിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നു, അല്ലെങ്കിൽ ശിക്ഷ പരമാവധി വൈകിക്കുന്നു. കേരളത്തിൽ തന്നെ പല കേസുകളിലും നമ്മൾ ഈ അവസ്ഥ നേരിൽ കണ്ടിട്ടുള്ളതാണ്. 

പൊലീസിന്റെ അസംതൃപ്തി 

പൊലീസ് കൃത്യമായി അന്വേഷിക്കുന്ന കേസുകളിൽ പോലും പലപ്പോഴും വിചാരണവേളയിൽ പ്രോസിക്യൂട്ടറെ സ്വാധീനിച്ച്, സാക്ഷികളെ കൂറുമാറ്റി പ്രതികൾ രക്ഷപ്പെടുന്നു. അത് പലപ്പോഴും, പൊലീസ് ഉദ്യോഗസ്ഥരെ ഏറെ പ്രാകൃതമായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഇന്നയാളാണ് പ്രതി എന്ന് തങ്ങളുടെ മുന്നിൽ അപ്പോൾ വന്ന സാഹചര്യത്തെളിവുകൾ വെച്ച് അവർ ഉറപ്പിക്കുന്നു. മിനക്കെട്ട് പിടികൂടി കോടതിയിൽ ഹാജരാക്കിയാലും അവർ രക്ഷപ്പെട്ടുപോകും എന്ന് തോന്നുമ്പോൾ, അവർ കോടതിവരെ എത്താതെ താനെന്ന അത്തരം കേസുകളിൽ, നീതി ഉറപ്പുവരുത്തേണ്ട ന്യായാധിപന്റെ റോൾ കൂടി ഏറ്റെടുത്ത് വിധിനടപ്പിലാക്കുന്നു. അങ്ങനെ കോടതിയിൽ എത്തും മുമ്പ് നടപ്പിലാക്കപ്പെടുന്ന വധശിക്ഷകളെ ഇന്ത്യയിൽ വിളിക്കുന്ന പേരാണ് എൻകൗണ്ടറുകൾ എന്നത്. ഇത്തരം എൻകൗണ്ടർ കൊലപാതകങ്ങളുടെ ഒരു പ്രത്യേകത, കോടതിക്ക് ആ കൊലകൾ തീർത്തും നിയമത്തിന്റെ പരിധിക്കകത്തു നിൽക്കുന്നതാണ്, ഉദ്യോഗസ്ഥൻ തന്റെ ഡ്യൂട്ടി നിർവഹണത്തിന്റെ ഭാഗമായി നിർവഹിച്ചതാണ് എന്ന് ബോധിപ്പിക്കുന്ന എല്ലാ തെളിവുകളും, അതിനുവേണ്ട ദൃക്‌സാക്ഷികളെയടക്കം പൊലീസ് ഹാജരാക്കിയിരിക്കും.

The mysterious world of staged encounter killings, the laws that protect the specialists

അവർക്ക് വിപരീതമായ രീതിയിൽ സാക്ഷ്യം പറയേണ്ട സിസിടിവി കാമറകൾ ആ നിർണായക സമയത്ത് വളരെ ആകസ്മികമായി പ്രവർത്തന രഹിതമായിട്ടുണ്ടാകും. പല നിർണായക മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. പല ഫോറൻസിക് തെളിവുകളും പൊലീസ് അവഗണിച്ചിട്ടുണ്ടാകും. സമയാനുസൃതമായി ശേഖരിക്കേണ്ട തെളിവുകൾ, ആ സമയം അവസാനിക്കും വരെ ശേഖരിക്കില്ല. അങ്ങനെ കോടതിയിൽ എത്തുമ്പോൾ, തെളിവുകളുടെ അഭാവത്തിൽ പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസർമാർക്കും കോടതി ക്ലീന്‍ ചിറ്റ് നൽകും. ഇതിനിടെ അവർ അടുത്ത സെറ്റ് എൻകൗണ്ടറുകളുടെ വിചാരണയ്ക്കായി കോടതിയിൽ എത്തിയിട്ടുണ്ടാകും. വീണ്ടും അതേ പ്രക്രിയ തന്നെ ആവർത്തിക്കപ്പെടും. ഇതാണ് ചരിത്രം. 

എൺപതുകളുടെ തുടക്കത്തിൽ മുംബൈ പൊലീസിലെ ഡേർട്ടി ഹാരികൾ എന്നറിയപ്പെട്ടിരുന്ന 1983 ബാച്ച് ഓഫീസർമാരാണ് ഈ വാക്കിനെ ഇന്ത്യയിൽ ഏറെ ജനപ്രിയമാക്കുന്നത്. ദയാ നായക്ക്, പ്രദീപ് ശർമ്മ, പ്രഫുൽ ഭോസ്ലെ, വിജയ് സലസ്കർ എന്നിങ്ങനെ പലരും തോക്കും പിടിച്ചുകൊണ്ട് പത്രത്താളുകളിൽ നിറഞ്ഞുനിന്നു. നാനാപടേക്കർ അഭിനയിച്ച് ഷിമിത് അമിൻ സംവിധാനം ചെയ്ത 'അബ് തക്  56' എന്ന ബോളിവുഡ് ചിത്രം എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എന്ന വാക്കിന് ഒരു കാല്പനിക പരിവേഷം പോലും ചാർത്തിക്കൊടുത്തു. അവരിൽ ഒരാൾ ഒരിക്കൽ പറഞ്ഞത്, "ഞായറാഴ്ച ദിവസം (ആരെയും വെടിവെച്ചുകൊല്ലാനില്ലാത്തതു കൊണ്ട്) എനിക്ക് ബോറടിക്കാറുണ്ട് എന്നാണ്". ഇത്തരം കൊലപാതകങ്ങൾ പിന്നീടുള്ള ദശകത്തിൽ ഗുജറാത്തിലും, ആന്ധ്രാപ്രദേശിലും, തമിഴ്‌നാട്ടിലും ഒക്കെ ആവർത്തിക്കപ്പെട്ടു. അവ നീതി നടപ്പിലാക്കലിന്റെ 'അതിവേഗ ' മാതൃകകളായി വാഴ്ത്തപ്പെട്ടു. 

എന്താണ് ഒരു വ്യാജ ഏറ്റുമുട്ടൽ കൊല അഥവാ ഫെയ്ക്ക് എൻകൗണ്ടർ 

തങ്ങൾ നേരത്തേ പിടികൂടിയ, നിരായുധരായ ഒന്നോ അതിലധികമോ കസ്റ്റഡിപ്രതികളെ പൊലീസ് അവർ തയ്യാറാക്കിയ ക്രൈം സീനിലേക്ക് കൊണ്ടുവന്ന് അവരെ  വെടിവെച്ചു കൊന്നുകളയുന്നു. ഈ സാഹചര്യങ്ങളിൽ വിശ്വാസ്യത ഏറ്റുവാൻ വേണ്ടി പ്രതികളുടെ കയ്യിൽ തോക്കുകൾ പിടിപ്പിച്ച് അതിൽ നിന്ന് ഉണ്ടകൾ പായിക്കുന്നു. ആ ഉണ്ടകൾ പിന്നീട് തെളിവായി കണ്ടെടുക്കുന്നു. ചില കേസുകളിൽ പൊലീസിൽ ചിലർ ആ ഉണ്ടകൾ ഏറ്റുവാങ്ങാൻ തയ്യാറാകുന്നു. അതോടെ വിശ്വാസ്യത ഇരട്ടിക്കുന്നു. ഇരകളുടെ മൃതദേഹങ്ങൾക്കരികിൽ നിന്ന് ആ ആയുധങ്ങളും പിന്നീട് പൊലീസ് കണ്ടെടുത്തത് തെളിവായി കൂട്ടുന്നു. പല കേസുകളിലും തങ്ങളുടെ കസ്റ്റഡിയിൽ നിന്ന് പ്രതികൾ ഓടിരക്ഷപ്പെട്ടു എന്നും, അവരെ തേടിപ്പിടിച്ചു ശേഷം നടന്ന ഏറ്റുമുട്ടലിൽ അവർ കൊല്ലപ്പെട്ടു എന്നും വരുത്തുന്നു. 

ഈ കേസുകളിൽ വളരെ ചുരുങ്ങിയ എണ്ണത്തിൽ മാത്രം കോടതി ഓഫീസർമാർക്ക് ശിക്ഷവിധിച്ച ചരിത്രവുമുണ്ട്. എന്നാലും അത് വളരെ ചെറിയ ഒരു ശതമാനം കേസിൽ മാത്രം നടക്കുന്ന അപൂർവതയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശേഖരിച്ച കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന എൻകൗണ്ടർ കേസുകളിൽ പാതിയും വ്യാജമാണ്. 

അതിലംഘിക്കുന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശം 

പൊലീസ് വൃത്തങ്ങൾ ഈ എക്സ്ട്രാ ജുഡീഷ്യൽ വധങ്ങളെ എന്നും ന്യായീകരിച്ചു പോന്നിട്ടുണ്ട്. എന്നാൽ മറുവശത്ത് രാജ്യത്ത് പ്രവർത്തിക്കണ മനുഷ്യാവകാശ, നിയമസഹായ സംഘടനകൾ ആ കൊലപാതകങ്ങൾ കോടതിയുടെ ശ്രദ്ധയിലേക്ക് എത്തിക്കാനും ന്യായമായ വിചാരണ ഉറപ്പുവരുത്താനും ശ്രമിക്കുന്നുമുണ്ട്. ആർട്ടിക്കിൾ 21 പ്രകാരം ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഈ പൊലീസ് കൊലപാതകങ്ങൾ. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടനാ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശവും, സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉറപ്പുതരുന്നുണ്ട്. അതുകൊണ്ടുതന്നെ പൊലീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളിൽ രാജ്യത്തെ പൗരന്മാരുടെ ജീവൻ നഷ്ടമാകാതെ നോക്കാനുള്ള ബാധ്യതയും ഗവണ്മെന്റുകൾക്കുണ്ട്. 

എൻകൗണ്ടറിന് നിയമപരിരക്ഷ നൽകുന്ന വകുപ്പുകൾ 

ഇന്ത്യൻ നിയമ വ്യവസ്ഥയിൽ എൻകൗണ്ടർ എന്ന രഹസ്യകൊലപാതകങ്ങളെ നിയമവിധേയമാകുന്ന ഒരു വകുപ്പുമില്ല എന്നുകാണാം. അവിടെ പൊലീസ് എടുത്തുപയോഗിക്കുന്നത് ഇന്ത്യൻ പീനൽ കോഡിലെ സ്വയം രക്ഷാവകാശം സംബന്ധിച്ച വകുപ്പാണ്. ഐപിസി 96/100 വകുപ്പുകൾ പ്രകാരം ഈ പരിഗണനയിൽ പൊലീസ് ഓഫീസർക്ക് സംരക്ഷണം കിട്ടുന്നുണ്ട്. ഐപിസി സെക്ഷൻ 300 -ന്റെ മൂന്നാം ഒഴിവ് പ്രകാരം, ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്റെ സേവനം അനുഷ്ഠിക്കുന്നതിനിടെ നേരിടുന്ന തടസ്സങ്ങൾക്കിടെ നടക്കുന്ന സംഘർഷങ്ങളിൽ മറ്റൊരാളെ മനഃപൂർവം വധിക്കുക എന്ന ഉദ്ദേശത്തോടെയല്ലാതെ നടത്തുന്ന സ്വയരക്ഷാപരമായ ആക്രമണത്തിൽ അയാൾ വധിക്കപ്പെട്ടാൽ അത് കൊലപാതകത്തിന്റെ നിർവചനത്തിൽ പെടില്ല. 1951 -ലെ ബോംബെ പൊലീസ് ആക്ടിന്റെ സെക്ഷൻ 160 -ലും ചില സവിശേഷ സാഹചര്യങ്ങളിൽ ഓഫീസർമാർ നടത്തുന്ന പൊലീസ് എൻകൗണ്ടറുകൾക്ക് നിയമപരിരക്ഷ നൽകുന്നുണ്ട്. അതുപോലെ സിആർപിസി സെക്ഷൻ 46 (1) & (2) എന്നിവ കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ എങ്ങനെയും പിടികൂടാം എന്ന് പറയുന്നുണ്ട്. എന്നാൽ അതുപോലും, കൊലക്കുറ്റത്തിനോ അല്ലെങ്കിൽ ജീവപര്യന്തം തടവിനോ ശിക്ഷിക്കപ്പെട്ടവർ ഇതേ കൃത്യം ചെയ്‌താൽ അവരെ ഒരു കാരണവശാലും മാരകമായി പരിക്കേൽപ്പിക്കാൻ പാടില്ല എന്ന് കൃത്യമായി പറയുന്നുണ്ട്. എൻകൗണ്ടർ ചെയ്യപ്പെടുന്ന എല്ലാ പ്രതികളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ അല്ല എന്നതുതന്നെ കാരണം.  

എന്നാൽ, അതിനുശേഷം പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസും മഹാരാഷ്ട്രാ സർക്കാരുമായി നടന്ന വ്യവഹാരങ്ങളിലൊന്നിൽ ഏതൊരു എൻകൗണ്ടർ കൊലപാതകം നടന്നാലും അതേപ്പറ്റി വിശദമായി ഒരു സ്വതന്ത്രാന്വേഷണം നടത്തി പൊലീസ് പറയുന്ന കഥകൾ സത്യമോ എന്നുറപ്പിക്കാൻ സ്ഥലത്തെ മജിസ്‌ട്രേട്ടിന് ബാധ്യതയുണ്ട് എന്ന് വിധിച്ചിരുന്നു. ഇതിൻ പ്രകാരം നിർബന്ധമായും ഈ വിഷയത്തിൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കണം.തുടർന്ന് മജിസ്റ്റീരിയൽ ഇൻക്വയറി നടക്കണം, പ്രസ്തുത ഏറ്റുമുട്ടലിന്മേൽ നൽകാൻ സാധ്യതയുള്ള ഗാലൻട്രി അവാർഡുകൾ അന്വേഷണം പൂർത്തിയാകും വരെ തടഞ്ഞുവെക്കണം, എൻകൗണ്ടർ ചെയ്യപ്പെടുന്ന വ്യക്തികളെപ്പറ്റി ലഭിച്ചു എന്ന് പറയുന്ന രഹസ്യവിവരം കൃത്യമായി രേഖപെടുത്തപ്പെടണം. പ്രസ്തുത രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് പാർട്ടി ഏർപ്പെടുന്ന സംഘട്ടനം വധത്തിൽ കലാശിച്ചാൽ അത് കൃത്യമായി എഫ്‌ഐആർ ചെയ്യപ്പെടണം. പ്രസ്തുത കേസ് അന്വേഷിക്കുന്ന സംഘം അല്ലാതെ സിഐഡി പോലെ മറ്റൊരു സ്വതന്ത്രാന്വേഷണ സംഘം ഈ എൻകൗണ്ടറിലേക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണം. മരണം സംഭവിച്ചാൽ എത്രയും പെട്ടെന്ന് പ്രതികളുടെ ബന്ധുക്കളെ വിവരമറിയിക്കണം. ഈ മരണങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ആറുമാസം കൂടുമ്പോഴുള്ള റിപ്പോർട്ട് ഡിജിപി നേരിട്ട് ദേശീയ മനുഷ്യാവകാശകമ്മീഷന് നൽകണം എന്നിങ്ങനെ നിരവധി  നിർദേശങ്ങൾ എൻകൗണ്ടറുകൾ സംബന്ധിച്ച് സുപ്രീം കോടതിയുടേതായിട്ടുണ്ട്. 

കെ എസ് സുബ്രഹ്മണ്യൻ എന്ന മാവോയിസ്റ്റ് വേട്ടകൾക്കും മറ്റും നേതൃത്വം നൽകിയിട്ടുള്ള മുൻകാല ഐപിഎസ് ഓഫീസർ 2012 -ൽ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ ഇങ്ങനെ എഴുതിയിരുന്നു, "ഇന്ത്യൻ പൊലീസ് എന്നുമുതലാണ് സ്വയം നിയമമായി പരിണമിച്ചത്.?'' 'എൻകൗണ്ടർ' എന്ന ഓമനപ്പേരിൽ കാല്പനികവൽക്കരിച്ചുകൊണ്ട്, നിയമത്തിന്റെ ഭാഗിക പരിരക്ഷയോടെ തന്നെ നടക്കുന്ന ഈ എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾക്ക് തടയിടാൻ നീതിന്യായവ്യവസ്ഥ തന്നെ അടിയന്തരമായി ഇടപെട്ടുകൊണ്ട് വേണ്ടത് ചെയ്തില്ലെങ്കിൽ, അത് നീതിന്യായ വ്യവസ്ഥയ്ക്കും, ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള അടിസ്ഥാനസ്വാതന്ത്ര്യങ്ങൾക്കും ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. 

Follow Us:
Download App:
  • android
  • ios