Asianet News MalayalamAsianet News Malayalam

ടിപ്പുവിന്‍റെ ചരിത്രം: 'കാപ്പിപ്പൊടിയച്ചന്‍റെ' പ്രസംഗത്തിലെ ആക്ഷേപങ്ങളിലെ നെല്ലും പതിരും, ആരാണ് ടിപ്പുസുൽത്താൻ ?

കപ്പൂച്ചിൻ വിഭാഗത്തിലെ അറിയപ്പെടുന്ന ഒരു സുവിശേഷകനാണ്  ഫാദർ ജോസഫ്  പുത്തൻ പുരക്കൽ. അടുത്തിടെ അദ്ദേഹം പൗരത്വ നിയമ ഭേദഗതിയോടു ബന്ധപ്പെടുത്തിക്കൊണ്ട് ടിപ്പുസുൽത്താനെപ്പറ്റി പറഞ്ഞ ചില കാര്യങ്ങൾ വൈറലാവുകയുണ്ടായി 

truth about the statements made by father puthenpurackal in his speech about CAA
Author
Trivandrum, First Published Jan 31, 2020, 10:58 AM IST

ടിപ്പുസുൽത്താന്റെ പേര് വീണ്ടും വിവാദങ്ങളിലേക്ക് കടന്നുവന്നിരിക്കുകയാണ്. കപ്പൂച്ചിൻ സഭയിലെ ഏറെ ജനപ്രിയനായ ഒരു  സുവിശേഷകനാണ് ഫാദർ ജോസഫ് പുത്തൻപുരക്കൽ. നർമ്മരസപ്രധാനമായ അദ്ദേഹത്തിന്റെ കൗൺസിലിംഗ് പ്രഭാഷണങ്ങൾക്ക് പ്രേക്ഷകർ ഒരുപാടുണ്ട്. 'കാപ്പിപ്പൊടിയച്ചന്‍ എന്നറിയപ്പെടുന്ന അദ്ദേഹം തന്റെ ഒരു പ്രഭാഷണത്തിൽ ടിപ്പുവിനെതിരെ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മുസ്ലീങ്ങൾക്കു നേരെ അനീതി നടക്കുന്നുണ്ടെങ്കിലും, അതിന്റെ മറുവശം കൂടി നമ്മൾ ഓർക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ഫാദർ ടിപ്പുസുൽത്താനിലേക്ക് എത്തുന്നത്. തുടർന്ന് ടിപ്പു കേരളത്തിലെ പടയോട്ടക്കാലത്ത് നടത്തി എന്ന് പറയപ്പെടുന്ന പല ക്രൂരകൃത്യങ്ങളെക്കുറിച്ചും ഫാദർ ഓർമ്മിപ്പിക്കുന്നുണ്ട് ഫാദർ തന്റെ പ്രഭാഷണത്തിൽ.  ആ പ്രസംഗം ഫേസ്ബുക്കിൽ ഏറെ വൈറലായിരുന്നു. 

അതിലെ പരാമർശങ്ങൾ പലരെയും ചൊടിപ്പിക്കുകയും അവർ ഫാദർ പുത്തൻപുരയ്ക്കലിനെ  വിമർശിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. എന്തായാലും സംഗതി വിവാദമായതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി ഫാദർ പുത്തൻപുരക്കലും രംഗത്തെത്തി. വിവാദപരാമര്‍ശങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയുണ്ടായി. താൻ ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്നും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് ധ്യാനത്തിനിടെ വന്ന ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിച്ചു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ലെന്നും, തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണെന്നും. ഇത് സംബന്ധിച്ച് ഒരു വിവാദത്തിനും ഇനി താനില്ലെന്നും, സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ താൻ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

ഈ ഘട്ടത്തിൽ അവശേഷിക്കുന്ന ചോദ്യമിതാണ്. ടിപ്പു സുൽത്താൻ എന്ന ഈ ചരിത്രപുരുഷൻ സത്യത്തിൽ ആരാണ്? ബ്രിട്ടീഷുകാരോട് എതിരിട്ടു മരിച്ച ധീരനായകനോ, അതോ മറ്റു മതസ്ഥരെ വേട്ടയാടിക്കൊണ്ടിരുന്ന ക്രൂരനായ ഒരു വില്ലനോ? ടിപ്പു മരിച്ചിട്ട് വർഷം 200 കഴിഞ്ഞു. തൊണ്ണൂറുകളിൽ ഭഗവാൻ ഗിഡ്വാണിയുടെ നോവലിനെ ആധാരമാക്കി സഞ്ജയ് ഖാനും അക്ബർ ഖാനും ചേർന്ന് സംവിധാനം ചെയ്ത്, സഞ്ജയ് ഖാൻ ടിപ്പുവായി അഭിനയിച്ച്, ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട  'ടിപ്പു സുൽത്താന്റെ വാൾ' എന്ന പേരിലുള്ള പരമ്പരയിലൂടെയാണ് നമ്മളിൽ പലരും ആദ്യമായി ടിപ്പുവിനെപ്പറ്റി അറിയുന്നത്. അതിൽ ഏറെ നാടകീയമായ പലരംഗങ്ങളിലും ടിപ്പുവിന് താരപരിവേഷം പകരുന്നുണ്ട്. ഉദാ. ടിപ്പു കടുവയോട് പോരാടി അതിനെ തോൽപ്പിക്കുന്ന രംഗം. ഇന്ത്യൻ സ്‌കൂളുകളിൽ പഠിപ്പിക്കപ്പെടുന്ന ചരിത്രപുസ്തകങ്ങളിലും പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധങ്ങൾ നയിച്ച ടിപ്പു എന്ന ധീരനായ രാജാവിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്.

ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസ്സിൽ അദ്ദേഹത്തിന് ഒരു ധീരനായകന്‍റെ പ്രതിച്ഛായ തന്നെയാണ്. എന്നാൽ ടിപ്പു ഹിന്ദുക്കളോട് ക്രൂരമായി പെരുമാറിയ, അവരെ നിർദ്ദയം കൊന്നുതള്ളിയ ഒരു മുസ്ലിം രാജാവായിരുന്നു എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ടിപ്പുവിനെ മ്ലേച്ഛനെന്നും അധമനെന്നും അവർ വിശേഷിപ്പിക്കുന്നു. അവരുടെ കണ്ണിൽ വംശവെറിയനായ ഒരു മുസ്‌ലിം രാജാവാണ് ടിപ്പു. ഹിന്ദു ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പള്ളികളും തകർത്തുതരിപ്പണമാക്കിയ, പതിനായിരക്കണക്കിന് അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് നിർബന്ധിതമായി മതപരിവർത്തനം നടത്തിയ, എതിർത്തവരെ ഒന്നില്ലാതെ നിർദ്ദയം അരിഞ്ഞു തള്ളിയ ക്രൂരൻ. ഇത്തരത്തിലുള്ള സംഘടിതമായ 'ടിപ്പു നിന്ദ' ട്വിറ്ററിൽ ഏറെ സജീവമാണ്.

truth about the statements made by father puthenpurackal in his speech about CAA

മധ്യകാലചരിത്രനിർമിതി പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്ന ഒന്നായിരുന്നു. ടിപ്പുവിന്റെ കാര്യത്തിൽ ചിത്രം ഏറെ സങ്കീർണ്ണമാണ്. കാരണം, എഴുപതുകളിൽ ഹൈന്ദവസംഘടനകൾ പോലും ടിപ്പുവിനെ ഒരു ധീരനായ പോരാളിയായി ആഘോഷിച്ചുകൊണ്ടിരുന്നതാണ്. എഴുപതുകളിലെ ആർഎസ്എസിന്റെ 'ഭാരത് ക്രാന്തി' സീരീസിലെ വിപ്ലവകാരികളിൽ ഒരാളായി ടിപ്പുവും ഉണ്ടായിരുന്നു. 2010 -ലെ ഒരു റാലിയിൽ ബിജെപി പ്രവർത്തകർ വരെ ടിപ്പുസുൽത്താന്റെ വേഷമിട്ട വാളുമേന്തി അണിനിരന്നിട്ടുണ്ട്. ഇന്നത്തെ പ്രസിഡണ്ടും, രണ്ടുവർഷം മുമ്പുവരെ ആർഎസ്എസിന്റെ സജീവ പ്രവർത്തകനുമായിരുന്ന റാം നാഥ് കോവിന്ദ് പോലും ടിപ്പുവിനെ പരസ്യമായി പ്രശംസിച്ചിട്ടുള്ള ആളാണ്. എന്നാൽ കർണ്ണാടകത്തിൽ വർഗീയത വേരുപിടിച്ചു തുടങ്ങിയതോടെയാണ്, ടിപ്പു ഒരു 'മുസ്ലിം' രാജാവാണല്ലോ എന്ന കാര്യം ഹൈന്ദവ സംഘടനകൾ ഓർക്കുന്നത്. കോൺഗ്രസ് ടിപ്പുവിന്റെ പേരും പറഞ്ഞുകൊണ്ട് മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചപ്പോൾ, മറുപക്ഷത്ത് ബിജെപിയും അതേ പേരിൽ ഹിന്ദുവികാരം ഉണർത്തി മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യക്ക് പരിചയപ്പെടുത്തിത്തന്ന, 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന അതേ തന്ത്രമാണ് ഇവിടെ പയറ്റപ്പെടുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ രാജാക്കന്മാർക്ക് ഒരേയൊരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ സാമ്രാജ്യത്തിന്റെ വ്യാപനം. അതിനുതകുന്ന പലതും അവർ തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. മതവിഭാഗങ്ങൾ പ്രീണിപ്പിച്ചു നിർത്തുക മുതൽ, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തകർത്തുകളയുക വരെ. ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ സ്വാധീനം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വർധിപ്പിക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു ടിപ്പുവിന്റേത്. മുഗൾ സാമ്രാജ്യം ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ ബ്രിട്ടീഷുകാർക്ക് കാര്യമായ എതിർപ്പുകളൊന്നും തന്നെ നേരിടേണ്ടി വരുന്നുണ്ടായിരുന്നില്ല. മറാഠകളോടും, രഘുനാഥ് റാവു പട്‍വർധനോടും നിസാമിനോടുമെല്ലാം കമ്പനിയുമായി സഹകരിക്കരുത് എന്ന് അഭ്യർത്ഥിക്കുകയായിരുന്നു ടിപ്പു അന്ന് ചെയ്തത്. ബ്രിട്ടീഷുകാർക്ക് കാലുവെക്കാൻ മണ്ണിൽ ഇടം കൊടുത്താലുണ്ടാകുന്ന അപകടത്തെപ്പറ്റി ടിപ്പു അന്നേ ബോധവാനായിരുന്നു എന്നതാണ് സത്യം. എന്നാൽ പരസ്പരം പോരടിച്ചു കഴിഞ്ഞ മറാഠകൾക്കും നിസാമിനും ടിപ്പുവിനും ഇടയിൽ ഐക്യമെന്നത് ഒരിക്കലും സംഭവ്യമല്ലായിരുന്നു.

truth about the statements made by father puthenpurackal in his speech about CAA 

പട്‍വർധന്റെ സൈന്യം 1791-ൽ മൈസൂർ ആക്രമിച്ച് ശ്രിംഗേരി മഠം കൊള്ളയടിച്ചപ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തയച്ച് മഠത്തിന്റെ സമ്പത്ത് പുനഃസ്ഥാപിച്ചുനൽകിയത് ടിപ്പുവായിരുന്നു. ടിപ്പുവിന്റെ അധീനതയിലായിരുന്നു ശ്രിംഗേരി മഠം അന്ന്. അവിടത്തെ സ്വാമിയെ ടിപ്പു അഭിസംബോധന ചെയ്തിരുന്നത് 'ജഗദ്ഗുരു' എന്ന പേരിലായിരുന്നു. യുദ്ധത്തിന് പുറപ്പെടും മുമ്പ് മഠത്തിൽ വന്നു അനുഗ്രഹാശിസ്സുകളും ടിപ്പു വാങ്ങുമായിരുന്നു.

എന്നാൽ, അതേസമയം വരാഹക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചതും ടിപ്പു തന്നെ. കാരണം വളരെ ലളിതമായിരുന്നു. ടിപ്പു ആക്രമിച്ചു കീഴടക്കിയ  വാഡയാർ സാമ്രാജ്യത്തിന്റെ സിംഹപ്രതാപത്തിന്റെ അടയാളമായിരുന്നു ഈ ക്ഷേത്രം. ഹിന്ദുക്കളോട് സമരസപ്പെട്ട്, അവരെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള നിരവധി കാര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, യുദ്ധകാലത്ത് ശത്രുരാജാവിനോട് അദ്ദേഹം പ്രവർത്തിച്ച ഈ ഒരു അക്രമത്തെ മാത്രം ഉയർത്തിക്കാട്ടിയാണ് ടിപ്പുവിനെപ്പറ്റി 'ഹിന്ദുവിരോധിയായ ഒരു മുസ്ലിം രാജാവെന്ന' ആക്ഷേപം ഉന്നയിക്കുന്നത്.

ടിപ്പു രാജാവ് കന്നഡയെ അവഗണിച്ചുകൊണ്ട് പേർഷ്യൻ ഭാഷയ്ക്ക് മുൻഗണന നൽകി എന്നതാണ് അടുത്ത ആരോപണം. സത്യത്തിൽ അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രാജാക്കന്മാർക്കിടയിൽ പേർഷ്യൻ ഭാഷയുടെ വല്ലാത്തൊരു സ്വാധീനമുണ്ടായിരുന്നു. ശിവാജി മഹാരാജ് തന്നെ മൗലാനാ ഹൈദർ അലി എന്നൊരു സെക്രട്ടറിയെ നിയമിക്കുന്നത് ഈ പേർഷ്യൻ ആശയവിനിമയങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ്. മതപരിവർത്തനം നടത്താൻ മടികാണിച്ച നൂറുകണക്കിന് ബ്രാഹ്മണരെ ടിപ്പു വധിച്ചിട്ടുണ്ട് എന്നൊരു ആരോപണവുമുണ്ട്. അത് ശരിയാകാനുള്ള സാധ്യതയും കുറവാണ്. കാരണം, ആജീവനാന്തം ടിപ്പുവിന്റെ ദിവാനായിരുന്ന പൂർണ്ണയ്യ ഒരു ഹിന്ദുവായിരുന്നു. ഇതും,  അതുകൊണ്ട് മതപരിവർത്തനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കൊലപാതക കഥകളും ബ്രിട്ടീഷുകാർ അന്ന് ടിപ്പുവിനെതിരെ പറഞ്ഞുപരത്തിയ പരശ്ശതം പൊളികളിൽ ഒന്നുമാത്രമാവാനാണ് സാധ്യത.

truth about the statements made by father puthenpurackal in his speech about CAA

മലബാറിലെ നായന്മാരും കൊടവൻമാരും ഒക്കെ ടിപ്പുവിനാൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. അത് പക്ഷേ, ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നുകൊണ്ട് തനിക്കെതിരെ വിപ്ലവം നയിക്കുന്നുണ്ടോ എന്ന സംശയത്തിന്മേലാണ്. അല്ലാതെ അവരുടെ മതത്തിനോടുള്ള വിരോധം കൊണ്ടല്ല. അങ്ങനെയൊരു സംശയത്തിന്റെ പേരിൽ, അന്ന് ടിപ്പു അക്രമിച്ചിട്ടുള്ളത് ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും മാത്രമല്ല, മഹ്‌ദവി മുസ്‌ലീങ്ങളെക്കൂടിയാണ് എന്ന് ചരിത്രപുസ്തകങ്ങളിൽ കാണാം. അതുകൊണ്ട്, അതിലും വർഗീയഛായ പടർത്തുന്നതിൽ കാര്യമില്ല. ആ അക്രമങ്ങളുടെയെല്ലാം ന്യായം അധികാരസംസ്ഥാപനം മാത്രമായിരുന്നു. 

truth about the statements made by father puthenpurackal in his speech about CAA

മഹാരാഷ്ട്രയിലെ ഒരു ഗവേഷകനായ സർഫറാസ് ഖാൻ ടിപ്പുസുൽത്താന്റെ ഒരു പ്രഖ്യാപനം തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. അതിൽ, ടിപ്പു പ്രഖ്യാപിക്കുന്നത് മതപരിഗണനകൾക്ക് അതീതമായി തന്റെ സാമ്രാജ്യത്തിന്റെ സംരക്ഷണത്തിനായി അന്ത്യശ്വാസം വരെ പോരാടും എന്നുതന്നെയാണ്. ടിപ്പു ചെയ്തതും അതുതന്നെയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിചെയ്ത്, അവരുടെ വിനീതദാസനും സാമന്തരാജാവുമായി ആജീവനാന്തം കഴിയുന്നതിനുപകരം, 1799 -ലെ നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരോട് പൊരുതി കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തിൽ ഫാദർ പുത്തൻ പുരക്കൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാപരമായ നിരവധി പിഴവുകളുണ്ട്. അദ്ദേഹം പറയുന്നതുപോലെ, ടിപ്പു സുൽത്താൻ വാഡയാർ രാജാവിന്റെ സൈന്യാധിപനായിരുന്നില്ല, മൈസൂരിന്റെ രാജാവായിരുന്നു. സാമൂതിരി പാലക്കാട് ആക്രമിച്ചപ്പോൾ പാലക്കാട് രാജാവിന്റെ അഭ്യർത്ഥന പ്രകാരമാണ് മൈസൂർപ്പട മലബാറിലെത്തിയത്. പാലക്കാട് - കോങ്ങാട് -മണ്ണാർക്കാട് വഴിയാണ് കോഴിക്കോട്ടേക്ക് പടനയിച്ചത്. അന്ന് ടിപ്പുവിന്റെ ഇടപെടലിലൂടെ സാമൂതിരി പാലക്കാട്ടുനിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ പാലക്കാട് രാജാവായ കോമുവച്ചന് തിരിച്ചുകൊടുക്കുകയായിരുന്നു. ബ്രിട്ടീഷുകാരോടാണ് ടിപ്പു പ്രധാനമായും പോരാടിയത്. 1797  -ൽ പടക്കോപ്പുകൾ നൽകി ടിപ്പു പഴശ്ശിരാജയെ സഹായിക്കുകയും ചെയ്തു.  

രാജഭരണകാലത്തിന്റെ നന്മതിന്മകൾ എല്ലാം, ഇന്ത്യയിലെ മറ്റുള്ള രാജാക്കന്മാരിൽ ഉള്ളതുപോലെ തന്നെ ടിപ്പു സുൽത്താനിലും ഏറിയും കുറഞ്ഞും കണ്ടേക്കും. എല്ലാ രാജാക്കന്മാരെയും പോലെ ടിപ്പുവിനും സ്വന്തം സാമ്രാജ്യം വ്യാപിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി നിരവധി യുദ്ധങ്ങളും നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർ വന്നപ്പോൾ, തന്റെ ആത്മാഭിമാനം പണയപ്പെടുത്തി അവർക്കൊപ്പം കൂടാൻ അദ്ദേഹം തയ്യാറായില്ല. അവരോടു പോരാടി ജീവൻ വെടിഞ്ഞ ധീരൻ തന്നെയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വർഗീയമായ പ്രീണനങ്ങൾ ലക്ഷ്യമിട്ട്, 'സെലക്ടീവ്' ആയി ചരിത്ര സംഭവങ്ങളെ അപഗ്രഥിച്ചുകൊണ്ട് ടിപ്പുവിനെ അധമവൽക്കരിക്കുന്നത് ചരിത്രവസ്തുതകൾക്ക് നിരക്കുന്നതല്ല.

Follow Us:
Download App:
  • android
  • ios