പരസ്പരം പോരടിക്കുന്ന അച്ഛനമ്മമാരുള്ള ഒരു വീട്ടിലേക്കാണ് കരംജിത് സിംഗ് പിറന്നുവീണത്. കണ്ണും കാതുമുറച്ച കാലം മുതൽ അവനെ ഭയപ്പെടുത്തിയിരുന്ന അച്ഛനമ്മമാരുടെ പോര് താമസിയാതെ അവസാനിച്ചു. അവർ രണ്ടു വഴി പിരിഞ്ഞു പോയി. പക്ഷേ അവൻ പഠിത്തത്തിൽ സമർത്ഥനായിരുന്നു. തന്നെയും അമ്മയെയും ഒറ്റയ്ക്കാക്കിയ അച്ഛനോടുള്ള വാശിപ്പുറത്ത് കരംജിത് കഷ്ടപ്പെട്ട് പഠിച്ചു. ഒടുവിൽ അവന് ദില്ലിയിലെ ഒരു സർക്കാർ കോളേജിൽ തന്നെ എൻജിനീയറിങ്ങിന് പ്രവേശനവും കിട്ടി.

1984 ഒക്ടോബർ 31 -ലെ പ്രഭാതം. രാവിലെ ഒമ്പതരയോടെ സഫ്ദർ ജങ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് തുരുതുരാ വെടിയൊച്ചകൾ മുഴങ്ങി. ഇന്ദിരാ ഗാന്ധി എന്ന രാഷ്ട്രനേതാവിനെ അവരുടെ അംഗരക്ഷകരായ സിഖുകാർ തന്നെ വെടിവെച്ചു കൊന്നു. സുവർണ ക്ഷേത്രത്തിൽ കയറി ഒളിച്ചിരുന്ന ഖാലിസ്ഥാനികളെ ഒഴിപ്പിക്കാൻ വേണ്ടി നടത്തപ്പെട്ട 'ബ്ലൂസ്റ്റാർ ഓപ്പറേഷന്' ഇന്ദിര അനുമതി നൽകിയത് സിഖുകാരിൽ അപ്രീതിയുണ്ടാക്കിയിരുന്നു. ആ വൈരമാണ് പിന്നീട് സ്വന്തം അംഗരക്ഷകർ തന്നെ പ്രധാനമന്ത്രിയെ വധിക്കുന്നതിലേക്ക് ചെന്നെത്തിയത്.

 

 

ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടു എന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്ന് മണിക്കൂറുകൾക്കകം ദില്ലിയിലും രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും സിഖ് വിരുദ്ധ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധി നിരപരാധികൾ കൊലചെയ്യപ്പെട്ടു. സിഖുകാരുടെ വീടുകൾ തീയിട്ടു നശിപ്പിക്കപ്പെട്ടു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. 1984  നവംബർ 19-ന് ഇന്ത്യാ ഗേറ്റിന് അടുത്തുള്ള ബോട്ട് ക്ലബിൽ വെച്ച്, പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള തന്റെ ആദ്യത്തെ പൊതുസമ്മേളനത്തിൽ വെച്ച് രാജീവ് ഗാന്ധി ഇങ്ങനെ പറഞ്ഞു, " ഇന്ദിരാജിയുടെ കൊലപാതകത്തെ തുടർന്ന് നമ്മുടെ നാട്ടിൽ ചില കൊലപാതകങ്ങൾ നടന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് എന്തുമാത്രം ക്രോധം വന്നു, എന്തുമാത്രം ദേഷ്യം വന്നു..!  ഇന്ത്യ ആ ദിനങ്ങളിൽ ആകെ കുലുങ്ങുന്നതുപോലെ നമുക്ക് പലർക്കും തോന്നി.. വന്മരങ്ങൾ കടപുഴകി വീഴുമ്പോൾ, ഭൂമി കുലുങ്ങും.. അത് സ്വാഭാവികം മാത്രം. 

സത്യത്തിൽ അന്നവിടെ കൂടിയ സമ്മേളനം സിഖുവിരുദ്ധകലാപങ്ങൾ അവസാനിപ്പിക്കണമെന്ന് കലാപകാരികളോട് അഭ്യർത്ഥിക്കാനുള്ളതായിരുന്നു. എന്നാൽ, തന്റെ അമ്മയുടെ കൊലപാതകത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ, അന്ന് ആ സമ്മേളനം നടക്കുന്ന നിമിഷം വരെ രാജ്യത്തെ നിരപരാധികളായ സിഖുകാർ അനുഭവിച്ച അപമാനങ്ങളെച്ചൊല്ലി തെല്ലും കുറ്റബോധം ഗാന്ധിയുടെ സ്വരത്തിലോ, ആ പ്രസംഗത്തിന് തിരഞ്ഞെടുത്ത പദങ്ങളിലോ ഉണ്ടായിരുന്നില്ല.

 

 

മേൽപ്പറഞ്ഞ കലാപങ്ങളുടെ നേരിട്ടുള്ള ഇരയായിരുന്നു കരംജിത്തും. പഠനാർത്ഥം, ദില്ലിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കരംജിത്തിനോടും സുഹൃത്തായ മറ്റൊരു സിഖ് യുവാവിനോടും, കലാപകാരികളിൽ നിന്ന് രക്ഷപെടാൻ വേണ്ടി തലമുടിവെട്ടാനും താടി ക്ളീൻ ഷേവ് ആക്കാനും ഉപദേശിച്ചത് അവരുടെ വീട്ടുടമയായിരുന്നു. അതിനുവേണ്ടി ഉറ്റസുഹൃത്തുമൊത്ത് കരംജിത് അടുത്തുള്ള ബാർബർഷോപ്പിൽ ചെന്ന സമയത്താണ് ഒരു സംഘം കലാപകാരികൾ ആ തെരുവിലേക്ക് ആയുധങ്ങളുമേന്തിക്കൊണ്ട് വന്നെത്തിയത്. അപ്പോഴേക്കും കരംജിത്തിന്റെ മുടി വെട്ടിതത്തീർന്നിരുന്നു. അവന്റെ സുഹൃത്ത് അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. തിരിച്ചറിയാൻ വിശേഷിച്ച് അടയാളങ്ങളൊന്നും ഇല്ലാതിരുന്ന കരംജിത്തിന് അവിടെ നിന്ന് ജീവനോടെ രക്ഷപ്പെടാൻ സാധിച്ചു. പക്ഷേ, തലപ്പാവുമായി നിന്ന കരംജിത്തിന്റെ  സുഹൃത്തിനെ കലാപകാരികൾ വളഞ്ഞു. അവർ അയാളെ പച്ചയ്ക്ക് പെട്രോളൊഴിച്ച് കത്തിച്ചുകളയുന്നതിന് കരംജിത്ത് മൂകസാക്ഷിയായി. അതവന്റെ മനസ്സിൽ തീർത്തത് ഒരിക്കലും മായാത്ത മുറിവായിരുന്നു.

ജാലിയൻ വാലാബാഗിനു പ്രതികാരം ചെയ്ത ഉദ്ധം സിംഗിന്റെ അതേ നാട്ടുകാരൻ 

കരംജിത് സിംഗ് ജനിച്ചത് സുനാം എന്ന പഞ്ചാബിലെ ഒരു കുഗ്രാമത്തിലാണ്. കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന ഉപജീവനം. അങ്ങനെ അധികമാരും കേട്ടിട്ടില്ലാത്ത ഈ ഗ്രാമം ദേശീയപ്രസിദ്ധിയിലേക്കുയർന്നത് 1940 ൽ നടന്ന ഒരു സംഭവത്തോടെയാണ്. അക്കൊല്ലമാണ്, ഈ ഗ്രാമത്തിൽ നിന്നുള്ള,  ഉദ്ധം സിംഗ് എന്ന് പേരായ ഒരു സിഖ് യുവാവ്, ലണ്ടനിലേക്ക് വിമാനം കയറിച്ചെന്ന്, ജാലിയൻ വാലാബാഗിൽ തന്റെ സിഖ് സഹോദരങ്ങളെ നിർദയം വെടിവെച്ചു കൊന്നുകളഞ്ഞ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ മൈക്കൽ ഓ ഡയറിനെ വെടിവെച്ചുകൊന്നത്. 1919 -ൽ നടന്ന ജാലിയൻ വാലാ ബാഗ് സംഭവത്തിന്, 21 വർഷങ്ങൾക്കു ശേഷമാണെങ്കിലും ഉദ്ധം സിംഗ് പ്രതികാരം വീട്ടിയത് ഇന്ത്യയിൽ പലരും തികഞ്ഞ രോമാഞ്ചത്തോടെയാണ് ഇന്നും ഓർത്തെടുക്കാറുള്ളത്. 

ആ സാക്ഷാൽ ഉദ്ധം സിംഗ് ജനിച്ച ഗ്രാമം എന്ന ഖ്യാതിയുള്ള സുനാം ഗ്രാമത്തിൽ കരംജിത് സിങ്ങിനെയും ആരും അറിയില്ലായിരുന്നു. അങ്ങനെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടാനും മാത്രം അലമ്പുകളൊന്നും കാട്ടാതെ എഞ്ചിനീയറിങ് പഠിത്തത്തിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടുപോകുന്നതിനിടെയാണ് കണ്മുന്നിൽ വെച്ച് ആത്മസ്നേഹിതനെ ഇന്ദിരാഭക്തർ ജീവനോടെ ചുട്ടെരിച്ചു കളയുന്നത്. അതോടെ കരംജിത്തിന്റെ അവിടന്നങ്ങോട്ടുള്ള ജീവിതത്തിന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് അക്രമികളെ അഴിഞ്ഞാടാൻ വിട്ട, അതിന് അവർക്ക് തന്റെ പ്രസംഗങ്ങളാൽ പ്രേരണ വരെ നൽകിയ രാജീവ് ഗാന്ധിയെ വധിക്കണം. അതിനുവേണ്ടി അവൻ തയ്യാറെടുത്തു. ഒരു നാടൻ തോക്കും സംഘടിപ്പിച്ച് കരംജിത് അവസരം പാർത്തിരുന്നു. അങ്ങനെ, സുനാം ഗ്രാമത്തിൽ നിന്ന് രണ്ടാമതൊരാൾ പ്രതികാരദാഹവുമായി കാത്തിരിപ്പു തുടങ്ങി. 

 


എന്നാൽ, ഉദ്ധം സിംഗിനോളം നീണ്ടതായിരുന്നില്ല കരംജിത്തിന്റെ കാത്തിരിപ്പ്. രണ്ടുവർഷങ്ങൾക്കപ്പുറം അയാൾ കാത്തിരുന്ന അവസരം വന്നെത്തി. മറ്റുദിവസങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി എവിടെയാണ് എന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് സംശയമുണ്ടാവാം എങ്കിലും, എല്ലാ വർഷവും ഒക്ടോബർ രണ്ടാം തീയതി രാവിലെ ഇന്ത്യൻ പ്രധാനമന്ത്രി, അത് ആരു തന്നെയായാലും, മുടങ്ങാതെ ഉണ്ടാവുക ഒരേയൊരു സ്ഥലത്താണ്. അതാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ് ഘട്ട്. സെപ്റ്റംബർ 25 -നു തന്നെ വേണ്ട ആഹാര സാധനങ്ങളൊക്കെ കയ്യിൽ കരുതി, കരംജിത് രാജ് ഘട്ടിലെത്തി. അവിടെ മഹാത്മാ സമാധിയിൽ നിന്ന് അധികം ദൂരെയല്ലാതെ, ചെടികൾ പിടിപ്പിച്ചിട്ടുള്ള,  പ്ലാസ്റ്റിക് കൂരയുള്ള ഒരു ഷെഡ്ഡിനുള്ളിൽ അയാൾ ഒളിച്ചിരുന്നു. കയ്യിൽ രാജീവ് ഗാന്ധിയുടെ നെഞ്ചിലേക്ക് തീയുണ്ട പായിക്കാനുള്ള ഒരു 12 എംഎം ബോർ നാടൻ തോക്കും ഉണ്ടായിരുന്നു.  

ഇന്ദിരാ വധത്തിനു ശേഷം Special Protection Group എന്ന പേരിൽ ഒരു ദേശീയ വിഐപി സുരക്ഷാ സേന രൂപീകരിച്ച് കാര്യമായ സുരക്ഷാ പരിശോധനകൾ ഒക്കെ ഉള്ള കാലമാണ് അത്. പ്രധാനമന്ത്രി വരുന്നതിനു തലേന്ന് തന്നെ സ്‌നിഫർ  നായ്ക്കളെ ഒക്കെ കൊണ്ട് വന്നു പ്രദേശമാകെ എസ്പിജി അരിച്ചു പെറുക്കിയിട്ടും, സമാധിയിൽ നിന്ന് അധികം ദൂരെയല്ലാതെ, വിഐപികൾ നടന്നുവരുന്ന വഴിയോട് ചേർന്നുള്ള, ആ ഷെഡ്ഡിനുള്ളിലെ പൊന്തയിൽ ഒളിച്ചിരുന്ന കരംജിത്തിനെ കണ്ടുപിടിക്കാൻ അവർക്ക് സാധിച്ചില്ല. കരംജിത് ഒളിച്ചിരുന്ന പൊന്തക്കാടിനടുത്തുതന്നെ ഒരു തേനീച്ചക്കൂടുണ്ടായിരുന്നു. അതിന്റെ ഗന്ധമാണ് സ്‌നിഫർ ഡോഗ്സ് കരംജിത്തിന്റെ സാന്നിധ്യം തിരിച്ചറിയാതിരിക്കാൻ കാരണം. ആ പൊന്തയ്ക്കുള്ളിൽ കരംജിത് ഗാന്ധിജയന്തി ആകും വരെ ഒളിച്ചിരുന്നു.

ഒടുവിൽ അയാൾ കാത്തുകാത്തിരുന്ന ദിവസം വന്നെത്തി. 1986 ഒക്ടോബർ 2. ഗാന്ധിജയന്തി ദിവസം രാവിലെ രാവിലെ 6.55 ആയപ്പോഴേക്കും പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജ് ഘട്ടിലെത്തി. പത്നി സോണിയാ ഗാന്ധിയോടൊപ്പം ബുള്ളറ്റ് പ്രൂഫ് അംബാസഡർ കാറിൽ നിന്നിറങ്ങിയ അദ്ദേഹം മഹാത്മാ സമാധി ലക്ഷ്യമാക്കി നടന്നുതുടങ്ങി. പെട്ടെന്ന് 'ഠേ...' എന്നൊരു ശബ്ദം കേട്ടു. അതുകേട്ടു പകച്ചു പോയ അംഗരക്ഷകർ പെട്ടെന്ന് അദ്ദേഹത്തിന് ചുറ്റും വലയം തീർത്തു. ആ വലയത്തിനുള്ളിൽ  നിസ്‌തോഭനായി രാജീവ് ഗാന്ധി അപ്പോഴും തന്റെ നടത്തം തുടർന്നു.  അദ്ദേഹം സമാധിക്കടുത്തെത്തി കുറച്ചു നേരത്തിനുള്ളിൽ പ്രസിഡന്റ് ഗ്യാനി സെയിൽസിംഗും അവിടെയെത്തിച്ചേർന്നു. 

 

 

വല്ലാത്തൊരു ഒച്ച കേട്ടു എങ്കിലും അത് എവിടെ നിന്നാണെന്നോ, എന്തിന്റേതാണെന്നോ ഒന്നും ആർക്കും മനസ്സിലായില്ല. എസ്പിജിയും ദില്ലിപോലീസും അവിടെ ഏറെ നേരം തെരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടില്ല.  അടുത്തെങ്ങാനും നിർത്തിയിട്ട വല്ല സ്‌കൂട്ടറിന്റെയും എഞ്ചിൻ ബാക്ക് ഫയർ ചെയ്തതാകും ചിലപ്പോൾ എന്ന് ആരോ പറഞ്ഞു.

അത് കരംജിത്തിന്റെ തമഞ്ച (നാടൻ തോക്ക്)യിൽ നിന്നുതിർന്ന ആദ്യത്തെ വെടിയുണ്ടയുടെ ശബ്ദമായിരുന്നു. രാജീവിനെ ഉന്നം വെച്ച് ഉതിർത്ത ആ ഉണ്ട കൃത്യമായി ലക്‌ഷ്യം ഭേദിക്കാൻ മാത്രമുള്ള പരിശീലനമൊന്നും കരംജിത്തിന് സിദ്ധിച്ചിരുന്നില്ല. ആകെ കൈമുതലായുണ്ടായിരുന്നത് തന്റെ സ്നേഹിതനെ ചുട്ടുകൊന്നവരോടുള്ള പ്രതികാരദാഹം മാത്രമാണ്. പ്രധാനമന്ത്രിക്ക് കൊള്ളാതെ പോയ ആ ഉണ്ട ചെന്നു പതിച്ചത് സമാധിയിൽ തീർത്തിരുന്ന പൂമെത്തയിലാണ്. വല്ല സ്‌ഫോടകവസ്തുക്കളും ഒളിച്ചുവെച്ചാലോ എന്നുകരുതി ആ പൂമെത്തയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടയ്ക്കിടെ വെള്ളം ഒഴിക്കുമായിരുന്നു. അങ്ങനെ നനഞ്ഞിരുന്ന ആ പൂമെത്തയ്ക്കുള്ളിലൂടെ താഴെയുള്ള നനഞ്ഞ മണ്ണിലേക്ക് തുളച്ചു കയറി ആ വെടിയുണ്ട.

പരിശോധന പിന്നെയും തുടർന്ന ദില്ലി പൊലീസിലെ ഒരു കോൺസ്റ്റബിൾ ഈ വെടിയുണ്ട കണ്ടെടുത്തു. അതോടെ അതൊരു കൊലപാതകശ്രമമാണ് എന്ന കാര്യം ഉറപ്പിക്കപ്പെട്ടു. പക്ഷേ, വെടി പൊട്ടിച്ചത് ആര് ? എവിടെ നിന്ന് ? ആ ചോദ്യങ്ങൾക്കു   മാത്രം ഉത്തരമില്ലായിരുന്നു. സമാധിക്കടുത്തും ആ വളപ്പിലുമുള്ള ഇടങ്ങളെല്ലാം തന്നെ എസ്പിജി ഓരോ ഇഞ്ചും അരിച്ചുപെറുക്കി സെക്യൂരിറ്റി ക്ലിയറൻസ് നല്കിയിരുന്നതായിരുന്നതുകൊണ്ട് അവിടെ ആരെങ്കിലും ഉണ്ടാകും എന്ന് പൊലീസ് കരുതിയില്ല. അതുകൊണ്ട് വശങ്ങളിൽ നിന്നോ അല്ലെങ്കിൽ പിന്നിൽ നിന്നോ ആകും വെടിയുതിർന്നത് എന്ന് കരുതി അവർ ആ വഴിക്കൊക്കെ ആളെയും തിരഞ്ഞ് ഏറെ നേരം നടന്നു. അവിടെങ്ങും ആരെയും കാണാതിരുന്നപ്പോൾ റോഡിന്റെ ഇരുവശവുമുള്ള കെട്ടിടങ്ങളിൽ അവർ തിരച്ചിൽ നടത്തി. അവിടെയും വെടിയുതിർത്ത ആളെ മാത്രം കണ്ടെത്താനായില്ല.


അന്ന് രാജ്ഘട്ടിൽ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ദില്ലി പൊലീസിലെ എസിപി ഗൗതം കൗളും, എസ്‌പി‌ജി ഡെപ്യൂട്ടി ഡയറക്ടർ എം ആർ റെഡ്ഢിയും ആയിരുന്നു. ഈ അടിയന്തരഘട്ടത്തിൽ, പ്രധാനമന്ത്രിയെ ഏതുവഴിക്ക് അവിടെ നിന്ന് രക്ഷിച്ചു തിരികെ കൊണ്ട് പോകും എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായി. വെടിയുതിർത്ത ആളെ കണ്ടെത്താത്ത സാഹചര്യത്തിൽ വന്ന വഴിക്ക് തിരികെ കൊണ്ടുപോകുന്നത് അപകടകരമാണ് എന്ന് റെഡ്ഢി അഭിപ്രായപ്പെട്ടു. എന്നാൽ, പുറത്തേക്കുള്ള രണ്ടാമത്തെ വഴി ദൂരം കൂടുതലാണ് എന്നും, ആ എക്സിറ്റിൽ വേണ്ടത്ര സുരക്ഷയോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ കൈകാര്യം ചെയ്യാനാകില്ല എന്നും പറഞ്ഞുകൊണ്ട് കൗൾ അതിനെ എതിർത്തു. വന്ന വഴി ഇപ്പോൾ രണ്ടാമതും തന്റെ സെക്യൂരിറ്റിക്കാർ പരിശോധിച്ച് ക്ലിയർ  ചെയ്ത സ്ഥിതിക്ക് അതുവഴി തന്നെ പുറത്തേക്ക് കൊണ്ടുപോകുന്നതാകും സുരക്ഷിതം എന്നായി കൗൾ. ഒന്നാമത്തെ വെടിയുതിർന്നതുതന്നെ പ്രധാനമന്ത്രിയെ പുറത്തേക്ക് രണ്ടാമത്തെ വഴിക്ക് കൊണ്ടുപോകാൻ പ്രേരിപ്പിക്കാനുള്ള തന്ത്രമാകും എന്നൊരു സംശയവും കൗൾ പ്രകടിപ്പിച്ചു. അവിടെ വേറെ തോക്കുധാരികൾ പ്രധാനമന്ത്രിയെ വധിക്കാൻ തയ്യാറെടുത്ത് നില്പുണ്ടെങ്കിലോ എന്നും അദ്ദേഹം  ചോദിച്ചു.

അതോടെ വന്നവഴിക്ക് തന്നെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും തിരികെ കൊണ്ടുപോകാം എന്നു തീരുമാനമായി. അങ്ങനെ അവർ തിരികെ നടന്നുപോയ്ക്കൊണ്ടിരിക്കെ, ഏതാണ്ട് എട്ടുമണിയോടെ,രണ്ടാമത്തെ വെടി പൊട്ടി. ഇത്തവണ വെടിയുതിർന്നത് എവിടെനിന്നാണ് എന്ന് എസ്‌പി‌ജി ഭടന്മാർ കണ്ടു. അത് അടുത്തുള്ള ചെടികൾ പിടിപ്പിച്ചിട്ടുള്ള ഒരു ഷെഡിൽ നിന്നായിരുന്നു. അവർ ഒന്നടങ്കം ഷെഡ്‌ഡിനെ വളഞ്ഞു.  കരിംപൂച്ചകളുടെ കലാഷ്നിക്കോവ് തോക്കുകൾ ഒന്നില്ലാതെ അവിടേക്ക് ഉന്നം പിടിച്ച് വെടിയുതിർക്കാൻ തയ്യാറായി നിന്നു.

വെടി പൊട്ടിയ ഉടനെ സുരക്ഷാഭടന്മാർ തീർത്ത വലയത്തിനുള്ളിൽ പരസ്പരം കൈക്ക് പിടിച്ചുകൊണ്ട് പകച്ചു നിൽക്കുകയായിരുന്നു പ്രസിഡന്റും പ്രധാനമന്ത്രിയും. ഒട്ടു വിറയാർന്ന സ്വരത്തിൽ സെയിൽ സിംഗ് രാജീവ് ഗാന്ധിയോട് ചോദിച്ചു,"ഇതെവിടെ നിന്നാണ് ഈ വെടി പൊട്ടുന്നത്?." മരണം തൊട്ടടുത്തെത്തി കണ്ണിലേക്ക് ഉറ്റുനോക്കികൊണ്ടിരുന്ന ആ അപായസന്ധിയിലും സ്വതസിദ്ധമായ നർമ്മബോധം വെടിയാതെ രാജീവ് സെയിൽ സിങിനോട് പറഞ്ഞു,"നേരത്തെ കേട്ട വെടി വരവേൽപ്പിന്റേതായിരുന്നു, ഇത് യാത്രയയപ്പിന്റേതാകാനാണ് സാധ്യത..." അതും പറഞ്ഞ് നിറപുഞ്ചിരിയോടെ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസിലേക്ക് കയറ്റിയ ശേഷം പത്നി സോണിയാ ഗാന്ധിക്കൊപ്പം തന്റെ അംബാസഡറിലേക്ക് കയറാനൊരുങ്ങുമ്പോഴേക്കും അവിടെ കരംജിത്തിന്റെ തോക്കിൽ നിന്നുള്ള മൂന്നാമത്തെ വെടിയും പൊട്ടി.

ആദ്യത്തെ രണ്ടു വെടികളും എങ്ങും കൊള്ളാതെ പോയി എങ്കിലും, മൂന്നാമത്തെ വെടിയുണ്ട ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ മറ്റു രണ്ടുപേർക്ക് കൊണ്ട്. പ്രധാനമന്ത്രിയുടെ പിന്നിൽ അല്പം ദൂരെയായി നിന്നിരുന്ന കോൺഗ്രസ് എംഎൽഎ ബ്രിജേന്ദർ സിങ് മോവായിയുടെയും അദ്ദേഹത്തിന്റെ തൊട്ടു പിന്നിൽ നിന്നിരുന്ന മുൻ ജഡ്ജി രാം ചരൺ ലാലിന്റെയും ദേഹത്ത് വെടിയുണ്ട തുളച്ചു കയറി. മൂന്നാമത്തെ വെടിയൊച്ചയും കേട്ടതോടെ രാജീവ് സോണിയയുടെ തോളത്ത് തട്ടി വേഗം ബുള്ളറ്റ് പ്രൂഫ് കാറിനുള്ളിലേക്ക് കയറാൻ പറഞ്ഞു. പിന്നാലെ അദ്ദേഹവും കാറിലേക്ക് കയറി.  

അപ്പോഴേക്കും തറനിരപ്പിൽ നിന്ന് ഒരല്പം ഉയർന്നുനിൽക്കുന്ന ഷെഡ്ഡിനുള്ളിലെ പൊന്തയ്ക്കുള്ളിൽ നിന്ന് പുക ഉയരാൻ തുടങ്ങിയിരുന്നു. എസ്പിജി ഭടന്മാരും, എൻഎസ്ജി കമാണ്ടോകളും, മഫ്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും തങ്ങളുടെ 9 എംഎം ജർമൻ മോസർ പിസ്റ്റലുകളിൽ നിന്ന് ആ പൊന്ത ലക്ഷ്യമാക്കി തുരുതുരാ വെടിയുതിർത്തു. വെടിയുണ്ടകൾ ഒന്ന് നിന്നതോടെ ആ പ്ലാസ്റ്റിക് ഷെഡ്‌ഡിനുള്ളിൽ നിന്ന് ക്ളീൻ ഷേവ് ചെയ്ത, വെളുത്തു തുടുത്തൊരു യുവാവ് കൈകൾ തലയ്ക്കു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നു. " ഞാൻ കീഴടങ്ങുകയാണ്" അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.

 

 

 ഷെഡ്‌ഡിനെ വളഞ്ഞു തോക്കും ചൂണ്ടി നിൽക്കുകയായിരുന്ന സുരക്ഷാ ഭടന്മാരോട് അവിടെ സന്നിഹിതരായ ആഭ്യന്തരമന്ത്രി ഭൂട്ടാ സിങ്ങും അന്നത്തെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ എച്ച് എൽ കപൂറും  പരിഭ്രമത്തോടെ പറഞ്ഞു, "വെടിവെച്ചു കൊല്ലൂ അയാളെ..." 

 

 

പക്ഷെ, എസിപി ഗൗതം കൗൾ വിലക്കി," അരുത്... ആരും വെടി വെക്കരുത്..." അയാളെ ജീവനോടെ പിടിക്കാൻ കൗൾ ആഗ്രഹിച്ചിരുന്നു. താഴെയിറങ്ങി വന്ന കരംജിത്തിനെ പൊലീസ് നിമിഷനേരം കൊണ്ട് കീഴ്‌പ്പെടുത്തി.  

 

 

അന്ന് കരംജിത്തിന്‌ രാജീവ് ഗാന്ധിയെ വധിക്കാൻ കഴിയാതിരുന്നത് എൻഎസ്ജിയുടെയോ എസ്പിജിയുടെയോ ദില്ലി പൊലീസിന്റെയോ ഒന്നും മിടുക്കുകൊണ്ടായിരുന്നില്ല. കരംജിത്തിന്റെ കയ്യിൽ നല്ലൊരു തോക്ക് ഇല്ലാതിരുന്നതും, കൃത്യമായി ലക്‌ഷ്യം ഭേദിക്കാനുള്ള പരിശീലനം സിദ്ധിക്കാതിരുന്നതും കൊണ്ട് മാത്രമാണ്.

ഇന്റലിജൻസ് മുൻകൂട്ടി അറിയിച്ചിട്ടും തടയാനായില്ല 

അന്നേദിവസം ഇങ്ങനൊരു വധശ്രമം നടന്നേക്കാം എന്നുള്ള റോയിൽ നിന്ന് കിട്ടിയ രഹസ്യവിവരം ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ പികെ മല്ലിക്കിൽ  കൈമാറിയിട്ടും, ആ ആക്രമണം തടയാൻ, രാജ്ഘട്ടിലെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസിപി കൗളിനോ എസ്പിജിക്കോ എൻഎസ്ജിക്കോ ഒന്നും കഴിഞ്ഞില്ല. ലുധിയാനയിൽ നിന്നു കിട്ടിയ ആ രഹസ്യ വിവരം ഐബിക്ക് രേഖാമൂലം കൈമാറിയത് അന്നത്തെ റോ ഡയറക്ടർ ആയ രഞ്ജൻ റോയ് നേരിട്ടായിരുന്നു. അതേ വിവരം അദ്ദേഹം എസ്പിജിക്കും കൈമാറിയിരുന്നു. "ഒരു തോട്ടക്കാരൻ എന്ന ഭാവേന രാജ്ഘട്ടിൽ പ്രവേശിച്ച്, പൊന്തകളിൽ ഏതിലെങ്കിലും മറഞ്ഞിരുന്ന്  ആക്രമണം നടത്താൻ സാധ്യതയുള്ളയാൾ ദില്ലി സിഖ് വിരുദ്ധ കലാപത്തിന്റെ ഇരയായ ഒരു ക്ളീൻ ഷേവ്ഡ് പഞ്ചാബി ആയിരിക്കും" എന്നു വരെ റോയുടെ ടിപ്പിൽ ഉണ്ടായിരുന്നു. എന്നിട്ടും കരംജിത്തിനെ കണ്ടെത്താനോ, അയാളെ വെടിപൊട്ടിക്കുന്നതിൽ നിന്ന് തടയാനോ ഒന്നും എസ്‌പിജിക്ക് ആയില്ല എന്നത് അന്ന് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അന്നത്തെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ്സിന്റെ ക്യാമറയിൽ പകർത്തപ്പെട്ടു.

 

"


സംഭവസ്ഥലത്തുവെച്ച് അറസ്റ്റുചെയ്യപ്പെട്ട കരംജിത് സിംഗ് വിചാരണയ്ക്ക് ശേഷമുള്ള പതിനാലു വർഷങ്ങൾ ചെലവിട്ടത് സെൻട്രൽ ജയിലിൽ ആയിരുന്നു. 2000 -ൽ ജയിൽ മോചിതനായ കരംജിത് സിംഗ് പിന്നീട്  2009 ൽ പട്യാലയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുക വരെ ചെയ്തു. 

1986 -ൽ നടന്ന ഈ വധശ്രമത്തിന് ശേഷം രാജീവ് ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു എങ്കിലും 1987 -ൽ വീണ്ടും ഒരു വധശ്രമം അദ്ദേഹത്തിന് നേരെ ഉണ്ടായി. ശ്രീലങ്കയിലെ IPKF -ന്റെ ഇടപെടലുകളിൽ കുപിതനായിരുന്ന വിജേമുനി ഡിസിൽവ എന്ന ശ്രീലങ്കൻ നാവികസേനാംഗം ശ്രീലങ്കയിലെ കൊളംബോയിൽ പ്രസിഡന്റ് ഹൗസിൽ വെച്ച് നടന്ന ഗാർഡ് ഓഫ് ഓണറിനിടെ തോക്കിന്റെ പാത്തികൊണ്ടിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

 

 

അങ്ങനെ രാജീവ് ഗാന്ധിയുടെ ജീവനെടുക്കാൻ വേണ്ടി നടത്തപ്പെട്ട, കേവല ഭാഗ്യം കൊണ്ടുമാത്രം പരാജയപ്പെട്ടുപോയ രണ്ടു വധശ്രമങ്ങൾ ചരിത്രത്തിലുണ്ട്. പരസ്പരം യാതൊരു ബന്ധവുമില്ലാതിരുന്ന ആ രണ്ടു ശ്രമങ്ങൾക്കും ശേഷം നടന്ന മൂന്നാം ശ്രമത്തിലാണ്, 1991 മെയ് 21 -ന് തമിഴ് പുലികളുടെ ചാവേർസംഘം ശ്രീ പെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ ബോംബുസ്ഫോടനത്തിലൂടെ രാജീവ് ഗാന്ധിയുടെ ജീവനെടുത്തത്. 

1984 -ൽ  സിഖ് അംഗരക്ഷകരാൽ നടന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തിനു പിന്നാലെ 1986 -ൽ കരംജിത് എന്ന മറ്റൊരു സിഖുകാരന്റെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടകൾ ലക്‌ഷ്യം കണ്ട് രാജീവ് ഗാന്ധി കൂടി കൊല്ലപ്പെട്ടിരുന്നു എങ്കിൽ, അവിടന്നങ്ങോട്ടുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പോലും ഒരുപക്ഷേ, മറ്റൊന്നായിരുന്നേനെ.