2020 ഒരു അധിവർഷം അഥവാ ലീപ്പ് ഇയർ ആണ്. അതിന്റെ അർത്ഥം, നമുക്ക് ഇക്കൊല്ലം ഒരു ദിവസം അധികമായി കിട്ടുന്നു എന്നാണ്. കലണ്ടറിൽ ആ ദിവസം ചേർക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. ആ ദിവസം നാളെയാണ്. ഫെബ്രുവരി 29.  

എന്തിനാണ് നാലുവർഷം കൂടുമ്പോൾ ഒരു അധികദിവസം?  

ഭൂമിക്ക് ഒരു തവണ സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ, അഥവാ ഭ്രമണം ചെയ്യാൻ, എടുക്കുന്ന സമയം 24 മണിക്കൂർ ആണ്. ആ കറക്കത്തിനൊപ്പം ഒരു പ്രദക്ഷിണം അഥവാ ചുറ്റിക്കറക്കം കൂടി ഭൂമി ചെയ്യുന്നുണ്ട്. സൂര്യൻ എന്ന നക്ഷത്രത്തെ ചുറ്റിയാണ് പരിക്രമണം എന്നും അറിയപ്പെടുന്ന ആ പ്രദക്ഷിണം. ഒരു കൊല്ലമാണ് ഈ കറക്കത്തിന് എടുക്കും എന്ന് പറയുന്ന സമയം. ഒരു വർഷത്തിൽ 365 ദിവസമാണല്ലോ ഉള്ളത്. പക്ഷെ, ഈ ഭൂമിയുടെ കറക്കത്തിന് കൃത്യം 365 ദിവസമല്ല 365.24219 ദിവസങ്ങളാണ് എടുക്കുന്നത്. ഈ അധികം വരുന്ന 0.24219 ദിവസം അതായത്  5 മണിക്കൂർ 49 മിനിറ്റ് 12 സെക്കൻഡ് അഥവാ ഏകദേശം കാൽ ദിവസം, നാലുവർഷം കഴിയുമ്പോൾ ചേർന്നുചേർന്ന് ഒരു ദിവസമായി മാറും. ആ ഒരു ദിവസം വർഷത്തിലെ ഏറ്റവും കുറച്ചു ദിവസങ്ങൾ ഉള്ള മാസമായ ഫെബ്രുവരിയിൽ ആണ് ചേർക്കുന്നത്. ഇങ്ങനെ ചേർത്തില്ലെങ്കിൽ ഋതുക്കൾ കലണ്ടറുമായി യോജിച്ച് പോവില്ല എന്നതാണ് ഈ കൂട്ടിച്ചേർക്കലിന് പിന്നിലെ കാരണം. 

 ന്യൂമാ പോംപിലിയസിന്റെ കലണ്ടർ 

കലണ്ടറിലെ ഏറ്റവും ചെറിയ മാസമാണല്ലോ ഫെബ്രുവരി. ബാക്കി മാസങ്ങൾക്കൊക്കെ 30/31 ദിവസങ്ങളുള്ളപ്പോൾ ഫെബ്രുവരിക്കുമാത്രം ആകെയുള്ളത് 28 ദിവസങ്ങളാണ്. നമ്മൾ ഇന്നുപയോഗിക്കുന്ന കലണ്ടർ റോമൻ കലണ്ടറിനെ പിൻപറ്റിയുള്ളതാണ്. ബിസി എട്ടാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ന്യൂമാ പോംപിലിയസ് എന്ന ചക്രവർത്തിയാണ് ഇത് ആദ്യമായി ഉണ്ടാക്കിയത്. ഫെബ്രുവരിയുടെ ദിവസക്കുറവിനെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു അഭ്യൂഹം, മറ്റൊരു റോമാ ചക്രവർത്തിയായ അഗസ്റ്റസ് സീസർ തന്റെ പേരിലുള്ള മാസമായ ഓഗസ്റ്റിൽ ഒരു ദിവസം കട്ടെടുത്തതുകൊണ്ടാണ് എന്നാണ്. എന്നാൽ ശരിക്കുള്ള കാരണം, അന്നത്തെ കലണ്ടറിൽ ആദ്യകാലത്ത് പത്തുമാസമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. 

'ന്യൂമാ പോംപിലിയസ് '

അന്നത്തെ കലണ്ടർ എന്ന സംഭവം കൃഷിയുമായി ബന്ധമുള്ള ഒരു ഏർപ്പാടായിരുന്നു. റോമിലെ കർഷകർ ഗോതമ്പും ബാർലിയും ഒക്കെ കൃഷി ചെയ്തിരുന്നവരാണ്. അവർക്ക് കൃഷിയായിരുന്നു എല്ലാം. കൃഷി ചെയ്തിരുന്ന കാലത്തെ മാത്രമേ അവർ കണക്കിലെടുത്തുള്ളൂ. മാർച്ചിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കും അവരുടെ കൃഷിക്കാലം. ബാക്കി കാലത്തിന് പേരുപോലും ഇടാൻ പോംപിലിയസ്  മിനക്കെട്ടില്ല. അടക്കി 'ശൈത്യകാലം' എന്നൊരു പേരങ്ങിട്ടു. ഇങ്ങനെ പത്തുമാസം വെച്ച് കലണ്ടറുണ്ടാക്കിയപ്പോൾ ഒടുവിൽ അത് ചന്ദ്രമാസങ്ങളുമായി യോജിച്ചു പോകാതായി. കാരണം ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കുന്ന കലണ്ടറിൽ ഉണ്ടായിരുന്നത് 355 ദിവസങ്ങളും, 12 ചാന്ദ്രമാസങ്ങളുമായിരുന്നു. 

'ആന്റിയത്തിലെ നീറോയുടെ ഭവനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത റോമൻ കലണ്ടർ. ഏറ്റവും മുകളിലെ വരിയിൽ മാസങ്ങളുടെ പേര് എഴുതിയത് കാണാം.'

അതോടെ റോമക്കാർക്ക് ആകെ സംശയമായി. അതുവരെ ഉണ്ടായിരുന്ന ലൂണാർ കലണ്ടർ പിന്തുടരണോ അതോ ന്യൂമാ ചക്രവർത്തിയുടെ വാക്കും കേട്ടുകൊണ്ട് സൂര്യനെ ആശ്രയിച്ചുണ്ടാക്കിയ കലണ്ടർ പിന്തുടരണോ. എന്തായാലും, ഈ സംശയം പരിഹരിക്കാൻ ചക്രവർത്തി മാർച്ചിന് മുമ്പ് രണ്ടുമാസങ്ങൾ കൂട്ടിച്ചേർത്തു. അതാണ് ജനുവരിയും ഫെബ്രുവരിയും. അതുകൊണ്ട് പ്രശ്നം തീർന്നോ? ഇരട്ടയക്കങ്ങൾ അശുഭകരമാണ് എന്ന് വിശ്വസിച്ചിരുന്നവരാണ് റോമാക്കാർ. അതുകൊണ്ടുതന്നെ, അവരുടെ മാസങ്ങൾക്ക് ഒന്നുകിൽ 29 അല്ലെങ്കിൽ 31 വീതം ദിവസങ്ങളായിരുന്നു. പക്ഷേ, എന്നിട്ടും കണക്ക് ആകെ മൊത്തം ലൂണാർ കലണ്ടറുമായി തട്ടിച്ചുനോക്കുമ്പോൾ അങ്ങോട്ട് ശരിയാവുന്നുണ്ടായിരുന്നില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവർ ഒരു മാസം ഇരട്ടയക്കം ആക്കാം എന്ന് തീരുമാനിച്ചു. ഫെബ്രുവരിയായിരുന്നു കൂട്ടത്തിൽ ത്യാഗം ചെയ്യാനായി തെരഞ്ഞെടുക്കപ്പെട്ടത്. അവസാനമായി കൂട്ടിച്ചേർക്കപ്പെട്ട മാസം എന്നതുമാത്രമായിരുന്നു അങ്ങനെ ചെയ്യാൻ ആ മാസത്തെ തന്നെ തെരഞ്ഞെടുക്കാനുള്ള ഒരേയൊരു കാരണം. അങ്ങനെ മാർച്ചിൽ തുടങ്ങി ഏപ്രിലിൽ അവസാനിക്കുന്നതായിരുന്നു 12 മാസങ്ങളുള്ള ആ കലണ്ടർ. മാർച്ച്, മെയ്, ജൂലൈ, ഒക്ടോബർ മാസങ്ങൾക്ക് 31 ദിവസങ്ങളും; ജനുവരി, ഏപ്രിൽ, ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ, ഡിസംബർ മാസങ്ങൾക്ക് 29 ദിവസങ്ങളുമാണ് ആ കലണ്ടറിൽ ഉണ്ടായിരുന്നത്. 

ന്യൂമൻ കലണ്ടറിൽ നിന്ന് ജൂലിയൻ കലണ്ടറിലേക്ക്  

പിന്നീടാണ് ജൂലിയസ് സീസറിന്റെ ഇടപെടൽ ഉണ്ടാകുന്നതും, വർഷത്തിൽ 365 ദിവസങ്ങൾ എന്നുവരുന്നതും. അങ്ങനെ കേറിവന്ന പത്ത് അധികദിവസങ്ങൾ മാസങ്ങൾക്ക് വീതിച്ചുനൽകിയപ്പോഴും, ഫെബ്രുവരിക്ക് ഒന്നും കൊടുത്തില്ല. ജനുവരി -31 ദിവസം, ഫെബ്രുവരി മാർച്ച് -31 ദിവസം, ഏപ്രിൽ -30 ദിവസം, മെയ് -31 ദിവസം, ജൂൺ -30 ദിവസം, ജൂലൈ -31 ദിവസം, ഓഗസ്റ്റ് -31 ദിവസം, സെപ്റ്റംബർ -30 ദിവസം, ഒക്ടോബർ-31 ദിവസം നവംബർ -30 ദിവസം ഡിസംബർ-31 ദിവസം എന്ന രൂപത്തിലാക്കുന്നത് ജൂലിയസ് സീസർ ആണ്. സൂര്യനെ ഭൂമി കറങ്ങി വരുന്നതിൽ ഓരോ വർഷവും കാൽ ദിവസം അധികമുണ്ടെന്നും അത് നാലുവർഷം കൂടുമ്പോൾ അധിവർഷമായി കണ്ട് കൂട്ടണം എന്നും ജൂലിയൻ  കലണ്ടറിലാണ് തീരുമാനമായത്. 

'ജൂലിയസ് സീസർ '

ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് 

ജൂലിയൻ കലണ്ടറിനുമുണ്ടായിരുന്നു ചില പോരായ്മകൾ. അത് ഭൂമിക്ക് സൂര്യനെ ഒരു വട്ടം കറങ്ങി വരാനുള്ള സമയം കണക്കുകൂട്ടിയതിൽ 11 മിനുട്ടിന്റെ പിശകുണ്ടായിരുന്നു. അതുകാരണം ഋതുക്കളോട് ആ കലണ്ടർ ചേർന്നുപോകാതെയായി. ഈസ്റ്റർ എന്ന സുപ്രധാന ആഘോഷത്തിന്റെ സമയം കണക്കാക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. മാർച്ച് 21 -ന് വർഷാവർഷം വന്നിരുന്ന ഈസ്റ്റർ സൂര്യൻ ഭൂമധ്യരേഖ കടക്കുന്ന വിഷുവം (Equinox) എന്ന ജ്യോതിശാസ്ത്രസംഭവം നടക്കുന്ന സമയത്തിൽ നിന്ന് അകന്നകന്നു പോകാൻ തുടങ്ങി. വിശ്വാസികൾ ഈസ്റ്ററും ഇക്വിനോക്‌സും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചു കണ്ടിരുന്നതിനാൽ ഈ ഒരു വ്യത്യാസം അവരെ അലട്ടാൻ തുടങ്ങി. ഈ പോരായ്മ പരിഹരിക്കപ്പെടുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. 


 'പോപ്പ് ഗ്രിഗറി XIII'

പോപ്പ് ഗ്രിഗറി പതിമൂന്നാമന്റെ സാമ്രാജ്യത്തിലെ ശാസ്ത്രജ്ഞനായിരുന്ന അലോഷ്യസ് ലിലിയസ് ആണ് ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗം കണ്ടെത്തുന്നത്. അധിവർഷത്തിന്റെ പേരിൽ നാലുവർഷം കൂടുമ്പോൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്ന ദിവസങ്ങളാണ് ഈ പ്രശ്നത്തിന് പിന്നിലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം അധിവർഷമായി പരിഗണിക്കുന്നതിന്റെ രീതി ഒന്ന് മാറ്റിപ്പിടിച്ചു. നാലുകൊണ്ട് ഹരിക്കാൻ പറ്റുന്ന വർഷങ്ങളിൽ ഒരു ദിവസം കൂട്ടണം. എന്നാൽ, നൂറുകൊണ്ട് ഹരിക്കാവുന്നതിൽ വേണ്ട. അതിൽ തന്നെ നാനൂറുകൊണ്ട് ഹരിക്കാമെങ്കിൽ ഒരു ദിവസം കൂട്ടണം. അതായത് ഒരു വർഷം അധിവർഷമാവണമെങ്കിൽ അതിനെ നാലുകൊണ്ടും നാനൂറുകൊണ്ടും ഹരിക്കാൻ പറ്റണം. ഉദാ. നൂറുകൊണ്ടു പൂർണ്ണമായി ഹരിക്കാവുന്ന, നാനൂറുകൊണ്ട് ഹരിക്കാൻ പറ്റാത്ത വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തിൽ 28 ദിവസം മാത്രമേ കാണുകയുള്ളു (1900, 2100) എന്നാൽ 400 കൊണ്ടു ഹരിക്കാവുന്ന വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തിൽ 29 ദിവസം ഉണ്ടാവുകയും ചെയ്യും (2000, 2400). ഈ ഗ്രിഗോറിയൻ കലണ്ടറിൽ പോലും സൂര്യനെച്ചുറ്റി ഭൂമി കറങ്ങി വരുന്നത് കണ്ടുപിടിച്ചതിൽ ഏകദേശം 26 സെക്കൻഡിന്റെ പിശകുണ്ട്. അതിങ്ങനെ വർഷാവർഷം അടിഞ്ഞു കൂടുകയാണ് എന്നാണ് കണക്ക്. 1582 മുതൽ ഇതുവരെ അത് കുറെ മണിക്കൂറുകൾ ആയിട്ടുണ്ട്. AD 4909 ആവുമ്പോഴേക്കും ആ വ്യത്യാസം ഒരു ദിവസം ആകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

ഗ്രിഗോറിയൻ കലണ്ടർ എന്ന കത്തോലിക്കൻ ഗൂഢാലോചന 

പതിനാറാം നൂറ്റാണ്ടിൽ ഗ്രിഗോറിയൻ കലണ്ടർ യൂറോപ്പിൽ നടപ്പിലാക്കിയപ്പോൾ അവിടത്തെ പ്രൊട്ടസ്റ്റന്റ് മത വിശ്വാസികൾ അതിനെ ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള കാത്തലിക് വിശ്വാസികളുടെ ഗൂഢാലോചനയായി കണ്ട് അതിനെ നഖശിഖാന്തം എതിർത്തു. 1700 -ൽ പ്രൊട്ടസ്റ്റന്റ് വിശ്വാസികൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ജർമ്മനി ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയിട്ടും 1752 വരെ ഇംഗ്ലണ്ട് അതിലേക്ക് മാറാതെ പിടിച്ചു നിന്നു. ഇംഗ്ലണ്ടിൽ 1752 സെപ്റ്റംബർ 2 -ന് അത് നടപ്പിലാക്കിയപ്പോൾ ഒറ്റയടിക്ക് തീയതി മാറി. രണ്ടാം തീയതി ഉറങ്ങിയുണർന്ന ഇംഗ്ലീഷുകാര്‍ അടുത്ത തീയതി സെപ്റ്റംബർ 14 ആണ് എന്ന് അധികാരികൾ പറഞ്ഞത് ദഹിച്ചില്ല. അത് വലിയ കലാപത്തിനാണ് ഇടയാക്കിയത്. "ഞങ്ങൾക്ക് ഞങ്ങളുടെ 11 ദിവസങ്ങൾ തിരിച്ചു തായോ..." എന്നും പറഞ്ഞ് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങി അന്ന് അക്രമം അഴിച്ചുവിട്ടത്. ആ അക്രമങ്ങളെപ്പറ്റിയുള്ള ചരിത്രരേഖകൾ അതിശയോക്തിപരമാണ് എന്ന് വാദിക്കുന്നവരുമുണ്ട്. എന്തായാലും ഒരു രാത്രി ഉറങ്ങി, പതിനൊന്നു ദിവസം കഴിഞ്ഞ് ഉണർന്നെണീച്ച ആ അനുഭവം ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ ഒന്നാണ്.