Asianet News MalayalamAsianet News Malayalam

ചൈന തങ്ങളുടെ ഗ്രാമം കയ്യടക്കാതിരിക്കാൻ, ഇന്ത്യൻ സൈന്യത്തിന് വേണ്ടതെല്ലാം നൽകി ലഡാക്കിലെ ഒരു അതിർത്തി ഗ്രാമം

എന്നാൽ, ഇന്ത്യൻ പക്ഷത്തിനു വേണ്ട സഹായങ്ങൾ ഇനിയും ചെയ്യും എന്നുറപ്പിച്ചുതന്നെയാണ് ചുഷുൽ ഗ്രാമവാസികൾ കഴിയുന്നത്. അവർ ഇനിയും ബ്ലാക്ക് ടോപ്പിലേക്കുള്ള തങ്ങളുടെ സപ്ലൈസ് തുടരുക തന്നെ ചെയ്യും.

this border village named chushul helps indian army fearing China invasion
Author
Chushul, First Published Sep 24, 2020, 10:00 AM IST
  • Facebook
  • Twitter
  • Whatsapp

ചുഷുൽ. സമുദ്രനിരപ്പിൽ നിന്ന് 15,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഇന്തോ സിനോ അതിർത്തിയിൽ ലഡാക്കിന് അടുത്തായിട്ടാണ്. അതേ, ഇന്ത്യൻ -ചൈനീസ് സൈനികർ ഗൽവാൻ താഴ്‌വരയിൽ വെച്ച് പരസ്പരം ഏറ്റുമുട്ടി, പല സൈനികരും വീരമൃത്യു വരിച്ച അതേ ലഡാക്കിൽ. അവിടെ ബ്ലാക്ക് ടോപ്പ് എന്നറിയപ്പെടുന്ന ഒരു കൊടുമുടിയുണ്ട്. ത്രിവർണ്ണ പതാക പാറിച്ചുകൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ പുലരുന്ന ഒരിടം. അവിടേക്ക് നിത്യേന, കൊടുമുടിമുകളിൽ ടെന്റുകെട്ടി തമ്പടിച്ചിട്ടുള്ള ഇന്ത്യൻ സൈനികർക്ക് വേണ്ട സപ്ലൈസ് തങ്ങളുടെ പുറത്തേറ്റി ദിവസേന പലവുരു മല കയറുന്ന ഒരു കൂട്ടരുണ്ട്. നൂറോളം വരുന്ന ചുഷുൽ ഗ്രാമവാസികൾ. ഇന്ത്യൻ സൈന്യത്തോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല അവർ വിശേഷിച്ചൊന്നും തിരികെ ചോദിക്കാതെ ഈ സേവനത്തിന് സന്നദ്ധരാകുന്നത്. അതിനു പിന്നിൽ ഒരു ഭയം കൂടിയുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ സമ്പൂർണ നിയന്ത്രണവും, നിരീക്ഷണവും ബ്ലാക്ക് ടോപ്പിനു മുകളിൽ ഇല്ലെങ്കിൽ, താഴെയുള്ള തങ്ങളുടെ ചുഷുൽ ഗ്രാമം ഏതുനിമിഷം വേണമെങ്കിലും ചൈനീസ് പട്ടാളം കൈയേറാം എന്ന ഭയം. അതിന്റെ പേരിലാണ് ഇന്ത്യൻ സൈനികർക്ക് ബ്ലാക്ക് ടോപ്പിനു മുകളിൽ വേണ്ടതെല്ലാം  കിട്ടുന്നുണ്ട് എന്നുറപ്പിക്കാൻ പലതവണയായി അവര്‍ ആ മല കയറിയിറങ്ങുന്നത്. ഗാർഡിയൻ പത്രമാണ് ഈ ഗ്രാമവാസികളുടെ പരിശ്രമങ്ങളെപ്പറ്റി മാലോകരെ ആദ്യമായി അറിയിക്കുന്നത്.

ചുഷുലിൽ ഏകദേശം നൂറ്റമ്പതോളം കുടുംബങ്ങളാണ് താമസമുള്ളത്. ഇന്തോ സിനോ അതിർത്തിയിൽ ചൈനയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ ഒന്ന് ചുഷൽ ആകും. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (LAC) എന്നറിയപ്പെടുന്ന ഈ ഹിമാലയൻ പ്രവിശ്യയുടെ അപ്പുറമിപ്പുറം ഇന്ത്യൻ ചൈനീസ് സൈന്യങ്ങളുടെ വല്ലാത്ത 'ബിൽഡ് അപ്പു'കൾ ദൃശ്യമാകുന്നുണ്ട് ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്ന് ഗ്രാമവാസികൾ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 29 -ന് ചുഷലിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അതിർത്തിയിൽ വെച്ച് ഇരുപക്ഷവും തമ്മിൽ ഒരു ഏറ്റുമുട്ടൽ നടന്നത്രെ. ആരും മരിച്ചില്ല ആ കശപിശയിൽ എങ്കിലും ആ അതിർത്തിക്ക് കുറുകെ കഴിഞ്ഞ നാല്പത്തഞ്ചു വർഷത്തിനിടെ ആദ്യമായി വെടിയുണ്ടകൾ പാഞ്ഞു. കഴിഞ്ഞാഴ്ച മോസ്‌കോയിൽ വെച്ച് സന്ധിച്ച ഇരുപക്ഷത്തേയും പ്രതിരോധ മന്ത്രിമാർ അതിർത്തിയിൽ നിന്ന് എത്രയും പെട്ടെന്ന് പിന്മാറും എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അതിനുശേഷം നാലഞ്ച് തവണ കമാണ്ടർ തല ചർച്ചകൾ നടന്നു എങ്കിലും, ഇരുപക്ഷവും അതിർത്തികടന്നുള്ള അതിക്രമങ്ങൾ തുടരുക തന്നെയാണ്.

ചുഷുൽ ഗ്രാമവാസികൾ പറയുന്നത്, പത്രങ്ങളിൽ അച്ചടിച്ചുവന്ന 'പിന്മടക്കത്തിന്റെ' ലക്ഷണങ്ങളൊന്നും ഇവിടെ കാണുന്നില്ല എന്നാണ്. ഇരുപക്ഷവും അവരവരുടെ പൊസിഷനുകളിൽ മഞ്ഞുകാലം കഴിച്ചുകൂട്ടാനുള്ള പ്ലാനിങ്ങിലാണ്. അതിനുവേണ്ട സപ്ലൈസ് ഇരുപക്ഷത്തേക്കും എത്തുന്നുണ്ട്. ചെലവേറിയ ഒരു സൈനിക ഇടപെടലിൽ തളച്ചിട്ട്, ഇന്ത്യയെ ദുർബലപ്പെടുത്താൻ വേണ്ടി ചൈന മനഃപൂർവം നടത്തുന്നതാണ് ഈ പ്രകോപനങ്ങൾ എന്ന് വിശ്വസിക്കുന്നവരാണ് ഗ്രാമവാസികളിൽ ഭൂരിപക്ഷവും. എന്നാൽ, ഇന്ത്യൻ പക്ഷത്തിനു വേണ്ട സഹായങ്ങൾ ഇനിയും ചെയ്യും എന്നുറപ്പിച്ചുതന്നെയാണ് ചുഷുൽ ഗ്രാമവാസികൾ കഴിയുന്നത്. അവർ ഇനിയും ബ്ലാക്ക് ടോപ്പിലേക്കുള്ള തങ്ങളുടെ സപ്ലൈസ് തുടരുക തന്നെ ചെയ്യും.

ഈ ബ്ലാക്ക് ടോപ്പിലും മറ്റും ജീവിതം ഏറെ ദുഷ്കരമാണ്. അവിടെയൊക്കെ ടെന്റടിച്ച് നിരീക്ഷണം നടത്താൻ സൈനികരെ വിന്യസിക്കേണ്ട ഗതികേടാണ് ചൈനയുടെ തുടർച്ചയായ നുഴഞ്ഞുകയറ്റങ്ങൾ ഇന്ത്യയെ നിർബന്ധിച്ചിരിക്കുന്നത്. ഇനിയങ്ങോട്ട് മഞ്ഞുകാലം കടുക്കും. മഞ്ഞുവീണ് റോഡുകൾ സഞ്ചാരയോഗ്യമല്ലാതാകും. കടുത്ത മഞ്ഞിടിച്ചിലുകളുണ്ടാകും. നാലഞ്ച് മാസത്തേക്ക് ഈ പ്രദേശം പുറംലോകത്തുനിന്ന് പൂർണമായും വിച്ഛേദിക്കപ്പെടുക പോലും ചെയ്യും. ലോകത്തിലെ ഏറ്റവും വിജനമായ ഈ യുദ്ധഭൂമിയിൽ, വിപരീതമായ കാലാവസ്ഥയുടെ വെല്ലുവിളികളെ ഇന്ത്യൻ സൈനികർ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയാണ്, അതൊക്കെ ഏറെക്കുറെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഈ ഗ്രാമവാസികൾക്കുള്ളത്. 

Follow Us:
Download App:
  • android
  • ios